Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുക്കാൽ കോടിയിലേറെ മുടക്കി ഫ്‌ളാറ്റ് വാങ്ങുന്നത് അഞ്ച് വർഷം മുൻപ്; താമസം തുടങ്ങിയപ്പോൾ ചുമർ അലമാര വഴി മഴവെള്ളം ഉള്ളിലേക്ക്; പരാതിപ്പെട്ടപ്പോൾ വൈദ്യുതി കട്ട് ചെയ്ത് ക്രൂരത; ഹൈക്കോടതിയിൽ വിധി അനുകൂലമായപ്പോൾ വൈദ്യുത കണക്ഷൻ നൽകാതെ കെ എസ് ഇ ബി; വിവരാവകാശങ്ങൾ തെളിയിക്കുന്നത് ഫയർ എൻഒസിയോ നഗരസഭാ അനുമതിയോ ഇല്ലെന്ന ഞെട്ടിക്കുന്ന സത്യം; കൊച്ചി തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്‌റ്റൈലിൽ ഹീര ബാബു നടത്തിയ ചതിയുടെ കഥ

മുക്കാൽ കോടിയിലേറെ മുടക്കി ഫ്‌ളാറ്റ് വാങ്ങുന്നത് അഞ്ച് വർഷം മുൻപ്; താമസം തുടങ്ങിയപ്പോൾ ചുമർ അലമാര വഴി മഴവെള്ളം ഉള്ളിലേക്ക്; പരാതിപ്പെട്ടപ്പോൾ വൈദ്യുതി കട്ട് ചെയ്ത് ക്രൂരത; ഹൈക്കോടതിയിൽ വിധി അനുകൂലമായപ്പോൾ വൈദ്യുത കണക്ഷൻ നൽകാതെ കെ എസ് ഇ ബി; വിവരാവകാശങ്ങൾ തെളിയിക്കുന്നത് ഫയർ എൻഒസിയോ നഗരസഭാ അനുമതിയോ ഇല്ലെന്ന ഞെട്ടിക്കുന്ന സത്യം; കൊച്ചി തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്‌റ്റൈലിൽ ഹീര ബാബു നടത്തിയ ചതിയുടെ കഥ

എം മനോജ് കുമാർ

കൊച്ചി: കെട്ടിട നിർമ്മാണ രംഗത്തെ തട്ടിപ്പുകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കേരളത്തിലെ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് ഹീര ബിൽഡേഴ്‌സ്. മുഴുവൻ പണവും മുടക്കി ഫ്‌ളാറ്റ് വാങ്ങിയ ഒട്ടുവളരെ ഫ്‌ളാറ്റ് ഉടമകളെയാണ് ഹീര കണ്ണീരു കുടിപ്പിച്ചത്. ഫ്‌ളാറ്റ് ഉടമകളിൽ നിന്നും പണം കൈപ്പറ്റിയെങ്കിലും പല ഫ്‌ളാറ്റ് സമുച്ചയ നിർമ്മിതിയും ഹീര പൂർത്തിയാക്കിയിട്ടില്ല. ഇവരെല്ലാം തന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കണ്ണീരും കയ്യുമായി കഴിയുകയാണ്.

ഫ്‌ളാറ്റുടമകളെ മുഴുവൻ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് പാപ്പർ സൂട്ടുമായി ഹീര കോടതികൾ കയറിയിറങ്ങുമ്പോൾ ഹീരയുടെ മറ്റൊരു തട്ടിപ്പിന്റെ കഥയാണ് തൃപ്പൂണിത്തുറയിൽ നിന്നും വരുന്നത്. കോടികൾ മുടക്കി ഫ്‌ളാറ്റ് വാങ്ങിച്ച തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്‌റ്റൈൽ ഫ്‌ളാറ്റ് ഉടമകളെയാണ് ഹീര വഞ്ചിച്ചത്. വിവിധ വകുപ്പുകളിൽ നിന്നുള്ള ഒരനുമതിയും ഇല്ലാതെയാണ് 19 നിലകളുള്ള ഹീര ലൈഫ് സ്‌റ്റൈൽ ഫ്‌ളാറ്റ് ഹീര കെട്ടിപ്പടുത്തത്. ഫയർ എൻഒസിയും ഇലക്ട്രിസിറ്റി ഇൻസ്‌പെക്ടറെറ്റിന്റെ സർട്ടിഫിക്കറ്റും നഗരസഭയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റും വരെ ഫ്‌ളാറ്റിനു ഹീര ലഭ്യമാക്കിയിട്ടുമില്ല. മുഴുവൻ പണം നൽകിയതിനാൽ പ്രതിസന്ധിയിലാണ് ഹീരയുടെ വഞ്ചനയ്ക്ക് ഇരയായ ഫ്‌ളാറ്റ് ഉടമകൾ.

തൃപ്പൂണിത്തുറയിൽ ഫ്‌ളാറ്റിന്റെ പേരിൽ ഹീര നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥയാണിത്. തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്‌റ്റൈൽ ഫ്‌ളാറ്റാണ് ഹീരാ തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായി നിൽക്കുന്നത്. കെട്ടിടനിർമ്മാണ രംഗത്ത് നിലനിൽക്കുന്ന എല്ലാ കൃത്രിമത്വത്തിനും മകുടോദാഹരണമാണ് പത്തൊൻപത് നിലകളുള്ള നൂറോളം ഫ്‌ളാറ്റുകൾ ഉള്ള ഈ സമുച്ചയം. 2007-ൽ ഫ്‌ളാറ്റുടമകളിൽ നിന്നും പണം വാങ്ങി തുടങ്ങിയിട്ട് ഫ്‌ളാറ്റ് പൂർത്തിയാക്കുന്നത് 2018ലാണ്. ഫ്‌ളാറ്റ് പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞെങ്കിലും ഫ്‌ളാറ്റ് സമുച്ചയത്തിനു ഏറ്റവും അത്യാവശ്യമായ ഫയർ എൻഒസിയോ, ഇലക്ട്രിസിറ്റി ഇൻസ്‌പെകടറെറ്റിന്റെ എൻഒസിയോ ഒന്നും ഹീര ലഭ്യമാക്കിയില്ല. കോടികൾ നൽകി ഫ്‌ളാറ്റുകൾ സ്വന്തമാക്കിയ ഫ്‌ളാറ്റ് ഉടമകൾ ഹീര നടത്തിയ ഈ നിയമലംഘനത്തിന്റെ പേരിൽ ഭയപ്പാടിലാണ്.

ഫയർ എൻഒസിയില്ലാത്ത ഒരു ഫ്‌ളാറ്റ് സമുച്ചയത്തിനും പ്രവർത്തനാനുമതി ലഭ്യമാക്കില്ല. ഇലക്ട്രിസിറ്റി ഇൻസ്പകടറെറ്റിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കെഎസ്ഇബി കണക്ഷനും ലഭിക്കില്ല. ഇതെല്ലാം ലഭിക്കാൻ ആവശ്യമായ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭയ്ക്കും കഴിയില്ല. അതുകൊണ്ട് തന്നെ അനധികൃത ഫ്‌ളാറ്റായി മാറിയ ഹീര ലൈഫ് സ്‌റ്റൈലിൽ ഫ്‌ളാറ്റ് വാങ്ങിയ മുഴുവൻ ഫ്‌ളാറ്റ് ഉടമകളും പ്രതിസന്ധിയിലാണ്. പരിസ്ഥിതി നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇടിച്ചു തകർക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളുടെ ഗതി തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്‌റ്റൈലിനും വരുമോ എന്ന ചോദ്യമാണ് ഫ്‌ളാറ്റ് ഉടമകളിൽ നിന്നും മുഴങ്ങുന്നത്.

2018-ൽ പൂർത്തിയാക്കിയ ഹീരയുടെ പത്തൊൻപത് നില ഫ്‌ളാറ്റ് സമുച്ചയം എല്ലാ നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. പതിനെട്ട് നിലയ്ക്ക് ആണ് പ്ലാൻ നൽകിയത്. അതിന് മുകളിൽ ഒരു നിലകൂടി പണിതു. അതിനും മുകളിൽ ഹെലിപാഡ് രീതിയിൽ ഒരു കൺസ്ട്രക്ഷൻ വേറെയും നടത്തിയിട്ടുണ്ട്. എല്ലാം അനധികൃതം. അതിനാൽ മുൻസിപ്പാലിറ്റി നൽകേണ്ട കംപ്ലിഷൻ സർട്ടിഫിക്കറ്റ് അവർ നൽകിയില്ല. അഗ്‌നി സുരക്ഷയില്ലാത്തതിനാൽ ഫയർഫോഴ്‌സും എൻഒസി നൽകിയിട്ടില്ല. നഗരസഭാ സർട്ടിഫിക്കറ്റ്, ഫയർ എൻഒസി, വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയം സമൂഹത്തിനു ഭീഷണിയാണെന്ന് കണ്ടു അത് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകണമെന്നു തൃപ്പൂണിത്തുറ നഗരസഭയോട് മുൻ കളക്ടർ സഫീറുള്ള ആവശ്യപ്പെട്ടിരുന്നു.

പക്ഷെ കളക്ടറുടെ നിർദ്ദേശം അടങ്ങിയ ലെറ്റർ കൈപ്പറ്റുകയല്ലാതെ ഒരു നടപടിയും നഗരസഭ കൈക്കൊണ്ടിട്ടില്ല. ഫയർ എൻഒസി ലഭിക്കാതെ ഇലക്ട്രിസിറ്റി ഇൻസ്പക്ടറെറ്റിന്റെ അംഗീകാരമില്ലാതെ വയറിങ് പദ്ധതികൾ പൂർത്തീകരിച്ച് ഒരു ഫ്‌ളാറ്റിനും അനുമതി നൽകുക പതിവില്ല. അതുകൊണ്ട് തന്നെ ഇലക്ട്രിസിറ്റി, വാട്ടർ കണക്ഷനുകൾ ഒന്നും ഫ്‌ളാറ്റിനു ലഭിച്ചിട്ടില്ല. കൺസ്ട്രക്ഷൻ സമയത്ത് ലഭിച്ച താത്കാലിക ഇലക്ട്രിസിറ്റി കണക്ഷനാണ് ഫ്‌ളാറ്റിൽ ഉള്ളത്. ഈ ഒരൊറ്റ കണക്ഷനിൽ നിന്നാണ് ഫ്‌ളാറ്റു സമുച്ചയത്തിലെ മുഴുവൻ ഫ്‌ളാറ്റുകൾക്കും കണക്ഷൻ നൽകിയിരിക്കുന്നത്. താത്കാലികമായി ലഭിച്ച വാട്ടർ കണക്ഷനുമാണ് ഫ്‌ളാറ്റിൽ വെള്ളം എത്തിക്കാൻ ഉപയോഗിക്കുന്നതും. അഗ്‌നിസുരക്ഷ ഏർപ്പെടുത്താതെ, മാലിന്യ പ്ലാന്റ് സ്ഥാപിക്കാതെ, വാട്ടർ, ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതെ 18 നിലയുള്ള ഫ്‌ളാറ്റ് സമുച്ചയം തൃപ്പൂണിത്തുറയിൽ നിലകൊള്ളുമ്പോൾ ഒരു നടപടിയും ഇതുവരെ ഫ്‌ളാറ്റിനു നേർക്ക് വന്നിട്ടില്ല.

ഹീരയുടെ കള്ളക്കളി കണ്ടുപിടിച്ച് ഈ കള്ളക്കളികൾക്കെതിരെ ശബ്ദമുയർത്തിയപ്പോൾ, 78 ലക്ഷം രൂപ നൽകി ഈ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഫ്‌ളാറ്റ് വാങ്ങിയ ബൈജു എന്ന ഫ്‌ളാറ്റ് ഉടമയോട് കടുത്ത ക്രൂരതയാണ് ഹീര ബാബു കാട്ടിയത്. 18 ആം നിലയിലെ തന്റെ ഫ്‌ളാറ്റിൽ വിള്ളൽ വീണപ്പോൾ അത് പരിഹരിക്കാൻ ഹീരയോട് ആവശ്യപ്പെട്ട ഫ്‌ളാറ്റ് ഉടമ ബൈജുവിന്റെ ഇലക്ട്രിസിറ്റി കണക്ഷൻ കട്ട് ചെയ്യുകയാണ് ഹീര ബാബു ചെയ്തത്. ഇതോടെ ഇതിനായി നിയമപോരാട്ടം നടത്തേണ്ട അവസ്ഥ ബൈജുവിന് വന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ  ബൈജുവിന് ഇലക്ട്രിസിറ്റി കണക്ഷൻ നൽകാൻ കെഎസ്ഇബിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പക്ഷെ ഹിയറിങ് നടത്തണമെന്ന് ആവശ്യം മുന്നോട്ട് വെച്ച കെഎസ്ഇബി ഇലക്ട്രിസിറ്റി ഇൻസ്‌പെക്ടറെറ്റിന്റെ അനുമതിയില്ലാതെയാണ് വയറിങ് പൂർത്തിയാക്കിയത് എന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച്  ബൈജുവിന് കെഎസ്ഇബി കണക്ഷൻ നിഷേധിച്ചു.

18 ആം നിലയിലെ ഫ്‌ളാറ്റിനു ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമാക്കാത്ത അവസ്ഥ വന്നപ്പോൾ സോളാർ യൂണിറ്റുകൾ സ്ഥാപിച്ച് കറന്റു ഉത്പാദിപ്പിച്ചാണ് ബൈജു ഫ്‌ളാറ്റിലെ ബൾബുകൾ കത്തിക്കുന്നത്. സോളാർ ആയതിനാൽ എസി ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയാണ്. ഈ രീതിയിൽ പ്രശ്‌നം വന്നപ്പോഴാണ് ഹീരയുടെ തട്ടിപ്പിന്റെ പൊരുൾ അറിയാൻ ബൈജു വിവിധ വകുപ്പുകളിൽ വിവരാവകാശം നൽകിയത്. എന്താണ് പ്രശ്‌നമെന്നു അറിയാൻ വിവിധ വകുപ്പുകളിൽ വിവരാവകാശം നല്കിയപ്പോഴാണ് ഒരു അനുമതിയും ഇല്ലാതെയാണ് ഈ പതിനെട്ടു നില കെട്ടിടം ഹീര പൂർത്തിയാക്കിയത് എന്ന് അറിയുന്നത്. ഹീര കാണിച്ച കടുത്ത വഞ്ചനയുടെ രോഷത്തിലാണ് ബൈജു ഉൾപ്പെടെയുള്ള ഫ്‌ളാറ്റ് ഉടമകൾ.

ഹീരയുടെ കള്ളക്കളികൾ അറിയാൻ ഫ്‌ളാറ്റ് ഇരിക്കുന്ന തൃപ്പൂണിത്തുറ നഗരസഭയിലാണ് ബൈജു ആദ്യം വിവരാവകാശം നൽകിയത്. ഹീര ലൈഫ് സ്‌റ്റൈലിന് നഗരസഭയുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അംഗീകൃത പ്ലാനും എസ്റ്റിമേറ്റും അല്ലാത്തതിനാൽ അംഗീകാരം നൽകിയിട്ടില്ലെന്നാണ് നഗരസഭ മറുപടി നൽകിയത്. തൃപ്പൂണിത്തുറ നഗരസഭയിൽ നൽകിയ മറ്റൊരു വിവരാവകാശത്തിനു നൽകിയ മറുപടിയിൽ പറയുന്നത് 18 നിലയാണ് അനുമതിക്ക് അപേക്ഷിച്ചത്. എന്നാൽ 19 നിലയാണ് പണിഞ്ഞത്. ഇതിനു അനുമതി നൽകിയിട്ടില്ലാത്തതിനാൽ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. ചോറ്റാനിക്കര ഇലക്ട്രിസിറ്റി ഓഫീസിൽ വിവരാവകാശം നൽകിയപ്പോൾ ബൈജുവിനു നൽകിയ മറുപടിയിൽ പറയുന്നത് ഒരു കണക്ഷൻ മാത്രമാണ് ഹീര ലൈഫ് സ്‌റ്റൈലിനു നൽകിയത് എന്നാണ്.

അത് നിർമ്മാണത്തിനായി നൽകിയ താത്കാലിക കണക്ഷൻ എന്നാണ് കെഎസ്ഇബി അറിയിച്ചത്. നിലവിലെ ഫ്‌ളാറ്റുകൾക്ക് ഒന്നും കണക്ഷൻ കെഎസ്ഇബി നൽകിയിട്ടില്ലെന്നും ഈ വിവരാവകാശത്തിൽ മറുപടി നൽകിയിട്ടുണ്ട്. കെട്ടിടത്തിനു അഗ്‌നി സുരക്ഷയ്ക്കുള്ള എൻഒസി ഫയർഫോഴ്‌സ് നൽകിയിട്ടുണ്ടോ എന്ന് വിവരാവകാശം നൽകിയപ്പോൾ എൻഒസി നൽകിയിട്ടില്ലെന്നാണ് ഇരുമ്പനത്തുള്ള ഫയർഫോഴ്‌സ് ഓഫീസിൽ നിന്നും അറിയിച്ചത്. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പണിത ഈ കെട്ടിടം സുരക്ഷിതമല്ലാ എന്നും അതിനാൽ തന്നെ ലൈസൻസ് നൽകിയിട്ടില്ലാ എന്നും ഫയർഫോഴ്‌സ് വ്യക്തമാക്കുന്നു. ഏതു സമയം ഇടിച്ചു കളയാൻ കഴിയുന്ന ഒരു ഫ്‌ളാറ്റാണ് താൻ 78 ലക്ഷം രൂപ നൽകി വാങ്ങിയത് എന്നാണ് ബൈജു ഇപ്പോൾ തിരിച്ചറിയുന്നത്.

ഹീരയുടെ ചതിയാണ് ഹീരാ ലൈഫ് സ്‌റ്റൈലിൽ പ്രതിഫലിക്കുന്നത്: ബൈജു

ചതിയാണ് എന്നറിയാതെയാണ് ഫ്‌ളാറ്റ് വാങ്ങിയത് എന്നാണ് ബൈജു മറുനാടനോട് പറഞ്ഞത്. 2007-ൽ പണി തുടങ്ങിയ ഫ്‌ളാറ്റ് 2015 ലാണ് വാങ്ങുന്നത്. ഒരു എൻആർഐ നിക്ഷേപകയോട് ആണ് ഫ്‌ളാറ്റ് വാങ്ങിയത്. താമസം തുടങ്ങി ഒരു വര്ഷം കഴിഞ്ഞപ്പോൾ ഒരു മഴയത്ത് ഫ്‌ളാറ്റിനകത്തേക്ക് വെള്ളം വന്നു. അത് പരിശോധിച്ചപ്പോൾ ചുമർ അലമാര വഴിയാണ് വെള്ളം ഇറങ്ങുന്നത് എന്ന് കണ്ടു. പുറം ഭിത്തി നോക്കിയപ്പോൾ അതിൽ വിള്ളൽ കണ്ടു. ഹീരയ്ക്ക് അന്ന് തന്നെ അത് ശരിയാക്കി നല്കാമായിരുന്നു. ഹീര അത് ചെയ്തില്ല. പകരം പരാതി പറഞ്ഞ എന്റെ വൈദ്യുതി കണക്ഷൻ റദ്ദ് ചെയ്തു. ഇതിനു പിന്നാലെ പോയി വിവരാവാകാശം നൽകിയപ്പോഴാണ് ഒരു അനുമതിയും ഫ്‌ളാറ്റിനു ഹീര ലഭ്യമാക്കിയില്ലെന്ന് മനസിലാക്കിയത്. വാട്ടർ കണക്ഷൻ ഉള്ളത് ഫ്‌ളാറ്റ് കൺസ്ട്രക്ഷന് വേണ്ടി അനുവദിച്ച കണക്ഷൻ ആണ്. ഇലക്ട്രിസിറ്റി കണക്ഷനും ഇതേ രീതിയിൽ തന്നെ.

നൂറോളം ഫ്‌ളാറ്റുകൾ ഉള്ളപ്പോൾ ആർക്കും പ്രത്യേകം പ്രത്യേകം കണക്ഷൻ നൽകിയിട്ടില്ല. ഫ്‌ളാറ്റ് പൂർത്തിയാക്കിയാൽ നൽകുന്ന കംപ്ലീഷൻ സർട്ടിഫിക്കറ്റ് നഗരസഭ തന്നെ നൽകിയിട്ടില്ല. ഇത് ലഭിക്കാത്തതിനാൽ മറ്റുള്ള സർട്ടിഫിക്കറ്റുകൾ ഒന്നും ലഭിച്ചിട്ടില്ല. അഗ്‌നി സുരക്ഷ പോലും ഇല്ലാതെയാണ് ഫ്‌ളാറ്റുകൾ ഉള്ളത് എന്നത് ഇവിടെ താമസിക്കുന്ന മുഴുവൻ പേരുടെയും ജീവന് ഭീഷണിയാണ്. എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥയിലാണ്. ഫ്‌ളാറ്റ് അസോസിയേഷൻ പോലും ഹീര രൂപീകരിച്ചിട്ടില്ല. സാധാരണ ഹീരയാണ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്നതിനാൽ ഇവർ അസോസിയേഷൻ രൂപീകരിച്ച് നൽകേണ്ടതാണ്. അതില്ലാത്തതിനാൽ ഫ്‌ളാറ്റ് ഉടമകളിൽ ചിലരാണ് അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നത്. ഒരനുമതിയും ഇല്ലാത്ത ഫ്‌ളാറ്റ് ആയതിനാൽ എല്ലാ വകുപ്പുകളും ഹീരയിൽ നിന്നും പണം വസൂലാക്കുന്നുണ്ട് എന്നാണു അറിയാൻ കഴിയുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥർ പോലും ഇത് മുതലാക്കുന്നുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. ഇലക്ട്രിസിറ്റി കണക്ഷൻ വേണമെന്ന് പറഞ്ഞു ഞാൻ സമീപിച്ചപ്പോൾ ഹീരയുടെ ആളുകളെപ്പോലെയാണ് കെഎസ്ഇബി പെരുമാറിയത്. മറ്റു വകുപ്പുകൾ നഗരസഭ ഉൾപ്പെടെ എല്ലാം ഈ അവസ്ഥ ചൂഷണം ചെയ്യുന്നുണ്ട്. ഫ്‌ളാറ്റ് വാങ്ങി വഞ്ചിതരായ അവസ്ഥയാണ് നേരിടുന്നത്-ബൈജു പറയുന്നു.

നിർമ്മാണത്തിനായി കെഎസ്ഇബി നൽകിയ വർഷങ്ങൾ മുൻപുള്ള കണക്ഷനിൽ നിന്ന് മുഴുവൻ ഫ്‌ളാറ്റ് ഉടമകൾക്കും വൈദ്യുതി നൽകുന്നത് കെഎസ്ഇബി അറിഞ്ഞില്ലെന്നാണ് ഉന്നത ബോർഡ് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചത്. എന്താണ് തൃപ്പൂണിത്തുറ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടന്നത് എന്നറിയാൻ അന്വേഷണം നടത്തുമെന്ന് ഉന്നത കെഎസ്ഇബി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഇത് അന്വേഷിച്ച് യുക്തമായ മറുപടി സ്വീകരിക്കുമെന്നും ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP