Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ പ്രവാസി പ്രഫ. റെയ്നോൾഡിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം; മലയാളികളുടെ പ്രിയങ്കരൻ: പ്രവാസി സംസ്‌കാരിക വേദി

മുൻ പ്രവാസി പ്രഫ. റെയ്നോൾഡിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം; മലയാളികളുടെ പ്രിയങ്കരൻ: പ്രവാസി സംസ്‌കാരിക വേദി

അക്‌ബർ പൊന്നാനി

ജിദ്ദ: മുൻ പ്രവാസിയും വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ സമുന്നത വ്യക്തിത്വവുമായ പ്രഫ. റോയ്നോൾഡ് ഇട്ടൂപ്പ് ജിദ്ദയിലെ മലയാളി സമൂഹത്തിന് എത്രമേൽ പ്രിയങ്കരനാണെന്നത് അനാവരണം ചെയ്യുന്നു അദ്ദേഹത്തിന്റെ ആകസ്മിക വിയോഗ വാർത്തയെ തുടർന്നുള്ള അനുശോചന പ്രവാഹം. കഴിഞ്ഞ ദിവസം ഉറക്കത്തിലായിരിക്കെയാണ് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ പ്രഫ. റോയ്നോൾഡ് ഇട്ടൂപ്പ് അന്ത്യശ്വാസം വലിച്ചത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമായിരുന്നു മരണത്തിന് കാരണമെന്നാണ് വിവരം. പ്രമേഹ രോഗം ഉണ്ടായിരുന്നത്രെ.

2006 മുതൽ 2014 വരെയുള്ള അത്ര സുധീർഘമല്ലാത്ത കാലം മാത്രമാണ് റോയ്നോൾഡ് ജിദ്ദയിൽ ഉണ്ടായിരുന്നതെങ്കിലും അദ്ദേഹം സമ്പാദിച്ച സുഹൃദ് വലയം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. നന്നേ താഴെ തലത്തിലുള്ളവർ മുതൽ ഉന്നതർ വരെ നീളുന്ന അദ്ദേഹത്തിന്റെ പരിചിത ഗണം അതിവിപുലവും സൃഷ്ടിപരവുമായിരുന്നു. വാരാന്ത്യങ്ങളിൽ വിവിധ വിഷയങ്ങളിലും തലങ്ങളിലുമുള്ള സാമൂഹ്യ, സാംസ്‌കാരിക, കലാ പരിപാടികളിലെ സജീവ സാന്നിധ്യവും ആകർഷണവുമായിരുന്നുമായിരുന്നു പ്രഫസർ റോയ്നോൾഡ്. അതിലേറെ ഹൃദ്യമായിരുന്നു വിവിധ വേളകളിൽ അദ്ദേഹം അവതരിപ്പിച്ച പ്രസംഗങ്ങളും പരിപാടികളും ചർച്ചകളിലെ പങ്കാളിത്തവും.

പ്രവാസി സാംസ്കാരിക വേദി സ്ഥാപക ചെയർമാനും ജിദ്ദയിലെ മലയാളി സമൂഹത്തിനു പ്രിയങ്കരനുമായിരുന്ന പ്രൊഫ. റെയ്നോൾഡ് ഇട്ടൂപ്പിന്റെ ആകസ്മിക വേർപാടിൽ പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ജിദ്ദയിൽ പ്രവാസി സാംസ്‌കാരിക വേദി കെട്ടിപ്പടുക്കുന്നതിൽ തന്റേതായ സംഭാവനകൾ അർപ്പിച്ച ശേഷമാണ് 2014 ൽ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടപറഞ്ഞത്. രാഷ്ട്രീയം, മതം, കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉജ്വല പ്രഭാഷണം നടത്തിയിരുന്ന പ്രൊഫ. റെയ്നോൾഡ് പ്രവാസി സാംസ്‌കാരികവേദി സ്ഥാപക ചെയർമാനായിരുന്നു.

ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം പ്രവാസികളെ വിവിധ ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതിനു പുറമെ, പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം മനുഷ്യാവകാശങ്ങൾക്കായി ഉറച്ചു നിൽക്കാനും പ്രേരിപ്പിച്ചിരുന്നു. ഏതൊരാൾക്കും ഏതു സമയത്തും ബന്ധപ്പെടാവുന്ന സൗമ്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷത.

നാട്ടിലെത്തിയിട്ടും ജിദ്ദയിലെ സുഹൃത്തുക്കളുമായി സമൂഹ മാധ്യമങ്ങളിലുടെ അടുത്ത ബന്ധം പുലർത്തിയിരുന്ന റെയ്നോൾഡ് സാർ ഏറ്റവും അവസാന ദിവസങ്ങളിൽ പ്രവാസി ജിദ്ദ നൽകിയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് ഫേസ് ബുക്കിലും മറ്റും പങ്കുവെച്ചിരുന്നത്. ജിദ്ദയിൽ മലയാളി സായാഹ്നങ്ങളെ തന്റെ വിജ്ഞാനം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ധന്യമാക്കിയ മഹദ് ജീവിതത്തെ പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഈ വേർപാട് താങ്ങാനുള്ള ശേഷി അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ തുടർന്നു.

ജാതി-മതത്തിന്നധീതമായി സൗഹൃദം നിലനിർത്തിയ ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രഫ. റോയ്നോൾഡ് ഇട്ടൂപ്പ് എന്ന് ജിദ്ദയിൽ പുതുതായി നിലവിൽ വന്ന മലയാളി സംഘടനകളുടെ കൂട്ടായ്മാ ഐവ പ്രസിഡണ്ട് സലാഹ് കാരാടൻ അനുസ്മരിച്ചു. മരണത്തിന് മുമ്പ് വരെ സോഷ്യൽ മീഡിയകളിലൂടെ സമൂഹ ബന്ധവും സൗഹൃദവും നിലനിർത്തിവന്ന അദ്ദേഹം ജിദ്ദയിൽ നിന്ന് മടങ്ങിയ ശേഷവും പരിചയം ശക്തിയോടെ പുലർത്തിയതായി സലാഹ് പറഞ്ഞു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്ഥാപക പ്രസിഡന്റ് മുഹമ്മദ് സാറിന്റെ ഒരുറ്റ സുഹൃത്തായിരുന്നു റെയ്‌നോൾഡ്. അദ്ദേഹം ജിദ്ദയിലെത്തി മൂന്നാം ദിവസം മുതൽ ഉണ്ടായ സഹൃദം മരണം വരെ നിലനിന്നു. സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP