Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വ്യവഹാരത്തിലൂടെ ഗാഡ്ഗിൽ റിപ്പോർട്ട് അടിച്ചേൽപ്പിക്കാൻ ആസൂത്രിത നീക്കം: വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കോട്ടയം: കോടതി വ്യവഹാരത്തിലൂടെ പശ്ചിമഘട്ടത്തുടനീളം ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുവാൻ ആസൂത്രിത നീക്കം നടക്കുന്നത് വളരെ ഗൗരവത്തോടെ പശ്ചിമഘട്ടജനത കാണണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെരുവിലിറങ്ങിയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരിക്കെ സുപ്രീംകോടതി ഇടപെടലിലൂടെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്ന അജണ്ടയാണ് വിദേശരാജ്യങ്ങളിൽ നിന്ന് വൻ സാമ്പത്തിക സഹായം പറ്റുന്ന ഇന്ത്യയിലെ ചില പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. സ്‌കൂൾ കുട്ടികളെ മുൻനിർത്തി സുപ്രീംകോടതിയിൽ പരിസ്ഥിതി സംഘടനകൾ സമർപ്പിച്ച കേസിൽ ജൂൺ അവസാനവാരം കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്കും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറു സംസ്ഥാനങ്ങളിലെ 1,29,037 ചതുരശ്ര കി.മീ.ഭൂമി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് ഗാഡ്ഗിൽ നിർദ്ദേശം. എന്നാൽ ജനകീയ എതിർപ്പുകളെയും ഈ പ്രദേശങ്ങളിലെ ജനസാന്ദ്രതയും മാനിച്ച് ഇതിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവുകളിറക്കുകയും എതിർപ്പുകൾ ശക്തമായപ്പോൾ പിന്നീട് ഉത്തരവുകൾ മാറ്റിയിറക്കുകയും ചെയ്തു. 1986ലെ പരിസ്ഥിതി സംരക്ഷണനിയമം അഞ്ചാംവകുപ്പ് പ്രകാരം 2013 നവംബർ 13ന് പശ്ചിമഘട്ടത്ത് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി പരിസ്ഥിതി ലോലപ്രദേശങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കി. തുടർന്ന് 2018 ഡിസംബർ 3ന് 56,825 ചതുരശ്ര കിലോമീറ്ററിലേയ്ക്ക് ഇഎസ്എ ചുരുക്കി. ഇതിനെ സ്‌കൂൾ കുട്ടികളെക്കൊണ്ട് ചോദ്യം ചെയ്ത വിലകുറഞ്ഞ നാടകമാണ് സുപ്രീംകോടതിയിൽ പരിസ്ഥിതി സംഘടനകൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ തങ്ങളുടെ ഭാവി പ്രതിസന്ധിയിലാകുമെന്നും ജീവിതം മുരടിക്കുമെന്നും കുട്ടികളെ രംഗത്തിറക്കി സഹതാപം സൃഷ്ടിച്ചുള്ള വാദത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലും പ്രളയവും ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതുകൊണ്ടാണെന്ന് തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള സ്‌കൂൾ കുട്ടികൾവഴി നഗരങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനകൾ കേസുകൊടുത്തിരിക്കുന്നത് വിരോധാഭാസമാണ്.

വനത്തിനുള്ളിൽ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്നുള്ളതും കാർഡമം ഹിൽ റിസർവ് ഒഴിവാക്കി വനഭൂമിയുടെ വിസ്തൃതി 8656.46 ചതുരശ്ര കിലോമീറ്ററാണെന്ന സംസ്ഥാന ഗവൺമെന്റ് നിലപാട് കേന്ദ്ര ഗവൺമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും സുപ്രീംകോടതിയിൽ നിന്ന് ജനങ്ങൾക്ക് എതിരെയുള്ള ഉത്തരവ് ഉണ്ടാകാതിരിക്കുന്നതിനും ജനങ്ങളിൽ ഭിന്നത സൃഷ്ടിക്കാതെ ജാഗ്രതയോടെയുള്ള ഒറ്റക്കെട്ടായ അടിയന്തര ഇടപെടലുകൾ ഉണ്ടാകണം. സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ ഉമ്മൻ കമ്മീഷന്റെ 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ച് പരിസ്ഥിതി മൗലികവാദികളെ സഹായിക്കുന്ന നിലപാടെടുത്താൽ ജനങ്ങൾ ശക്തമായി എതിർക്കും. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ, സംരക്ഷിത വനഭൂമിയിൽ മാത്രമായി പരിസ്ഥിതിലോലം നിജപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ നിലപാടിൽ തുടർ കേസുകളിൽ ഉറച്ചുനിൽക്കണമെന്നും കർഷകരുടെ കൃഷിഭൂമി പരിസ്ഥിതിലോലമാക്കാൻ ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP