Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരിക്കലും ബിജെപിയിൽ ചേരില്ല, ഞാൻ ഇപ്പോഴും കോൺഗ്രസുകാരനാണ്; ബിജെപിയുടെ ഒരു നേതാക്കളുമായും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല; ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന വാർത്തകളും തെറ്റ്; രാഹുൽ ഗാന്ധി ഐഎസിസി അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്; അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം; പാർട്ടി വിട്ടത് അപമാനിക്കപ്പെട്ടതുകൊണ്ട്: തുറന്നടിച്ചു സച്ചിൻ പൈലറ്റ്

ഒരിക്കലും ബിജെപിയിൽ ചേരില്ല, ഞാൻ ഇപ്പോഴും കോൺഗ്രസുകാരനാണ്; ബിജെപിയുടെ ഒരു നേതാക്കളുമായും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല; ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന വാർത്തകളും തെറ്റ്; രാഹുൽ ഗാന്ധി ഐഎസിസി അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്; അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം; പാർട്ടി വിട്ടത് അപമാനിക്കപ്പെട്ടതുകൊണ്ട്: തുറന്നടിച്ചു സച്ചിൻ പൈലറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ബിജെപിയിൽ ചേരുമെന്ന വാർത്തകൾ തള്ളിക്കൊണ്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ബിജെപി ചേരുക എന്ന ലക്ഷ്യത്തോടെയല്ല പാർട്ടി വിട്ടതെന്നും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടർന്നുള്ള പ്രവർത്തനങ്ങളെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താൻ ബിജെപിയുമായി ചർച്ച നടത്തിയതെന്ന് വ്യാജവാർത്തകൾ പോലും ചമച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് സച്ചിൻ രംഗത്തെത്തിയത്. ബിജെപിയുടെ ഒരു നേതാക്കളുമായും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും സച്ചിൽ പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിന് വേണ്ടിയാണ് താൻ വിമതപ്രവർത്തനം നടത്തിയതെന്ന വാദവും സച്ചിൻ പൈലറ്റ് തള്ളിക്കളഞ്ഞു. 2018 ൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് സാധുവായ കാരണങ്ങളുണ്ട്. 200 സീറ്റിൽ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാൻ പാർട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഞാൻ ജനങ്ങളുമായി ചേർന്നുപ്രവർത്തിച്ചു. അന്നൊന്നും ഗെഹ്ലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തായിരുന്നു അതിനായി ഉയർത്തിക്കാട്ടിയത്. എന്ത് അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

2018 ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2003, 2013 തിരഞ്ഞെടുപ്പുകളിൽ പാർട്ടി 56, 26 സീറ്റുകളിൽ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് അദ്ദേഹം അതിനായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഗെലോട്ടിന്റെ സ്വന്തം ബൂത്തിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യവും സച്ചിൻചൂണ്ടിക്കാട്ടി. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഞാൻ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നിർബന്ധപ്രകാരമാണ് ഉപമുഖ്യമന്ത്രിയാകാൻ ഞാൻ ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുൽജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാൽ എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്. ജനങ്ങളിൽ നിന്ന് എന്നെ അകറ്റാനുള്ള അജണ്ടയുണ്ടാക്കുകയായിരുന്നു അവർ. രാജസ്ഥാന്റെ വികസനത്തിനായി പ്രവർത്തിക്കാൻ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. എന്റെ നിർദ്ദേശങ്ങൾ പാലിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു, ഫയലുകൾ എനിക്ക് അയച്ചില്ല, സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളും സി.എൽ.പി യോഗങ്ങളും നടക്കുന്നില്ല. എന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാൻ എന്നെ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണ്, പൈലറ്റ് ചോദിച്ചു.

ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴിൽ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാൻ ആവർത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തർക്കവുമല്ല ഇത്. എന്നാൽ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം-പൈലറ്റ് പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം തനിക്കെതിരെ ഗെലോട്ട് വിഭാഗം ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമായോ താൻ സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞു.

അതിനിടെ സച്ചിൻ പൈലറ്റിനോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്ന നിലപാടാണ് അശോക് ഗെലോട്ട്. സച്ചിനെ എംഎൽഎ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്യനുള്ള സാധ്യതകളാണ് കോൺഗ്രസ് തേടുന്നത്. സച്ചിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്. ബിജെപിയിലേക്ക് പോകാൻ സച്ചിന് മുന്നിൽ ഏറെപ്രതിസന്ധികളുണ്ട്. ഫാറൂഖ് അബ്ദുള്ളയുടെ മരുമകനാണ് അദ്ദേഹം. തന്റെ ഭാര്യാ പിതാവിനെയും സഹോദരനെയും മാസങ്ങളോളം വീട്ടുതടങ്കലിൽ പാർപ്പിച്ചത് ബിജെപി സർക്കാറാണ്. അതുകൊണ്ട് തന്നെ ആ പാളയത്തിലേക്ക് എങ്ങനെ സച്ചിൻ ചേക്കേറും എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതാണ് ബിജെപിയിലേക്ക് പോകാൻ സച്ചിന് മുന്നിലുള്ള പ്രതിസന്ധി.

അതേസമയം സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎൽഎമാർ ജയ്പൂരിലെ റിസോർട്ടിൽ തുടരുകയാണ്. എന്നാൽ ഭരണപക്ഷത്തെ നാലോ അഞ്ചോ പേർ കൂടി കാലുമാറിയാൽ സർക്കാർ വീഴും. അതിനാൽ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സർക്കാർ അധികാരമേറ്റമുതൽ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോൾ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്.

അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിന്ന സച്ചിൻ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്‌ക്കരിച്ചതോടെയാണ് കടുത്ത നടപടിക്ക് കോൺഗ്രസ് തീരുമാനം എടുത്തത്. സച്ചിൻ പൈലറ്റിന് പകരം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിങ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോൺഗ്രസ്, സേവാദൾ അദ്ധ്യക്ഷന്മാരെയും മാറ്റി. പ്രിയങ്കഗാന്ധി ഉൾപ്പടെയുള്ളവർ നിരന്തരം ആവശ്യപ്പെട്ടിട്ടും സച്ചിൻ സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. അശോക് ഗലോട്ടിനെ മാറ്റിയുള്ള ഒത്തുതീർപ്പില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന അശോക് ഗലോട്ടും നിലവിൽ കോൺഗ്രസിനൊപ്പം നില്ക്കുന്ന എംഎൽഎമാരുടെ ആവശ്യപ്പെട്ടതോടെ കോൺഗ്രസിന് മുന്നിൽ മറ്റു വഴികളില്ലാതായി.

അതിനിടെ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളുമായി അശോക് ഗെലോട്ടും രംഗത്തുണ്ട്. സച്ചിൻ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കളം നിറഞ്ഞു. സച്ചിൻ പൈലറ്റിന് സ്വാധീനമുള്ള ഗുജ്ജർ മേഖലകളിൽ 233 കോടി രൂപയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന അടിയന്തരമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP