Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് മാനദണ്ഡപ്രകാരമുള്ള സംസ്‌ക്കാരത്തിനായി ഒരാഴ്ചയായി ബാബുവിന്റെ മൃതദേഹം മോർച്ചറിയിൽ; കരഞ്ഞ് തളർന്ന് ഭാര്യയും മൂന്ന് പെൺമക്കളും

കോവിഡ് മാനദണ്ഡപ്രകാരമുള്ള സംസ്‌ക്കാരത്തിനായി ഒരാഴ്ചയായി ബാബുവിന്റെ മൃതദേഹം മോർച്ചറിയിൽ; കരഞ്ഞ് തളർന്ന് ഭാര്യയും മൂന്ന് പെൺമക്കളും

സ്വന്തം ലേഖകൻ

കുട്ടനാട്: ഒരാഴ്ചയ്ക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാർഡ് കോണത്തുവാക്കൽച്ചിറയിൽ ബാബു എന്ന 52കാരൻ കോവിഡ് ബാധിച്ച് മരിച്ചത്. കുഴഞ്ഞ് വീണ ബാബുവിനെ കുട്ടനാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ കോവിഡ് പരിശോധനാ ഫലത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ബാബുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചിട്ടില്ല. തങ്ങളുടെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ വീട്ടിൽ കരഞ്ഞു തളർന്ന് കിടക്കുകയാണ് മൂന്ന് പെൺമക്കളും ഭാര്യയും.

വീട്ടിൽ കുഴഞ്ഞ് വീണ നിലയിലാണ് ബാബുവിനെ അവസാനമായി മക്കളും ഭാര്യയും കാണുന്നത്. ഇനി ഒരിക്കലും അച്ഛനെ കാണാൻ കഴിയില്ലെന്ന് ഇവർക്കറിയാം. എങ്കിലും മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്പ് അകലെ നിന്നെങ്കിലും ഒന്നുകാണണമെന്ന് പെൺമക്കളായ ആര്യയും അഞ്ജലിയും അഞ്ജനയും ഇടറിയ സ്വരത്തിൽ പറയുന്നു. അച്ഛൻ മരിച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭാര്യ അമ്പിളിയും മൂന്ന് പെൺമക്കളും ക്വാറന്റീനിലാണ്.

ബാബു മരിച്ച് അഞ്ചാം ദിവസമാണ് ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള ഫലം പുറത്തുവന്നത്. എന്നാൽ, മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ബാബുവിന്റെ ശവസംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്താൻ കഴിഞ്ഞിട്ടില്ല. അടക്കം വൈകുന്നതിൽ കുടുംബം ഏറെ വിഷമത്തിലാണ്. ജൂലായ് ഏഴിന് ബാബു മരിച്ചു. അന്നുതന്നെ സാംപിൾ ശേഖരിച്ച് മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജൂലായ് ഒമ്പത് ഉച്ചയോടെ ബാബുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായുള്ള വാർത്ത നാട്ടിൽ പരന്നു. ചില മാധ്യമങ്ങൾ ഇക്കാര്യം അടുത്തദിവസം റിപ്പോർട്ട് ചെയ്തു. പത്തിന് കുട്ടനാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ക്വാറന്റീനിൽ. വൈകീട്ട് ബാബുവിന്റെ വീടിരിക്കുന്ന വാർഡ് കണ്ടെയ്ന്മെന്റ് സോണായി. 12-ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് എസ്.എൻ.ഡി.പി.യോഗം പുളിങ്കുന്ന് അഞ്ചാം നമ്പർ ശാഖവക ശ്മശാനത്തിൽ അടക്കാൻ തീരുമാനം. അതോടെ പല ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുന്നു. പരിസരത്ത് കോവിഡ് വ്യാപിക്കുമെന്ന തരത്തിൽ പ്രചാരണം ശക്തമായി. പ്രതിഷേധം ശക്തമായതോടെ അടക്കം നടത്താൻ കഴിഞ്ഞില്ല. കുട്ടനാട് തഹസിൽദാർ വിശദമായ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകി. മൃതദേഹം മോർച്ചറിയിൽത്തന്നെ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP