Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രിയയ്ക്ക് ഇതെല്ലാം സർപ്രൈസ്! വൈറൽ വീഡിയോയിലെ താരത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സർപ്രൈസ്; റോഡ് മുറിച്ചുകടക്കാൻ വിഷമിച്ച വൃദ്ധനെ കൈപിടിച്ച് കെഎസ്ആർടിസി ബസിൽ കയറ്റിയ യുവതിയെ ആദരിച്ചത് മറ്റൊരു സോഷ്യൽ മീഡിയ താരമായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ് ജിതിൻ; ജീവനക്കാരിക്ക് സമ്മാനമായി ജോയ് ആലുക്കാസ് വീട് വാഗ്ദാനം ചെയ്തപ്പോൾ വീണ്ടും സർപ്രൈസ്

സുപ്രിയയ്ക്ക് ഇതെല്ലാം സർപ്രൈസ്! വൈറൽ വീഡിയോയിലെ താരത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സർപ്രൈസ്; റോഡ് മുറിച്ചുകടക്കാൻ വിഷമിച്ച വൃദ്ധനെ കൈപിടിച്ച് കെഎസ്ആർടിസി ബസിൽ കയറ്റിയ യുവതിയെ ആദരിച്ചത് മറ്റൊരു സോഷ്യൽ മീഡിയ താരമായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ് ജിതിൻ; ജീവനക്കാരിക്ക് സമ്മാനമായി ജോയ് ആലുക്കാസ് വീട് വാഗ്ദാനം ചെയ്തപ്പോൾ വീണ്ടും സർപ്രൈസ്

ആർ പീയൂഷ്

മാവേലിക്കര: അന്ധ വയോധികനെ കൈപിടിച്ച് തിരക്കേറിയ റോഡ് മുറിച്ചു കടത്തി കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി വിട്ട സെയിൽസ് ഗേൾ സുപ്രിയാ അനൂപിനെ കേരളാ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. സ്വകാര്യ ബസ് ഡ്രൈവറിൽ നിന്നും വെഹിക്കിൾ ഇൻസ്പെക്ടറായ ചാരുംമൂട് സ്വദേശി പി.എസ് ജിതിനാണ് മൊമെന്റോ നൽകി ആദരിച്ചത്. മാവേലിക്കര സബ് ആർടി ഓഫീസിൽ നടന്ന സുരക്ഷാ യാത്ര സുരക്ഷിത യാത്ര, എല്ലാം നമുക്കുവേണ്ടി എന്ന പദ്ധതിയുടെ ഭാഗമായ വഴികാട്ടി ഡയറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ആദരവ് അർപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനത്തിനായി പ്രത്യേക അതിഥിയായാണ് മോട്ടോർ വാഹന വകുപ്പ് സുപ്രിയയെ വിളിച്ചുവരുത്തിയത്.

തിരുവല്ലയിലെ ജോളി സിൽക്സിലെ ജോലി കഴിഞ്ഞിറങ്ങി ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് നടുറോഡിൽ നിന്ന അന്ധനായ വയോധികനെ സുപ്രിയ കണ്ടത്. റോഡിന് നടുവിൽ വാഹനത്തിരക്ക് മൂലം അപ്പുറം കടക്കാനാവാതെ വിഷമിച്ച വയോധികനെ ഉടനെ ഓടി ചെന്ന് സുരക്ഷിതമായി റോഡ് വക്കിലേക്ക് മാറ്റി നിർത്തുകയും അതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി വിടുകയുമായിരുന്നു. ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ മേൽപാടം സ്വദേശി ജോഷ്വാ മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കോവിഡ് കാലത്ത് സ്‌നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞതും സുപ്രിയ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതും.

ഭരണിക്കാവ് ചെങ്ങന്നൂർ റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന ചാരുംമൂട് സ്വദേശി ജിതിൻ ഒരു സുപ്രഭാതത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിന്റെ കുപ്പായം അണിഞ്ഞതോടെയാണ് ജിതിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തതും താരമാക്കിയതും. ബിടെക് ബിരുദധാരിയായ ജിതിൻ തനിക്ക് ലഭിച്ച ജോലികളിലൂടെ മിനിമം വേതനം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ബസ് ഡ്രൈവറുടെ ജോലി ഏറ്റെടുത്തത്. അതിലൂടെ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് യുവാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുത്തതും സ്വപ്രയത്‌നം കൊണ്ട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ എത്തിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിയയെ ആദരിക്കാൻ ആർ.ടി ഓഫീസിലെ ജൂനിയർ ഉദ്യോഗസ്ഥനായിട്ടുകൂടി ജിതിനെ പരിഗണിച്ചതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് പറഞ്ഞു. കോവിഡ് കാലത്ത് സ്വന്തക്കാരെ പോലും മാറ്റി നിർത്തി അവരെ ശത്രുവിനെ കാണുന്ന സാഹചര്യത്തിൽ സുപ്രിയ അന്ധവയോധികനെ സഹായിക്കാൻ കാട്ടിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നും അദ്ദേഹം പറഞ്ഞു. സുപ്രിയയുടെ പ്രവർത്തി മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുവാൻ വേണ്ടിയാണ് ആദരിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം നന്മയുടെ വിഡിയോ കണ്ട സ്ഥാപനത്തിന്റെ ഉടമ ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു. അന്ന് സുപ്രിയയ്ക്കായി ഒരു സർപ്രൈസ് സമ്മാനം വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയൊരു സർപ്രൈസായിരിക്കുമെന്ന് സുപ്രിയ കരുതിയിരുന്നില്ല. ഇതിനെക്കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ:

സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ്ഓഫീസിൽവച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാർ അന്ന് പറഞ്ഞത്. എനിക്കൊരു സർപ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്.- സുപ്രിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP