Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്‌ന സുരേഷ് കൂടുതൽ വിളിച്ചത് മന്ത്രി കെ ടി ജലീലിനെ; സ്വപ്‌ന ജലീലിനെ ഒമ്പത് തവണ വിളിച്ചു; സംഭാഷണങ്ങളിൽ ഒരു മണിക്കൂറുകളോളം നീണ്ടു നിന്ന ഫോൺവിളികളും; റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തെ കുടുംബങ്ങൾക്ക് വിതരണം ചെയ്ത കിറ്റുകളെ കുറിച്ച് സംസാരിക്കാനാണെന്ന് ജലീലിന്റെ വിശദീകരണം; സ്വപ്നയെ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയത് അറിഞ്ഞില്ലെന്നും വാദം; സ്വപ്‌നയുടെ കോൾലിസ്റ്റ് വിവരങ്ങൾ പുറത്തുവരുമ്പോൾ ഉന്നതർ കുടുങ്ങുന്നു

സ്വപ്‌ന സുരേഷ് കൂടുതൽ വിളിച്ചത് മന്ത്രി കെ ടി ജലീലിനെ; സ്വപ്‌ന ജലീലിനെ ഒമ്പത് തവണ വിളിച്ചു; സംഭാഷണങ്ങളിൽ ഒരു മണിക്കൂറുകളോളം നീണ്ടു നിന്ന ഫോൺവിളികളും; റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തെ കുടുംബങ്ങൾക്ക് വിതരണം ചെയ്ത കിറ്റുകളെ കുറിച്ച് സംസാരിക്കാനാണെന്ന് ജലീലിന്റെ വിശദീകരണം; സ്വപ്നയെ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയത് അറിഞ്ഞില്ലെന്നും വാദം; സ്വപ്‌നയുടെ കോൾലിസ്റ്റ് വിവരങ്ങൾ പുറത്തുവരുമ്പോൾ ഉന്നതർ കുടുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ കോൾലിസ്റ്റിൽ ഉന്നതരും. മന്ത്രിമാർ അടക്കമുള്ളവരുമായി സ്വപ്ന ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ വിളിച്ച ഫോൺ രേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. മന്ത്രി കെ.ടി ജലീലിനെ സ്വപ്ന ജൂൺ മാസത്തിൽ പലതവണ വിളിച്ചു. ഒമ്പത് തവണ മന്ത്രിയുമായി സ്വപ്ന സംസാരിച്ചതായുള്ള ഫോൺ വിവരങ്ങളും പുറത്തായി.

അതേസമയം, റമദാൻ കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാൻ സ്വപ്ന വിളിച്ചുെവന്ന് കെ.ടി ജലീലും സമ്മതിച്ചിട്ടുണ്ട്. റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തേയും മറ്റും നിർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. എന്നാൽ ഇക്കുറി കോവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുടർന്ന് അദ്ദേഹം നിർദ്ദേശിച്ച പ്രകാരം സ്വപ്നയെ താൻ ബന്ധപ്പെടുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ വാദത്തിന് ബലമേക്കാൻ യുഎഇ കോൺസുലർ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിന്റെ വിശദാംശങ്ങളും മന്ത്രി പങ്കുവച്ചു. മന്ത്രി ജലീലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.

സ്വപ്‌നയുടെ ഫോൺലിസ്റ്റിൽ ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്.

കേസിലെ പ്രതിയായ സരിത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ വിളിച്ച രേഖകളും പുറത്തായിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേയെയും പ്രതികൾ നിരവധി തവണയാണ് വിളിച്ചത്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആർ സരിത്തും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP