Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി കെ ടി ജലീലിനെ സ്വപ്‌ന വിളിച്ചത് പത്ത് തവണ; സംഭാഷണങ്ങൾ നീണ്ടു നിന്നത് സെക്കന്റുകളുടെ ദൈർഘ്യത്തിൽ; എസ്എംഎസ് സന്ദേശവും അയച്ചു; പ്രൈവറ്റ് സെക്രട്ടറിയെയും നിരവധി തവണ വിളിച്ചു; അസമയത്തല്ല സംഭാഷണമെന്ന് വ്യക്തമാക്കി സ്‌ക്രീൻഷോട്ട് അടക്കം പുറത്തുവിട്ടു മന്ത്രിയുടെ മറുപടി; വാട്‌സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ എങ്ങനെയെന്നതിൽ വ്യക്തതയില്ല; സ്വപ്‌നയുടെ ഫോൺലിസ്റ്റിലുള്ളത് നിരവധി ഉന്നതരുടെ വിവരങ്ങളും പുറത്തേക്ക്; ശിവശങ്കറും സരിത്തും തമ്മിൽ ഫോണിൽ സംസാരിച്ചത് 14 തവണ

മന്ത്രി കെ ടി ജലീലിനെ സ്വപ്‌ന വിളിച്ചത് പത്ത് തവണ; സംഭാഷണങ്ങൾ നീണ്ടു നിന്നത് സെക്കന്റുകളുടെ ദൈർഘ്യത്തിൽ; എസ്എംഎസ് സന്ദേശവും അയച്ചു; പ്രൈവറ്റ് സെക്രട്ടറിയെയും നിരവധി തവണ വിളിച്ചു; അസമയത്തല്ല സംഭാഷണമെന്ന് വ്യക്തമാക്കി സ്‌ക്രീൻഷോട്ട് അടക്കം പുറത്തുവിട്ടു മന്ത്രിയുടെ മറുപടി; വാട്‌സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ എങ്ങനെയെന്നതിൽ വ്യക്തതയില്ല; സ്വപ്‌നയുടെ ഫോൺലിസ്റ്റിലുള്ളത് നിരവധി ഉന്നതരുടെ വിവരങ്ങളും പുറത്തേക്ക്; ശിവശങ്കറും സരിത്തും തമ്മിൽ ഫോണിൽ സംസാരിച്ചത് 14 തവണ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺലിസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ ഉന്നതർക്ക് വിറയൽ തുടങ്ങി. നിരവധി പ്രമുഖരുമായി അടുത്ത ബന്ധമാണ് സ്വപ്‌ന സുരേഷിന് ഉണ്ടായിരുന്നത്. സർക്കാറിന് കീഴിൽ ജോലി ചെയ്യുമ്പോഴും യുഎസ് കോൺസുലേറ്റുമായി അടുത്ത ബന്ധമായിരുന്നു ഇവർക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവർ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്നു കരുതിയാണ് പല ഉന്നതരും ഫോണിൽ വിളിച്ചിരുന്നത് എന്നാണ് വിശദീകരിക്കുന്നത്.

പ്രതിസന്ധിഘട്ടത്തിൽ പ്രതികൾ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോൾ എൻ.ഐ.എ.യും കസ്റ്റംസും. ശിവശങ്കരനെയാണ് ഫോണിൽ വിളിച്ചത് എന്നാണ് പ്രധാനമായും ലഭിക്കുന്ന വിവരം. മറ്റാരെയെങ്കിലും ഫോണിൽ വിളിച്ചോ എന്നത് സംബന്ധിച്ച വിവങ്ങളും തേടുന്നുണ്ട്. കൈയെത്തും ദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിനു പിന്നിൽ ഇവർ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയലായിരുന്നു. കസ്റ്റംസ് അധികൃതർ പൊലീസ് സഹായം വേണ്ടെന്നുവെച്ചതിനു കാരണവും ഇതായിരുന്നു. അന്വേഷണസംഘങ്ങൾ കോടതികളിൽ സമർപ്പിച്ച രേഖകളിലും എടുത്തുപറയുന്നത് ഫോൺ ഡേറ്റയെക്കുറിച്ചാണ്.

അതേസമയം സ്വപ്‌നയുടെ ഫോൺലിസ്റ്റിൽ പെട്ട മന്ത്രി കെടി ജലീലിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. പത്ത് തവണയാണ് സ്വപ്‌ന ജലീലിനെ വിളിച്ചത്. മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗം നാസറിനെ സരിത് ജൂലൈ 3ന് വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചത് ജൂൺ 30നാണ്. ഇതു വിട്ടുകിട്ടാൻ സരിത്തും സ്വപ്നയും സംഘവും പല തലങ്ങളിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ജൂലൈ 5നാണ് ബാഗേജ് പരിശോധിച്ചതും സരിത് അറസ്റ്റിലായതും. സ്വപ്നയുടെയും സരിത്തിന്റെയും ഓരോ ഫോൺ നമ്പറിൽ നിന്ന്, ജൂൺ 1 മുതൽ ജൂലൈ 5 വരെയുള്ള ഫോൺ വിളി രേഖകളാണു പുറത്തു വന്നത്.

ശിവശങ്കറിന്റെ ഫോൺ പട്ടിക പുറത്തായിട്ടില്ല. ജലീലിനെ ജൂണിൽ 10 തവണ സ്വപ്ന വിളിച്ചു. ജലീൽ തിരികെ ഒരു തവണയും. ഒളിവിൽ പോയ ദിവസം (ഈ മാസം 5) ഉച്ചകഴിഞ്ഞു സ്വപ്നയുടെ മൊബൈൽ ടവർ ലൊക്കേഷൻ സെക്രട്ടേറിയറ്റിനു സമീപമായിരുന്നു. ഇവിടെയാണു ശിവശങ്കറിന്റെ വാടക ഫ്‌ളാറ്റും കള്ളക്കടത്ത് സംഘത്തിന്റെ താവളമായ വാടക ഫ്‌ളാറ്റും.

ശിവശങ്കറും സരിത്തും തമ്മിൽ 14 തവണ ഫോണിൽ സംസാരിച്ചു. 5 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളവയാണിത്. 9 തവണ സരിത് അങ്ങോട്ടു വിളിച്ചു; 5 തവണ ശിവശങ്കർ തിരിച്ചും. ഇതിൽ ഒരു ദിവസം ശിവശങ്കറിനെ സരിത് 5 തവണ വിളിച്ചു. 755 സെക്കൻഡ് ദൈർഘ്യമുള്ള വിളിയും ഇതിലുണ്ട്. മന്ത്രി കെ.ടി.ജലീൽസ്വപ്ന സംഭാഷണം: ജൂൺ 1 ഉച്ചയ്ക്ക് 98 സെക്കൻഡ്, 2ന് വൈകിട്ട് നാലിന് 64 സെക്കൻഡ്, 5ന് ഉച്ചയ്ക്ക് 89 സെക്കൻഡ് , 8ന് 105 സെക്കൻഡ്, 16ന് 79 സെക്കൻഡ്, 23 ന് 54 സെക്കൻഡ്. പിന്നീട് സ്വപ്ന എസ്എംഎസ് അയച്ചു. 24ന് 84 സെക്കൻഡ് , 25 ന് രാത്രി 10 ന് 195 സെക്കൻഡ്, 26ന് 83 സെക്കൻഡ്. മന്ത്രിയുടെ ഗൺമാനെയും 26ന് സരിത് വിളിച്ചു.

സ്വപ്ന സുരേഷ് എന്നെയും ഞാൻ തിരിച്ചും പലവട്ടം വിളിച്ചിട്ടുണ്ട് അത് യുഎഇ കോൺസുലേറ്റിന്റെ റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു. സരിത്തും സ്വപ്നയുമായി എന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.നാസർ തുടർച്ചയായി ബന്ധപ്പെട്ടുവെന്ന വാർത്തകളെക്കുറിച്ച് അറിവില്ല. അക്കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്.

സ്വർണക്കടത്ത് കേസിലെ പ്രതി സരിത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ പലതവണ വിളിച്ചതായി ഇന്നലെ പുറത്തുവന്നെ ഫോൺ രേഖകൾ. സരിത് ജൂലൈ 3 ന് സ്വപ്നയെ വിളിച്ചു. സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപിനെയും ബാങ്ക് മാനേജരെയും വിളിച്ചു. സ്വർണം പിടികൂടുമ്പോൾ സരിത് അവസാനം വിളിച്ചത് സ്വപ്ന സുരേഷിനെയാണ്. ഒരു ലാൻഡ് ഫോൺ നമ്പറിലും സരിത് ഏറെ വിളിച്ചു. വാട്‌സാപ് കോളുകളുടെ വിശദാംശം കണ്ടെത്താൻ മൊബൈൽ ഫോൺ പരിശോധിക്കും. ഒളിവിൽ പോകുന്നതിനു മുൻപു ഞായറാഴ്ച സ്വപ്ന സെക്രട്ടറിയേറ്റിനു സമീപമെന്നു ഫോൺ ടവർ ലൊക്കേഷൻ. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ സ്വപ്നയെയും സരിത്തിനെയും നിരന്തരം വിളിച്ചു. ജൂൺ 24 നും 26നും വിളിച്ചു. ഈ ദിവസങ്ങളിൽ കോൺസുലേറ്റിനു ബാഗേജ് എത്തി. ജൂലൈ 3,4 തീയതികളിലും സ്വപ്നയെ അറ്റാഷെ പലവട്ടം വിളിച്ചു. സംഭാഷണം നീണ്ടു. ജൂലൈ 3 ന് സ്വപ്നയെ അറ്റാഷെ വിളിച്ചത് 22 പ്രാവശ്യം. ഈ ദിവസമാണു സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് എത്തിയത്. ബാഗേജ് തറക്കുന്നതിനു തൊട്ടു മുൻപും സ്വപ്നയെ വിളിച്ചു. സരിത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അവസാനം വിളിച്ചതു സ്വപ്‌നയെയാണ്. ജൂലൈ 5ന് ഉച്ച കഴിഞ്ഞു 2.48 ന്. ഈ സംഭാഷണം 48 സെക്കൻഡ് നീണ്ടു നിന്നു.

സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുക്കാമായിരുന്നു. കൈയെത്തും ദൂരത്തുണ്ടായിട്ടും ഇവരെ 'ഫ്രീ' ആക്കി നിർത്തിയതിനുപിന്നിൽ പ്രതികൾ പ്രതിസന്ധിഘട്ടങ്ങളിൽ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു. യു.എ.ഇ. കോൺസുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ നിമിഷംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നിൽനിർത്തി സംയുക്ത രഹസ്യാന്വേഷണമാണു നടന്നത്. കേന്ദ്ര ഏജൻസികളുടെ നിർദ്ദേശമായിരുന്നു പ്രതികളെ അറസ്റ്റുചെയ്യാതെയുള്ള ഫോൺ നിരീക്ഷണം.

സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാൾ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകൾ നിരീക്ഷണത്തിലാക്കിയത്. കേസിനു സഹായകരമായ എല്ലാ ഫോൺസംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ്. സരിത്തിൽനിന്ന് റമീസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും കസ്റ്റഡി ബോധപൂർവം വൈകിച്ചു. ഫോൺസംഭാഷണങ്ങൾ ശേഖരിക്കാനായിരുന്നു ഇത്. റമീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ നൽകിയ അപേക്ഷയിൽ മൊബൈൽ കോൾ ഡേറ്റാ റെക്കോഡുകൾ ശേഖരിച്ചതായി കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫോൺലിസ്റ്റിൽ പെട്ട മന്ത്രി കെടി ജലീലിന്റെ വിശദീകരണം ഏതാണ്ട് തൃപ്തികരമാണ് താനും. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ താൻ വിളിച്ചെന്നാണ് മന്ത്രി കെ.ടി.ജലീൽ പറയുന്നത്. റാംസാൻ കാലത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കോൾ. കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. മെയ് 27 ന് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സന്ദേശം കിട്ടി. സാധാരണഗതിയിൽ യുഎഇ കോൺസുലേറ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ അറിയിച്ചു. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്റെ സ്‌ക്രീൻഷോട്ടും കെ ടി ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകി. കോൺസുലർ ജനറലിന്റെ നിർദ്ദേശം അനുസരിച്ചാണ് സ്വപ്നയെ ഫോണിൽ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് സ്പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.

പ്രതി സ്വപ്ന സുരേഷ് 9 തവണയാണ് മന്ത്രിയെ വിളിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണമാണ് മന്ത്രി നൽകിയത്. ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറായിരുന്നത്. അത് എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്റെ ബിൽ എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിന് അയച്ചു. യുഎഇ കോൺസുൽ ജനറലിന്റെ മേൽവിലാസത്തിൽ ആണ് അയച്ചത്. അതിന്റെ ബില്ല് പക്ഷേ കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് പരാതി പറഞ്ഞതിനെ തുടർന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാൻസ്ഫർ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോൺസുൽ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതിൽ അസ്വാഭാവികതയില്ലെന്നും കെ ടി ജലീൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP