Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്‌ളാറ്റിൽ നിറയുന്നത് വൻ ദുരൂഹത; ശിവശങ്കറിനും സ്വപ്‌നയുടെ ഭർത്താവിനും ഇവിടെ ഫ്‌ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കിൽ; അഭിഭാഷക കുടുംബവും സംശയ നിഴലിൽ

ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്‌ളാറ്റിൽ നിറയുന്നത് വൻ ദുരൂഹത; ശിവശങ്കറിനും സ്വപ്‌നയുടെ ഭർത്താവിനും ഇവിടെ ഫ്‌ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കിൽ; അഭിഭാഷക കുടുംബവും സംശയ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനം. കസ്റ്റംസും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. മൊഴികളിൽ വൈരുദ്ധ്യം വന്നാൽ സ്വപ്‌നാ ജോർജിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന നടന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം മുറുകകയാണ്. എം.ശിവശങ്കറിന് ഫ്‌ളാറ്റുള്ള അതേ സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവിനും ഫ്‌ളാറ്റുണ്ടെന്ന് സംശയിക്കുന്നുണ്ട്. ജൂൺ അവസാനം വാടകയ്‌ക്കെടുത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ലോ അക്കാദമിക്ക് കീഴിലെ ഫ്‌ളാറ്റാണ് ഇത്.

സ്വർണക്കടത്ത് കേസിൽ മൂന്നുപേർ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും. കസ്റ്റഡിയിൽ വിട്ട സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്‌നാട് പാസുമായി. കാർ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വർണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും അന്വേഷണത്തിൽ വ്യക്തമായി. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞായിരുന്നു രാത്രിയാത്ര. ഇതെല്ലാം ശിവശങ്കർ പറഞ്ഞാണോ എന്ന സംശയം എൻ ഐ എയ്ക്കുണ്ട്.

ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന സൂചനയുമുണ്ട്. ജൂൺ അവസാനത്തോടെ ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഫ്ളാറ്റിന്റെ വാടക രജിസ്റ്റർ കസ്റ്റഡിയിൽ എടുത്ത കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ശിവശങ്കറുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തു കേസിൽ തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷക കുടുംബത്തിന്റെ പങ്ക് അന്വേഷിക്കുന്നുവെന്ന സൂചനകൾ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണിത്.

ഈ കുടുംബത്തിലെ മുതിർന്ന അഭിഭാഷകൻ ജൂൺ 30, ജൂലൈ 1 തീയതികളിൽ കൊല്ലത്തെ പള്ളിമുക്ക്, കണ്ണനല്ലൂർ മേഖലകളിലെ സ്വർണ്ണക്കടകളിൽ എത്തിയതായി വ്യക്തമായിട്ടുണ്ട്. എസ് ഡി പി ഐ യുടെ ശക്തികേന്ദ്രങ്ങളായ ഇവിടുത്തെ സ്വർണ്ണക്കടകളിലെ കച്ചവടത്തെകുറിച്ച് ദുരൂഹത ഉണ്ട്. സ്ത്രീയോടപ്പമായിരുന്നു അഭിഭാഷകൻ ഇവിടെ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാപിതാവും അഭിഭാഷകർ എന്ന നിലയിലല്ലാതെ തന്നെ പ്രശസ്തരാണ്. അതിനിടെയാണ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നത്. ഇതോടെ ഫ്‌ളാറ്റാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. സ്വപ്‌നയ്ക്ക് അമ്പലമുക്കിൽ ഫ്‌ളാറ്റുണ്ട് പിന്നെ എന്തിനാണ് സ്വപ്‌നയുടെ ഭർത്താവ് സെക്രട്ടറിയേറ്റിന് അടുത്ത് ഫ്‌ളാറ്റ് എടുത്തതെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ ഈ വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വിഷയമാകുന്നുണ്ട്. ശിവശങ്കറിന്റെ ഫ്‌ളാറ്റും 1 ജയശങ്കറിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന് സെക്രട്ടറിയറ്റിന് സമീപമുള്ള ഫ്‌ളാറ്റിന്റെ അതേ സമുച്ചയത്തിൽ സ്വപ്ന സുരേഷിനും ഫ്‌ളാറ്റ്.... സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്റെ പേരിലാണ് ഈ ഫ്‌ളാറ്റ് വാടകക്കെടുത്തത്...... പിടിക്കപ്പെടുന്നതിന് മുമ്പുവരെ അവിടെ താമസമുണ്ടായിരുന്നു..... ഇതുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റംസ് കൊണ്ടുപോയി...... ശിവശങ്കറിന് സ്വപ്നയുമായി 'എന്തോ ' ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോ ..?-എന്ന ചോദ്യം ഫെയ്‌സ് ബുക്കിലൂടെ ജ്യോതികുമാർ ചാമക്കാലയാണ് ഉയർത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകൾ സംബന്ധിച്ച അന്വേഷണം ദേശീയ സുരക്ഷാ ഏജൻസി തുടങ്ങി. നയതന്ത്ര ബാഗിൽ വന്ന സ്വർണം വിട്ടു കൊടുക്കാൻ എം ശിവശങ്കരൻ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് സൂചന. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ സെക്രട്ടറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഫോൺ വിളിയിൽ പങ്കാളിയായി എന്നു സൂചനയുണ്ട്. അങ്ങനെ എങ്കിൽ ഈ കേസ് അന്വേഷണത്തിന് പുതിയ തലം വരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം എത്തുമെന്നും ഉറപ്പാണ്. ഇക്കാര്യം കേരളാ പൊലീസിനും വ്യക്തമായി കഴിഞ്ഞു.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരൻ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആദ്യ കോളിൽ ശിവശങ്കരൻ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെയും ഡിജിറ്റൽ തെളിവായി ഇത് കസ്റ്റംസിന്റെ കൈയിലുണ്ട്. ഫോൺകോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കിൽ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുഎപിഎ നിയമം ചുമത്തിയാകും അറസ്റ്റ്. കസ്റ്റംസ് ശേഖരിച്ച തെളിവുകളും എൻഐഎ വിശദമായി പരിശോധിക്കുന്നുണ്ട്.

സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കർ താമസിച്ച ഫ്‌ളാറ്റിന്റെ പരിസരമുൾപ്പെടെ തലസ്ഥാന നഗരത്തിൽ ഇരുപതിടങ്ങളിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ എൻ.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടും. ഇതിലെല്ലാം പല നിർണ്ണായക വിവരങ്ങളുണ്ട്. ഇതിനെല്ലാം ശിവശങ്കർ മറുപടി നൽകേണ്ടി വരും.

ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കൽ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകൾ ശിവശങ്കറിനു കെണിയാകും. അറസ്റ്റിലായാൽ ജാമ്യവും കിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ ഉന്നതന്റെ പേര് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞാൽ അത് കേസിന് പുതിയ തലം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP