Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള ഐപിഎസ് ഓഫീസർ; ഐബിയിൽ അസി. ഡയറക്ടറും ഇന്ദിരാഗാന്ധിയുടെ സ്റ്റാഫ് അംഗവും; അച്ഛന് അനാരോഗ്യമായപ്പോൾ ടി.പി.സുന്ദരരാജൻ അവധി നൽകിയത് ഐപിഎസ് ജീവിതത്തിന്; അനന്തപുരിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ഈ ഐപിഎസ് ഓഫീസറുടെ നിയമപോരാട്ടം തന്നെ

ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള  ഐപിഎസ് ഓഫീസർ; ഐബിയിൽ  അസി. ഡയറക്ടറും ഇന്ദിരാഗാന്ധിയുടെ സ്റ്റാഫ് അംഗവും; അച്ഛന് അനാരോഗ്യമായപ്പോൾ ടി.പി.സുന്ദരരാജൻ അവധി നൽകിയത് ഐപിഎസ് ജീവിതത്തിന്; അനന്തപുരിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പത്മനാഭസ്വാമിയുടെ അളവറ്റ  നിധി സുരക്ഷിതമായിരിക്കാൻ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ഈ ഐപിഎസ് ഓഫീസറുടെ നിയമപോരാട്ടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിമൂന്നു വർഷം നീണ്ട കേസിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വന്നെങ്കിലും അത് തിരുവിതാംകൂർ രാജകുടുംബത്തിനോ സർക്കാരിനോ അനുകൂലമായ വിധിയല്ല. തിരുവിതാംകൂർ രാജകുടുംബത്തിനു ക്ഷേത്രത്തിലെ ആചാരപരമായ അവകാശം അനുവദിച്ചുകൊണ്ടാണ് പതിമൂന്നു വർഷം നീണ്ട നിയമപോരാട്ടത്തിന്നൊടുവിൽ ഇപ്പോൾ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന ആദ്യ അവകാശവാദം പിന്നീടൊരിക്കലും പിന്തുടരാതെ പൊതുക്ഷേത്രം ആണെന്ന വാദത്തോടെയാണ് രാജകുടുബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അവകാശവാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ക്ഷേത്രത്തിന്റെ ഭരണചുമതല താത്കാലിക സമിതിക്കാണ്. സ്ഥിരം സമിതി പിന്നീട് വരുമ്പോൾ ഈ അധികാരം സ്ഥിരം സമിതിക്ക് വരും. പതിമൂന്നു വർഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷം വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ടി.പി.സുന്ദരരാജന്റെ പോരാട്ടത്തെ തന്നെ.

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന്റെ തുടക്കമിട്ടത് ഐപിഎസിൽ നിന്നും വളണ്ടറി റിട്ടയർമെന്റ് വാങ്ങിയ ഈ ഐപിഎസ് ഓഫീസർ തന്നെയാണ്. ബംഗാൾ കേഡറിലെ ഐപിഎസ് ഓഫീസർ ആയിരുന്ന ടി.പി.സുന്ദരരാജൻ 2009 ഡിസംബറിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പിന്നീട് സുപ്രീംകോടതി വരെ എത്തിയത്. രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ചിത്തിര തിരുനാൾ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചെന്നും ക്ഷേത്രം പൊതുസ്വത്താണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ക്ഷേത്രത്തിനെതിരെ കീഴ്‌ക്കോടതികളിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2010 - ൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ഹൈക്കോടതിയിലെത്തി. കോടതി ഈ രണ്ടുകേസുകളും ഒന്നിച്ചു പരിഗണിച്ചു. ഈ കേസിലാണ് ക്ഷേത്രഭരണം ട്രസ്റ്റിനോ പ്രത്യേക ദേവസ്വത്തിനോ കീഴിലാക്കണമെന്ന ഉത്തരവ് വന്നത്. മൂന്നുമാസത്തിനകം ഇത് നടപ്പിലാക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ഇതോടു കൂടിയാണ് നിയമപോരാട്ടത്തിനു സുപ്രീംകോടതി വേദിയായത്.

തുടക്കമിട്ടത് നിർണ്ണായക നിയമപോരാട്ടത്തിന്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിധി നിർണ്ണായകമായത് ടി.പി.സുന്ദരരാജന്റെ നിയമപോരാട്ടം തന്നെയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം. നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റിയതും സുന്ദരരാജൻ തന്നെയായിരുന്നു. അനീതികളോട് ഈ ബംഗാൾ കേഡർ ഐപിഎസ് ഓഫീസർ ഒരിക്കലും വിട്ടുവീഴ്ച കാണിച്ചില്ല. തുനിഞ്ഞിറങ്ങുന്ന കാര്യങ്ങളിൽ വിജയം കണ്ടുമടങ്ങാൻ നിശ്ചയമുള്ള മനസ്സിന്റെ ഉടമയായിരുന്നു സുന്ദരരാജൻ. തന്റേതായ വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇതിൽ നിന്ന് തെല്ലുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഇത് തന്നെയാണ് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചതും. പത്മനാഭസ്വാമിയുടെ അളവറ്റ സമ്പത്തിനെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹത്തെ അന്ന് നയിച്ചത്. ശ്രീപത്മനാഭന്റെ സമ്പത്ത് അന്യാധീനപ്പെടരുത് അത് എപ്പോഴും സുരക്ഷിതമായിരിക്കണം. ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം.

നിലവറകളിലെ അളവറ്റ ധനം അത് എല്ലാ കാലവും നിലവറകളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കപ്പെടണം. ഇത് പുറത്ത് പോകുന്നുണ്ടോ എന്ന് സംശയം വന്നതോടെ അരയും തലയും മുറുക്കി സുന്ദരരാജൻ രംഗത്ത് വരുകയായിരുന്നു. ഇത് നീണ്ടകാലത്തെ നിയമപോരാട്ടവുമായി മാറുകയും ചെയ്തു. ക്ഷേത്രഭരണം സർക്കാർ കയ്യാളട്ടെ എന്ന നിർദ്ദേശവുമായാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അനുകൂലവിധി വന്നെങ്കിലും തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ക്ഷേത്രനിലവറകൾ തുറന്ന് സ്വത്തുവകകളുടെ കണക്കെടുക്കാൻ കോടതി ഉത്തരവായത്. നിലവറകൾ തുറന്നതോടെ വിവാദമെല്ലാം അദ്ദേഹത്തെ കേന്ദ്രീകരിച്ചായി.

ക്ഷേത്രത്തിലെ അമൂല്യനിധികളുടെ കണക്കെടുത്ത് സംരക്ഷിക്കുകയായിരുന്നു സുന്ദരരാജന്റെ ലക്ഷ്യം. ശതകോടികളുടെ മൂല്യമുള്ള മഹാനിധി കണ്ടെത്തിയതോടെ തന്റെ ദൗത്യം പൂർത്തിയായെന്നും ഇനിയെല്ലാം ശ്രീപത്മനാഭൻ നോക്കിക്കൊള്ളുമെന്നും മരണത്തിന്റെ തലേന്ന് തന്നെക്കാണാനെത്തിയവരോട് സുന്ദരരാജൻ പറഞ്ഞിരുന്നു. ഇഷ്ടദേവനായ ശ്രീപത്മനാഭപ്പെരുമാളാണ് തന്നെ ഈ ദൗത്യത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

2007- ൽ ക്ഷേത്ര നിലവറകൾ തുറന്ന് ചിത്രങ്ങളെടുത്ത് ആൽബം തയ്യാറാക്കാൻ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ തീരുമാനിച്ചതോടെയാണ് കേസുകൾക്കും തുടക്കമായത്. 2007 ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നിലവറകൾ തുറക്കുമെന്നായിരുന്നു അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസർ ശശി സാംസണിന്റെ സർക്കുലർ. പല സംശയങ്ങൾക്കും അതിടയാക്കി. ചില ഭക്തരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായതോടെ ഇത് മാറ്റിവച്ചു. സെപ്റ്റംബറിൽ വിശ്വംഭരൻ, പത്മനാഭൻ എന്നീ ഭക്തർ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്‌കോടതിയിൽ നിന്ന് നിലവറകൾ തുറക്കുന്നതിന് സ്റ്റേ വാങ്ങി. അതിന് ശേഷം ഡിസംബറിൽ ഉണ്ടായ പ്രിൻസിപ്പൽ സബ്ജഡ്ജ് എസ്.എസ്.വാസന്റെ വിധി ക്ഷേത്രം സംബന്ധിച്ച അധികൃതരുടെ നിലപാടിന് എതിരായിരുന്നു.

ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ആർ.വി.രവീന്ദ്രനും എ.കെ.പട്‌നായിക്കും അടങ്ങിയ ബെഞ്ച് വിലക്കി. എന്നാൽ, ക്ഷേത്ര നിലവറകൾ തുറന്ന് പരിശോധിച്ച് ആസ്തി തിട്ടപ്പെടുത്താൻ ഉത്തരവിട്ടു.നിലവറ തുറക്കാൻ സുപ്രീംകോടതി നിയോഗിച്ച ഏഴംഗസംഘത്തിൽ സുന്ദരരാജനുമുണ്ടായിരുന്നു. ആറുനിലവറകളിൽ അഞ്ചും തുറന്നതിന് സാക്ഷിയായ സുന്ദരരാജൻ പക്ഷേ സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധികേൾക്കാൻ കാത്തുനിന്നില്ല. അപ്പോഴേക്കും എഴുപതാമത്തെ വയസിൽ അദ്ദേഹം കഥാവശേഷനായി. നിലവറകളിലെ അമൂല്യ സ്വത്തിന്റെ വിവരങ്ങളിലൂടെ ക്ഷേത്രം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയപ്പോൾ, സുന്ദരരാജൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. കുറേ ദിവസങ്ങൾ കടുത്ത മാനസികപ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നു. അടിയുറച്ച പത്മനാഭദാസൻ ആയിരുന്ന അദ്ദേഹം എന്നാൽ ആ വിവാദകാലത്ത് ഒരിക്കൽപ്പോലും ക്ഷേത്രദർശനം മുടക്കിയിരുന്നുമില്ല.

അടിയുറച്ച ഭക്തൻ; വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയും വരുത്തിയില്ല

1941 ൽ ടി.കെ.പത്മനാഭ അയ്യങ്കാറുടെയും ശേഷമ്മാളുടെയും മകനായാണ് ജനനം. ബി.എസ്.സി, എം.എൽ, എൽ.എൽ.എം. ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഐപിഎസ് നേടി ഐ.ബിയിലെ അസി. ഡയറക്ടറായി. ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള 1964 ബാച്ച് ഐപിഎസ് ഓഫീസറായാണ് സുന്ദരരാജൻ സർവീസിൽ പ്രവേശിച്ചത്. 29 ആം വയസ്സിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അസി. ഡയറക്ടറായി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്റ്റാഫ് അംഗമായിരുന്നു. അച്ഛന്റെ അനാരോഗ്യമാണ് ഐബിയിലെ ജോലിയും അഭിഭാഷക വൃത്തിയും അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ സുന്ദരരാജനെ പ്രേരിപ്പിച്ചത്. അച്ഛനൊപ്പം ക്ഷേത്രത്തിലെ നിത്യസന്ദർശകനായി. വിവാഹത്തിൽ നിന്നും ഒഴിഞ്ഞു ഭക്തിമാത്രമായി പിന്നീടുള്ള ജീവിതം. തികച്ചുമൊരു സന്ന്യാസിയുടെ രൂപവും ഭാവവുമായിരുന്നു. എപ്പോഴും ചുണ്ടിൽ നാരായണജപം. അധികം സംഭാഷണമില്ല. ഇതായിരുന്നു രീതി.

പുലർച്ചെ രണ്ടരയ്ക്ക് എഴുന്നേൽക്കും. നാല് മണിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 5.45ന് തിരിച്ചെത്തിയശേഷം നേരെ വരാഹം ക്ഷേത്രത്തിലേക്ക്. ഇലക്ട്രിക് സ്‌കൂട്ടറിലായിരുന്നു യാത്ര. 7.40ന് തിരിച്ചെത്തും. എട്ട് മണിക്ക് വീണ്ടും കുളി. 10.45വരെ വീട്ടിൽ 24 സാളഗ്രാമത്തിന് പൂജ. 11 മണിക്ക് വീണ്ടും പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. 12 മണിക്ക് തിരിച്ചെത്തി നേരത്തെ തയ്യാറാക്കിയ നിവേദ്യം കഴിക്കും. കൂട്ടിനായി സ്വയം തയ്യാറാക്കിയ പരിപ്പുകറി. ഒരുദിവസത്തെ ആകെ ഭക്ഷണവും ഇതുതന്നെ. കുടിക്കാനും കുളിക്കാനുമെല്ലാം കിണറിലെ വെള്ളമേ ഉപയോഗിക്കൂ. അത് സ്വയം കോരിയെടുക്കും. വസ്ത്രം അലക്കാനും മറ്റാരെയും ആശ്രയിക്കില്ല. 12 മുതൽ 4.30 വരെവീടിനുള്ളിൽത്തന്നെയുള്ള ഓഫീസ് മുറിയിൽ കേസുകളുടെ ലോകത്ത്, സുപ്രീംകോടതിയിലെയും മറ്റും അന്നന്നത്തെ വിധികൾവരെ അപ്‌ഡേറ്റ് ചെയ്ത് ഓർമ്മയിൽ സൂക്ഷിക്കും.

അപൂർവ്വമായേ കോടതിയിൽ പോയിരുന്നുള്ളുവെങ്കിലും അഭിഭാഷകരുടെ സർവവിജ്ഞാനകോശമായിരുന്നു സുന്ദരരാജൻ. അഞ്ചുമണിക്ക് വീണ്ടും കുളിച്ച് ആറ് മണിക്ക് ദിപാരാധന തൊഴാൻ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഏഴിന് തിരിച്ചെത്തും. എട്ട് വരെ വീട്ടിൽ പൂജ. എട്ട് മണിക്ക് വീണ്ടും ശ്രീവരാഹം ക്ഷേത്രത്തിലേക്ക്. അവിടെനിന്ന് നേരെ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഒമ്പത് മണിയോടെ തിരിച്ചെത്തിയാൽ 10.30 വരെ നാരായണീയവും ഭാഗവതവും വായിച്ച് ഇരിക്കും. തുടർന്ന് ഉറക്കം. തികഞ്ഞ വൈഷ്ണവഭക്തനായ സുന്ദരരാജൻ പ്രശസ്തമായ 108 വൈഷ്ണവക്ഷേത്രത്തിൽ 105ലും ദർശനം നടത്തിയിട്ടുണ്ട്. ബദരീനാഥിലെ ആദിശങ്കര അദ്വൈത ഫൗണ്ടേഷന്റെ ട്രഷററായിരുന്നു, എഴുപതാം വയസിൽ മരിക്കുവോളം. മൂത്ത സഹോദരൻ ടി.പി.കൃഷ്ണനോടും അദ്ദേഹത്തിന്റെ മകൻ അഡ്വ. അനന്തപത്മനാഭനോടുമൊപ്പമായിരുന്നു താമസം. അനന്തപത്മനാഭനാണ് മരണാനന്തര കർമങ്ങൾ ചെയ്തത്. ഇതേ അനന്തപത്മനാഭനാണ് അദ്ദേഹത്തിനു വേണ്ടി ഈ കേസ് സുപ്രീംകോടതിയിലും പിന്തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP