Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വപ്ന ഒമ്പത് തവണ തന്നെ വിളിച്ചതിൽ അസ്വാഭാവികതയില്ല; റംസാൻ കാല ഭക്ഷണ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരമായിരുന്നു കോൾ; മെയ് 27 ന് വാട്‌സാപ്പിൽ മെസേജ് അയച്ചതിന്റെ സ്‌കീൻ ഷോട്ടും ഹാജരാക്കി മന്ത്രി കെ.ടി.ജലീൽ; മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം നാസറിനെ സ്വപ്‌നയും സരിത്തും വിളിച്ചതായും ഫോൺരേഖകൾ

സ്വപ്ന ഒമ്പത് തവണ തന്നെ വിളിച്ചതിൽ അസ്വാഭാവികതയില്ല; റംസാൻ കാല ഭക്ഷണ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരമായിരുന്നു കോൾ; മെയ് 27 ന് വാട്‌സാപ്പിൽ മെസേജ് അയച്ചതിന്റെ സ്‌കീൻ ഷോട്ടും ഹാജരാക്കി മന്ത്രി കെ.ടി.ജലീൽ; മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം നാസറിനെ സ്വപ്‌നയും സരിത്തും വിളിച്ചതായും ഫോൺരേഖകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ താൻ വിളിച്ചെന്ന് മന്ത്രി കെ.ടി.ജലീൽ ശരി വച്ചു. റാംസാൻ കാലത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കോൾ. കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. മെയ് 27 ന് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സന്ദേശം കിട്ടി. സാധാരണഗതിയിൽ യുഎഇ കോൺസുലേറ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്‌സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ അറിയിച്ചു. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്റെ സ്‌ക്രീൻഷോട്ടും കെ ടി ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകി. കോൺസുലർ ജനറലിന്റെ നിർദ്ദേശം അനുസരിച്ചാണ് സ്വപ്നയെ ഫോണിൽ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് സ്‌പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.

പ്രതി സ്വപ്‌ന സുരേഷ് 9 തവണയാണ് മന്ത്രിയെ വിളിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണമാണ് മന്ത്രി നൽകിയത്. ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറായിരുന്നത്. അത് എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്റെ ബിൽ എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിന് അയച്ചു. യുഎഇ കോൺസുൽ ജനറലിന്റെ മേൽവിലാസത്തിൽ ആണ് അയച്ചത്. അതിന്റെ ബില്ല് പക്ഷേ കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് പരാതി പറഞ്ഞതിനെ തുടർന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാൻസ്ഫർ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോൺസുൽ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതിൽ അസ്വാഭാവികതയില്ലെന്നും കെ ടി ജലീൽ പറയുന്നു.

മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും നാസി മുത്തുമുട്ടത്ത് സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. തന്റെ ഓഫീസിൽ സരിത്ത് വന്നിരുന്നു എന്ന കാര്യം നാസർ നാസി മുത്തുമുട്ടത്ത് സമ്മതിക്കുന്നുണ്ട്. ഇവർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് താൻ സംസാരിച്ചതെന്നും ഇവരെ പുറത്താക്കിയതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നുമാണ് നാസർ നാസി മുത്തുമുട്ടത്ത് വ്യക്തമാക്കിയത്. സരിത്തും സ്വപ്നയും ഇതേ കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും നാസർ വ്യക്തമാക്കി. സരിത്തിനെ താൻ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.

സ്വപ്നയുടെ ഫോൺലിസ്റ്റിൽ ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേയെയും പ്രതികൾ നിരവധി തവണയാണ് വിളിച്ചത്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്ന കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തംമാണ് അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആർ സരിത്തും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്.

സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ളാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP