Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഹോദരങ്ങളും ഭർത്താവും നൽകിയിരുന്ന ഭക്ഷണത്തിൽ മന്ത്രവാദം ചെയ്തിട്ടുണ്ടോ എന്ന ഭയത്താൽ പൈപ്പിലെ വെള്ളം കുടിച്ചായിരുന്നു റൈഹാനത്ത് വിശപ്പടക്കിയിരുന്നത്; വീട്ടിൽ ഭയന്നുകഴിഞ്ഞിരുന്ന യുവതിക്ക് അഭയം നൽകുകയായിരുന്നു ഞങ്ങൾ; ആത്മീയ ചികിത്സ നടത്തുന്ന റൈഹാനത്തിന്റെ തിരോധാനത്തിന് പിന്നിൽ സ്വർണക്കള്ളക്കടത്ത് സംഘം; യുവതിയെ വച്ച് വിലപേശൽ നടത്തിയെന്നും കോഴിക്കോട്ടെ ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് മറുനാടനോട്

സഹോദരങ്ങളും ഭർത്താവും നൽകിയിരുന്ന ഭക്ഷണത്തിൽ മന്ത്രവാദം ചെയ്തിട്ടുണ്ടോ എന്ന ഭയത്താൽ പൈപ്പിലെ വെള്ളം കുടിച്ചായിരുന്നു റൈഹാനത്ത് വിശപ്പടക്കിയിരുന്നത്; വീട്ടിൽ ഭയന്നുകഴിഞ്ഞിരുന്ന യുവതിക്ക് അഭയം നൽകുകയായിരുന്നു ഞങ്ങൾ; ആത്മീയ ചികിത്സ നടത്തുന്ന റൈഹാനത്തിന്റെ തിരോധാനത്തിന് പിന്നിൽ സ്വർണക്കള്ളക്കടത്ത് സംഘം; യുവതിയെ വച്ച് വിലപേശൽ നടത്തിയെന്നും കോഴിക്കോട്ടെ ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് മറുനാടനോട്

ജാസിം മൊയ്തീൻ

 കോഴിക്കോട്: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളന്നൂരിൽ പ്രവർത്തിക്കുന്ന ടീം ബി ചാരിറ്റബിൽ ട്രസ്റ്റും അവിടെ രണ്ടാഴ്ചയോളം താമസിച്ചിരുന്ന ആത്മീയ ചികിത്സ നടത്തിവന്നിരുന്ന റൈഹാനത്ത് എന്ന യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബഷീർ പൂവ്വാട്ടുപറമ്പ്. യുവതിയുടെ തിരോധാനത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളാണെന്നും കേസിൽ കുന്ദമംഗലം പൊലീസിന്റെ ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്നും ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അംഗവുമായ ബഷീർ പൂവാട്ടുപറമ്പ് മറുനാടൻ മലയാളിയോട് പറഞ്ഞു. ട്രസ്റ്റിൽ നിന്നും കാണാതായതിന് ആഴ്ചകൾക്ക് ശേഷം തിരിച്ചെത്തിയ റൈഹാനത്ത് ട്രസ്റ്റ് ചെയർമാൻ കൂടിയായ ബഷീർ പൂവ്വാട്ടുപറമ്പിനെതിരെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബഷീർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമായി കുറച്ച് ദിവസം ഒളിവിലായിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ ഹാജരാക്കിയ സമയത്ത് യുവതി പൊലീസിൽ നൽകിയ മൊഴി ആവർത്തിക്കാതിരിക്കുകയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലുള്ള സത്യാവസ്ഥ വെളിപ്പെടുത്താനായി ബഷീർ പൂവ്വാട്ടുപറമ്പ് മറുനാടൻ മലയാളിയോട് സംസാരിക്കാൻ തയ്യാറായത്.

ബഷീറിന്റെ വാക്കുകൾ

ആത്മീയ ചികിത്സ നടത്തുന്ന യുവതി ട്രസ്റ്റിലെത്തുന്നത് ജൂൺ മാസം ആറാം തിയ്യതിയാണ് മണാശ്ശേരി മുത്താലം സ്വദേശിനിയായ റൈഹാനത്തിന്റെ സഹോദരങ്ങൾ എന്റെ വീട്ടിൽ വരുന്നത്. റൈഹാനത്തും അവരുടെ ഭർത്താവ് മുഹമ്മദ് എന്നയാളുമായുള്ള കുടുംബ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് മദ്ധ്യസ്ഥനാകണമെന്ന് പറഞ്ഞായിരുന്നു അവരെന്നെ സമീപിച്ചത്. ഇത്തരം കുടുംബ പ്രശ്നങ്ങളിൽ കൗൺസിലിങ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയെന്ന നിലക്കാണ് അവരെന്ന സമീപിച്ചത്. ഇത്തരത്തിലുള്ള ഒരുപാട് കുടുംബ പ്രശ്നങ്ങൾ ഞാൻ സംസാരിച്ചും സ്ഥാപനത്തിലെത്തിച്ച് കൗൺസിലിങ് നടത്തിയും പരിഹരിച്ചിട്ടുമുണ്ട്. റൈഹാനത്തിന്റെ സഹോദരങ്ങളുടെ ആവശ്യം പരിഗണിച്ച് ഞാനും ടീം ബി ചാരിറ്റബിൾ ട്രസ്റ്റിലെ സഹപ്രവർത്തകരും റൈഹാനത്തുമായി സംസാരിക്കാൻ റൈഹാനത്തിന്റെ വീട്ടിലേക്ക് പോയിരുന്നു.

പാരമ്പര്യമായി മന്ത്രവാദ ചികിത്സകളും ആത്മീയ ചികിത്സകളും നടത്തുന്ന കുടുംബ പശ്ചാത്തലമായിരുന്നു അവർക്കുണ്ടായിരുന്നത്. ഭർത്താവ് മുഹമ്മദ് മുസ്ലിയാരും ഇത്തരത്തിൽ ആത്മീയ ചികിത്സ നടത്തുന്നയാളാണ്. ഇയാൾ റൈഹാനത്തിന്റെ രണ്ടാം ഭർത്താവാണ്. ആദ്യം ഭർത്താവ് ബഷീർ എന്നയാളുമായുള്ള വിവാഹം വേർപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യ ബന്ധത്തിൽ രണ്ട് കുട്ടികളും മുഹമ്മദ് മുസ്ലിയാരുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുമാണ് റൈഹാനത്തിനുള്ളത്. എന്നാൽ മുഹമ്മദ് മുസ്ലിയാരിൽ നിന്നും ഒരു ഭാര്യയെന്ന തരത്തിലുള്ള പരിഗണന ലഭിക്കുന്നില്ലെന്നും, വീട്ടിലെ ഡ്രൈവറായിരുന്ന തിരുവമ്പാടി പാമ്പിഴിഞ്ഞിപ്പാറയിലെ മുജീബ് എന്ന റൈഹാസിന്റെ കൂടെ ജീവിക്കണമെന്നുമായിരുന്നു റൈഹാനത്തിന്റെ ആവശ്യം. ഈ ആവശ്യത്തിൽ നിന്നും റൈഹാനത്തിനെ പിന്തിരിപ്പിക്കുക എന്നതായിരുന്ന സഹോദരങ്ങളുടെ ആവശ്യം. ഇക്കാര്യങ്ങൾ റൈഹാനത്തുമായി സംസാരിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത് റൈഹാനത്ത് എന്ന 34 വയസ്സുള്ള യുവതി ആ വീട്ടിൽ വളരെ ഭയത്തോടെയാണ് ജീവിച്ചിരുന്നത്.

ഇവരുടെ മൊബൈൽ ഫോൺ അടക്കമുള്ളവ സഹോദരങ്ങൾ വാങ്ങിവെച്ചിരുന്നു. ഏതെങ്കിലും തരത്തിൽ ആ വീട്ടിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു റൈഹാനത്ത് അപ്പോഴുണ്ടായിരുന്നത്. മുറിയിൽ പൂട്ടിയിട്ട അവസ്ഥയിലായിരുന്നു ഞങ്ങൾ സംസാരിക്കാൻ ചെല്ലുമ്പോൾ റൈഹാനത്തുണ്ടായിരുന്നത്. സഹോദരങ്ങളും ഭർത്താവും നൽകിയിരുന്ന ഭക്ഷണത്തിൽ മന്ത്രവാദം ചെയ്തിട്ടുണ്ടോ എന്ന ഭയത്താൽ പൈപ്പിലെ വെള്ളം കുടിച്ചായിരുന്നു റൈഹാനത്ത് വിശപ്പടക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഞങ്ങൾ അവിടെയെത്തുന്നത്. അന്ന് റൈഹാനത്ത് ഞങ്ങളുടെ കൂടെ വരാൻ തയ്യാറാകുകയായിരുന്നു.

കുറച്ച് ദിവസം ടീം ബി ചാരിറ്റബിൽ ട്രസ്റ്റിന് കീഴിലുള്ള വെള്ളന്നൂരിലെ ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറായി വന്ന റൈഹാനത്തിനെ കൗൺസലിങ് നടത്തി ഡ്രൈവർ മുജീബുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാം എന്ന ഉറപ്പിന്മേൽ റൈഹാനത്തിന്റെ സഹോദരങ്ങൾ ഞങ്ങളോടൊപ്പം റൈഹാനത്തിനെ അയക്കുകയായിരുന്നു. ഇത്രയും ദിവസത്തേക്കുള്ള റൈഹാനത്തിന്റെ താമസ ഭക്ഷണ ചെലവ്ക്കായുള്ള പണം റൈഹാനത്തിന്റെ സഹോദരങ്ങൾ നൽകുകയും ചെയ്തിരുന്നു. പ്രണയത്തിലായ രണ്ടാളുകളെ പിരിക്കുക എന്നതിലപ്പുറം കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഒരു ധാർമിക പ്രശ്നത്തിന്റെ കാഴ്ചപ്പാടിലാണ് ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ഈ വിഷയത്തിൽ ഇടപെടുന്നത്. ജൂൺ 7 മുതൽ 20ാം തിയ്യതി വരെ റൈഹാനത്ത് വെള്ളന്നൂരിലുള്ള ഞങ്ങളുടെ ഹോസ്റ്റലിലായിരുന്നു താമസം. ഈ ദിവസങ്ങൾക്കിടയിലെല്ലാം ഞങ്ങൾ റൈഹാനത്തിന്റെ സഹോദരങ്ങളായും രണ്ടാം ഭർത്താവ് മുഹമ്മദ് മുസ്ലിയാരും അദ്ദേഹത്തിന്റെ കുടുംബവുമായും കാമുകനും ഡ്രൈവറുമായ മുജീബിന്റെ കുടുംബവുമായും ബന്ധപ്പെട്ട് മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു. അതെല്ലാം ഏകദേശം പരിഹരിക്കാമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് 21ന് പുലർച്ചെ റൈഹാനത്തിനെ ഹോസ്റ്റലിൽ നിന്നും കാണാതാകുന്നത്.

റൈഹാനത്തിന്റെ തിരോധാനം

റൈഹാനത്തിനെ ഹോസ്റ്റലിൽ നിന്നും കാണാതാകുന്നത്, ജൂൺ 21ന് പുലർച്ചെയാണ്. ജൂൺ 7ന് ഹോസ്റ്റലിലെത്തിയതു മുതൽ റൈഹാനത്ത് മുഴുവൻ സമയ പ്രാർത്ഥനകളിലായിരുന്നു. ആരെയും മുഖം കാണിച്ചിരുന്നില്ല. ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ ഞാനുമായും മുറിയിൽ കൂടെ താമസിച്ചിരുന്ന സുബില എന്ന യുവതിയുമായും മാത്രമെ റൈഹാനത്ത് സംസാരിക്കുക പോലും ചെയ്തിരുന്നുള്ളൂ. മുഴുവൻ സമയത്തും മുഖം മറക്കുന്ന തരത്തിലുള്ള വസ്ത്രമായിരുന്ന ധരിച്ചിരുന്നത്. ഹോസ്റ്റലിൽ നിന്ന് കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പെരുമാറ്റത്തിലോ സംസാരത്തിലോ വ്യത്യാസങ്ങളും പ്രശ്നങ്ങളൊന്നും തോന്നിയിരുന്നില്ല. ജൂൺ 21ന് രണ്ട് ദിവസം മുമ്പ് മുതൽ പതിവിൽ നിന്നും വിപരീതമായ പെരുമാറ്റവും ഭാവവ്യത്യാസവും ഞങ്ങൾക്ക് അനുഭവപ്പെട്ടു. എന്നാൽ ആ ദിവസങ്ങളിൽ ഇവരുമായി ഏറ്റവുമധികം പ്രശ്നങ്ങളുള്ള ബാസിത് എന്ന സഹോദരൻ ഹോസ്റ്റലിൽ സന്ദർശിക്കാനെത്തുമെന്ന് പറഞ്ഞിരുന്നു. അതായിരിക്കാം ഭാവവ്യത്യാസങ്ങൾക്ക് കാരണമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. മാത്രവുമല്ല ആ ദിവസങ്ങളിൽ തനിക്ക് കുറച്ചധികം പ്രാർത്ഥനകൾ നിർവ്വഹിക്കാനുണ്ടെന്നും 25000 ദിക്റുകൾ(പ്രാർത്ഥന ശ്ലോകങ്ങൾ) ചൊല്ലാനുണ്ടെന്നും മുറിയിൽ കൂടെ താമസിക്കുന്ന യുവതിയോട് പറഞ്ഞിരുന്നു.

കാണാതാകുന്ന രാത്രിയിൽ ഇത്രയധികം പ്രാർത്ഥനകൾ നിർവ്വഹിക്കാനുള്ളതുകൊണ്ട് വൈകിയെ ഉറങ്ങൂവെന്നും കുട്ടി ഉറങ്ങിക്കോളൂ എന്നും റൈഹാനത്ത് കൂടെ താമസിച്ചിരുന്ന സുബില എന്ന സ്ത്രീയോട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുബില ഉറങ്ങുകയും ചെയ്തു. എന്നാൽ പുലർച്ചെ 5.30ന് എഴുന്നേറ്റ് നോക്കുമ്പോൾ നിസ്‌കാരപായയും നിസ്‌കരിക്കുമ്പോൾ ധരിക്കുന്ന വസ്ത്രവും മാത്രമാണ് മുറിയിലുണ്ടായിരുന്നത്. റൈഹാനത്തിനെ കാണാനുണ്ടായിരുന്നില്ല. ഒരു ലിപ്സ്റ്റിക്, സാനിറ്ററി പാഡ്, മുഖം മറക്കുന്ന വസ്ത്രം എന്നിവയും റൈഹാനത്ത് ഹോസ്റ്റലിൽ നിന്നും പോകുമ്പോൾ കൊണ്ടുപോയിരുന്നതായാണ് സുബില പറഞ്ഞിട്ടുള്ളത്. വാതിൽ പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണ്. പിന്നീട് ഹോസ്റ്റലിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇതേ വാതിലിന്റെ രണ്ടാം താക്കോൽ ഉപയോഗിച്ച് പൂട്ട് തുറന്നാണ് സുബിലയെ പുറത്തിറക്കിയത്. ആ സമയത്തു തന്നെ ഹോസ്റ്റൽ അധികാരികളായ ടീം ബി ചാരിറ്റബിൾ ട്രസ്റ്റും റൈഹാനത്തിന്റെ സഹോദരങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു. റൈഹാനത്തിനെ കാണാതായ സമയത്തു തന്നെ സഹോദരങ്ങളും ട്രസ്റ്റ് ഭാരവാഹികളും തിരുവമ്പാടിയിലുള്ള കാമുകൻ മുജീബിന്റെ വീട്ടിലും അന്വേഷണം നടത്തിയിരുന്നെങ്കിലും മുജീബിന്റെ വീട്ടുകാർ രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട് പൂട്ടി മറ്റെവിടേക്കോ പോയിരുന്നതായാണ് അറിയാൻ കഴിഞ്ഞത്.

തിരോധാനത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ, ആത്മീയ ചികിത്സയിലൂടെ റൈഹാനത്ത് സമ്പാദിച്ചത് കോടികൾ

റൈഹാനത്തിന്റെ തിരോധാനത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളാണെന്നാണ് സമാന്തര അന്വേഷണത്തിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ആത്മീയ ചികിത്സയിലൂടെ റൈഹാനത്ത് സമ്പാദിച്ചിട്ടുള്ളത്. മൂന്ന് ടിപ്പർ ലോറികളും, വിവിധ ജൂവലറികളിൽ നിക്ഷേപവും റൈഹാനത്തിനുണ്ട്. കോഴിക്കോട് എൻഐടിക്ക് സമീപം പുള്ളാവൂരിലുള്ള അനസ് എന്നയാളാണ് ഇവരുടെ ജൂവലറികളിലെ നിക്ഷേപങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ബിസിനസുകളും നോക്കിനടത്തുന്നത്. ഇയാൾ ഇപ്പോൾ വിദേശത്താണ്. അതിനെയെല്ലാ ചുറ്റിപ്പറ്റി വലിയൊരു ഗുണ്ടാസംഘവും ഇവർക്കുണ്ട്. ഒരു ആൾദൈവമെന്ന നിലയിൽ പ്രവർത്തിക്കുന്ന റൈഹാനത്തിന്റെ ഭക്തരാണെന്ന നിലയിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഈ സംഘത്തിൽ പെട്ടവരാണ് റൈഹാനത്തിനെ ഹോസ്റ്റലിൽ നിന്നും കടത്തിക്കൊണ്ട് പോയത്. അതിന് ഹോസ്റ്റലിനകത്തു നിന്ന് തന്നെ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ട്. പിന്നീട് ഈ ഗുണ്ടാസംഘത്തിൽ പെട്ടവർ എന്നെയും റൈഹാനത്തിന്റെ സഹോദരങ്ങളെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. 10 ലക്ഷം രൂപ തന്നാൽ റൈഹാനത്തിനെ കൈമാറാമെന്നും അല്ലെങ്കിൽ കാമുകനായ മുജീബിന് റൈഹാനത്തിനെ കൈമാറാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം ഫോൺ റെക്കോർഡുകൾ കൈവശമുണ്ട്. ഇത്തരത്തിൽ റൈഹാനത്തിന്റെ സഹോദരങ്ങളുടെ പക്കൽനിന്ന് അഡ്വാൻസ് തുക കൈപറ്റുകയും ചെയ്തിരുന്നു. എന്നാൽ മുഴുവൻ പണം കൈപറ്റുന്നതിന് മുമ്പു തന്നെ റൈഹാനത്ത് അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

റൈഹാനത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നു, മൊഴികളിലെ വൈരുദ്ധ്യം

ജൂൺ 27ന് വൈകിട്ട് 3 മണിയോടെയാണ് റൈഹാനത്ത് അഭിഭാഷകനൊപ്പം കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. അന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് റൈഹാനത്തിന്റെ തിരോധാനത്തിൽ പരാതിക്കാരായ സഹോദരങ്ങളെയും എന്നെയും പൊലീസ് വിവരം അറിയിക്കുന്നത്. അന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് റൈഹാനത്തിനെ വെള്ളിമാട് കുന്നുള്ള സർക്കാർ അഗതി മന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. 20ന് രാത്രി ഞാനും റൈഹാനത്തിന്റെ സഹോദരങ്ങളും റൈഹാനത്തിനെ ബലമായി പിടിച്ചുകൊണ്ട് ഹോസ്റ്റലിലെ മുകളിലെ മുറിയിലേക്ക് പിടിച്ചുകൊണ്ട് പോയി എന്നും ഞങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോരുകയായിരുന്നു എന്നുമാണ് റൈഹാനത്ത് പൊലീസിൽ മൊഴിനൽകിയത്. പോരുന്ന സമയത്ത് റൈഹാനത്തിന്റെ സ്വർണ്ണാഭരണങ്ങൾ ഞാൻ പിടിച്ചുവെച്ചിരുന്നു എന്നും റൈഹാനത്തിനെ ഞാൻ ഉപദ്രവിച്ചിരുന്നു എന്നും മൊഴിനൽകിയതായാണ് അറിഞ്ഞിരുന്നത്.

ഈ മൊഴികളുടെ അടിസ്ഥാനത്തിൽ എന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ അടുത്ത ദിവസം കോടതിയിൽ റൈഹാനത്ത് പൊലീസിൽ നൽകിയ മൊഴികൾ ആവർത്തിക്കാതിരിക്കുകയും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും ഞാൻ സ്വർണ്ണാഭരങ്ങൾ കൈവശപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. പൊലീസിൽ നൽകിയ മൊഴിയുടെ നേർവിപരീതമായാണ് റൈഹാനത്ത് കോടതിയിൽ മൊഴിനൽകിയത്. മാത്രവുമല്ല സഹോദരങ്ങൾ സമ്പാദ്യമെല്ലാം കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായും റൈഹാനത്ത് കോടതിയിൽ മൊഴി നൽകി. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയ താൻ നേരം പുലരുവോളം ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നും അടുത്ത വീട്ടിലുള്ളൊരു സ്ത്രീയാണ് തനിക്ക് അഭിഭാഷകനെ ഏർപ്പെടുത്തി തന്നതെന്നും റൈഹാനത്ത് കോടതിയിൽ മൊഴി നൽകി. എന്നാൽ ആ സ്ത്രീയാരാണെന്നും ഹോസ്റ്റലിൽ നിന്നിറങ്ങിയ ജൂൺ 21 മുതൽ 27ാം തിയ്യതി വരെ എവിടെയായിരുന്നു എന്നും പറയാൻ റൈഹാനത്ത് തയ്യാറായില്ല. പിന്നീട് റൈഹാനത്തിനെ കോടതി മണാശ്ശേരിയിൽ അവർ സ്വന്തമായി നിർമ്മിച്ച വീട്ടിലേക്ക് അയക്കുകയായിരുന്നു.

പൊലീസിന്റെ ഇടപെടലുകളിലെ ദുരൂഹത

തുടക്കം മുതൽ കുന്ദമംഗലം പൊലീസ് ഈ കേസിൽ ഇടപെട്ടതിൽ ദുരൂഹതകളുണ്ട്. റൈഹാനത്തിനെ കാണാതായതായി കാണിച്ച് ജൂൺ 21ന് തന്നെ ട്രസ്റ്റും റൈഹാനത്തിന്റെ സഹോദരങ്ങളും കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് രാത്രി 11 മണിക്കാണ് പൊലീസ് റൈഹാനത്ത് താമസിച്ചിരുന്ന വെള്ളന്നൂരിലുള്ള ടീം ബി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹോസ്റ്റലിലെത്തുന്നത്. എസ്ഐയും ഒരു ഡ്രൈവറുമായിരുന്നു അന്ന് പൊലീസുകാരായിട്ടുണ്ടായിരുന്നത്. റൈഹാനത്തിന്റെ സഹോദരങ്ങളും 15ലധികം വരുന്ന ഗുണ്ടകളും അന്ന് പൊലീസിനൊപ്പം വന്നിരുന്നു. റൈഹാനത്തിന്റെ സഹോദരങ്ങൾ മാന്യമായിട്ടാണ് ഞങ്ങളോട് സംസാരിച്ചത്. എന്നാൽ കൂടെ വന്നിരുന്ന ഗുണ്ടാ സംഘം കേട്ടാലറക്കുന്ന ഭാഷയിൽ തെറിവിളിക്കുകയും ചെയ്തു. ഇവരെല്ലാം റൈഹാനത്തിന്റെ ബന്ധുക്കളാണെന്നും സഹോദരിയെ കാണാത്തതിലുള്ള വിഷമത്താലാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുമാണ് ഞങ്ങൾ ആദ്യം കരുതിയത്.

എന്നാൽ പിന്നീട് അവർ തന്നെ തങ്ങൾ സ്വർണ്ണക്കടത്തുകാരാണെന്നും കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളാണെന്നും ഉന്നതരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്നും ഞങ്ങളെ അക്രമിക്കുമെന്നും ഭീഷണിമുഴക്കിയപ്പോഴാണ് ഇവരാരാണ് എന്ന ഞങ്ങൾക്ക് മനസ്സിലായത്. ഇതെല്ലാം നേരിട്ട് കണ്ടിട്ടും പൊലീസ് മൗനമായി നിൽക്കുകയും ഇവർക്ക് തെറിവിളിക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയുമാണുണ്ടായത്. അത് കഴിഞ്ഞ 10 ലക്ഷം തന്നാൽ റൈഹാനത്തിനെ വിട്ടുനൽകാൻ തയ്യാറാണെന്ന് പറഞ്ഞ് കുറച്ച് പേർ ഞങ്ങളെ വിളിച്ചപ്പോൾ ആ ഫോൺ റെക്കോർഡുകൾ സഹിതം പൊലീസിൽ അറിയിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളൊന്നുമുണ്ടായില്ല. ഹോസ്്റ്റലിലെ താമസക്കാരെയും ജീവനക്കാരെയും എന്നെയുമെല്ലാം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനിടയിലാണ് ഹോസ്റ്റലിലെ അന്തേവാസിയും അനാഥനുമായ ജംഷീദ് എന്ന യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ക്രൂരമായി മർദ്ദിച്ചത്. തങ്ങൾ പറയുന്നതു പോലെ പറഞ്ഞാൽ കേസിൽ നിന്നും നിന്നെ രക്ഷപ്പെടുത്താമെന്നും അല്ലെങ്കിൽ പുറം ലോകം കാണാത്ത തരത്തിൽ തന്നെ അകത്താക്കുമെന്നും ജംഷീദിനോട് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ജംഷീദിനെ മാത്രം പ്രത്യേകം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദ്ദിക്കാൻ കാരണം നേരത്തെ മൊഴിയെടുക്കുന്ന സമയത്ത് റൈഹാനത്ത് കാണാതാകുന്ന ദിവസം ജംഷീദ് ഉറങ്ങിയത് 2 മണിക്കാണെന്ന് പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ്. റൈഹാനത്തിന് പുറത്തിറങ്ങാൻ സഹായം നൽകിയത് താനാണെന്ന് സമ്മതിക്കണമെന്ന് പറഞ്ഞാണ് പൊലീസ് ജംഷീദിനെ മർദ്ദിച്ചത്. ജംഷീദിനെക്കൊണ്ട് പൊലീസ് പറയിക്കാൻ ശ്രമിച്ചതിന് സമാനമായിട്ടാണ് റൈഹാനത്ത് പൊലീസിൽ നൽകിയ മൊഴിയെന്നതും ഈ കേസിൽ പൊലീസിന്റെ ഇടപെടലുകളിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല റൈഹാനത്തിനെ കാണാതായതു മുതൽ കാസർകോഡ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘം കുന്ദമംഗലം പരിസരങ്ങളിൽ താമസമുറപ്പിച്ചിട്ടുണ്ട്. കുന്ദമംഗലം പൊലീസ്് സ്റ്റേഷനിലെ ഷാജിയെന്നോ, സാജിദ് എന്നോ പേരുള്ളൊരു പൊലീസുകാരൻ എല്ലാ സമയത്തും ഇവരുടെ വാഹനത്തിലുണ്ടാകാറുണ്ട്.

റൈഹാനത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ സഹോദരങ്ങളും ഭർത്താവും ശ്രമിക്കുന്നു

ആത്മീയ ചികിത്സയിലൂടെ റൈഹാനത്ത് കോടികളുടെ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം തട്ടിയെടുക്കാൻ സഹോദരങ്ങൾ ശ്രമിക്കുന്നുവെന്നതാണ് റൈഹാനത്തിന്റെ പ്രധാന പരാതി. പല തവണയായി സഹോദരങ്ങളും രണ്ടാം ഭർത്താവും ആത്മീയ ചികിത്സകനുമായ മുഹമ്മദ് മുസ്ലിയാരും ലക്ഷണക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ട്. അതെല്ലാം സ്വന്തം കൈപ്പടയിൽ റൈഹാനത്ത് എഴുതി സൂക്ഷിച്ചിരുന്നത് ഹോസ്റ്റലിലേക്ക് വരുന്ന സമയത്ത് എനിക്ക് കൈമാറിയിരുന്നു. ഫായിസ് എന്ന സഹോദരൻ 35 പവൻ സ്വർണ്ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും ഏതാനും സ്വർണ്ണകോയിനുകളും കൈവശപ്പെടുത്തിയിട്ടുണ്ട്. റാഷിദ് എന്ന സഹോദരൻ 17 ലക്ഷം രൂപ കൈക്കലാക്കിയിട്ടുണ്ട്. സഹോദരിയുടെ ഭർത്താവ് നിസാർ രണ്ടര ലക്ഷം രൂപയും കൈവശപ്പെടുത്തി. ബാസിത് എന്ന മറ്റൊരു സഹോദരൻ 60000 രൂപയും തിരിച്ചു തരാമെന്ന് പറഞ്ഞ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് മുഹമ്മദ് മുസ്ലിയാർ 75 പവൻ സ്വർണ്ണവും, 10 ലക്ഷം രൂപയും, 34 ലക്ഷം രൂപ മൂല്യംവരുന്ന റിയാലുകളും ദിർഹമുകളും, 25 ലക്ഷം രൂപയുടെ വീടും റൈഹാനത്തിൽ നിന്നും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇന്നോവ ക്രിസ്റ്റ് കാറും ബന്ധുക്കൾ കൈവശപ്പെടുത്തിയതായി റൈഹാനത്ത് സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്.

ആത്മീയ ചികിത്സയിലൂടെ റൈഹാനത്ത് സമ്പാദിച്ചിട്ടുള്ള കോടികളുടെ സ്വത്ത് കണ്ടിട്ടാണ് സഹോദരങ്ങൾ റൈഹാനിത്തിനായി കേസ് നടത്തുന്നത്. റൈഹാനത്തും ഭർത്താവ് മുഹമ്മദ് മുസ്ലിയാരും ആത്മീയ ചികിത്സകരാണ്. ഇവരിലൂടെ കോടിക്കണക്കിന് രൂപയാണ് മണാശ്ശേരി മൂത്താലത്തുള്ള റൈഹാനത്തിന്റെ കൊടക്കാട് തറവാട്ട് വീട്ടിലേക്ക് എത്തുന്നത്. ഇതിൽ റൈഹാനത്തിൽ നിന്നുള്ള പങ്ക് ഇപ്പോൾ പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. മുഹമ്മദ് മുസ്ലിയാർ ഇപ്പോഴും റൈഹാനത്തിന്റെ സഹോദരങ്ങൾക്കൊപ്പം കൊടക്കാട് വീട്ടിൽ തന്നെയാണ് താമസം. റൈഹാനത്തിന്റെ പങ്ക്കൂടി തങ്ങളുടെ തറവാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരിക്ക് ഇഷ്ടമല്ലാതിരുന്നിട്ട് കൂടി മുഹമ്മദ് മുസ്ലിയാരുമായി വീണ്ടും റൈഹാനത്തിനെ കൂട്ടിക്കെട്ടാൻ സഹോദരങ്ങൾ ശ്രമം നടത്തിയത്.

ഇപ്പോൾ മണാശ്ശേരിയിൽ തന്നെ റൈഹാനത്ത് സ്വന്തമായി നിർമ്മിച്ച വീട്ടിലാണ് റൈഹാനത്തുള്ളത്. കാമുകനും നേരത്തെ ഡ്രൈവറുമായിരുന്ന മുജീബിനൊപ്പമാണ് ഇപ്പോൾ ഇവിടെ താമസം. മുജീബിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെങ്കിലും റൈഹാനത്തുമായുള്ള ബന്ധത്തിന് മുജീബിന്റെ വീട്ടുകാർക്ക് പൂർണ്ണ സമ്മതമാണ്. റൈഹാനത്തിന്റെ ആത്മീയ ചികിത്സ വഴി കുടുംബത്തിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ സമ്പത്ത് തന്നെയാണ് ഇവരെയും ആകർഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ വാവൂർ വാവാട് എന്ന സ്ഥലത്ത് റൈഹാനത്തിന് സ്വന്തമായൊരു പള്ളിയും അവിടെ ആത്മീയ ചികിത്സകളും നടക്കുന്നതായാണ് വിവരം. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള അന്ത്യ ദിനത്തിനോടനുബന്ധിച്ച് മഹ്ദി ഇമാം ഈ പള്ളിയിലായിരിക്കും പ്രത്യക്ഷപ്പെടുകയെന്നാണ് റൈഹാനത്ത് തന്റെ അനുയായികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. ഇത് വിശ്വസിച്ച് അനേകം പേരാണ് റൈഹാനത്തിനടുത്ത് പ്രാർത്ഥനകൾക്കായി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഈ കേസുകളെല്ലാം നടക്കുമ്പോളും മണാശ്ശേരിയിലെ റൈഹാനത്തിന്റെ വീട്ടിലേക്ക് ഭക്തർ എത്തിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP