Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് ഉപയോഗിച്ച കാർ മലപ്പുറം സ്വദേശിയുടേത്; പുണെയിൽ ബിസിനസുകാരനായ ഉസ്മാൻ കാരാടന്റെ ഉടമസ്ഥതയിലുള്ള കാർ മോട്ടോർ വാഹനവകുപ്പിന്റെ രേഖയിലുള്ളത് എംബസി വിഭാഗം വാഹനം എന്ന നിലയിൽ; വാഹനം രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലെ പുണെക്കടുത്തെന്ന് കണ്ടെത്തൽ; കാർ ഒ.എൽ.എക്‌സിൽ വിറ്റതാണെന്നും സന്ദീപിനെ അറിയില്ലെന്നും വാഹനം ഉടമ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് ഉപയോഗിച്ച കാർ മലപ്പുറം സ്വദേശിയുടേത്. മലപ്പുറം ജില്ലയിലെ എ.ആർ നഗർ സ്വദേശിയായ ഉസ്മാൻ കാരാടന്റെ പേരിലുള്ളതാണ് കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ പുണെയിൽ ബിസിനസുകാരനാണ്.മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ വാഹനം എംബസി വിഭാഗത്തിലുള്ളതെന്നാണ് രേഖപ്പെടുത്തിയത്.വാഹനം രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലെ പുണെക്കടുത്ത് നാലിയിലാണ്. ഉടമയുടെ നമ്പറായി നൽകിയത് ഏജന്റിന്റെ നമ്പറാണെന്നും വ്യക്തമായി.

വാഹനം ഒ.എൽ.എക്‌സിലൂടെ പരസ്യം ചെയ്ത് വിറ്റതാണെന്ന് ഉസ്മാൻ കാരാടൻ പ്രതികരിക്കുന്നത്. സന്ദീപ് നായരെ നേരിട്ടറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ ഇനി പിടിയിലാകാനുള്ള ഫാസിൽ ഫരീദ് തൃശൂർ സ്വദേശിയാണ്. കസ്റ്റംസ് കസ്റ്റഡിയിലായിരിക്കെ ഇന്ന് റിമാന്റിലായ പ്രതി റമീസ് മുൻപും സ്വർണം കടത്തിയെന്ന് കണ്ടെത്തി.

കരിപ്പൂർ വിമാനത്താവളം വഴി 17 കിലോ സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഈ നീക്കം പരാജയപ്പെടുത്തിയിരുന്നു. 2015 ലാണ് ഈ സംഭവം. അയൽവാസിയുടെ പേരിൽ എയർ കാർഗോ വഴിയാണ് സ്വർണം കരിപ്പൂരിലേക്ക് എത്തിച്ചത്.
സ്വർണം കടത്തിയതിന്റെ പ്രതിഫലം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി എൻ.ഐ.എയുടെ രണ്ടാം എഫ്ഐആർ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ശ്രമം നടന്നു. നേരത്തേ സാധാരണ വിമാനങ്ങളിലായിരുന്നു കടത്ത്. ലോക്ഡൗണിനു ശേഷം ചാർട്ടേഡ് ഫ്ളൈറ്റുകളിൽ കടത്തിയതാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാൻ കാരണം. യു.എ.പി.എ 16,17,18 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ സ്വപ്നാ സുരേഷും സരിതും സന്ദീപ് നായരും കൂടുതൽ കേസിൽ പ്രതിയാകുമെന്ന് ഉറപ്പായി. കേസിൽ പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പ് സ്വദേശി കെ.ടി. റമീസിനെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്തിയ സംഭവത്തിനു പിന്നിലെ വൻ ഗൂഢാലോചന പുറത്തുവരാനുണ്ടെന്ന് എൻ.ഐ.എ. വ്യക്തമാക്കുന്നത്. അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ട്. സ്വർണത്തിന്റെയും ഇതിനു പിന്നിലെ പണമിടപാടും സംബന്ധിച്ച് വിശദ അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റകൃത്യത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കഴിയൂ. ഇതുവരെ ശേഖരിച്ച തെളിവുകൾ പ്രതികളുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. അപേക്ഷ വിശദമായി പരിഗണിക്കുന്നതിനാണ് കോടതി ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്ത്, മലപ്പുറത്തുനിന്ന് ഞായറാഴ്ച പുലർച്ച അറസ്റ്റ് ചെയ്ത റമീസ് എന്നിവരെ എൻ.ഐ.എ സംഘം ചോദ്യംചെയ്തു. എൻ.ഐ.എ എ.എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസിന്റെ ഓഫിസിലെത്തി ചോദ്യം ചെയ്തത്. റമീസിന് സ്വർണക്കടത്തിലുള്ള പങ്ക്, ഒളിവിലുള്ള ഫാസിൽ ഫരീദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. റമീസിനെ കസ്റ്റംസ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ കുരുക്കു മുറുക്കി അന്വേഷണസംഘം മുമ്പോട്ട് പോവുകയാണ്. സ്വർണക്കടത്തിന്റെ ഇടനിലക്കാരനെന്ന് കരുതുന്നയാളെ കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. ഇയാളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല. മുഖ്യകണ്ണികളിലൊരാളായ മലപ്പുറം വെട്ടത്തൂർ സ്വദേശി റമീസിനെ ശനിയാഴ്ച രാത്രി പൊലീസ് സഹായത്തോടെ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വപ്ന പുറത്തെത്തിച്ച സ്വർണം വിതരണം ചെയ്തത് റമീസാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇതോടെ കേസിൽ കസ്റ്റംസും എൻ.ഐ.എ.യും കൂടി അറസ്റ്റുചെയ്ത പ്രതികളുടെ എണ്ണം അഞ്ചായി.

കഴിഞ്ഞദിവസം ബെംഗളൂരുവിൽനിന്ന് എൻ.ഐ.എ. പിടികൂടിയ സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലെ എൻ.ഐ.എ. കോടതി മൂന്നുദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ കോവിഡ് സെന്ററിലേക്ക് മാറ്റി. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ. നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന സുരേഷിനെ തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റിയപ്പോൾ സന്ദീപ് നായരെ കറുകുറ്റിയിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽനിന്ന് പിടികൂടിയ സ്വപ്നയെയും സന്ദീപിനെയുംകൊണ്ട് ഞായറാഴ്ച രാവിലെയാണ് എൻ.ഐ.എ. സംഘം യാത്രതിരിച്ചത്. ഉച്ചയ്ക്കു രണ്ടുമണിക്ക് കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലെത്തി. യാത്രയ്ക്കിടയിൽ ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കലും നടത്തിയ ശേഷമാണ് ഇരുവരേയും എൻ.ഐ.എ. കൊച്ചി ഓഫീസിലെത്തിച്ചത്. അവിടെനിന്ന് 4.15-ന് ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി.

എൻ.ഐ.എ. കോടതി പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാർ പ്രത്യേക സിറ്റിങ് നടത്തിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ എൻ.ഐ.എ. ഓഫീസിൽനിന്ന് കോടതിയിലെത്തിച്ചത്. കോടതി നടപടികൾ പൂർത്തിയാക്കി അഞ്ചരയോടെ ജഡ്ജി മടങ്ങിയെങ്കിലും സന്ദീപ്, ബി.പി.ക്കുള്ള മരുന്ന് ആവശ്യപ്പെട്ടതിനാൽ അതും എത്തിച്ചുനൽകിയ ശേഷമാണ് ഇവരെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP