Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണ്ണക്കള്ളക്കടത്ത്: ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി സർക്കാരിന് ഒഴിയാനാവില്ല - എസ്.യു.സിഐ (കമ്യൂണിസ്റ്റ്)

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലൊമാറ്റിക് ബാഗേജ് വഴി നടത്തിയ സ്വർണ്ണക്കള്ളക്കടത്തിന്റെ യഥാർത്ഥ വസ്തുതകൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങൾ പ്രകാരം നാടിനെ ഞെട്ടിപ്പിച്ച ഈ കള്ളക്കടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനും പൊതുവിൽ സർക്കാരിനും ഒഴിയാനാകില്ലെന്ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഈ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നു കസ്റ്റംസ് അധികൃതർ സൂചിപ്പിച്ചിട്ടുള്ള വനിത, മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐടി വകുപ്പിന്റെ കീഴിൽ ഒരു പ്രോജക്റ്റിന്റെ ഓപ്പറേഷണൽ മാനേജർ എന്ന തസ്തികയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ആ വ്യക്തിയാകട്ടെ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ പ്രതിയുമാണ്. കേരള ഹൈക്കോടതിയിൽ പ്രസ്തുത കേസ് നടക്കുന്ന വേളയിൽത്തന്നെയാണ് അവരെ ഉയർന്ന ഒരു തസ്തികയിലേക്ക് നിയമിച്ചിട്ടുള്ളതും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഈ വനിതയും തമ്മിൽ ദൃഢമായ ചങ്ങാത്തം നിലനിന്നിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ വിവാദ വനിതയുടെ നിയമനം തന്നെ ഇവർ തമ്മിലുള്ള ഇടപാടുകളുടെ ഭാഗമാണോ എന്ന സംശയവും ന്യായമായും ഉയർന്നിട്ടുണ്ട്. പ്രോജക്റ്റ് കൺസൽറ്റന്റായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലേക്കു ഈ വനിതയെ ഐ.ടി വകുപ്പാണ് റഫർ ചെയ്തതെന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഈ നിയമനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐ.ടി വകുപ്പിനു തന്നെയാണ്. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് അവഗണിച്ചും അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ ആധികാരികത പോലും പരിശോധിക്കാതെയും ഒരു ഉയർന്ന തസ്തികയിലേക്കു നിയമനം നടത്താൻ ചുക്കാൻ പിടിച്ച ഐ.ടി വകുപ്പ് ഗുരുതരമായ ക്രമക്കേടാണ് കാട്ടിയിട്ടുള്ളത്. വളഞ്ഞമാർഗ്ഗങ്ങളിലൂടെ നേടിയ ഉയർന്ന ജോലിയും അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളിലുള്ള സ്വാധീനവും സ്റ്റേറ്റ് കാറും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡും ഇവയെല്ലാം ഉപയോഗപ്പെടുത്തി ഈ വനിത നടത്തിയിട്ടുള്ള സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും എങ്ങിനെയാണ് സർക്കാരിന് ഒഴിയാനാവുക? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, തന്റെ വ്യക്തിഗതമായ ഉത്തരവാദിത്തത്തിൽ മാത്രമായിട്ടാണ് പ്രവർത്തിച്ചിരിക്കുന്നതെങ്കിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് ഗുരുതരമായ വീഴ്ചയാണ്. ഈ വിധത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ സംസ്ഥാന ഇന്റലിജൻസിനും കഴിയാതെ പോയോ? അതോ അവരുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞതോ? ഏതുനിലയിൽ പരിശോധിച്ചാലും സ്വർണ്ണക്കള്ളക്കടത്തിന്റെ പ്രധാന പ്രതി വിവാദ വനിതയാണെങ്കിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കേരള സർക്കാരിന് കൈകഴുകി രക്ഷപെടാനാവില്ല.

ആഗോളവൽക്കരണം മുന്നോട്ടുവയ്ക്കുന്ന ഭരണനിർവ്വഹണത്തിന്റെയും പദ്ധതിനടത്തിപ്പിന്റെയും പുതിയ മാർഗ്ഗങ്ങൾ അഴിമതികളുടെയും കമ്മീഷനുകളുടെയും വൻ സാധ്യതകളാണ് തുറന്നിട്ടുള്ളത്. ഇപ്പോൾ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളായ കെ.ഫോൺ, റീബിൽഡ് കേരള, ഡ്രീം കേരള, ഇ -മൊബിലിറ്റി, സ്പേസ് പാർക്ക് തുടങ്ങിയ നിരവധി പദ്ധതികളുടെ കൺസൾറ്റൻസിയുടെയും പ്രോജക്റ്റ് മാനേജുമെന്റിന്റെയും രംഗത്ത് പ്രവർത്തിക്കുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി, സ്പ്രിങ്ളർ തുടങ്ങിയ സ്ഥാപനങ്ങൾ കമ്മീഷനും കിക്ക് ബാക്കും നൽകി കരാർ നേടിയെടുക്കുന്നതിൽ കുപ്രസിദ്ധി നേടിയവയാണ്. സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ഇത്തരം തട്ടിപ്പു കമ്പിനികളുടെ നിരവധി ഓഫീസുകളാണ് ഇന്നു പ്രവർത്തിക്കുന്നത്. ഭരണമെന്നാൽ കൺസൾട്ടൻസിയും പോജക്റ്റ് മാനേജുമെന്റ് യൂണിറ്റും കോടികളുടെ കമ്മീഷനും വഴിവിട്ട ഇടപടുകളുമായി മാറിക്കഴിഞ്ഞു. പിണറായി സർക്കാരിന്റെ ഈ പ്രധാനപ്രവർത്തനമേഖലയുടെ മുഖ്യനടത്തിപ്പുകാരൻ ഇപ്പോൾ പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി കൂടിയായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. സ്പ്രിങ്ലറും ബെവ് ക്യു ആപ്പുമൊക്കെ വലിയ വിവാദമായപ്പോഴും ഈ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് സിപിഎം നേതൃത്വമാണ്. ഈ കൺസൾട്ടൻസി ഏർപ്പാടിന്റെ അനവധി പ്രയോജനങ്ങളിലൊന്ന് നിയമന രംഗമാണ്. ഭരണ - രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ വലിയ ശമ്പളം നൽകി പോജക്റ്റുകളിൽ നിയമിക്കുക എന്നത് കൺസൾട്ടൻസി കരാർ ലഭിക്കുന്ന ഏജൻസികളുടെ സ്ഥിരം പ്രവർത്തനരീതിയാണ്. രാജ്യത്തുനിലനിൽക്കുന്ന നിയമനത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങളൊന്നും പാലിക്കാതെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനും അതേസമയം നിയമനത്തിന്റെ ക്രമക്കേട് ആരെങ്കിലും ഉയർത്തിയാൽ നിയമനത്തിൽ തങ്ങൾക്കു പങ്കില്ലെന്നുപറഞ്ഞ് കൈയൊഴിയാനും ഇതു വഴിയൊരുക്കുന്നു.

ഇപ്പോൾ കള്ളക്കടത്തിൽ ആരോപിതയായ വനിതയുടെ നിയമനത്തിന്റെ കാര്യത്തിലും ഇതാണ് നടന്നിട്ടുള്ളത്. ഐ.ടി വകുപ്പിന്റെ ജീവനക്കാരിയല്ല, താൽക്കാലിക ജീവനക്കാരിയാണ്, നിയമിച്ചത് തങ്ങളറിഞ്ഞില്ല എന്നൊക്കെയുള്ള വാദങ്ങൾ തികഞ്ഞ കാപട്യം മാത്രമാണ്. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും അന്വേഷണ വിധേയമാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP