Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ആറ് മണി പത്രസമ്മേളനം ഓൺലൈൻ ക്ലാസ് പോലെ; തന്റെ മേൽ വീണിരിക്കുന്ന ചെളി കഴുകിക്കളയാൻ കള്ളങ്ങൾ ആവർത്തിക്കുകയാണ്; ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാൻ ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിക്കാവശ്യം? കിറ്റുവാങ്ങലോ മന്ത്രി ജലീലിന്റെ ജോലി? പിണറായി വിജയൻ രാജി വച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ആറ് മണി പത്രസമ്മേളനം ഓൺലൈൻ ക്ലാസ് പോലെ; തന്റെ മേൽ വീണിരിക്കുന്ന ചെളി കഴുകിക്കളയാൻ കള്ളങ്ങൾ ആവർത്തിക്കുകയാണ്; ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാൻ ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിക്കാവശ്യം? കിറ്റുവാങ്ങലോ മന്ത്രി ജലീലിന്റെ ജോലി? പിണറായി വിജയൻ രാജി വച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ നാണം കെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇനി ഒരു നിമിഷം അധികാരത്തിൽ കടിച്ചു തൂങ്ങരുത്. ഈ കൊച്ചു സംസ്ഥാനത്തെ മുഖ്യമന്ത്രി ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പത്ര സമ്മേളനങ്ങളിലെല്ലാം ജനങ്ങളെ പരിഹസിക്കുകയും, മാധ്യമങ്ങളെ ശകാരിക്കുകയും കളിയാക്കുകയും, പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ഇപ്പോൾ ഒരു ഓൺലൈൻ ക്‌ളാസുപോലെ ആയിട്ടുണ്ട്. തന്റെ മേൽ വീണിരിക്കുന്ന ചെളി കഴുകിക്കളയാൻ മുഖ്യമന്ത്രി കള്ളങ്ങൾ ആവർത്തിക്കുകയാണ്. ഇതാണ് വൈകിട്ടത്തെ പത്ര സമ്മേളനത്തിലൂടെ മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധമുള്ള എല്ലാവരെയും ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാൻ എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രീ, അങ്ങ് ജനങ്ങളെ കളിപ്പിക്കുകയും വിഢ്ഢികളാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ ഏട്ട് മണിക്കൂറാണ് കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് വിധേയമായത്. എന്നിട്ടും ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാനുള്ള എന്ത് തെളിവാണുള്ളതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റംസുകാരുടെ ചോദ്യം ചെയ്യലിന് വിധേയമാകുമ്പോൾ അത് എന്തുകൊണ്ടാണെന്ന് പറയാൻ എന്തുകൊണ്ടാണ് അദ്ദേഹം തയ്യാറാകാത്തത്? ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാൻ ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിക്കാവശ്യം.

വിവാദ സ്ത്രീയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരനെ മാറ്റി നിർത്തിയതെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാൽ അതു മാത്രമല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ ടി ഫെലോ ആണ് കള്ളക്കളടത്ത് കേസിലെ വിവാദ സ്ത്രീക്കും, അതിലെ ഒന്നാം പ്രതിക്കും ഫ്ളാറ്റ് ബുക്ക് ചെയ്തുകൊടുത്തത്.

കള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകൾ പുറത്ത് വരികയാണ്. അവരുമായി ദീർഘനേരം ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ പുറത്ത് വന്നു. ഇനിയും മുഖ്യമന്ത്രിക്ക് എന്ത് തെളിവാണ് വേണ്ടത്? രാജ്യദ്രോഹ കുറ്റം ചെയ്ത ആളെ കേരളത്തിന്റെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. രാജ്യദ്രോഹവും ദേശ വിരുദ്ധ പ്രവർത്തനവും നടത്തിയ, സാമ്പത്തിക കുറ്റകൃത്യം നടത്തിയ ഈ കള്ളക്കടത്തുകാരെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാൻ നമ്മൾ ആരെങ്കിലും തെളിവ് കൊണ്ടുപോയിക്കൊടുക്കണണമെന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

പതിനാല് തവണയാണ് ശിവശങ്കരൻ സ്വപ്നമായി സംസാരിച്ചതെന്നാണ് പറയുന്നത്. അഞ്ച് മിനിറ്റു മുതൽ ഒരു മണിക്കൂർ സംസാരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈ പ്രതികളെല്ലാവരുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. നാല് വർഷക്കാലം മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ തനിക്കുള്ള അധികാരങ്ങൾ ഈ കള്ളക്കടത്ത് സംഘത്തിന് വേണ്ടി വിനിയോഗിച്ചുവെന്ന് വ്യക്തമാകുമ്പോൾ പിണറായി വിജയന് ഇനി എന്ത് തെളിവാണ് വേണ്ടത്? മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്?

വ്യാജരേഖ ചമച്ച് ജോലിക്കു കയറാനും, ഒരു ലക്ഷത്തി എഴുപതിനായിരം രൂപ സർക്കാരിൽ നിന്ന് ശമ്പളം വാങ്ങാനും ഈ കുറ്റവാളികൾക്ക് സഹായം ചെയ്തുകൊടുത്ത മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആർക്ക് വേണം ഈ അന്വേഷണം? സി ബി ഐ അന്വേഷണത്തെ നേരിടാൻ ഞാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടോ അദ്ദേഹത്തിന്?

ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമൊക്കെ ഈ കേസുമായി ബന്ധപ്പെട്ട രേഖകളിൽ എന്ത് ആക്‌സസ് ആണുള്ളത്? ചീഫ് സെക്രട്ടറി ചോദിച്ചാൽ എൻ ഐ ഐ രേഖകൾ കൊടുക്കുമോ? ചീഫ്സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും അന്വേഷണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആളുകളെ കബളിപ്പിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ഏത് തെളിവാണ് കസ്റ്റംസോ എൻ എ എ യോ അവർക്ക് കൊടുക്കുന്നത്? സമാന്യ ബോധമുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? സ്പ്രിങ്‌ളർ ഇടപാട് വന്നപ്പോൾ മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരെയും, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സാദാനന്ദനെയും ഒരു മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ചുമതലപ്പെടുത്തി. മൂന്ന് മാസമായിട്ടും ഒന്നും നടന്നില്ല. അതേ അവസ്ഥയാണ് ഇതിലും ഉണ്ടാകാൻ പോകുന്നത്.

അല്ലങ്കിൽ തന്നെ കസ്റ്റംസിന്റെയും എൻ ഐഐയുടെയും കയ്യിലിരിക്കുന്ന കേസ് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കും എന്ത് അധികാരമാണുള്ളത് ? ചീഫ് സെക്രട്ടറിയെ വേണമെങ്കിൽ ചോദ്യം ചെയ്യാനുള്ള അധികാരം അവർക്കുണ്ട്. മുഖ്യമന്ത്രിയെയും നാളെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്.

അപ്പോഴാണ് ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയുമൊക്കെ അന്വേഷിക്കുമെന്ന് പറയുന്നത്. വെറുതെ ജനങ്ങളെ വിഡ്ഡികളാക്കരുത്. രാജ്യദ്രോഹികളെയും കുറ്റവാളികളെയും സംക്ഷിക്കുന്ന ഇതുപൊലൊരു മുഖ്യമന്ത്രി കേരളത്തിന്റ ചരിത്രത്തിലുണ്ടായിട്ടില്ല.

വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകും

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഞാൻ വിജിലൻസിന് കത്തുകൊടുത്തിട്ട് ഒരു നടപടിയുമുണ്ടായിട്ടില്ല. ബെവ്‌കോ ആപ്പ്, പമ്പാ മണൽ കടത്ത് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കത്തുകളാണ് നൽകിയത്. രണ്ടിനും മറുപടിയുണ്ടാകാത്തതിനാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിജിലൻസ് കോടതിയിൽ നേരിട്ട് എത്തി ഞാൻ പരാതി കൊടുക്കാൻ പോവുകയാണ്.

കേരളത്തിലെ വിജിലൻസിനെ പൂർണ്ണമായും വന്ധ്യംകരിച്ച ഒരു സർക്കാരാണിത്.
കഴിഞ്ഞ നാല് വർഷമായി എത്രയധികം നിയമനങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്? അതിലൊന്നാണ് ഇപ്പോൾ പറയുന്ന ഐ ടി ഫെലോ. അമേരിക്കൻ പൗരത്വമുള്ള ഒരു സ്ത്രീയെയും ഫെലോ ആയിട്ട് നിയമിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്ളാറ്റ് ബുക്ക് ചെയ്യാൻ വേറൊരു ഐ ടി ഫെലോ രംഗത്ത് വന്നിരിക്കുന്നു. മുറി ബുക്ക് ചെയ്യാനെന്തിനാണ് ഐ ടി ഫെലോ?

ഇത്തരം നൂറുക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് പി എസ് സിയെയും മറ്റും നോക്കുകുത്തിയാക്കി നടത്തിയിട്ടുള്ളത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറുക്കണക്കിന് ചെറുപ്പക്കാരുടെ മുഖത്തടിക്കുന്നത് പോലെയാണ് സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും കരാർ അടിസ്ഥാനത്തിൽ ജോലി നൽകി പിന്നീട് സ്ഥിരപ്പെടുത്തുന്നത്. സിഡിറ്റിൽ ഒരു മാനദണ്ഡവുമില്ലാതെ നിരവധി പേരെ സ്ഥിരപ്പെടുത്താൻ പോവുകയാണ്. സംവരണതത്വങ്ങൾ പാലിക്കാതെയും മറ്റും പിൻവാതിൽ നിയമനങ്ങൾ ധാരാളം നടക്കുന്നണ്ടവിടെ. അതിനല്ലാം കുട പിടിച്ച ഐ ടി സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ടിട്ട് ഇതുവരെ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

എട്ട് മണിക്കൂർ കസ്റ്റംസ് ഓഫീസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തിട്ടു അൽപ്പം പോലും ഉളുപ്പ് മുഖ്യമന്ത്രിക്കുണ്ടായില്ല. മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പ് വേണം.

കിറ്റുവാങ്ങലോ മന്ത്രി ജലീലിന്റെ ജോലി?

മന്ത്രി കെ ടി ജലീലിന്റെ ജോലി ഇപ്പോൾ കിറ്റുവാങ്ങലാണ്. കിറ്റുവാങ്ങാൻ വേണ്ടി മാത്രം ഒരു മന്ത്രി ആവശ്യമുണ്ടോ? ആ മന്ത്രിയെയും മുഖ്യമന്ത്രി സംരഷിക്കുന്നു. എല്ലാ കുറ്റവാളികളെയു മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ആരോപണങ്ങൾക്കൊന്നും അയുസില്ലന്ന് പറഞ്ഞ് വളരെ ബാലിശമായിട്ടാണ് മുഖ്യമന്ത്രി ഈ ആരോപണങ്ങളെയെല്ലാം വെള്ള പൂശാൻ ശ്രമിക്കുന്നത്.

കെ ടി ജലിലിന്റെ ഫോൺ കോളുകൾ പുറത്ത് വന്നത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലന്ന്. മുഖ്യമന്ത്രി ഈ വിവരം എവിടെ നിന്ന് കിട്ടി?

കെ ടി ജലീൽ മാത്രമല്ല അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫും വിളിച്ചു. അതിനക്കുറിച്ച ്‌ചോദിച്ചപ്പോൾ അതിന്റെ ഉത്തരവാദിത്വം തനിക്കല്ലന്നാണ് മന്ത്രി പറഞ്ഞത്. ഇത് തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചതിന്റെ ഉത്തരവാദിത്വം പ്രിൻസിപ്പൽ സെക്രട്ടറിക്കാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്റലിജൻസ് എന്തു ചെയ്യുന്നു?

ഞാൻ ആഭ്യന്തരമന്ത്രിയായി രണ്ടര വർഷം പ്രവർത്തിച്ച ഒരാളാണ്. എല്ലാ ദിവസം മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് മേധാവിയുടെ ബ്രീംഫിങ് ഉണ്ടാകും. കേരളത്തിൽ ഇത്ര വലിയ കള്ളക്കടത്തും ഗുരുതരമായ കാര്യങ്ങളും നടന്നിട്ടും ഇവിടത്തെ ഇന്റലിജൻസ് എ ഡി ജി പി എന്ത് ചെയ്യുകയായിരുന്നു? കേരളത്തിൽ ഒരു ഇന്റലിജൻസ് മേധാവി ഇല്ലേ? എന്താണ് അദ്ദേഹത്തിന് ജോലി? ഒന്നുകിൽ അങ്ങ് അവരെ കാണാൻ സമയം കൊടുക്കുന്നില്ല, അല്ലങ്കിൽ അവരുടെ റിപ്പോർ്ട്ടുകളെ മുഖ്യമന്ത്രി അവഗണിച്ചു.

കുറ്റവാളികളായ ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിഇറങ്ങി നടക്കുമ്പോൾ മുഖ്യമന്ത്രി ഇന്റലിജൻസ് മേധാവിയോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടോ? അവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്തുകൊണ്ട് മുഖ്യമന്ത്രി അത് വ്യക്തമാക്കുന്നില്ല.

ഞാൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾവിമാനത്താവലങ്ങളിലെ സുരക്ഷയെക്കുറിച്ച് യോഗങ്ങൾ നടത്താറുണ്ടായിരുന്നു. പിണറായി ആഭ്യന്തര വകുപ്പ് ഭരിച്ച കഴിഞ്ഞ നാല് വർഷത്തിനിടയിൽ എത്ര യോഗം നടത്തിയിട്ടുണ്ട്? കേരളാ പൊലീസിലെ ഉദ്യഗസ്ഥരും കസ്റ്റംസും ചേർന്നുള്ള പഴുതടച്ചുള്ള പരിശോധനയാണ് ഇതുവഴി നടക്കാറുള്ളത്. സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയിട്ടായിരുന്നു ഇത്.

സ്പീക്കർ നിയമസഭയുടെ അന്തസ് കളഞ്ഞു കുളിച്ചു

മുഖ്യമന്ത്രി സ്പീക്കറേയും സംരക്ഷിക്കുകയാണ്. സ്പീക്കറെ സ്ഥാനത്ത് നിന്നമാറ്റാനുള്ള പ്രമേയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടു വരുമെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങൾക്ക് വിഷയ ദാരിദ്ര്യമാണെന്നാണ്. പ്രതിപക്ഷത്തിന് വിഷയ ബാഹുല്യമാണുള്ളത്.

കള്ളക്കടത്ത് കേസിലെ പ്രതിയുടെ കട പോയി ഉദ്ഘാടനം ചെയ്ത സ്പീക്കറെയും മുഖ്യമന്ത്രി ഇവിടെ ന്യായീകരിച്ചു. ഇത്തരം സ്വകാര്യ ചടങ്ങുകളിൽ പോകമ്പോൽ ഇന്റലിജൻസിന്റെ കയ്യിൽ നിന്ന് റിപ്പോർട്ടുവാങ്ങാൻ അങ്ങേക്ക് കഴിയുന്നതാണ്. അതില്ലാതെ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കർ കേരള നിയമസഭയുടെ അന്തസ് കളഞ്ഞ് കുളിച്ചിരിക്കുകയാണ്.

ഈ സ്പീക്കർക്കെതിരെ നിരവധി ആരോപണങ്ങൾ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. കോടിക്കണക്കിന് രൂപ നിയമസഭ മോടി പിടിക്കാൻ വേണ്ടി ചിലവഴിച്ചു. ശങ്കരനാരായണൻ തമ്പിഹാൾ പഞ്ച നക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാൻ പതിനാറ് കോടി രൂപയാണ് നീക്കിവച്ചത്. അവസാന കണക്ക് വന്നിട്ടില്ല. ഇത്രയും പണം ധുർത്തടിച്ച സ്പീക്കർ കേരളനിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. സഭയിൽ ഓഡില്ലാത്തതിന്റെ മറവിൽ സ്പീക്കർ ഇഷ്ടം പോലെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്.

ഇതുപോലെ ഒരു സ്പീക്കറും വിദേശ പര്യടനം നടത്തിയിട്ടില്ല. ഈ സപീക്കർക്ക് ഒരു നിമിഷംആ കസേരയിൽ തുടരാനുള്ള അധികാരമില്ല. കേരള നിയമസഭയുടെ എല്ലാ മഹനീയ പാരമ്പര്യങ്ങളെയും സ്പീക്കർ കളഞ്ഞ് കുളിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്പീക്കർക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ യു ഡി ഫ് തിരുമാനിച്ചത്.

കേരളീയ സമൂഹത്തിന് മുന്നിൽ മുഖ്യമന്ത്രി കളങ്കിതനായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളുമെന്നുള്ള ഭയം കൊണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യം എടുക്കുന്നത്. ഒരു ക്രിമിനൽ ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നത് അന്വേഷിക്കേണ്ടത് പൊലീസാണ്.

മുഖ്യമന്ത്രി രാജിവച്ച് അദ്ദേഹം സ്വയം സി ബി ഐ അന്വേഷണത്തിന് തയ്യാറാവുകയാണ് വേണ്ടത്.

പൊലീസ് നിയമാനുസൃതമായ ജോലി ചെയ്യണം

ടിവി ചാനലുകളിൽ പോയി കഴിഞ്ഞ ദിവസങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കുന്ന യു ഡി എഫിന്റെ പ്രതിനിധികൾക്ക് നേരെ പൊലീസ് അന്വേഷണം നടക്കുകയാണ്. അത് ഒരിക്കലും നീതികരിക്കാൻ കഴിയുന്ന കാര്യമല്ല. മാധ്യമങ്ങൾ വിളിച്ചിട്ടാണ് അവർ ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ പോകുന്നത്. അവിടെ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. എന്നാൽ അവർക്കെതിരെയുള്ള പഴയ കേസുകൾ പൊടി തട്ടിയെടുക്കുക, ഫോൺ കോളുകൾ പരിശോധിക്കുക തുടങ്ങിയ കലാപരിപാടിയുമായി പൊലീസ് ഇറങ്ങിയിരിക്കുകയാണ്. എനിക്ക് പൊലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ അധികാരത്തിലുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാവൂ, അധികാരമില്ലാത്ത കാര്യങ്ങൾ ചെയ്തു സ്വയം കുഴപ്പത്തിൽ ചാടരുത്. ആര് പറഞ്ഞാലും നിയമവിരുദ്ധമായ പ്രവർത്തിച്ചാൽ അതിന്റ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. ആ കാര്യം കൂടി ഉന്നത പൊലീസ് ഉദ്യേഗസ്ഥരെ ഓർമിപ്പിക്കുന്നു.

യു.ഡി.എഫ് പ്രക്ഷോഭം

മുഖ്യമന്ത്രി രാജിവയ്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ യു ഡിഎഫ് തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന 24 ന് എം എൽ എമാർ എം പിമാർ , ഡിസിസി പ്രസിന്റമാർ യു ഡി എ്ഫ് ജില്ലാ ചെയർമാന്മാർ എന്നിവർ മൂന്ന് കേന്ദ്രങ്ങളിലായി സത്യാഗ്രഹം നടത്തും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ളവർ സെക്രട്ടറിയേറ്റിന് മുന്നിലായിരിക്കും സത്യാഗ്രഹം നടത്തുക. കെ പി സി സി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം ഇടുക്കി തൃശൂർ എറണാകുളം എന്നീ ജില്ലകളിലേത് എറണാകുളത്ത് വച്ചായിരിക്കും. പി ജെ ജോസഫ് ഉദ്ഘാടും ചെയ്യും.

പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ കോഴിക്കോട് ധർണണ നടത്തും മുസ്‌ളിം ലീഗ് സംസ്ഥാന അധ്യക്ഷൻ ജനാബ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ വയനാട് കാസർകോട് ജില്ലയിലെ പരിപാടി കണ്ണൂർ കളക്റ്ററേറ്റിന് മുന്നിൽ എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയുട രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വെർച്ച്വൽ റാലി സംഘടിപ്പിക്കും.

ആരോഗ്യ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കും. അതുകൊണ്ടാണ് എം എൽ എ മാരും എം പിമാരും മാത്രം മതിയെന്നും വർച്ച്വൽ റാലി മതിയെന്നും തിരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP