Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യ കോളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ നടത്തിയത് മൂന്നര മിനിറ്റ് സംസാരം; ഉന്നത പദവി ദുരുപയോഗത്തിനും കേസ് അട്ടമറിക്കാനും ശ്രമിച്ചതിന് ഡിജിറ്റൽ തെളിവായി ഫോൺ സംഭാഷണം; വിദേശ യാത്രകൾ പലതും സംശയ നിഴലിലും; സ്വർണ്ണ കടത്ത് ആസൂത്രകയുമായി ചേർന്ന് നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും; ചോദ്യം ചെയ്യലിൽ കൃത്യമായ മറപടി പറഞ്ഞില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യാൻ എൻഐഎ; ശിവശങ്കറിന് പിന്നാലെ മറ്റൊരു സെക്രട്ടറിയേറ്റ് പ്രമുഖനും നിരീക്ഷണത്തിൽ

ആദ്യ കോളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ നടത്തിയത് മൂന്നര മിനിറ്റ് സംസാരം; ഉന്നത പദവി ദുരുപയോഗത്തിനും കേസ് അട്ടമറിക്കാനും ശ്രമിച്ചതിന് ഡിജിറ്റൽ തെളിവായി ഫോൺ സംഭാഷണം; വിദേശ യാത്രകൾ പലതും സംശയ നിഴലിലും; സ്വർണ്ണ കടത്ത് ആസൂത്രകയുമായി ചേർന്ന് നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും; ചോദ്യം ചെയ്യലിൽ കൃത്യമായ മറപടി പറഞ്ഞില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യാൻ എൻഐഎ; ശിവശങ്കറിന് പിന്നാലെ മറ്റൊരു സെക്രട്ടറിയേറ്റ് പ്രമുഖനും നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകൾ സംബന്ധിച്ച അന്വേഷണം ദേശീയ സുരക്ഷാ ഏജൻസി തുടങ്ങി. നയതന്ത്ര ബാഗിൽ വന്ന സ്വർണം വിട്ടു കൊടുക്കാൻ എം ശിവശങ്കരൻ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് സൂചന. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ സെക്രട്ടറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഫോൺ വിളിയിൽ പങ്കാളിയായി എന്നു സൂചനയുണ്ട്. അങ്ങനെ എങ്കിൽ ഈ കേസ് അന്വേഷണത്തിന് പുതിയ തലം വരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം എത്തുമെന്നും ഉറപ്പാണ്. ഇക്കാര്യം കേരളാ പൊലീസിനും വ്യക്തമായി കഴിഞ്ഞു.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരൻ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആദ്യ കോളിൽ ശിവശങ്കരൻ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെയും ഡിജിറ്റൽ തെളിവായി ഇത് കസ്റ്റംസിന്റെ കൈയിലുണ്ട്. ഫോൺകോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കിൽ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുഎപിഎ നിയമം ചുമത്തിയാകും അറസ്റ്റ്. കസ്റ്റംസ് ശേഖരിച്ച തെളിവുകളും എൻഐഎ വിശദമായി പരിശോധിക്കുന്നുണ്ട്.

സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഫ്ളാറ്റിൽ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കർ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുൾപ്പെടെ തലസ്ഥാന നഗരത്തിൽ ഇരുപതിടങ്ങളിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ എൻ.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടും. ഇതിലെല്ലാം പല നിർണ്ണായക വിവരങ്ങളുണ്ട്. ഇതിനെല്ലാം ശിവശങ്കർ മറുപടി നൽകേണ്ടി വരും.

ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കൽ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകൾ ശിവശങ്കറിനു കെണിയാകും. അറസ്റ്റിലായാൽ ജാമ്യവും കിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ ഉന്നതന്റെ പേര് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞാൽ അത് കേസിന് പുതിയ തലം നൽകും. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യൽ തുടങ്ങി. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. എൻ.ഐ.എ അന്വേഷണ ഉദ്യോഗസ്ഥൻ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും എൻ.ഐ.എ വിലയിരുത്തുന്നു. വ്യാജ രേഖ നിർമ്മിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ കണ്ടെത്തുകയാണ് എൻ.ഐ.എ സംഘത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. സ്വപ്‌നാ സുരേഷിൽ നിന്ന് ശിവശങ്കറിന്റെ ഇടപെടലിൽ വ്യക്തത വരുത്താനും ശ്രമം. ശിവശങ്കറിനെ തന്ത്രപരമായി ഉപയോഗിച്ചെന്ന വാദം സ്വപ്‌ന നിരത്തിയാലും രാജ്യദ്രോഹ കുറ്റമായതു കൊണ്ടു തന്നെ ശിവശങ്കർ പ്രതിയാകൻ സാധ്യത ഏറെയാണ്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് എൻ.ഐ.എ നീങ്ങുക. ബാഗേജിലൊളിപ്പിച്ച സ്വർണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയ കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങൾ എൻഐഎയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് എൻ.ഐ.എയുടെ പ്രഥമിക വിലയിരുത്തൽ. ജൂവലറിയാവശ്യത്തിനാണ് സ്വർണം കടത്തിയതെന്ന പ്രതികളുടെ വാദം എൻ.ഐ.എ മുഖവിലയ്ക്കെടുത്തിട്ടില്ല. തീവ്രവാദവും അഴിമതിയുമാണ് സംശയിക്കുന്നത്. അഴിമതിയുടെ ഭാഗമായി ഗൾഫിൽ കൈമാറിയതാണോ സ്വർണ്ണമെന്നും പരിശോധിക്കുന്നു.

സ്വപ്‌നാ സുരേഷിന്റെ ഫോൺവിളികൾ, സൗഹൃദങ്ങൾ, ബിസിനസ് ഇടപാടുകൾ, രാത്രി പാർട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംഘം തലസ്ഥാനത്ത് ക്യാമ്പുചെയ്യുന്നുണ്ട്. സ്വപ്നയുടെ കുടുംബാംഗങ്ങളെയും അകന്ന ബന്ധുക്കളെയും സമീപിച്ച് വിവരങ്ങൾ ശേഖരിച്ചു. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാർട്ടി, ഇതിനിടെയുണ്ടായ സംഘർഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഈ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തിരയുന്നുണ്ട്. സ്വപ്ന ജോലിചെയ്തിരുന്ന സ്പേസ് പാർക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു.

ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്. കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന സമയത്താണ് ഈ സൗഹൃദങ്ങൾ ബലപ്പെട്ടത്. ഈ ബന്ധങ്ങൾ സ്വർണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥർ പല സ്ഥലത്തും ശുപാർശകൾ നടത്തിയിട്ടുണ്ട്. മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകൾ, യാത്രകൾ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ട്. ആരോപണവിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകൾ പൂർണമായും ശേഖരിക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP