Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്...! അമൂല്യ നിധിശേഖരം സൂക്ഷിച്ച നിലവറ തുറന്നാലുള്ള നാശത്തെ കുറിച്ച് പ്രചരിച്ച അവിശ്വസനീയ കഥകൾ പലവിധം; നസ്രാണി ദീപിക പത്രത്തിൽ 1931 ഡിസംബർ 11ന് വന്ന വാർത്ത മറിച്ചും; ഒടുവിൽ ബി നിലവറിൽ തീരുമാനം എടുക്കാതെ സുപ്രീംകോടതിയും; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേത് മണിച്ചിത്രത്താഴിൽ പൂട്ടിയ നിലവറ രഹ്യങ്ങൾ

ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്...! അമൂല്യ നിധിശേഖരം സൂക്ഷിച്ച നിലവറ തുറന്നാലുള്ള നാശത്തെ കുറിച്ച് പ്രചരിച്ച അവിശ്വസനീയ കഥകൾ പലവിധം; നസ്രാണി ദീപിക പത്രത്തിൽ 1931 ഡിസംബർ 11ന് വന്ന വാർത്ത മറിച്ചും; ഒടുവിൽ ബി നിലവറിൽ തീരുമാനം എടുക്കാതെ സുപ്രീംകോടതിയും; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേത് മണിച്ചിത്രത്താഴിൽ പൂട്ടിയ നിലവറ രഹ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനേകായിരം കോടികളുടെ അമൂല്യ ശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു നിധി കുംഭമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. എന്നാൽ കുട്ടിക്കാലത്ത് കേട്ട നിധി കാക്കുന്ന ഭൂതത്തിന്റെ കഥയിലേതെന്ന പോലെ ഈ നിധി കണ്ടെടുക്കാനുള്ള വഴിയും എളുപ്പമല്ലെന്നാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹക്കഥകൾ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ള പല അപസർപ്പ കഥകളിലേതിനേക്കാളും ഭയാനകമായിരിക്കും ഇത് തുറന്നാൽ തിരുവനന്തപുരം നഗരത്തിന് നേരിടേണ്ടി വരിക എന്നതാണ് രാജകുടുംബത്തിൽ നിന്നുള്ള കഥകളും സൂചിപ്പിക്കുന്നത്.

പണ്ട് മാർത്താണ്ഡവർമ്മയുടെ പടയോട്ട കാലത്ത് പല നാട്ടുരാജാക്കന്മാരെയും പരാജയപ്പെടുത്തി നേടിയ സ്വത്തുക്കൾ 1750ൽ ആണ് തൃപ്പടി ദാനം എന്ന പേരിൽ ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിച്ചത്. ഏതായാലും ബി നിലവറയിൽ തീരുമാനം സുപ്രീംകോടതിയും എടുക്കുന്നില്ല. ക്ഷേത്ര ഭരണ സമിതിക്കാകും തീരുമാനം എടുക്കാനുള്ള ചുമതല. ഇതോടെ പ്രാദേശിക നിലപാടുകളും നിർണ്ണായകമാകും. ബി നിലവറ ഇനി തുറക്കുമോ എന്നതാണ് ഈ ഘട്ടത്തിൽ നിറയുന്ന ചോദ്യം. സർക്കാരിന്റേയും രാജകുടുംബത്തിന്റേയും മനസ്സാകം നിർണ്ണായകം.

പുരാതന നിധി ശേഖരങ്ങൾ ക്ഷേത്രത്തിൽ സൂക്ഷിച്ച് വെച്ചപ്പോഴും ഒരു വിദേശ ശക്തിയെ തന്നെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച മാർത്താണ്ഡ വർമ്മ എന്ന മഹാരാജാവ് ഈ നിധി കുംഭങ്ങളും എക്കാലവും ആരും കവർന്നെടുക്കാനാവാത്ത വിധം മണിച്ചിത്രത്താഴിട്ട് തന്നെ പൂട്ടുകയായിരുന്നു എന്നാണ് കഥ. അതുകൊണ്ട് തന്നെ മിത്തുകളും ഭാവനകളും ചാലിച്ച് നിരവധി കഥകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഇപ്പോഴും നിലനിൽക്കുന്നത്. കാലങ്ങളായുള്ള ഇത്തരം അപസർപ്പക കഥകൾ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ചർച്ചയായിരുന്നു. ചരിത്രത്തെ അടക്കം കൂട്ടുപിടിച്ചുള്ള ഭാവനാ കഥകൾ.

ബി നിലവറ തുറന്നാൽ നിധികൾക്ക് കാവലിരിക്കുന്ന നാഗങ്ങൾ തന്നെ നഗരത്തെ വിഴുങ്ങും!

വിഷ്ണു ക്ഷേത്രമായ ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഈ നിധികൾക്ക് കാവലായിരിക്കുന്നതും സാക്ഷാൽ വിഷ്ണുവിന്റെ കിടക്കയായി മാറിയ നാഗങ്ങൾ തന്നെ. നിലവറ തുറന്നാൽ ഈ നിധികൾക്ക് കാവലിരിക്കുന്ന നാഗങ്ങൾ തന്നെ നഗരത്തെ വിഴുങ്ങും. 1908ൽ ഉണ്ടായ ക്ഷാമത്തെ തുടർന്ന് വരൾച്ചയെ നേരിടാൻ ഈ നിലവറ തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിലവറ തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ നാഗങ്ങളുടെ കൂട്ടത്തെ കണ്ട് അടയ്ക്കുകയും ചെയ്തു. മാത്രമല്ല നിലവറയ്ക്കകം മുഴുവൻ വെള്ളത്തിനടിയിലായിരുന്നെന്നും പറയപ്പെടുന്നു. തിരമാലകൾ ആർത്തലയ്ക്കുന്ന ശബ്ദവും കേട്ടിരുന്നതായും അന്നത്ത പത്രങ്ങൾ സൂചിപ്പിക്കുന്നു. അന്ന്, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് അറബിക്കടലിലേക്കാണെന്നാണ് പറയപ്പെടുന്നത്.

ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല മുഴുവൻ വെള്ളത്തിലാകുമെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബവും ഈ വസ്തുത ചൂണ്ടിക്കാണിച്ചതോടെ ആളുകൾ രണ്ട് തട്ടിലായിരിക്കുകയണ്. ക്ഷേത്ര ചരിത്രങ്ങൾ തന്നെയാണ് ജനത്തെ ഭയത്തിലാഴ്‌ത്തിയിരിക്കുന്നത്. നിലവറ തുറന്നാൽ സുനാമിക്ക് സമാനമായി നിലവറയിലൂടെ കടലിൽനിന്നും വെള്ളം ഇരച്ച് കയറി നഗരത്തെ മുഴുവൻ വെള്ളത്തിൽ മുക്കി കളയുമെന്നതാണ് ഒരു പ്രധാന കഥ.

നിലവറയിൽ നിന്ന് ശംഖുമുഖത്തേക്ക് രഹസ്യ തുരങ്കം!

ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നത്. ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്.

ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ മുങ്ങുമെന്നാണ് പ്രചരണം. രാജഭരണ കാലത്ത് സ്വർണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നുവെന്ന പ്രചരണവും ശക്തമാണ്.

ഈ നിലവറയുടെ വാതിൽ നേരിട്ടു തുറന്നാൽ അപകടമുണ്ടാകുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. മറ്റു നിലവറകളിൽ നിന്നു ബി നിലവറയിൽ സ്വർണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തിൽ നിന്നു ബി നിലവറയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്. തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാൽ സ്വത്ത് വഹകൾ സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

നിലവറയുടെ താക്കോൽ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വർണം കവരാൻ ശ്രമിച്ചാൽ സൈന്യം അടക്കം കടലിൽ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം എന്നാണ് അഭ്യൂഹം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാൽ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് പ്രചരണം. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നിൽക്കുന്നതെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ ക്ഷേത്രത്തിൽ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന വിവരത്തെത്തുടർന്ന് ഭൗമശാസ്ത്രജ്ഞർ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു തുരങ്കം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കൃത്യമായൊരു നിഗമനത്തിലെത്താൻ അവർക്കായിരുന്നില്ല.

നിലവറ തുറക്കണമെങ്കിൽ തന്ത്രികൾ ഗരുഡ മന്ത്രം ആലപിക്കണം

തന്ത്രികൾ ഗരുഡ മന്ത്രം ആലപിച്ചു കൊണ്ട് വേണം ഈ നിലവറ തുറക്കാൻ എന്നും വിശ്വാസമുണ്ട്. അതിന് മാത്രം പ്രാവിണ്യമുള്ള തന്ത്രികൾ ഇല്ലെന്നാണ് പറയപ്പെടുന്നത്. വാസ്തു വിദ്വാന്മാർ പോലും പറയുന്നത് ഈ വാതിൽ തുറക്കാൻ കഴിയില്ലെന്നതണ്. മാർത്താണ്ഡ വർമ്മയുടെ കാലത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ച മേത്തന്മണി ഈ അടുത്തകാലത്ത് പുനഃസ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അത് ശരിയാക്കാൻ പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ കഴിഞ്ഞില്ലെന്നതും കൺമുന്നിൽ നടന്ന വസ്തുതയാണ്. അത്ര പൂർണ്ണതയോടെയാണ് ഓരോ പണികളും നടത്തിയിരിക്കുന്നത്.

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാൽ കനത്ത സുരക്ഷയാണ് ശ്രീപത്മനാഭക്ഷേത്രത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യാതിർത്തിയായ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാൽ തന്നെ കേന്ദ്രത്തിന്റെ മേൽനോട്ടവും ക്ഷേത്രത്തിനുണ്ട്.

എല്ലാം കെട്ടുകഥയോ?

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ, ബി നിലവറകൾ തുറന്നാൽ മൂർഖൻ പാമ്പ് കൊത്തുമെന്നും രാജ്യം നശിച്ചുപോകുമെന്ന് ഒക്കെയുള്ളത് വെറും കെട്ടുകഥകൾ എന്ന് വാദിക്കുന്നവരുമുണ്ട്. പത്ഭനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ മുമ്പും തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സർക്കാർ സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. ബി നിലവറയുമായി ബന്ധപ്പെട്ട് രാജ കുടുംബം നടത്തിയ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന് രാജകുടുംബം വാദിക്കുമ്പോഴാണ് നിലവറ തുറക്കുന്നതിന്റെ രേഖകളും പത്രറിപ്പോർട്ടുകളും സമിതി സുപ്രീം കോടതിക്ക് മുൻപാകെ ഹാജരാക്കിയത്.

ഒരു നൂറ്റാണ്ട് മുൻപാണ് ബി നിലവറയായ മഹാഭരതകോൺ കല്ലറയും എ നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും തുറന്നതെന്നാണ് രാജകുടുംബം ആദ്യം വാദിച്ചിരുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ഇപ്പോഴുള്ള രേഖകൾ സൂചിപ്പിക്കുന്നത്. നസ്രാണി ദീപിക പത്രത്തിൽ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാർത്ത 1931 ഡിസംബർ 11ന് വന്നിരുന്നു. രാവിലെ 10ന് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാൻ), ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരും ശാസ്ത്രീയ വിദഗ്ധരും മൂല്യം നിർണയിക്കാൻ ഉണ്ടായിരുന്നു. ആദ്യത്തെ ഇരുമ്പു വാതിൽ നാലു മണിക്കൂർ പ്രയത്നത്തിനൊടുവിലാണ് തുറക്കാനായത്. ഇത് കഴിഞ്ഞുള്ള തടിവാതിൽ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിർണയം പൂർത്തിയാക്കിയത്. സ്വർണം,- ചെമ്പ് നാണയങ്ങളും പണവും നാലു പിത്തള കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്. കൂടാതെ നാണയങ്ങൾ തറയിലും കിടന്നിരുന്നു. മൂല്യനിർണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ തിരിച്ചുവച്ചു.

വൈദ്യുതി വെളിച്ചവുമായി ജീവനക്കാർ ആദ്യം കയറി വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷമാണ് ബാക്കിയുള്ളവർ അകത്തുകയറിയത്. മറ്റ് നിലവറകളായ പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവടങ്ങളിലും സമാനമായി മൂല്യനിർണയം നടത്തി. 1931 ഡിസംബർ ഏഴിലെ ദ് ഹിന്ദു, അതേവർഷത്തെ പ്രതിദിനം പത്രങ്ങളിലും മൂല്യനിർണത്തിന്റെ വിശദ വാർത്തയുണ്ടായിരുന്നു. 1908ൽ എ, ബി നിലവറകൾ തുറന്നാൽ മൂർഖൻ പാമ്പ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിർണയമെന്ന് വിദഗ്ധസമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിദേശ എഴുത്തുകാരനായ എമിലി ഗിൽക്രിസ്റ്റ് ഹാച്ച് 1933ൽ പുറത്തിറക്കിയ ട്രാവൻകൂർ- എ ഗൈഡ് ബുക്ക് ഫോർ ദ് വിസിറ്റർ എന്ന പുസ്തകത്തിൽ മൂല്യനിർണയം നടത്തിയതിനെ കുറിച്ച് പറയുന്നുണ്ട്.ഒരു നൂറ്റാണ്ടായി തുറന്നിട്ടില്ലെന്ന വാദം നിലനിൽക്കെയാണ് സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് വിദഗ്ധസമിതി എ നിലവറ തുറന്ന് മൂല്യ നിർണയം നടത്തിയത്. ബി നിലവറയും തുറന്നാൽ മാത്രമേ മൂല്യ നിർണയം പൂർണമാക്കുവെന്ന് സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ഇനി സാധ്യമാകുമോ എന്ന സംശയമാണ് സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP