Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആരിൽ നിന്നും രോഗം പകരാം' എന്ന ജാ​ഗ്രതാ സന്ദേശം നൽകുന്നത് കോവിഡ് രോഗികളിൽ 60 ശതമാനം പേർ രോഗ ലക്ഷണമില്ലാത്തവരാണെന്നതിനാൽ; ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യവുമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് എന്നും മുഖ്യമന്ത്രി; പൊതു ഇടങ്ങളിൽ രണ്ട് മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കണമെന്നും പിണറായി വിജയൻ

'ആരിൽ നിന്നും രോഗം പകരാം' എന്ന ജാ​ഗ്രതാ സന്ദേശം നൽകുന്നത് കോവിഡ് രോഗികളിൽ 60 ശതമാനം പേർ രോഗ ലക്ഷണമില്ലാത്തവരാണെന്നതിനാൽ; ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യവുമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് എന്നും മുഖ്യമന്ത്രി; പൊതു ഇടങ്ങളിൽ രണ്ട് മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കണമെന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യവുമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗികളിൽ 60 ശതമാനം പേർ രോഗലക്ഷണമില്ലാത്തവരാണെന്ന പശ്ചാത്തലത്തിൽ 'ആരിൽ നിന്നും രോഗം പകരാം' എന്ന പ്രധാന ജാഗ്രതാ നിർദ്ദേശം പൊതുജനങ്ങൾക്ക് നൽകുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിച്ച് ജനങ്ങൾ സ്വയം സുരക്ഷിതരാകണമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണമുള്ളവരെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ തിരിച്ചറിയാനാവില്ല. ആരിൽനിന്നും രോഗം പകരാം എന്ന ജാഗ്രതാ നിർദ്ദേശം ഇതിന്റെ ഭാഗമാണ്.

ജനങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽനിന്നും ആർക്കും രോഗം വരാം. ഒരാളിൽനിന്ന് ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ടു മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തിൽ നിന്നുകൊണ്ട് മാസ്‌ക് ധരിക്കുകയും കൈകൾ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് അണുമുക്തമാക്കാനുമാകണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്. മരണം കുറയ്ക്കാനായത് നമ്മുടെ ജാഗ്രത മൂലമാണ്. അതുകൊണ്ട് ജാഗ്രതക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വപരമായ പങ്കാണ് വഹിക്കുന്നത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിൽ സൗകര്യങ്ങളും ഏകോപനവും ഉറപ്പുവരുത്താൻ സ്തുത്യർഹമായ സേവനം തദ്ദേശ സ്ഥാപനങ്ങൾ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ക്വാറന്റൈൻ, ഫസ്റ്റ്‌ലൈൻ ട്രീന്മെന്റ് സെന്ററുകൾ സ്ഥാപിക്കൽ കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ അധിക പണം ലഭ്യമാക്കാൻ ജില്ല കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാൻ ഫണ്ടാണ് നൽകി കഴിഞ്ഞത്. മൂന്നാം ഗഡു അടുത്തയാഴ്ച അനുവദിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, ആശുപത്രികൾക്കുള്ള അധിക സഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കൽ കമ്മ്യൂണി കിച്ചൻ നടത്തിപ്പ് എന്നീ കാര്യങ്ങൾക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാവുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തും. ഡിപിസികൾ ഇത്തരം പദ്ധതികൾ സാധൂകരിച്ചാൽ മതിയാവും. ഇത്തരത്തിൽ പദ്ധതികൾക്ക് വേണ്ടി ചെലവാക്കുന്ന പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ പദ്ധതികൾക്കുള്ള തുക ജില്ലാ കളക്‌ടറിൽ നിന്നും റീഇംബേഴ്‌സ്‌മെന്റായി അനുവദിക്കും. ഇതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ബാക്കിയുള്ള പണം പ്ലാൻ ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കുന്നതാണ്", മുഖ്യമന്ത്രി പറഞ്ഞു.

"ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ അധിക പണം ലഭ്യമാക്കാൻ ജില്ല കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ആവശ്യാനുസരണം ചെലവഴിക്കാൻ സിഎംഡിആർഎഫിൽ നിന്ന് അവർക്ക് അധിക പണം ലഭ്യമാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് ഇത്തരം ക്രമീകരണം ഏർപ്പെടുത്തിയത്. പണമില്ലാത്തതിന്റെ പേരിൽ കോവിഡ് പ്രതിരോധ നടപടികൾ മുടങ്ങാൻ പാടില്ല. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജ്വസ്വലതയോടെ മുന്നോട്ടുപോവണം"- മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത് 196 പേരാണ്. രോഗം പോസിറ്റീവായവരിൽ 96 പേർ വിദേശത്തുനിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 76 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 432 പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 37 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP