Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാനലുകൾക്ക് മുന്നിൽ നല്ലപിള്ള ചമഞ്ഞ ഫൈസൽ ഫരീദ് ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മുങ്ങി; ഫൈസലിന്റെ 'ഫൈവ് സി' കാർ വർക് ഷോപ്പും അടഞ്ഞു കിടക്കുന്നു; സ്വർണ്ണക്കടത്തിലെ മൂന്നാം പ്രതിയെ വിട്ടുകിട്ടാൻ യുഎഇ സഹായം തേടി എൻഐഎ; നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ ഫൈസൽ ഫരീദിനെതിരെ യുഎഇ അധികൃതർ അറസ്റ്റു ചെയ്യും; രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന നടപടിയിൽ കർശന നടപടി വരും

ചാനലുകൾക്ക് മുന്നിൽ നല്ലപിള്ള ചമഞ്ഞ ഫൈസൽ ഫരീദ് ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മുങ്ങി; ഫൈസലിന്റെ 'ഫൈവ് സി' കാർ വർക് ഷോപ്പും അടഞ്ഞു കിടക്കുന്നു; സ്വർണ്ണക്കടത്തിലെ മൂന്നാം പ്രതിയെ വിട്ടുകിട്ടാൻ യുഎഇ സഹായം തേടി എൻഐഎ; നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ ഫൈസൽ ഫരീദിനെതിരെ യുഎഇ അധികൃതർ അറസ്റ്റു ചെയ്യും; രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന നടപടിയിൽ കർശന നടപടി വരും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു സ്വർണം കടത്തിയ കേസിൽ എൻഐഎ തിരയുന്ന മൂന്നാം പ്രതി യുഎഇയിൽ ഒളിവിൽ പോയി. ആദ്യം ചാനലുകൾക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞെത്തിയ ഫൈസൽ ഫരീദ് എൻഎഐ നിലപാട് വ്യക്തമാക്കിയതോടെ മുങ്ങുകയായിരുന്നു. ഇതോടെ ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മാറിനിൽക്കുന്ന ഫൈസലിനെ കണ്ടെത്തി വിട്ടുകിട്ടാൻ എൻ.ഐ.എ. യു.എ.ഇ. അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സ്വർണക്കള്ളക്കടത്തിൽ നിർണായക കണ്ണിയെന്ന് എൻ.ഐ.എ. ഉറപ്പിച്ചിട്ടുണ്ട്. ദുബായിലുള്ള ഫൈസൽ ഫരീദ് കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ വഴുതിമാറുന്ന നിലയിലാണ്.

ഇപ്പോഴത്തെ നിലയിൽ ഫൈസൽ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികൾക്കു സാധ്യതയുണ്ട്. ഇയാൾ യുഎഇ അധികൃതർ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത്. ഞായറാഴ്ച ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് 'അതു ഞാനല്ല' എന്നു പറഞ്ഞ ഇയാൾ തുടർന്നുള്ള 2 ദിവസവും മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ 3 വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കൽ, രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറൽ കോർട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നൽകുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

ഫൈസൽ ഫരീദിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇന്നലെയും പ്രവർത്തിച്ചെങ്കിലും ഇന്നു മുതൽ തുറക്കില്ലെന്ന് ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്നാണ് അറിയിപ്പ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'ഫൈവ് സി' എന്ന കാർ വർക് ഷോപ്പ് അടഞ്ഞു കിടക്കുകയാണ്. വാടക കുടിശിക സംബന്ധിച്ച തർക്കത്തിൽ ഫൈസലും കെട്ടിട ഉടമയും തമ്മിൽ കേസ് നടക്കുന്നുണ്ട്. ജിമ്മുകളിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്ന ബിസിനസും ഫൈസലിനുണ്ട്.

ഫൈസൽ ഫരീദ് പക്ഷേ, ഇന്ത്യയിൽനിന്നുള്ള പരിചിതമല്ലാത്ത ഫോൺകോളുകൾ എടുക്കുന്നില്ല. നേരത്തേ കൂടെയുണ്ടാകാറുള്ള അടുത്ത സുഹൃത്തുക്കളിൽ പലരും ഇപ്പോൾ കൂടെയില്ല. കേരളത്തിൽനിന്ന് അന്വേഷണസംഘം ഫൈസലിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്ക് ഫൈസലിനെ കിട്ടിയില്ല. സുഹൃത്തുക്കളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ഫൈസൽ ഫരീദ് ഇപ്പോൾ. എൻ.ഐ.എ, കസ്റ്റംസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഫൈസൽ ഫരീദിനെ വിളിച്ചുകൊണ്ടിരുന്നത്. അന്വേഷണസംഘം ഫൈസലിന്റെ സുഹൃത്തുക്കളിൽ ചിലരെയും വിളിച്ചിരുന്നു. എന്നാൽ തങ്ങൾ ഇപ്പോൾ ഫൈസലിന്റെകൂടെ ഇല്ല എന്ന മറുപടിയാണ് സുഹൃത്തുക്കൾ നൽകിയത്. കേസിൽ പങ്കില്ലെന്നു പറഞ്ഞ് ഫൈസൽ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കളങ്കിത വ്യക്തിയാണെന്ന് ബോധ്യപ്പെട്ടതിനാൽ ഫൈസലുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ചിലർ എൻ.ഐ.എക്കും കസ്റ്റംസിനും ഫോണിൽ മൊഴി നൽകി.

കസ്റ്റംസിന്റെ എഫ്.ഐ.ആറിൽ എറണാകുളം സ്വദേശി 'ഫാസിൽ ഫരീദ്' എന്ന പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത് . സരിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പേര് വന്നത്. പേരിലെ ആശയക്കുഴപ്പത്തിന്റെ മറവിൽ കേസിൽനിന്ന് തത്കാലം ഒഴിഞ്ഞുമാറാം എന്നായിരുന്നു ഫൈസൽ ഫരീദ് കരുതിയത്. എന്നാൽ എൻ.ഐ.ഐ. കോടതിയിൽ അപേക്ഷ നൽകി തൃശ്ശൂർ സ്വദേശിയായ ഫൈസൽ ഫരീദാണ് മൂന്നാം പ്രതി എന്ന് തിരുത്തിയതോടെയാണ് ഫൈസൽ ഫരീദിന്റെ വാദങ്ങൾ പൊളിഞ്ഞത്.

സ്വർണക്കടത്ത് കേസിൽ മൂന്നാംപ്രതിയായ തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെ. വർഷങ്ങളായി ദുബായിലുള്ള ഫൈസലിന് യുഎഇ, സൗദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസുണ്ട്. സൗദിയിൽ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവിൽ ദുബായിൽ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേർന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകൾ തകർച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നത്. ദുബായിലെ എമിഗ്രേഷൻ വിഭാഗത്തിലും ദുബായ് ഇന്റർപോൾ ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങളിലാണ് ഫൈസലെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്കുമുന്നേ മൂന്നുപീടികയിലെ വീട് ഈടുനൽകി 14 ലക്ഷം രൂപ വായ്പയെടുത്തത് തിരച്ചടയ്ക്കാത്തതിനാൽ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്. ഇയാൾക്കെതിരെ കേരളത്തിൽ കേസുകൾ ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടാൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനുള്ള അപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎഇയിൽനിന്ന് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം അയച്ചത് ഫൈസൽ ഫരീദാണ്. എൻഐഎയുടെ എഫ്ഐആറിൽ ഫൈസലിന്റെ പേര് തെറ്റായാണ് ചേർത്തിരുന്നത്. പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതി അനുമതി നൽകി. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ് എന്നാണ് ശരിയായ വിലാസം. എഫ്ഐആറിൽ ഫാസിൽ ഫരീദ്, എറണാകുളം എന്നാണ് ചേർത്തിരുന്നത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാൻ ഇന്റർപോളിന്റെ ബ്ലൂ നോട്ടീസ് വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP