Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാമാരിയെ അതിജീവിച്ചെത്തി എൽവിനെ മാറോടണച്ച് എൽദോസും ഷീനയും; ഒരുമാസം ഉണ്ണിക്കുട്ടന് അമ്മയായ ഡോ. മേരി അനിതക്കും മക്കൾക്കും പ്രിയപ്പെട്ട കുരുന്നിനെ വേർപിരിയുന്നതിന്റെ സങ്കടവും; കോവിഡ് കാലത്തെ മനുഷ്യസ്നേഹത്തിന്റെ ഒരധ്യായത്തിന് ഒടുവിൽ ശുഭപര്യവസാനം

മഹാമാരിയെ അതിജീവിച്ചെത്തി എൽവിനെ മാറോടണച്ച് എൽദോസും ഷീനയും; ഒരുമാസം ഉണ്ണിക്കുട്ടന് അമ്മയായ ഡോ. മേരി അനിതക്കും മക്കൾക്കും പ്രിയപ്പെട്ട കുരുന്നിനെ വേർപിരിയുന്നതിന്റെ സങ്കടവും; കോവിഡ് കാലത്തെ മനുഷ്യസ്നേഹത്തിന്റെ ഒരധ്യായത്തിന് ഒടുവിൽ ശുഭപര്യവസാനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരുമാസത്തിന് ശേഷം എൽവിനെ മാറോടണച്ച് ഉമ്മവെച്ച് അമ്മയും അച്ഛനും. കോവിഡ് രോ​ഗം ഭേദമായി എത്തിയതോടെ എൽദോസ്–ഷീന ദമ്പതികൾക്ക് തങ്ങളുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തിരികെ ഏൽപ്പിക്കുമ്പോൾ ഒരുമാസം അവന് അമ്മയായ ഡോ. മേരി അനിതക്ക് സങ്കടം അടക്കാനായില്ല. വൈറ്റിലയിലെ അനിതയുടെ ഫ്ലാറ്റിൽവച്ചായിരുന്നു എൽവിനെ അവന്റെ മാതാപിതാക്കൾക്ക് കൈമാറിയത്. ഈ സമയം കുറച്ചു നാളെങ്കിലും ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജനെ വിട്ടു കൊടുക്കേണ്ടി വന്ന സങ്കടത്തിലായിപ്പോയി ഡോക്ടറുടെ മക്കൾ നിമ്രോദും മനാശെയും മൗഷ്മി ഇസെബെലും. 

കോവിഡ് ബാധിച്ച്‌ മാതാപിതാക്കൾ ചികിത്സയിലായതോടെ ആറുമാസം പ്രായമുള്ള കുരുന്നിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മന:ശാസ്‌ത്രജ്ഞയായ ഡോ. മേരി അനിത. ഹരിയാനയിലെ ആശുപത്രിയിൽ നേഴ്സുമാരായിരുന്നു പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ. ആദ്യം അച്ഛൻ കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിലായതോടെ ഭാര്യയും കുഞ്ഞും നാട്ടിലേക്കു തിരിച്ചു. ഇവിടെ ക്വാറന്റൈനിൽ കഴിയുമ്പോൾ‌ അമ്മയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു‌. കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും അവനെ ആര്‌ സംരക്ഷിക്കുമെന്നത്‌ പ്രശ്‌നമായി. കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ പരിചരിക്കാൻ ഒരാളെ ലഭിക്കുമോയെന്ന്‌ ചൈൽഡ് വെൽഫെയർ സമിതി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ‌ മേരി അനിത കുഞ്ഞിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു. വീട്ടിൽ അറിയിച്ചപ്പോൾ അഭിഭാഷകനായ ഭർത്താവും മൂന്ന് മക്കളും പിന്തുണച്ചു. അതോടെ ജൂൺ 15ന്‌ ഡോ. മേരി അനിത കുഞ്ഞിനൊപ്പം താമസമാക്കി. 19നു കുട്ടിയുടെ രണ്ടാം ടെസ്റ്റ്‌ ഫലവും നെഗറ്റീവായി. അതിനിടെ കുട്ടിയുടെ അച്ഛൻ രോഗംമാറി‌ നാട്ടിലെത്തി. അമ്മയും രോഗമുക്തയായി.

ഹരിയാനയിലെ ആശുപത്രിയിൽ നഴ്സിങ് ജോലിയിലായിരുന്ന പെരുമ്പാവൂർ സ്വദേശികളായ ഷീനയ്ക്കും ഭർത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തപ്പോൾ കുഞ്ഞിനൊപ്പം ക്വാറന്റീനിൽ പോകാൻ തീരുമാനിച്ചിറങ്ങിയ വലിയ മനസായിരുന്നു ഡോ. മേരി അനിത. ഒരു മാസം കുഞ്ഞിനൊപ്പം ചെലവഴിക്കാൻ ഒരു ഫ്ലാറ്റ് കണ്ടെത്തി. എൽവിനൊപ്പം ക്വാറന്റീനിലായപ്പോൾ ഷെഡ്യൂളുകൾ മുഴുവൻ മാറി. ടിവി കാണൽ നിർത്തി. മുഴുവൻ സമയവും അവനൊപ്പം. കുഞ്ഞുങ്ങളെന്നു പറഞ്ഞാൽ ദൈവം തരുന്നതാണ്. അതുകൊണ്ടാണ് ചോദിച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ആ ദൗത്യം ഏറ്റെടുത്തത്– ഡോ.മേരി അനിത പറയുന്നു. ‘ഒരു മാസം അവനും ഞാനും മാത്രം, ഇന്ന് കുഞ്ഞിനെ തിരിച്ചേൽപ്പിക്കുമ്പോൾ ഈശ്വരൻ ഏൽപിച്ച ഒരു ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷമുണ്ട്. എന്നാലും സങ്കടം എന്നു പറഞ്ഞാൽ പോരാ, സഹിക്കാനാവാത്തത്ര സങ്കടമുണ്ട്’ - ഡോ. മേരി അനിത പറയുന്നു.

കോവിഡ് പോസിറ്റീവായ ആളുകളുടെ വാർഡിൽ കുഞ്ഞിനെ താമസിപ്പിക്കാനാവില്ല. മുലപ്പാൽ മാത്രം കുടിക്കുന്ന പിഞ്ചു കുഞ്ഞിനെ എന്തു ചെയ്യുമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ അന്വേഷണമാണ് ഡോ. മേരി അനിതയിലേയ്ക്കെത്തിയത്. ആദ്യം ശിശുക്ഷേമ സമിതി മുൻപാകെയാണ് പ്രശ്നമെത്തിയത്. അവിടെ നിന്നാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി 12 വർഷമായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോക്ടറിലെത്തിയത്. ഇത്തരം കുട്ടികൾക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘ജ്യോതി’ എന്ന പദ്ധതിയുടെ നോഡൽ ഓഫിസർ കൂടിയായ ഡോ.മേരി അനിത ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭർത്താവും 3 മക്കളും പിന്തുണച്ചു. അങ്ങനെയാണ് കഴിഞ്ഞ ജൂൺ 15ന് ഡോക്ടർ എൽവിനൊപ്പം ക്വാറന്റീനിൽ പ്രവേശിച്ചത്. ജീവിതത്തിൽ ഒരു കുഞ്ഞിനു കൂടി അമ്മയായ അനുഭൂതി. ജീവിതചര്യകളെല്ലാം മാറ്റി അവനുവേണ്ടി സമയം കണ്ടെത്തി. ഇതിനിടെ കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവായി. മാതാപിതാക്കളും രോഗം മാറി എത്തിയപ്പോഴാണ് കുഞ്ഞിനെ കൈമാറാൻ സാഹചര്യമൊരുങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP