Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനമേറുന്നു; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ; കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചു; യാത്ര വൈദ്യസഹായത്തിനും അടിയന്തര ആവശ്യത്തിനും മാത്രം

കോവിഡ് വ്യാപനമേറുന്നു; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ; കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചു; യാത്ര വൈദ്യസഹായത്തിനും അടിയന്തര ആവശ്യത്തിനും മാത്രം

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 1897ലെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരവും ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 144(1), (2), (3) പ്രകാരവുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാർക്കറ്റുകൾ, മാളുകൾ, ഫ്ളാറ്റുകൾ, വിവാഹം, ശവസംസ്‌കാരം തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽനിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് ജില്ലയിലെ രോഗം സ്ഥിരീകരിച്ച കേസുകളിൽനിന്നും ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവയൊഴികെയുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുത്.

വിവാഹത്തിലും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ 50ലധികം ആളുകൾ പങ്കെടുക്കരുത്. ഒരേ സമയം 20 പേരിലധികം പേർ ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20ലധികം പേർ പങ്കെടുക്കരുത്. വിവാഹം , മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ സംബന്ധിച്ച വിവരം വാർഡ് തല ദ്രുതകർമ്മസേനയെ (ആർആർടി) അറിയിക്കണം. ആളുകൾ നിയന്ത്രിതമായി മാത്രമേ ചടങ്ങിൽ പങ്കെടുക്കുന്നുള്ളൂവെന്ന് ആർആർടികൾ സാക്ഷ്യപ്പെടുത്തണം.

പൊലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, ഘോഷയാത്രകൾ, മറ്റു പ്രക്ഷോഭ പരിപാടികൾ എന്നിവ നിരോധിച്ചു. പൊലീസിന്റെ അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളിൽ 10ലധികം ആളുകൾ പങ്കെടുക്കാൻ പാടില്ല.കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

ആരാധനാലയങ്ങളിൽ 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയും പ്രായമുള്ളവർ പ്രവേശിക്കരുത്. ഇവിടെയെത്തുന്ന ഭക്തരെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ചുരുങ്ങിയത് ആറടി അകലം പാലിക്കണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കണം. ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. പ്രാർത്ഥനക്കെത്തുന്നവർ പായകളും ടവ്വലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം. അന്തർജില്ലാ യാത്രകൾ നടത്തുന്നവർ വാർഡ് ആർആർടിയെ അറിയിക്കണം. കണ്ടെയ്ന്മെന്റ് സോണുകളിലുള്ള കീം പരീക്ഷാ സെന്ററുകളിലേക്ക് വിദ്യാർത്ഥികൾക്ക് യാത്രാനുമതി ഉണ്ടായിരിക്കും. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് ഹാജരാക്കിയാൽ മതി.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പൊലീസ് സ്‌ക്വാഡുകൾ ഉറപ്പാക്കണം. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ പൊലീസ് ആ വിവരം തഹസിൽദാർക്ക് കൈമാറേണ്ടതും തഹസിൽദാരുടെ നിർദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

രാത്രി 10 മുതൽ രാവിലെ അഞ്ചു മണിവരെ രാത്രി കർഫ്യൂ കർശനമായി നടപ്പിലാക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം. ബ്രേക് ദ ചെയ്ൻ' ഉറപ്പുവരുത്താൻ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കണം.പൊതുജനാരോഗ്യവും ദുരന്തനിവാരണവും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ല. ഇതിനു പുറമേ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP