Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി 12 തവണ വരെ സംഘം സ്വർണം കടത്തിയിട്ടുണ്ടെന്ന നി​ഗമനത്തിൽ കസ്റ്റംസ്; ഓരോ തവണയും കേരളത്തിലേക്ക് എത്തിച്ചത് 30 കിലോഗ്രാമിനടുത്ത് സ്വർണം; നയതന്ത്ര പാഴ്സൽ സംവിധാനം ദുരുപയോ​ഗം ചെയ്യുന്നത് കഴിഞ്ഞ ഒന്നര വർഷമായി

ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി 12 തവണ വരെ സംഘം സ്വർണം കടത്തിയിട്ടുണ്ടെന്ന നി​ഗമനത്തിൽ കസ്റ്റംസ്; ഓരോ തവണയും കേരളത്തിലേക്ക് എത്തിച്ചത് 30 കിലോഗ്രാമിനടുത്ത് സ്വർണം; നയതന്ത്ര പാഴ്സൽ സംവിധാനം ദുരുപയോ​ഗം ചെയ്യുന്നത് കഴിഞ്ഞ ഒന്നര വർഷമായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി 10 മുതൽ 12 വരെ തവണ വരെ സംഘം സ്വർണം കടത്തിയിട്ടുണ്ടെനന നി​ഗമനത്തിൽ കസ്റ്റംസ്. ഓരോ തവണയും എത്ര സ്വർണമാണു കടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും 30 കിലോഗ്രാമിനടുത്ത് സ്വർണം ഓരോ തവണയും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസ് കരുതുന്നത്. ഒളിപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ വലിപ്പം വിലയിരുത്തിയാണ് കസ്റ്റംസിന്റെ നി​ഗമനം.

നയതന്ത്ര പാഴ്സൽ സംവിധാനം സംഘം ഒന്നര വർഷത്തോളമായി ദുരുപയോഗിക്കുന്നു. എന്നാണ് കസ്റ്റംസിന് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. അതേസമയം, ഇതിനു മുൻപ് സന്ദീപും സംഘവും മറ്റേതെങ്കിലും വഴിയിൽ സ്വർണം കടത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് സംഘത്തിന് വ്യക്തതയില്ല. സരിത്തിന്റെ മൊഴിയും ലഭ്യമായ മറ്റു വിവരങ്ങളും വച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണക്കടത്ത് സംബന്ധിച്ച് ഏകദേശ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

ദുബായിൽ നിന്ന് സ്വർണം അടങ്ങിയ പാഴ്സൽ, ഷാർഷ് ദ് അഫയേഴ്സിന്റെ പേരിൽ ഫാസിൽ ഫരീദാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് അയക്കുന്നത്. കള്ളക്കടത്ത് സ്വർണം മൈക്രോവേവ് അവൻ, കാർ വാഷിങ് യന്ത്രഭാഗം, ഡോർ ലോക്കുകൾ, സാനിറ്ററി ഫിറ്റിങ്സ് തുടങ്ങിയവയ്ക്കകത്ത് ഒളിപ്പിച്ചാണു നയതന്ത്ര പാഴ്സലിൽ വയ്ക്കുന്നത്.

സ്വർണം അടങ്ങിയതാണെങ്കിൽ പാഴ്സലുമായി സരിത് സ്വന്തം വാഹനത്തിൽ സന്ദീപിന്റെ വീട്ടിലേക്ക്. സരിത്തിന്റെ ചുമതല ഇവിടെ തീരുന്നു. കോൺസുലേറ്റിന്റെ വാഹനത്തിൽ മിക്കപ്പോഴും ഡ്രൈവർ മാത്രമാണുണ്ടാവുക. ഡ്രൈവറെ സ്വാധീനിച്ച് ആവശ്യമെങ്കിൽ കള്ളക്കടത്ത് സ്വർണം കടത്താനും സാധ്യത. ഒളിപ്പിച്ചുവച്ച സ്വർണം സന്ദീപിന്റെ വീട്ടിൽ വച്ച് പുറത്തെടുക്കുന്നു. ഒളിപ്പിക്കാനുപയോഗിച്ച കാർവാഷ്, മൈക്രോവേവ് അവൻ, ഡോർ ലോക്ക് തുടങ്ങിയ സാധനങ്ങളും നയതന്ത്ര പാഴ്സൽ വന്ന കാർട്ടണുകളും കവറുകളും സന്ദീപിന്റെ അരുവിക്കരയിലെ വീട്, പരിസരം, പിറകിലെ പുഴ എന്നിവിടങ്ങളിൽ നിന്നായി വീണ്ടെടുത്തിട്ടുണ്ട്. നേരത്തെ നടന്ന സ്വർണക്കടത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളാണിത്. സ്വർണം റമീസ് അടക്കമുള്ള ഇടനിലക്കാർ വഴി വിൽക്കുന്നു.

ഏറ്റവുമൊടുവിൽ വന്ന, പിടിച്ചെടുത്ത പാഴ്സൽ ഫാസിൽ ഫരീദ് നേരിട്ട് അയച്ചതാണെന്നും യുഎഇ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് വഴി അയച്ചതല്ലെന്നും കണ്ടെത്തി. സ്വകാര്യ വ്യക്തി അയച്ചതായതിനാൽ, നയതന്ത്ര പാഴ്സൽ അല്ല എന്ന് യുഎഇ സർക്കാർ വിശദീകരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതിനു മുൻപു കള്ളക്കടത്തു സ്വർണം വന്ന പാഴ്സലുകളും ഇതേ രീതിയിലായിരിക്കാം ഫാസിൽ ഫരീദ് അയച്ചത്. യുഎഇ കോൺസുലേറ്റിന്റെ ഷാർഷ് ദ് അഫയറിന്റെ പേരിൽ വരുന്ന പാഴ്സൽ ആയതിനാൽ എല്ലായ്‌പ്പോഴും പാഴ്സലുകൾക്കു നയതന്ത്ര പരിരക്ഷ ലഭിച്ചു. നയതന്ത്ര പാഴ്സലുകൾ മിക്കപ്പോഴും എക്സറേ പരിശോധനയ്ക്കു വിധേയമാക്കാറില്ല.

പാഴ്സലുകൾ കസ്റ്റംസിൽ നിന്ന് ഏറ്റുവാങ്ങി, ഉടമയെ ഏൽപിക്കുന്നതു വരെയുള്ള കടലാസു പണികൾ കസ്റ്റംസ് കാർഗോ ക്ലിയറിങ് ഏജൻ‍സിക്കാണ്. കോൺസുലേറ്റിലേക്കുള്ള പാഴ്സലുകളായതിനാൽ ഇതിന്റെ രേഖകളിൽ പാഴ്സലിൽ എന്താണുള്ളതെന്നു പോലും രേഖപ്പെടുത്തേണ്ടതില്ല. കോൺസുലേറ്റിൽനിന്നു നൽകുന്ന ഔദ്യോഗിക രേഖയുടെ അടിസ്ഥാനത്തിൽ കാർഗോ കോംപ്ലക്സിലെത്തി പാഴ്സലുകൾ സരിത് ഏറ്റുവാങ്ങി. സ്വർണമില്ലാത്ത പാഴ്സൽ ആണെങ്കിൽ കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റിലേക്ക്. ഇതിൽ സരിത്തിനു കയറാൻ പറ്റില്ല.

ദുബായിൽനിന്നു പാഴ്സൽ കയറ്റി വിടുന്ന ഫാസിൽ ഫരീദിനു പിറകിൽ കള്ളക്കടത്തിനു പണം മുടക്കുന്നത് ആരെങ്കിലുമുണ്ടോയെന്നു വ്യക്തമല്ല. കേരളത്തിൽ സ്വർണം വിറ്റുകിട്ടുന്ന പണം ആരുടെ കൈകളിലാണെത്തുന്നത് എന്നതും വ്യക്തമായിട്ടില്ല. സംഘത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ കണ്ണിയാണ് സരിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP