Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാത്രിയിൽ തന്നെ നഗരം വിട്ട് വർക്കലയിൽ എത്തി; കേസ് കടുത്തെന്ന് മനസ്സിലാക്കി എടുത്തത് തമിഴ്‌നാട് സർക്കാരിൽ നിന്നുള്ള യാത്രാ പാസ്; കൊച്ചിയിൽ എത്തി വക്കാലത്ത് നൽകി യാത്ര ചെയ്തത് ബംഗളൂരുവിലേക്ക്; പെരിന്തൽമണ്ണയിൽ എത്തിയത് റമീസിനെ കാണാൻ; വർക്കലയിൽ താമസിക്കാൻ സഹായിച്ചവരും കുടുങ്ങും; കെഎൽ01 സി ജെ 1981 എന്ന കാറിന്റെ സഞ്ചാര വഴി കണ്ടെത്തി അന്വേഷണ സംഘം

ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാത്രിയിൽ തന്നെ നഗരം വിട്ട് വർക്കലയിൽ എത്തി; കേസ് കടുത്തെന്ന് മനസ്സിലാക്കി എടുത്തത് തമിഴ്‌നാട് സർക്കാരിൽ നിന്നുള്ള യാത്രാ പാസ്; കൊച്ചിയിൽ എത്തി വക്കാലത്ത് നൽകി യാത്ര ചെയ്തത് ബംഗളൂരുവിലേക്ക്; പെരിന്തൽമണ്ണയിൽ എത്തിയത് റമീസിനെ കാണാൻ; വർക്കലയിൽ താമസിക്കാൻ സഹായിച്ചവരും കുടുങ്ങും; കെഎൽ01 സി ജെ 1981 എന്ന കാറിന്റെ സഞ്ചാര വഴി കണ്ടെത്തി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രിപ്പിൾ ലോക്ഡൗണിന് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിൽ നിന്ന് സ്വപ്‌നാ സുരേഷ് രക്ഷപ്പെട്ടുവെന്ന് സൂചന. എൻ ഐ എയോട് യാത്രാ വഴിയെ കുറിച്ച് സ്വപ്‌നാ സുരേഷ് വിശദീകരിച്ചു കഴിഞ്ഞു. വർക്കലയിലായിരുന്നു ആദ്യ ഒളിത്താവളം.

ബെംഗളൂരുവിൽ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് ഇരുവരെയും റമീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തേക്കും. വർക്കലയിൽ താമസിക്കാൻ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു. പലരും സഹായിക്കാൻ തയ്യാറായില്ലെന്നാണ് സൂചന. കേസ് മുറുകിയതോടെയാണ് സ്വപ്‌ന വർക്കലയിൽ നിന്നും മാറിയത്.

സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നു കടന്നതു തമിഴ്‌നാട് സർക്കാരിന്റെ കോവിഡ് യാത്രാ പാസുമായിട്ടാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുള്ള കെഎൽ01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓൺലൈൻ വഴിയെടുത്തത്. പാസെടുത്തതു സ്വപ്നയുടെ പേരിലല്ല. എന്നാൽ യാത്ര മഹാരാഷ്ട്രയിൽ നിന്നു. സ്വർണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വർക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്.

സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്‌നാട് സർക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബെംഗളൂരുവിലേക്കും. കൊച്ചിയിൽ എത്തി അഭിഭാഷകനെ കണ്ടുവെന്നാണ് സൂചന. സ്വപ്ന സുരേഷ് പെരിന്തൽമണ്ണയിൽ എത്തിയതായുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. കടത്തിൽ അറസ്റ്റിലായ റമീസിനെ കാണാനായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് പിടിയിലായിരുന്നു. റമീസിന്റെ മൊഴി കേസിൽ നിർണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതൽ പേർ കേസിൽ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. മലബാറിലെ മാഫിയയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടി കഴിഞ്ഞു. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വർണക്കടത്തിൽ ഇയാൾക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേകകോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രതികൾ കടത്തിയിരുന്ന സ്വർണം ജൂവലറികൾക്കല്ല നൽകിയതെന്നും തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എൻ.ഐ.എ. കോടതിയിൽ ബോധിപ്പിച്ചു. ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്നതാണു സംഭവം. കേസിൽ വൻഗൂഢാലോചന നടന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എൻ.ഐ.എ. ചൂണ്ടിക്കാട്ടി.

കസ്റ്റഡി കാലാവധിയിൽ പ്രതികൾക്ക് അഭിഭാഷകരുമായി ബന്ധപ്പെടാൻ അവസരം നൽകണമെന്നു കോടതി നിർദ്ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതിയിൽ തിരികെ ഹാജരാക്കുമ്പോൾ, പ്രതികളുടെ മാനസിക-ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്യരുത്. മൂന്നുമണിക്കൂറിനുശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. കസ്റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കണം.

പ്രതികളെ ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചു. കൈപ്പമംഗലം, പുത്തൻപള്ളി സ്വദേശി ഫൈസൽ എന്നാണു തിരുത്ത്. യു.എ.ഇയിൽനിന്നു സ്വർണം അയയ്ക്കുന്നതിലെ പ്രധാനി ഫൈസലാണെന്നും എൻ.ഐ.എ. ബോധിപ്പിച്ചു. നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്നു സ്വപ്ന അറിയിച്ചതിനേത്തുടർന്ന് വൈദ്യപരിശോധനയ്ക്കു കോടതി നിർദ്ദേശം നൽകി. 21-നു രാവിലെ 11-നു പ്രതികളെ കോടതിയിൽ ഹാജരാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP