Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സച്ചിൻ പൈലറ്റിനോട് സന്ധിയില്ലെന്ന നിലപാടിൽ അശോക് ഗെലോട്ട്; സച്ചിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്തു നൽകാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം; ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൈലറ്റിന് സ്വാധീനമുള്ള മേഖലകളിൽ 233 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു; സച്ചിനെ മുഖ്യമന്ത്രിയാക്കി ഗെലോട്ട് സർക്കാരിനെ വീഴ്‌ത്താനാവുമോ എന്ന നിർദ്ദേശവും ചർച്ച ചെയ്തു ബിജെപി; ബിജെപി കളത്തിലെത്തിക്കാൻ നിയോഗിച്ചത് ചങ്ങാതിയായ ജ്യോതിരാദിത്യ സിന്ധ്യയെ; ഫാറൂഖ് അബ്ദുള്ളയുടെ മരുമകൻ മറുകണ്ടം ചാടുമോ?

സച്ചിൻ പൈലറ്റിനോട് സന്ധിയില്ലെന്ന നിലപാടിൽ അശോക് ഗെലോട്ട്; സച്ചിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്തു നൽകാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം; ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൈലറ്റിന് സ്വാധീനമുള്ള മേഖലകളിൽ 233 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു; സച്ചിനെ മുഖ്യമന്ത്രിയാക്കി ഗെലോട്ട് സർക്കാരിനെ വീഴ്‌ത്താനാവുമോ എന്ന നിർദ്ദേശവും ചർച്ച ചെയ്തു ബിജെപി; ബിജെപി കളത്തിലെത്തിക്കാൻ നിയോഗിച്ചത് ചങ്ങാതിയായ ജ്യോതിരാദിത്യ സിന്ധ്യയെ; ഫാറൂഖ് അബ്ദുള്ളയുടെ മരുമകൻ മറുകണ്ടം ചാടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിടാൻ ശ്രമിച്ചതിന് കടുത്ത നടപടി നേരിടുന്ന സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിൽ കോൺഗ്രസും അശോക് ഗെലോട്ടും. സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ ഇപ്പോൾ എംഎൽഎ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്യനുള്ള സാധ്യതകളാണ് കോൺഗ്രസ് തേടുന്നത്. സച്ചിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്.

അതേസമയം സച്ചിൻ തന്റെ അടുത്ത നീക്കം എന്താണെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപിയിലേക്ക് പോകുമോ അതോ പുതിയ പാർട്ടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപിയിലേക്ക് പോകാൻ സച്ചിന് മുന്നിൽ ഏറെപ്രതിസന്ധികളുണ്ട്. ഫാറൂഖ് അബ്ദുള്ളയുടെ മരുമകനാണ് അദ്ദേഹം. തന്റെ ഭാര്യാ പിതാവിനെയും സഹോദരനെയും മാസങ്ങളോളം വീട്ടുതടങ്കലിൽ പാർപ്പിച്ചത് ബിജെപി സർക്കാറാണ്. അതുകൊണ്ട് തന്നെ ആ പാളയത്തിലേക്ക് എങ്ങനെ സച്ചിൻ ചേക്കേറും എന്ന ചോദ്യം ഉയരുന്നുണ്ട്.

അതേ സമയം സച്ചിൻ പൈലറ്റിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കൾ വസുന്ധരരാജെ സിന്ധ്യയുടെ സാന്നിധ്യത്തിൽ ജയ്പൂരിൽ യോഗം ചേരുന്നുണ്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കി ഗലോട്ട് സർക്കാരിനെ വീഴ്‌ത്താനാവുമോ എന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്യും. എന്നാൽ, വസുദ്ധര അടക്കമുള്ളവർ ഈ നീക്കത്തെ അനുകൂലിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎൽഎമാർ ജയ്പൂരിലെ റിസോർട്ടിൽ തുടരുകയാണ്. എന്നാൽ ഭരണപക്ഷത്തെ നാലോ അഞ്ചോ പേർ കൂടി കാലുമാറിയാൽ സർക്കാർ വീഴും. അതിനാൽ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സർക്കാർ അധികാരമേറ്റമുതൽ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോൾ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്.

അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിന്ന സച്ചിൻ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്‌ക്കരിച്ചതോടെയാണ് കടുത്ത നടപടിക്ക് കോൺഗ്രസ് തീരുമാനം എടുത്തത്. സച്ചിൻ പൈലറ്റിന് പകരം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിങ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോൺഗ്രസ്, സേവാദൾ അദ്ധ്യക്ഷന്മാരെയും മാറ്റി.

പ്രിയങ്കഗാന്ധി ഉൾപ്പടെയുള്ളവർ നിരന്തരം ആവശ്യപ്പെട്ടിട്ടും സച്ചിൻ സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. അശോക് ഗലോട്ടിനെ മാറ്റിയുള്ള ഒത്തുതീർപ്പില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന അശോക് ഗലോട്ടും നിലവിൽ കോൺഗ്രസിനൊപ്പം നില്ക്കുന്ന എംഎൽഎമാരുടെ ആവശ്യപ്പെട്ടതോടെ കോൺഗ്രസിന് മുന്നിൽ മറ്റു വഴികളില്ലാതായി. അതേ സമയം സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ് നേതാക്കൾ. സച്ചിൻ പൈലറ്റിന് സ്വാഗതമെന്ന് ബിജെപി നേതാവ് ഓം മാഥുർ വ്യക്തമാക്കി.

അതിനിടെ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളുമായി അശോക് ഗെലോട്ടും രംഗത്തുണ്ട്. സച്ചിൻ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കളം നിറഞ്ഞു. സച്ചിൻ പൈലറ്റിന് സ്വാധീനമുള്ള ഗുജ്ജർ മേഖലകളിൽ 233 കോടി രൂപയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന അടിയന്തരമന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ എന്നീ പദവികളിൽനിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെ സച്ചിന് പിന്തുണ നൽകിയ വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവരുടേയും മന്ത്രിസ്ഥാനം തെറിച്ചു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിന്റെ വിശ്വസ്തനും എംഎ‍ൽഎയുമായ മുകേഷ് ഭാസ്‌കറിനെയും കോൺഗ്രസ് നീക്കിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഗെലോട്ട് ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയ നടപടിക്ക് ഗവർണർ അംഗീകാരം നൽകി.

രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ ദൗത്യം ബിജെപി ഏൽപിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെയാണ്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനിൽ ബിജെപി. ശ്രമിക്കുന്നില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് വ്യക്തമാക്കി. ഗഹലോത്ത് സർക്കാറിനെ താഴെയിറക്കാൻ ആവശ്യമായ എംഎ‍ൽഎമാർ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപി. കളത്തിലിറങ്ങാൻ മടിക്കുന്നതിനു പിന്നിലെ കാര്യം.

രാജസ്ഥാനിൽ സച്ചിനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം രാജസ്ഥാൻ ബിജെപിയിൽ തന്നെ രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന്- മുന്മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നൽകുന്നത്. മറ്റൊന്ന് മോദിയും ഷായും പിന്തുണയ്ക്കുന്ന വിഭാഗവും. ബിജെപി. സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ പക്ഷത്തുള്ളത്. ആർ.എസ്.എസിന്റെ പിന്തുണയും ഇവർക്കാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP