Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പപ്പന്റെയും നത്തിന്റെയും നാടൻ ശൈലിയിലുള്ള കിടിലൻ പെർഫോർമൻസ്; ഛായാ ഗ്രാഹകന്റെയും സംവിധായകന്റെയും മികവ് എത്തിച്ചത് മുൻ നിര വെബ്സീരിസിനെ കടത്തി വെട്ടിയുള്ള മുന്നേറ്റം; കരിക്കിന് ബദലായി നാട്ടിൻ പുറത്തെ വിശേഷങ്ങളുമായി കരുനാഗപ്പള്ളിയിൽ നിന്നും ഒരു വെബ് സീരീസ്; കട്ട ലേക്കൽ സ്റ്റോറികളെ വെല്ലുന്ന ഒതളങ്ങാ തുരുത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സിനിമാ മേഖലയിൽ നിന്നും അവസരങ്ങളും

പപ്പന്റെയും നത്തിന്റെയും നാടൻ ശൈലിയിലുള്ള കിടിലൻ പെർഫോർമൻസ്; ഛായാ ഗ്രാഹകന്റെയും സംവിധായകന്റെയും മികവ് എത്തിച്ചത് മുൻ നിര വെബ്സീരിസിനെ കടത്തി വെട്ടിയുള്ള മുന്നേറ്റം; കരിക്കിന് ബദലായി നാട്ടിൻ പുറത്തെ വിശേഷങ്ങളുമായി കരുനാഗപ്പള്ളിയിൽ നിന്നും ഒരു വെബ് സീരീസ്; കട്ട ലേക്കൽ സ്റ്റോറികളെ വെല്ലുന്ന ഒതളങ്ങാ തുരുത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സിനിമാ മേഖലയിൽ നിന്നും അവസരങ്ങളും

ആർ പീയൂഷ്

കൊല്ലം: കട്ട ലോക്കൽ സ്റ്റോറികൾ ഇന്റർനാഷണൽ ആക്കുന്ന ലിജോജോസ് പല്ലിശ്ശേരി കാലത്തിലുടെ കടന്ന് പോകുന്ന മലയാള സിനിമ, നെറ്റ് ഫ്ളിക്ക്സിനെയും ആമസോണിനെയും പോലുള്ള വമ്പൻ കോർപ്പറേറ്റുകൾ ചെല്ലും ചിലവും വഹിക്കുന്ന വെബ് സീരീസുകൾ, ഫോണിലോ ഐ പാഡിലോ വിരലോന്നമർത്തിയാൽ ലോകോത്തരങ്ങളായ സീരീസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ. ദ്യശ്യാത്മകമായും ആഖ്യാനപരമായും വിസ്മയങ്ങളുടെ ഭാവനാസുന്ദരമായ കലാസൃഷ്ടികൾ, മുടിനാരിഴ കീറീ പൊളിറ്റിക്കൽ കറക്റ്റനസ് പരിശോധിക്കുന്ന മാരക പ്രഹരശേഷിയുള്ള വിമർശക നിരൂപക സംഘം. ചുരുക്കം പറഞ്ഞാൽ വലിയ പാടാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിലനിൽക്കാൻ. ആർക്കും എന്തും ഷൂട്ട് ചെയ്ത് ലോകത്തിനു മുന്നിൽ എത്തിക്കാൻ പാകത്തിൽ സാങ്കേതികവിദ്യ വിളഞ്ഞ് പാകമായി കിടക്കുകയാണെങ്കിലും ഫോളോവേഴ്സിനെ പിന്നാലെ നടത്തിക്കുവാൻ പതിനെട്ടടവും പയറ്റേണ്ടി വരുമെന്ന് സാരം. ഇവിടെയാണ് 'ഒതളങ്ങാ തുരുത്ത്' എന്ന ഈ ചെറിയ വെബ് സീരീസ് കണ്ണിൽ പൊടിയിടാതെ ദിനംപ്രതി പ്രേക്ഷകപ്രീതി സമ്പാദിക്കുന്ന കാഴ്ച വ്യത്യസ്ഥമാകുന്നത്.

വലിയ പ്രേക്ഷകശ്രദ്ധ നേടിയ കരിക്കിനു ശേഷം മലയാളികൾ നെഞ്ചിലേറ്റിയ ഓതളങ്ങാതുരുത്ത് യൂട്യൂബിൽ കൊക്ക് എന്റർടൈമെന്റ് എന്ന ചാനലിലൂടെയാണ് സംപ്രക്ഷണം ചെയ്യുന്നത്. കായലോരപ്രദേശമായ ഒതളങ്ങാതുരുത്തിലെ പപ്പന്റെയും നത്തിന്റെയും ഉത്തമന്റെയും രസകരമായ ജീവിതവും ചുറ്റുപാടുകളും അമളികളുമാണ് സീരീസിന്റെ കഥാതന്തു. കണ്ടൽകാടിന്റെയും കായലിന്റെയും ദൃശ്യഭംഗി പ്രേക്ഷകനെ തുരുത്തിലെ കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അനുവദിക്കാതെ പിടിച്ച് നിർത്തുന്നു. കഥയിലെ ജീവിതഗന്ധിയായ തമാശകളും സന്ദർഭങ്ങളും തന്റെ ജീവിതമോ സാഹചര്യമോ ആണല്ലോ ഇത് എന്ന് തോന്നിപ്പിക്കുന്നതരത്തിൽ പ്രേക്ഷകനെ തുരുത്തിലെക്ക് വലിച്ചടുപ്പിക്കുന്നു. ഒരു ഒതളങ്ങാ പ്രേമം, തുരുത്തിലെ ഒട്ടകം, നത്തിന്റെ പ്രതികാരം, സിംഗപ്പെണ്ണ്, വെടിയിറച്ചി, പപ്പന്റെ ഭായീയമർദ്ദനം എന്നിങ്ങനെ ആറ് കഥകളാണ് ഇത് വരെ പുറത്ത് വന്നത്.

കരുനാഗപ്പള്ളി വെള്ളനാതുരുത്ത്, ആലപ്പാട്, അഴീക്കൽ-ആയിരംതെങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഒതളങ്ങാതുരുത്ത് എന്ന സാങ്കൽപ്പികതുരുത്തിനെ സംവിധായകൻ വരച്ചിടുന്നത്. കായലോരത്തിന്റെ നയനമനോഹരമായ കാഴ്ചകൾ ഇമ്പമാർന്ന രീതീയിൽ അവതരിപ്പിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഒതളങ്ങാതുരുത്തിന്റെ സ്വീകാര്യത. പ്രേക്ഷകപ്രീതി നേടികൊണ്ടിരിക്കുന്ന ഈ വെബ്സീരീസിന്റെ നെടുംതൂണ് സ്‌ക്രിപ്റ്റ് റൈറ്ററും സംവിധായകനുമായ അംബുജി ആണ്. പ്രഫഷണൽ വീഡിയോ എഡിറ്റർ കൂടിയായ അംബുജി തന്നെയാണ് വെട്ടി ഒതുക്കി വർണ്ണങ്ങൾചാലിച്ച് ഒതളങ്ങാതുരുത്തിനെ എഡിറ്റ് ചെയ്യുന്നത്. കിരൺ ന്യൂപിറ്റൽ എന്ന യുവഛായാഗ്രാഹകൻ ആണ് തുരുത്തിനെ മികവുറ്റ രീതിയിൽ ഫ്രയിമിനുള്ളിലേക്ക് പകർത്തുന്നത്.

പപ്പൻ(ജയേഷ്), നത്ത്(അബിൻ ബിനോ), ഉത്തമൻ(ജഗദീഷ്), പാച്ചു(മൃദുൽ), കറ്റപ്പെര(പ്രസാദ്കടമ്പനാട്), സിംഗപ്പെണ്ണ് ചിന്നു (ചിന്നു) എന്നിവരാണ് തുരുത്തിലെ സ്പന്ദനങ്ങളായ കഥാപാത്രങ്ങൾ. ഷൂട്ട് ചെയ്യുന്നിടത്തെ പ്രോദേശികവാസികളെയും കഥാപാത്രങ്ങളായി ഇതിൽ കാണാം. ഏച്ചുകെട്ടലുകൾ ഇല്ലാത്ത കഥയും കഥാപാത്രങ്ങളും പച്ചയായി ചിത്രീകരിക്കുന്നതിൽ ഒതളങ്ങാതുരുത്തിന്റെ അണിയറക്കാർ വിജയിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ സീരീസിലെ ബി.ജി.എം ഒരുക്കുന്നത് അനു. ബി.ഐവ്വറാണ്. ചെറിയ കാലയളവിനുള്ളിൽ വെറും ആറു ഭാഗങ്ങൾ കൊണ്ട് വലിയ ശ്രദ്ധ നേടാൻ തുരുത്തിന് ആയിട്ടുണ്ട്. മല്ലു അനലിസ്റ്റ്, മൺസൂൺ മീഡിയ എന്നീ വലിയ സബ്സ്‌ക്രൈബേഴ്സ് ഉള്ള യൂ ട്യൂബ് ചാനലുകളിൽ പോസീറ്റീവായിട്ടുള്ള റിവ്യൂസ് വന്നതും സീരിസിലെ കഥാപാത്രങ്ങളെയും സീനുകളെയും പിൻപറ്റി ഐ.സി.യു പോലെയുള്ള ട്രോൾ ഗ്രൂപ്പുകൾ പുതിയ ട്രോളുകൾ സൃഷ്ടിക്കുന്നതും ഒതളങ്ങാതുത്തിന്റെ ജനപ്രീതിയും മുന്നോട്ട് ലഭിക്കാൻ പോകുന്ന വലിയ സ്വീകാരികതയുടെയും തെളിവുകളാണ്.

സംഭവം നാടനാണെങ്കിലും പ്രേക്ഷകരുടെ ഹൃദയങ്ങളിലാണ് ഇപ്പോൾ ഈ തുരുത്തും അതിലെ കഥാപാത്രങ്ങളും. മിനി വെബ്‌സീരിസുകളുടെ പ്രളയത്തിൽ ആദ്യഘട്ടത്തിൽ ആരും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു വെബ്‌സീരിസാണ് കൊക്ക് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ പുറത്തിറങ്ങിയ 'ഒതളങ്ങ തുരുത്ത്'. ആദ്യ എപ്പിസോഡ് ഇറങ്ങി മാസങ്ങൾ പിന്നിടുമ്പോഴാണ് ഒതളങ്ങ തുരുത്തിനെ എല്ലാവരും അറിഞ്ഞുതുടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് ആറാം എപ്പിസോഡും പുറത്തിറങ്ങിയതോടെ മലയാള വെബ്‌സീരിസ് രംഗത്തെ വാർപ്പുമാതൃകകൾ തച്ചുടച്ച് മുന്നേറുകയാണ് ഈ തുരുത്തും അതിലെ ഓരോ കഥാപാത്രങ്ങളും.

കരഞെണ്ട് എന്ന ഷോർട്ട്ഫിലിമാണ് ആദ്യം ചെയ്തത്. ഡിഗ്രി പഠനകാലത്തും സിനിമ തന്നെയായിരുന്നു താൽപര്യം. പിന്നീട് വീഡിയോ എഡിറ്റിങ് പഠിച്ചു. സ്റ്റുഡിയോകളിലും വെഡിങ് വീഡിയോ എഡിറ്റിങ് രംഗത്തും ജോലിചെയ്തു. അഡാർ ലവ്, കവി ഉദ്ദേശിച്ചത് എന്നീ സിനിമകളിൽ അസി. വീഡിയോ എഡിറ്ററായി അവസരം ലഭിച്ചു. ഇതിനിടെ കൊച്ചിയിലെ നഗരജീവിതം മടുത്തതോടെ വീണ്ടും നാട്ടിലേക്കെത്തി. കരഞെണ്ട് എന്ന ഷോർട്ട്ഫിലിമിന്റെ ആശയം അന്നുമുതലേ മനസിലുണ്ടായിരുന്നു. പക്ഷേ, ജോലിയും സാമ്പത്തികപ്രതിസന്ധിയുമെല്ലാമായി അത് നീണ്ടുപോയി. അന്ന് സ്‌കൂളിൽ പഠിച്ചിരുന്ന അബിനെ(ഒതളങ്ങ തുരുത്തിലെ നത്ത് എന്ന കഥാപാത്രം)യാണ് കരഞെണ്ടിലേക്ക് തീരുമാനിച്ചത്. പക്ഷേ, അഞ്ച് വർഷം കഴിഞ്ഞാണ് ആ ഷോർട്ട്ഫിലിം യാഥാർഥ്യമായത്-

ട്രോളന്മാരുടെ രാജാവ് ഉബൈദ് ഇബ്രാഹിം തന്റെ ഫേയിസ് ബുക്കിൽ തുരുത്തിനെപ്പറ്റി നല്ലത് പറഞ്ഞതും വരും ദിവസങ്ങളിൽ തുരുത്തിനു ഗുണമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു വരെ പിൻതുടർന്ന് വന്ന ഗുണനിലവാരം വരും ഭാഗങ്ങളിലും നിലനിർത്താൻ ആയാൽ മലയാള വെബ്സീരിസുകളുടെ തലവര മാറ്റി മറിക്കാൻ പോകുന്ന വഴിവെട്ടി തെളിക്കുവാൻ ഒതളങ്ങാതുരുത്തിന് ആകും എന്നതാണ് വിദഗ്ദ്ധഅഭിപ്രായം.

ഒ.ടി.ടി ഫ്ളാറ്റ്ഫോമിൽ ബിഗ്ബജറ്റ് സിനിമകൾ റിലീസാകുന്ന നിലവിലെ സാഹചര്യത്തിൽ ഒതളങ്ങാതുരുത്ത് പൊലെ കെട്ടിലും മട്ടിലും ക്വാളിറ്റിയും കലാമൂല്യവും കാത്തു സൂക്ഷിക്കുന്ന പ്രാദേശിക ഭാഷാ വെബ്സീരീസുകൾ തേടി നെറ്റ്ഫ്ളിക്ക്സും ആമസോണും ഇറങ്ങുന്ന കാഴ്ച വീദൂരമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP