Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരം ഡോക്ടറെ അറിയിച്ചപ്പോൾ ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് കളിയാക്കൽ; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച ഡോക്ടറുടെ പ്രതികരണം കേട്ട് അന്തം വിട്ട് ജോസഫ്; ഓട്ടോ ഡ്രൈവറുടെ വയറ്റിലെ അനാവശ്യസാധനം കണ്ടെത്തിയിട്ടും ഒന്നും അറിയിക്കാതെ രണ്ടാം വട്ട സർജറിക്ക് സൂത്രത്തിൽ പണിയൊപ്പിച്ച് അധികൃതർ; തൃശൂർ മെഡിക്കൽ കോളേജിലെ ഡോ.പോളിക്കെതിരെ പരാതി

വിവരം ഡോക്ടറെ അറിയിച്ചപ്പോൾ ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് കളിയാക്കൽ; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച ഡോക്ടറുടെ പ്രതികരണം കേട്ട് അന്തം വിട്ട് ജോസഫ്; ഓട്ടോ ഡ്രൈവറുടെ വയറ്റിലെ അനാവശ്യസാധനം കണ്ടെത്തിയിട്ടും ഒന്നും അറിയിക്കാതെ രണ്ടാം വട്ട സർജറിക്ക് സൂത്രത്തിൽ പണിയൊപ്പിച്ച് അധികൃതർ; തൃശൂർ മെഡിക്കൽ കോളേജിലെ ഡോ.പോളിക്കെതിരെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ശസ്ത്രക്രിയയ്ക്കിടെയുള്ള സർജന്മാരുടെ അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങൾ ഏറുകയാണ്. ഹൈദരാബാദിൽ ഒരു യുവതിയുടെ വയറ്റിൽ നിന്നും ഡോക്ടർ മറന്നുവച്ച കത്രിക മൂന്നു മാസങ്ങൾക്ക് ശേഷം കണ്ടെടുത്തത് കഴിഞ്ഞവർഷമാദ്യം വാർത്തയായിരുന്നു. കലശലായ വയറ്റുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കൈപ്പിഴ സംഭവിച്ചത് അറിയുന്നത്. അങ്ങനെയൊരു കൈപ്പിഴ തൃശൂർ മെഡിക്കൽ കോളേജിലും നടന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാംറിവ്യൂവിന് എത്തിയപ്പോഴാണ് കൂർക്കഞ്ചേരി സ്വദേശിയായ 55 കാരൻ ജോസഫ് അനാവശ്യമായ സാധനം തന്റെ വയറ്റിലുണ്ടെന്ന് മനസ്സിലാക്കുന്നത്. ജൂലൈ 6 ന് നടന്ന സ്‌കാനിങ്ങിൽ രോഗിയുടെ വയറ്റിൽ കത്രികയുണ്ടെന്ന് മനസ്സിലായെങ്കിലും ആശുപത്രി അധികൃതർ മിണ്ടിയില്ല. പിന്നെയുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും പെരുമാറ്റം ജോസഫിന് വിചിത്രമായി തോന്നി. ബൈസ്റ്റാന്റേഴ്‌സിനോടും ഒന്നും പറഞ്ഞില്ല.

ജോസഫിന്റെ വയറ്റിൽ അണുബാധയുണ്ടെന്നും ഒരുപാട പോലെ രൂപപ്പെട്ടിട്ടുണ്ടെന്നും ഉടൻ മറ്റൊരു ശസ്ത്രക്രിയ കൂടിവേണമെന്നും ജൂനിയർ ഡോക്ടർ പറഞ്ഞു. അടിയന്തരമായി അഡ്‌മിറ്റാവണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ പോയി തയ്യാറായി വന്നു. എന്നാൽ, ആശുപത്രി ജീവനക്കാരുടെ പെരുമാറ്റത്തിലൊക്കെ എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക്. മറ്റുരോഗികളെയെല്ലാം മാറ്റി നിർത്തി ജോസഫിനോട് വലിയ സ്‌നേഹം. അഡ്‌മിറ്റാക്കാൻ വലിയ ധൃതി കാട്ടിയതോടെ ജോസഫിന് സംശയമായി. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോയെന്നും കരുതി. ആശൂപത്രിക്കാരുടെ സൂത്രം തന്നെ ജോസഫും പ്രയോഗിച്ചു. വീട്ടിൽ ഒരത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് മുങ്ങി.

മറ്റൊരു പ്രൈവറ്റ് ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തു. ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ആന്തരികാവയങ്ങൾക്ക് ഭാഗ്യത്തിന് തകരാറൊന്നും സംഭവിച്ചില്ല. എല്ലാം കഴിഞ്ഞ് ആദ്യം സർജറി നടത്തിയ ഡോക്ടർ പോളി.ടി.ജോസഫിനെ വിവരമറിയിച്ചു. ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് കളിയാക്കുകയായിരുന്നു ഡോക്ടറെന്ന് ജോസഫിന്റെ ബന്ധുക്കൾ പറയുന്നു. ഇപ്പോൾ കേസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറാണ് ജോസഫ് പോൾ. ഡോക്ടർക്കെതിരെ മെഡിക്കൽ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

പാൻക്രിയാസിലെ സർജറിക്കായാണ് ഏപ്രിൽ 25ന് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ്‌ അഞ്ചിന് ഓപ്പറേഷൻ നടത്തി. മെയ് 11ന് വാർഡിലേക്ക് മാറ്റിയ ജോസഫിന് അണുബാധ കണ്ടതിനെ തുടർന്ന് 12ന് പന്ത്രണ്ടിന് വീണ്ടും ഓപ്പറേഷൻ നടത്തുകയും 30ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം രണ്ടുവട്ടം റിവ്യൂവിനെത്തി. രണ്ടാംവട്ട റിവ്യൂവിന്റെ ഭാഗമായി ജൂലായ് ആറിന് നടത്തിയ സ്‌കാൻ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രികയുണ്ടെന്ന് വ്യക്തമായത്.

കോഴിക്കോട് സംഭവം

2009 ഒക്ടോബർ 27. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ ഡോക്ടർക്കും നഴ്സിനും തടവുശിക്ഷ കിട്ടി.
കേസിലെ ഒന്നാം പ്രതി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗം തലവൻ ഡോക്ടർ കെകെ രാജൻ, അഞ്ചാം പ്രതി സ്റ്റാഫ് നഴ്സ് സിസി ആന്റണി എന്നിവരെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രാജേഷ് മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്.

2005 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചീക്കിലോട് സ്വദേശി അച്യുതൻ നായരുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തപ്പോഴാണ് കത്രിക വയറ്റിൽ വെച്ചുമറന്നത്.

പിന്നീട് ഒരു വർഷത്തിന് ശേഷം വയറുവേദനയും ഛർദിയും മൂലം അച്യുതൻ നായരെ ആശുപത്രയിൽ കൊണ്ടു വന്നപ്പോൾ എടുത്ത എക്സറേയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. അച്യുതൻനായർ മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.

ഹൈദരാബാദ് സംഭവം

2019 ഫെബ്രുവരിയിലാണ് സംഭവം. ഹൈദരാബാദിൽ ഒരു യുവതിയുടെ വയറ്റിൽ നിന്ന് ഡോക്ടർ മറന്ന് വെച്ച കത്രിക തിരിച്ചെടുത്തത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ്. ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിൽ അബദ്ധവശാൽ കത്രിക അകപ്പെട്ടത്.

ഹൈദരാബാദിലെ നൈസാം ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കത്രിക(Forceps)മറന്നു വെച്ചത്. വെള്ളിയാഴ്ച നടത്തിയ എക്സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു. അതിന മൂന്നുമാസത്തിനു മുൻപാണ് യുവതി ഈ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ഡോക്ടറുടെ കൈപ്പിഴയാൽ സംഭവിച്ച അപകടം മനസിലായി. ഗസ്സ്ട്രോഎൻട്രോളജി വിഭാഗത്തിലെ സർജനെതിരെ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP