Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഒരുമയ്ക്ക് ഒരു കുട അകലം' വിജയം കണ്ട് കുടുംബശ്രി; ഇതുവരെ കുടുംബശ്രി നിർമ്മിച്ച് വിറ്റത് 55 ലക്ഷം രൂപയുടെ കുടകൾ; 678 സി.ഡി.എസുകൾ വഴി ഇതുവരെ വിറ്റത് 20,384 കുടകൾ; വിജയക്കുട ചൂടി വീട്ടമ്മമാരുടെ മുന്നേറ്റം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സാമൂഹിക അകലത്തിന് പ്രാധാന്യം നൽകാൻ കുടുംബശ്രീ തുടങ്ങിയ 'ഒരുമയ്ക്ക് ഒരു കുട അകലം' പ്രചാരണത്തിന് വൻ സ്വീകാര്യത. ഇതുവരെ 55 ലക്ഷം രൂപയുടെ കുടകൾ വിറ്റു. കുട ചൂടുമ്പോഴുള്ള സാമൂഹിക അകലം രോഗവ്യാപനസാധ്യത തടയുന്നതിന് ഫലപ്രദമാകുമെന്ന ആശയമാണ് പദ്ധതിയിലൂടെ അവതരിപ്പിച്ചത്.സംസ്ഥാനത്തെ 678 സി.ഡി.എസുകൾ വഴി 20,384 കുടകൾ ഇതുവരെ വിറ്റു. ആകെ 22,000 കുടകൾ നിർമ്മിക്കാനാണ് ഉദ്ദേശിച്ചത്. സംരംഭ യൂണിറ്റുകൾ നിർമ്മിക്കുന്ന കുടകൾ ആവശ്യമനുസരിച്ച് എല്ലാ സി.ഡി.എസുകളിലും എത്തിക്കും. അവിടെനിന്ന് അയൽക്കൂട്ട അംഗങ്ങൾക്ക് വിൽക്കുകയും വരുമാനം കണ്ടെത്തുകയുമാണ്.

മേയിലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്നുമടക്ക്, രണ്ടുമടക്ക്, കുട്ടികളുടെ കുട, കാലൻകുട എന്നിങ്ങനെ നാലുതരത്തിലായിരുന്നു നിർമ്മാണം. 190-മുതൽ 400-വരെ രൂപയാണ് വില.ഓരോ അയൽക്കൂട്ട അംഗവും 12 ആഴ്ചകൊണ്ട് കുടയുടെ തുക അതത് സി.ഡി.എസിന് നൽകിയാൽ മതി. ഈ തുക സംസ്ഥാന മിഷന് കൈമാറുകയും അവരത് യൂണിറ്റുകൾക്ക് നൽകുകയും ചെയ്തു. അത്തരത്തിൽ 28 ലക്ഷം രൂപയാണ് സംസ്ഥാന മിഷനിൽ ലഭിച്ചത്. രണ്ടാഴ്ചയോടെ മുഴുവൻ തുകയും എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കൊറോണക്കാലത്ത് കുടനിർമ്മാണ യൂണിറ്റുകൾക്ക് പിന്തുണ നൽകാൻ കഴിഞ്ഞു. ഒപ്പം കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും സാധിച്ചു- കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ പറഞ്ഞു.

ഓരോ ജില്ലയിലെയും യൂണിറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് 22,000 കുടകളുടെ നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കുട നിർമ്മിക്കാൻ നൽകിയത് എറണാകുളം ജില്ലയിലാണ്- 2235 എണ്ണം. ഇതിൽ 2072 എണ്ണം ഇതിനോടകം നിർമ്മിച്ചു. തൃശ്ശൂർ (2175), മലപ്പുറം (2175), തിരുവനന്തപുരം (2165) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.കുട വിറ്റഴിച്ചതിൽ കൂടുതൽ നേട്ടം കൈവരിച്ചത് തിരുവനന്തപുരം ജില്ലയാണ്. 5,84,586 രൂപയുടെ കുടകളാണ് ജില്ലയിൽ വിറ്റത്. രണ്ടാം സ്ഥാനം മലപ്പുറത്തിനും (5,84,035) മൂന്നാം സ്ഥാനം എറണാകുളത്തിനും (5,58,168).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP