Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി ആകുന്നതിനെ ആർക്കാണ് പേടി? സംസ്ഥാന രാഷ്ട്രീയത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുമായി വസുന്ധര രാജെ; അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് കോൾ; ജാട്ട് എംഎൽഎമാരെ വസുന്ധര വിളിച്ചെന്ന വെടിപൊട്ടിച്ചത് എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ; പൈലറ്റിന്റെ വിമത ക്യാമ്പിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ചൊല്ലി എൻഡിഎയിൽ ഭിന്നത; ഒന്നും മിണ്ടാതെ മുന്മുഖ്യമന്ത്രിയും

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി ആകുന്നതിനെ ആർക്കാണ് പേടി? സംസ്ഥാന രാഷ്ട്രീയത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുമായി വസുന്ധര രാജെ; അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് കോൾ; ജാട്ട് എംഎൽഎമാരെ വസുന്ധര വിളിച്ചെന്ന വെടിപൊട്ടിച്ചത് എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ; പൈലറ്റിന്റെ വിമത ക്യാമ്പിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ചൊല്ലി എൻഡിഎയിൽ ഭിന്നത; ഒന്നും മിണ്ടാതെ മുന്മുഖ്യമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

 ജയ്പൂർ: രാജസ്ഥാൻ രാഷ്ട്രീയത്തിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തിൽ പതറുന്ന അശോക് ഗെലോട്ട് സർക്കാരിനെ താങ്ങിനിർത്താൻ എത്തിയത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ എംപി ഹനുമാൻ ബെനിവാളിന്റെ ട്വീറ്റാണ് ട്വിസ്റ്റായത്. വസുന്ധര രാജെ വിമത ക്യാമ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ബിജെപി കോൺഗ്രസ് സർക്കാരിനെ താഴെയിടാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയാണ് പുതിയ നീക്കം.

വസുന്ധര രാജെ താനുമായി അടുപ്പമുള്ള കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് അശോക് ഗലോട്ടിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. സിക്കറിലെയും നാഗോറിലെയും ഓരോ ജാട്ട് എംഎൽഎയെയും വിളിച്ച് സച്ചിൻ പൈലറ്റിൽ നിന്ന് അകലം പാലിക്കാൻ ആവശ്യപ്പെട്ടു. നാഗോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഹനുമാൻ ബെനിവാൾ.

വസുന്ധരെയുടെ കുടുംബാംഗങ്ങളും അടുത്ത അനുയായികളും ഗെലോട്ടിനയൊണ് തുണയ്ക്കുന്നത്. വസുന്ധരയുടെ കടുത്ത വിമർശകനാണ് ബനിവാൾ. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട നേതാവാണ് ബനിവാൾ. ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് ബനിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. അതേസമയം, വസുന്ധര വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്. ബിജെപിയാകട്ടെ കോൺഗ്രസിലെ പ്രതിസന്ധിയെ കുറിച്ച് വളരെ ജാഗ്രതയോടെയാണ് പ്രസ്താവനകൾ നടത്തുന്നത്. ഇന്ന് ചേരാനിരുന്ന ബിജെപി യോഗം റദ്ദാക്കുകയും ചെയ്തു.

നിയമസഭയിൽ ബലാബലം നോക്കണമെന്ന ആഹ്വാനങ്ങളോടും ബിജെപി കാര്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോൾ സഭയിലെ കരുത്ത് പരീക്ഷിക്കേണ്ട സമയമായില്ലെന്നാണ് ഗുലാബ് ചന്ദ് ഖടാരിയ എന്ന നേതാവ് ഇന്നലെ പറഞ്ഞത്. ഈ പരാമർശം കൂടി വന്നതോടെ പൈലറ്റിന്റെ വിമത ക്യാമ്പ് ദുർബലമായതായി വിലയിരുത്തലുകളും വന്നു. 109 എംഎൽഎമാർ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഗെലോട്ടിന് മേൽക്കൈയുമായി. പൈലറ്റിന് ഒപ്പം 20 എംഎൽഎമാർ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ ചിലർ ഡൽഹിക്കടുത്തുള്ള ഹോട്ടൽ മനേസറിൽ ഉണ്ട്. ഇവിടെയാണ് വിമതർ തമ്പടിച്ചിരിക്കുന്നത്. ബിജെപിക്ക് 73 എംഎൽഎമാരാണുള്ളത്. 30 പേർ കൂടി വേണം സർക്കാരിനെ താഴെയിടാൻ.

ബിജെപിയും പൈലറ്റുമായുള്ള ചർച്ചകളിൽ വിലങ്ങ്തടിയായിരിക്കുന്നത് മുഖ്യമന്ത്രി പദമാണ്. വസുന്ധര രാജെ അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഡൽഹിയിലെ കേന്ദ്ര നേതൃത്വവുമായി വിശേഷിച്ച് അമിത് ഷായുമായി ഇടഞ്ഞുനിൽക്കുകയാണെങ്കിലും വസുന്ധരയെ പിണക്കാനാവില്ല. എംഎൽഎമാരുടെ മേൽ നല്ല സ്വാധീനമുണ്ട് വസുന്ധരയ്ക്ക്.

സച്ചിൻ പൈലറ്റ് ഹൈക്കോടതിയിൽ

രാജസ്ഥാനിൽ അയോഗ്യത മുന്നറിയിപ്പ് നൽകി നിയമസഭ സ്പീക്കർ നൽകിയ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി രണ്ടംഗ ബഞ്ച് നാളെ ഉച്ചയ്ക്ക് 1 മണിക്ക് പരിഗണിക്കും.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് സ്പീക്കർ സി.പി. ജോഷി സച്ചിൻ പൈലറ്റടക്കമുള്ള എംഎൽഎമാർക്ക് അയോഗ്യത മുന്നറിയിപ്പ് നൽകികൊണ്ടുള്ള നോട്ടീസയച്ചത്.നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഹരിയാണയിലെ സ്വകാര്യ റിസോർട്ടിലാണ് നിലവിൽ സച്ചിൻ പൈലറ്റും അനുഭാവികളായ എംഎൽഎമാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP