Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാത്തത് പെൺകുട്ടി; ബെഡ്ഷീറ്റ് ജനാലയിൽ കെട്ടിയിരിക്കുന്നത് പരിചയസമ്പന്നനായ ഒരാൾ കെട്ടിയതുപോലെ; സ്വന്തം മുറിയിൽ ബെഡ് ഷീറ്റ് ഉണ്ടായിട്ടും മറ്റൊരു മുറിയിലെ ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതിലും ദുരൂഹത; റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരണത്തിൽ അച്ഛന് സംശയങ്ങൾ ഏറെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യാ വാദം തള്ളി ബന്ധുക്കൾ

ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാത്തത് പെൺകുട്ടി; ബെഡ്ഷീറ്റ് ജനാലയിൽ കെട്ടിയിരിക്കുന്നത് പരിചയസമ്പന്നനായ ഒരാൾ കെട്ടിയതുപോലെ; സ്വന്തം മുറിയിൽ ബെഡ് ഷീറ്റ് ഉണ്ടായിട്ടും മറ്റൊരു മുറിയിലെ ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതിലും ദുരൂഹത; റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരണത്തിൽ അച്ഛന് സംശയങ്ങൾ ഏറെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യാ വാദം തള്ളി ബന്ധുക്കൾ

ആർ പീയൂഷ്

കോട്ടയം: റഷ്യയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. പായിപ്പാട് നാലുകോടി അംബിയിൽ താഴത്തേതിൽ പ്രമോദ് പിള്ള - കവിതാ പ്രമോദ് ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ(20)യുടെ മരണത്തിലാണ് ദുരൂഹതയുയർത്തി ബന്ധുക്കൾ മുന്നോട്ട് വന്നിരിക്കുന്നത്. ജനാലയുടെ അഴികളിൽ പുതപ്പിന്റെ അറ്റത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

തൂങ്ങി മരിക്കുമ്പോൾ കൈകൈലിട്ടടിച്ചുണ്ടാകുന്ന പാടുകളോ അങ്ങനെ മറ്റ് യാതൊരുവിധത്തിലുള്ള മുറിവുകളോ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ല. സ്വന്തം മുറിയിൽ ബെഡ് ഷീറ്റുകൾ ഉണ്ടായിട്ടും മറ്റൊരു മുറിയിലിരുന്ന ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതും ജനാലയിൽ ഷീറ്റ് കെട്ടിയിരിക്കുന്ന രീതിയും മറ്റുമാണ് ബന്ധുക്കൾക്ക് കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കാൻ കാരണം. മാത്രമല്ല റഷ്യയിൽ നിന്നും എത്തിയതിന് ശേഷം യാതൊരുവിധ വിഷമങ്ങളും ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 9 ന് റഷ്യയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ബന്ധുവീട്ടിലേക്ക് താമസം മാറുകയും കൃഷ്ണപ്രിയ ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ തുടരുകയുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും പെൺകുട്ടി സമ്മതിച്ചില്ല. സ്വന്തമായി ആഹാരം പാകം ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാനുള്ള ആഹാര സാധനങ്ങൾ വാങ്ങി പിതാവ് പ്രമോദ് എത്തുമ്പോഴാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

ആഹാര സാധനങ്ങളുമായി വീട്ടിലെത്തി ഏറെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. വീടിന് പിൻവശത്തെത്തിയപ്പോൾ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവിടെ നിന്ന് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കൃഷ്ണപ്രിയയുടെ റൂമിന് സമീപത്തെത്തിയപ്പോൾ ജനാലയുടെ വശത്ത് ആരോ നിൽക്കുന്ന നിഴൽ കണ്ടു. ജനാലയിൽ തട്ടി വിളിച്ചിട്ടും അനക്കമില്ലാതെയായതോടെ ചില്ല് തകർത്തപ്പോഴാണ് കൃഷ്ണപ്രിയ തൂങ്ങി നിൽക്കുന്നത് പിതാവ് കാണുന്നത്. പിതാവിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും സമീപവാസികളും ഓടിയെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. കെട്ടഴിച്ച് താഴെ ഇറക്കിയെങ്കിലും അനക്കമില്ലായിരുന്നു. വേഗം തന്നെ ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ തക്കതായ കാരണങ്ങളൊന്നും തന്നെയില്ലായിരുന്നെന്ന് പിതാവ് പ്രമോദ് പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. തനിച്ച് താമസിച്ചിരുന്നതു കൊണ്ടുള്ള മാനസിക പ്രയാസത്തിൽ ഒരിക്കലും മകൾ ആത്മഹത്യ ചെയ്യില്ല. നേരത്തെയും തനിച്ച് താമസിച്ച് ശീലമുള്ളയാളാണ്. ഉച്ചയ്ക്ക് 1.30 ന് അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ വളരെ സന്തോഷത്തിൽ തന്നെയായിരുന്നു. എപ്പോഴും വീഡിയോ കോൾ വിളിക്കുകയും ചെയ്യും. ഇന്നലെ കൂട്ടുകാരികളുമായി ഫോണിൽ സംസാരിച്ചപ്പോഴും സന്തോഷത്തെടയാണ് പെരുമാറിയതെന്ന് അവർ പറഞ്ഞു. പെട്ടെന്ന് ഇങ്ങനെ ചെയ്യണമെങ്കിൽ എന്തോ ദുരൂഹതയുണ്ടെന്നും അദ്ദഹം പറഞ്ഞു.

മുറിയിൽ മറ്റാരെങ്കിലും കയറി ഉപദ്രവിച്ചതാണോ എന്നൊരു സംശയമുള്ളതായും പിതാവ് പറയുന്നു. മുറിയിലെ ബഡ്ഷീറ്റ് ചുക്കു ചുളുങ്ങിയ നിലയിലായിരുന്നു. ഉറക്കമെണീറ്റാലുടൻ ബെഡ്ഷീറ്റ് വൃത്തിയായി വിരിച്ചിടുന്ന സ്വഭാവമുള്ളയാളാണ്. മാത്രമല്ല ബെഡ്ഷീറ്റ് ജനാലയിൽ കെട്ടിയിരിക്കുന്ന രീതി കണ്ടാൽ പരിചയസമ്പന്നനായ ഒരാൾ കെട്ടിയതുപോലെയാണ്. വീട്ടിനുള്ളിൽ ആരെങ്കിലും ആ സമയം ഉണ്ടായിരുന്നെങ്കിൽ എവിടെയെങ്കിലും ഒളിച്ചിരുന്നതാവാമെന്നും ആളുകൾ കൂടിയപ്പോൾ ഇറങ്ങി പോയിരിക്കാമെന്നുമാണ് പിതാവ് സംശയിക്കുന്നത്.

അതേ സമയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. കൃഷ്ണപ്രിയയുടെ കോവിഡ് പരിശോധനാ ഫലം എത്തിയതിന് ശേഷമേ ഇൻക്വസ്റ്റ് നടപടികളും മറ്റും നടത്താനാകൂ എന്ന് തൃക്കൊടിത്താനം സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. മൊബൈൽ ഫോണും ലാപ് ടോപ്പും ലോക്ക് ചെയ്തിരിക്കുന്നതിനാൽ ഇവ പരിശോധിക്കാൻ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ല.

കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം ഫോണും ലാപ്ടോപ്പും പൊലീസ് ഫോറൻസ്‌ക് വിഭാഗത്തിന് അയച്ചു കൊടുത്ത് വിവരങ്ങൾ ശേഖരിക്കും. പരിശോധനാ ഫലം വന്നതിന് ശേഷമേ പോസ്റ്റ്‌മോർട്ടവും നടക്കൂ. 2018 ലാണ് റഷ്യയിലെക്ക് എം.ബി.ബി.എസ് പഠനത്തിനായി കൃഷ്ണപ്രിയ പോയത്. കൃഷ്ണപ്രസാദ് സഹോദരനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP