Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനം പറത്താനും ദൂരെ ദൂരേക്ക് കാറോടിക്കാനും ഇഷ്ടം; ടെക് സാവിയെങ്കിലും ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരുന്ന ശാന്തസൗമ്യൻ; ഒരുപ്രശ്‌നം പറഞ്ഞാൽ മറ്റെല്ലാം മറന്ന് കാത് കൂർപ്പിക്കുന്ന ജനകീയൻ; പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ഫറൂഖ് അബ്ദുള്ളയുടെ മകളെ വിവാഹം കഴിച്ച പുരോഗമനവാദി; രാജസ്ഥാനിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അഞ്ചുലക്ഷം കിലോമീറ്റർ സഞ്ചരിച്ച് കൈപിടിച്ചുകയറ്റിയ നേതാവ്; യൂത്ത് ബ്രിഗേഡിലെ ഉശിരനായ സച്ചിൻ പൈലറ്റിനെ രാഹുൽ കൈവിട്ടത് രണ്ടുവർഷം മുമ്പേ

വിമാനം പറത്താനും ദൂരെ ദൂരേക്ക് കാറോടിക്കാനും ഇഷ്ടം; ടെക് സാവിയെങ്കിലും ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരുന്ന ശാന്തസൗമ്യൻ; ഒരുപ്രശ്‌നം പറഞ്ഞാൽ മറ്റെല്ലാം മറന്ന് കാത് കൂർപ്പിക്കുന്ന ജനകീയൻ; പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ഫറൂഖ് അബ്ദുള്ളയുടെ മകളെ വിവാഹം കഴിച്ച പുരോഗമനവാദി; രാജസ്ഥാനിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അഞ്ചുലക്ഷം കിലോമീറ്റർ സഞ്ചരിച്ച് കൈപിടിച്ചുകയറ്റിയ നേതാവ്; യൂത്ത് ബ്രിഗേഡിലെ ഉശിരനായ സച്ചിൻ പൈലറ്റിനെ രാഹുൽ കൈവിട്ടത് രണ്ടുവർഷം മുമ്പേ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'വാതിലുകൾ സച്ചിനായി തുറന്നിട്ടിരിക്കുന്നു. കുടുംബാംഗത്തിന് പിണക്കമുണ്ടായാൽ കുടുംബത്തെ തകർക്കുകയല്ല, ഒരുമിച്ചിരുന്ന് സംസാരിച്ച് കാര്യങ്ങൾ തീർക്കുകയാണ് മാർഗ്ഗം', കോൺഗ്രസ് നേതാക്കൾ അനുരഞ്ജനത്തിനായി കൈകൾ നീട്ടിയെങ്കിലും യുദ്ധത്തിനിറങ്ങിയ സച്ചിൻ പൈലറ്റ് ഒരുചുവട് പിന്നോട്ട് വച്ചില്ല. 2018 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സച്ചിനെ തഴഞ്ഞ് മുതിർന്ന നേതാവ് അശോക് ഗലോട്ടിനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തപ്പോൾ തൊട്ട് എപ്പോൾ വേണമെങ്കിലും സംഭവിക്കാമായിരുന്ന കാര്യം.

രാഹുൽ ബ്രിഗേഡിന്റെ അന്ത്യമോ?

യുപിഎ സർക്കാരിന്റെ കാലത്ത് രാഹുൽ ഗാന്ധി വളർത്തി കൊണ്ടുവന്ന യുവബ്രിഗേഡിന്റെ തിളങ്ങുന്ന മുഖമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം സച്ചിനും. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഇരുവരും മന്ത്രിമാരുമായി. 2018 ൽ രാജസ്ഥാൻ-മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊടുമ്പിരി കൊണ്ട പ്രചാരണത്തിലൂടെ പാർട്ടിയെ വിജയസോപാനത്തിലേറ്റിയവരായിരുന്നു ഈ യൂത്ത് ബ്രിഗേഡുകാർ. ഇരുവരും മുഖ്യമന്ത്രിമാരാകുമെന്ന് കരുതിയെങ്കിലും ഹൈക്കമാൻഡ് മുതിർന്നവർക്ക് പിന്നാലെ പോയി.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടപ്പോൾ, അടുത്ത ഊഴം സച്ചിന്റെതാവുമെന്ന് മുറുമുറുപ്പ് നേരത്തെ തന്നെയുണ്ടായിരുന്നു രാഷ്ട്രീയ വൃത്തങ്ങളിൽ. ഗ്വാളിയറിലെ മഹാരാജാവിന്റെ പാത രാജസ്ഥാനിലെ യുവതുർക്കിയും പിന്തുടർന്നേക്കുമെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന പോലും നേരത്തെ പ്രവചിച്ചതാണ്. ഇരുവരും യുവാക്കൾ എന്ന് മാത്രമല്ല മികച്ച വാഗ്മികളും ആകർഷകമായ വൃക്തിത്വമുള്ളവരും. കോൺഗ്രസിലെ ഉന്നത നേതാക്കളായ മാധവ് റാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിന്റെയും മക്കൾ. എന്നാൽ, പഴമക്കാരോട് ഇടഞ്ഞ് രണ്ടുപേരും ഇപ്പോൾ വേറിട്ട വഴി സ്വീകരിച്ചിരിക്കുകയാണ്. മുതിർന്നവർ പരാജയപ്പെടുമ്പോൾ യുവാക്കൾക്ക് അവസരം കൊടുക്കണം. അത് സംഭവിക്കുന്നില്ല. അതാണ് ഈ വിമതകലാപത്തിനും കാരണം.

ഹൈക്കമാൻഡിനോട് മുഖം തിരിച്ച് യുവതുർക്കികൾ

മധ്യപ്രദേശിൽ ദിഗ് വിജയ് സിങ്-കമൽനാഥ് ദ്വയത്തിന്റെ കളികളിൽ മനംമടുത്താണ് ജ്യോതിരാദിത്യ സിന്ധ്യ വിട പറഞ്ഞതെങ്കിൽ, രാജസ്ഥാനിൽ അശോക് ഗലോട്ടുമായുള്ള ഭിന്നതകൾ രഹസ്യമായിരുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് സച്ചിൻ തുറന്നടിച്ചു. ഗെലോട്ടാണല്ലോ ആഭ്യന്ത്ര മന്ത്രിയും. കോട്ട ജില്ലയിലെ സർക്കാർ ആശുപത്രിയിലുണ്ടായ നവജാത ശിശുമരണങ്ങളുടെ പേരിലും ഗെലോട്ടിനെതിരെ ആഞ്ഞടിച്ചു സച്ചിൻ പൈലറ്റ്.

രാഹുൽ എന്തിന് ഗെലോട്ടിനായി സമ്മതം മൂളി?

2018 ലേക്ക് ഒരുഫ്‌ളാഷ് ബാക്ക് പോയാൽ, തുടർച്ചയായ മൂന്നുദിവസത്തെ സസ്‌പെൻസിന് ശേഷമാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പേര്് പ്രഖ്യാപിച്ചത്. രണ്ട്് വട്ടം മുഖ്യമന്ത്രിയായ അശോക് ഗലോട്ടിന് ഒരിക്കൽ കൂടി നറുക്ക് വീണു. ഊർജ്ജസ്വലതയ്ക്ക് പകരം അനുഭവജ്ഞാനത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ തിരഞ്ഞെടുത്തു എന്നൊക്കെ മാധ്യമങ്ങൾ കുറിച്ചു. 2013 ലെ കനത്ത തോൽവിക്ക് ശേഷം പാർട്ടിയെ ജയത്തിന്റെ പാതയിലേക്ക് കൊണ്ടുവന്ന സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രിപദം തൃപ്തികരമായിരുന്നില്ല. 199 അംഗസഭയിൽ 99 സീറ്റ് നേടി ജയിച്ചിട്ടും രാഷ്ട്രീയ നാടകത്തിൽ ഗെലോട്ടിനായി അന്തിമ ജയം.

2014 ജനുവരിയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പൈലറ്റ് തിരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അഞ്ച് വർഷം കഠിന പ്രയത്‌നമായിരുന്നു. അഞ്ച് ലക്ഷം കിലോമീറ്ററിലേറെ സഞ്ചരിച്ചു. സംഘടനയെ താഴേതട്ടിൽ ശക്തമാക്കി. രാഹുലിന്റെ യൂത്ത് ബ്രിഗേഡ് അംഗമായി ബ്രാൻഡ് ചെയ്യപ്പെട്ടെങ്കിലും, നഗര-ഗ്രാമഭേദമില്ലാതെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കാൻ പൈലറ്റിനായി. ടെക്ക് സാവിയായ നേതാവെന്ന ഇമേജിനൊപ്പം ആൾക്കൂട്ടത്തിൽ ഇഴുകി ചേരാനുള്ള കഴിവും കൂടിയായപ്പോൾ കോൺഗ്രസ് തിളങ്ങി.

ഗെലോട്ട് കേന്ദ്രതലത്തിൽ ജോലി ചെയ്തപ്പോൾ താൻ താഴേതട്ടിൽ പാർട്ടിയുടെ അടിത്തറ ഉറപ്പിച്ചുവെന്നായിരുന്നു പൈലറ്റിന്റെ അവകാശവാദം. തീരുമാനം വൈകിയപ്പോൾ ഇരുനേതാക്കളുടയും അനുയായികൾ തെരുവിലിറങ്ങി. മുദ്രാവാക്യംവിളിച്ചു, റോഡുകൾ ബ്ലോക്ക് ചെയ്തു. ഇതോടെ സംസ്ഥാന കോൺഗ്രസിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നു. പ്രചാരണകാലത്തെ കൂട്ടായ്മയിലെ ഉൾപ്പോരുകൾ പുറത്തുവന്നു.

യുവനേതാവിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ, മറ്റൊരു യുവനേതാവിനെ 2019 ൽ പ്രധാനമന്ത്രിയാക്കാൻ കഴിയില്ല എന്നായിരുന്നു പൈലറ്റ് അനുയായികളുടെ മുന്നറിയിപ്പ്. 2019 ൽ സംഭവിച്ചത് മറ്റൊന്നാണെങ്കിലും. പഴയ പടക്കുതിരയും പുതുതലമുറ നേതാവും തമ്മിലുള്ള പോരാട്ടം തന്നെയായിരുന്നു അത്. യുവശക്തിയിൽ ഏറെ വിശ്വാസം അർപ്പിച്ച രാഹുൽ കഠിന പ്രയത്‌നം പാർട്ടി കാണാതെ പോകില്ലെന്നാണ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നത്.

പഴയ പടക്കുതിരയ്ക്ക് നറുക്ക്

ഹൈക്കമാൻഡിന് അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. രണ്ടുവട്ടം മുഖ്യമന്ത്രിയും ഗുജറാത്ത്-കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിച്ച മുതിർന്ന നേതാവുമായ ഗെലോട്ടിനെ തള്ളാൻ വയ്യായിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പകരം കമൽ നാഥിനെ തിരഞ്ഞെടുത്ത പോലെ അനുഭവജ്ഞാനവും പക്വതയും ഉള്ള നേതാവിനെ ആയിരുന്നു രാഹുലിന് രാജസ്ഥാനിലും ആവശ്യം. അങ്ങനെ ഗെലോട്ടിന് നറുക്ക് വീണു.

ജ്യോതിരാദിത്യയും പൈലറ്റും വ്യത്യസ്തർ

യൂത്ത് ബ്രിഗേഡിന്റെ ഭാഗമെങ്കിലും, ജ്യോതിരാദിത്യയിൽ നിന്ന് വ്യത്യസ്തനായിരുന്നു സച്ചിൻ പൈലറ്റ്. രണ്ടുവട്ടം എംപിയായ നേതാവ് യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിൽ മന്ത്രിയായി. സിന്ധ്യയേക്കാളും സംഘടനാ പാടവവും താഴെത്തട്ടിലെ ജനപിന്തുണയും. മധ്യപ്രദേശിൽ സിന്ധ്യേയക്കാൾ കൂടുതൽ കാലം രാജസ്ഥാനിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമം.

സൗമ്യനും, മാന്യനും, ആളുകൾക്ക് എളുപ്പം സമീപിക്കാവുന്നതുമായ നേതാവ്. പാർട്ടിക്കുള്ളിലും പുറത്തും ധാരാളം ആരാധകർ. 2004 ന് ശേഷം തന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ജനസമ്മതി ഒട്ടുംമാറ്റുകുറയാതെ തന്നിലൂടെ കാക്കാനായി. 27 ാം വയസിലാണ് ദൗസ മണ്ഡലത്തിൽ നിന്ന് യുവ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2013 ലെ കനത്ത പരാജയത്തിൽ നിന്ന് 2018 ലെ വൻവിജയത്തിലേക്ക് പാർട്ടിയെ നയിച്ച നേതാവ്.

ഇപ്പോൾ വേണ്ടിയിരുന്നോ പൈലറ്റ് ഈ ചാട്ടം?

ഭാവിയുടെ പ്രതീക്ഷയായി കണ്ടിരുന്ന നേതാവ് എടുത്ത് ചാടിയെന്ന അഭിപ്രായക്കാർ ഏറെയാണ്. മുഖ്യമന്ത്രി പദവിയിൽ മാത്രമായിരുന്നു പൈലറ്റിന് കണ്ണ് എന്ന വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയത്തിൽ ഉയരണമെന്ന് ചിന്തിക്കുന്നത് വലിയ തെറ്റൊന്നുമല്ല. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള പോര് ഒരുരാഷ്ട്രീയ നേതാവ് എന്ന നിലയിലെ ഇമേജിന് കോട്ടമായി. ഇനി പൈലറ്റ് എന്തു ചെയ്യും എന്ന ചോദ്യവും പ്രസക്തമാണ്. കുറച്ചുകൂടി ക്ഷമ കാട്ടിയിരുന്നെങ്കിൽ മുഖ്യമന്ത്രി പദം താനേ വന്നുചേരില്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

രാഹുൽ മാറിയതോടെ ഗെലോട്ടിന്റെ കളി കൂടി

രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുകയും, സോണിയ താത്കാലിക അദ്ധ്യക്ഷയാകുകയും ചെയ്തതോടെ, രാജസ്ഥാനിൽ കാര്യങ്ങൾ മാറിമറിഞ്ഞു. സച്ചിനെ ഒതുക്കാനുള്ള ഒരവസരവും ഗെലോട്ട് പാഴാക്കിയില്ല. രാജ്യസഭാതിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം ഏറ്റവും ഒടുവിലത്തേത്. 30 എംഎൽഎമാർ കൂടെയുണ്ടെന്ന് പൈലറ്റ് പറയുന്നെങ്കിലും ബലാബലത്തിൽ എത്രപേർ കൂടെ നിൽക്കുമെന്ന് വ്യക്തമല്ല. പുതിയ പാർട്ടി ഉണ്ടാക്കാനുള്ള പക്വതയുമായില്ല.

ബിജെപിയിലേക്ക് ചേക്കേറുമോ?

സച്ചിൻ പൈലറ്റിനെ കാവിക്കൊടി അണിയിക്കാനുള്ള പരിശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. എന്നാൽ, ജ്യോതിരാദിത്യസിന്ധ്യയെ പോലെ ബിജെപി പാരമ്പര്യം പൈലറ്റിനില്ല. നെഹ്രു കുടുംബത്തെ മറന്നൊന്നും രജേഷ് പൈലറ്റിന് ചെയ്യാൻ ആവുമായിരുന്നില്ല. കാരണം പൈലറ്റ് കുടുംബത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഇന്ദിര ഗാന്ധിയാണ്. രാജേഷ് പൈലറ്റ് വാഹനാപകടത്തിൽ മരിച്ചപ്പോഴും, ഭാര്യ രമയ്ക്കും മകൻ സച്ചിനും സീറ്റുകൾ നൽകുന്നതിൽ സോണിയ പിശുക്ക് കാട്ടിയതുമില്ല. രാഹുലിന്റെ നിർബ്ബന്ധത്തിലാണ് സച്ചിൻ 2013-ൽ രാജസ്ഥാൻ പി.സി.സി. പ്രസിഡന്റാവുന്നത്. സച്ചിനുമായുള്ള വ്യക്തിപരമായ അടുപ്പം സൂചിപ്പിച്ച് രാഹുലിന്റെ ഓഫീസ് ഇന്നലെ കുറിപ്പിറക്കുകയും ചെയ്തു. അദ്ദേഹം (സച്ചിൻ പൈലറ്റ്) എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവർ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേർക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്', രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു

രാജേഷ് പൈലറ്റിന്റെ മകന് രാഷ്ട്രീയം കുടുംബകാര്യമാണ്. രാജസ്ഥാനിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ചുമതല രാഹുൽ ഗാന്ധി ഏൽപിച്ചപ്പോൾ അത് സധൈര്യം ഏറ്റെടുക്കുകയും ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നതാണ് പ്രധാനം. ടോങ്കിൽനിന്ന് 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിസ്ഥാനത്തേക്കും തന്റെ അവകാശവാദം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

പുരോഗമനവാദിയുടെ കരിയർ ഗ്രാഫ്

ജ്യോതിരാദിത്യ സിന്ധ്യയെ പോലെയല്ല സച്ചിൻ പൈലറ്റ് എന്നുപറയാൻ കാരണം അദ്ദേഹത്തിന്റെ പുരോഗമനവാദം കൂടിയാണ്. ന്യൂഡൽഹിയിലെ എയർ ഫോഴ്‌സ് ബാൽഭാരതി സ്‌കൂളിലായിരുന്നു പഠനം. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റ് സ്റ്റീഫൻസിൽ നിന്നും ബിരുദം. യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൻ സ്‌കൂളിൽ നിന്നാണ് എംബിഎ ബിരുദം. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ ഡൽഹി ബ്യൂറോയിലും ജനറൽ മോട്ടോഴ്‌സിലും ജോലി നോക്കി. ഏതായാലും വാർട്ടൻ സ്‌കൂളിൽ നിന്ന് സച്ചിന് ഒരു കൂട്ടൂകാരിയെ കിട്ടി. നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ. സച്ചിന്റെ ഭാര്യ. കശ്മീരിലെ യഥാസ്ഥിതിക മുസ്ലിങ്ങളുടെ എതിർപ്പിനെ മറികടന്നുകൊണ്ടുള്ള വിവാഹമായിരുന്നു അത്. അടുത്തിടെ ജമ്മു കശ്മീരിൽ മോദി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്റെ സഹോദരൻ ഒമറിനും പിതാവ് ഫറൂഖിനും വേണ്ടി സുപ്രീം കോടതിയിൽ സാറ നടത്തിയ നിയമ പോരാട്ടം മാധ്യമശ്രദ്ധ നേടുകയും ചെയ്തു

കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവും

കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറയെ ലണ്ടനിൽ വച്ച് പരിചയപ്പെടുമ്പോൾ ഈ കാശ്മീർ മുസ്ലിം പെൺകുട്ടി സച്ചിന്റെ മനസിൽ ആദ്യം തന്നെ കൂടുകൂട്ടി. രാജേഷ് പൈലറ്റിന്റെ മകൻ ലണ്ടനിൽ പഠനത്തിനായി എത്തവേയാണ് ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറാ അബ്ദുള്ളയെ കണ്ടുമുട്ടുന്നത്. സഹപാഠികളായിരുന്ന ഇരുവരും തമ്മിൽ ജാതിമത വ്യത്യാസം മറന്ന് അടുത്തു.

രാഷ്ട്രീയമായി പ്രബലരായിരുന്ന രണ്ടു കുടുംബങ്ങളാണ് ഇരുവരുടേതെങ്കിലും വ്യത്യസ്ത മതമായിരുന്നതാണ് സച്ചിന്റേയും സാറയുടേയും ബന്ധത്തിന് ബന്ധുക്കൾ എതിരു നിൽക്കാൻ കാരണം. പഠനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയ സച്ചിന് സാറയെ മറക്കാൻ സാധിക്കുമായിരുന്നില്ല. സച്ചിൻ മടങ്ങിയെങ്കിലും സാറ ലണ്ടനിൽ പഠനം തുടർന്നു. പിന്നീട് സച്ചിൻ തന്റെ പ്രണയം വീട്ടുകാരോട് വെളിപ്പെടുത്തിയെങ്കിലും അബ്ദുള്ളയുടെ കുടുംബം സച്ചിന്റെ അഭ്യർത്ഥന തള്ളിക്കളയുകയായിരുന്നു. തന്റെ മകളെ സച്ചിന് വിവാഹം കഴിച്ചുകൊടുക്കില്ലെന്ന വാശിയിലായിരുന്നു ഫാറൂഖ് അബ്ദുള്ള.

എന്നാൽ സച്ചിന് പിന്തുണയുമായി പൈലറ്റ് കുടുംബം ഒപ്പം നിന്നു. അവരുടെ പിന്തുണയോടെ സച്ചിനും സാറയും 2004-ൽ വിവാഹിതരായി. എന്നാൽ അബ്ദുള്ള കുടുംബം വിവാഹം ബഹിഷ്‌ക്കരിച്ചു. ഹിന്ദുവായ സച്ചിനെ തന്റെ മരുമകനായി സ്വീകരിച്ചാൽ തന്റെ രാഷ്ട്രീയ ഭാവിക്ക് അത് മങ്ങലേൽപിക്കുമെന്ന് കരുതിയാണ് ഫാറൂഖ് അബ്ദുള്ള ഇവരുടെ ബന്ധത്തിന് എതിരു നിന്നത്.

പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ സച്ചിൻ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ദൗസജില്ലയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിന്നു വിജയിച്ചതോട് കൂടി അബ്ദുള്ള കുടുംബം സച്ചിനുമായി അടുത്തു. സച്ചിനെ മരുമകനായി അവർ പൂർണ്ണമായി അംഗീകരിച്ചു.
സച്ചിൻ മന്മോഹൻ മന്ത്രിസഭയിൽ മന്ത്രിയായപ്പോൾ ആശീർവദിക്കാൻ ആദ്യമോടിയെത്തിയത് ഫാറൂഖ് അബ്ദുള്ളയായിരുന്നു.

പിന്നീട് ഇരുകുടുംബങ്ങളും പിണക്കമെല്ലാം മറന്ന് ഒന്നായി. വ്യത്യസ്ത മതത്തിൽപ്പെട്ട സച്ചിന്റെയും സാറയുടേയും വിവാഹത്തിന് ശക്തമായ എതിർപ്പു പ്രകടിപ്പിച്ച ഫാറൂഖ് അബ്ദുള്ള വിവാഹം കഴിച്ചിരുന്നത് ഒരു ക്രിസ്ത്യൻ യുവതിയെയായിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത. മകളെപ്പോലെ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ മകനും കാശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഉമർ അബ്ദുള്ളയും വിവാഹം കഴിച്ചത് ഒരു ഹിന്ദു യുവതിയായ പായൽ നാഥിനെയാണ്.

ഇനിയുമേറെ ദൂരം

43കാരനായ സച്ചിൻ പൈലറ്റിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. വിമാനം പറത്താനും ദീർഘദൂരം വാഹനമോടിച്ചുപോകാനും ഇഷ്ടപ്പെടുന്ന അദ്ദേഹത്തിനുമുന്നിൽ കാലം നീണ്ടുനിവർന്നുകിടക്കുകയാണ്. എന്തായാലും സച്ചിന്റെ മുഖം തിരിക്കൽ ക്ഷീണമുണ്ടാക്കുക കോൺഗ്രസിന് തന്നെ. രാഹുൽ ബ്രിഗേഡിലെ വിശ്വസ്തരുടെ കൊഴിഞ്ഞുപോക്കിൽ അസ്വസ്ഥനാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ. നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള രാഹുലിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപം. ഒരുസംസ്ഥാനം കൂടി കൈവിടാതിരിക്കാൻ രാഹുൽ എന്തു ചെയ്യും എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP