Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ റെയ്ഡ് നടക്കുകയും ചെയ്താൽ പ്രതിസന്ധിയിലാകുക സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് റെയ്ഡിൽ തീരുമാനം എടുക്കുക ചീഫ് സെക്രട്ടറിയുമായി കൂടിയാലോചനകൾക്ക് ശേഷം മാത്രം; ഐഎഎസ് ഉദ്യോഗസ്ഥന്റെ വിദേശ യാത്രകളും പരിശോധനാ വിധേയമാക്കും; ഫ്‌ളാറ്റിലെ റെയ്ഡിൽ കസ്റ്റംസിന് കിട്ടിയ തെളിവും വിശകലനം ചെയ്യും; ശിവശങ്കറിനെ പൂട്ടാൻ എൻ ഐ എ നേരിട്ടെത്തും

ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ റെയ്ഡ് നടക്കുകയും ചെയ്താൽ പ്രതിസന്ധിയിലാകുക സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് റെയ്ഡിൽ തീരുമാനം എടുക്കുക ചീഫ് സെക്രട്ടറിയുമായി കൂടിയാലോചനകൾക്ക് ശേഷം മാത്രം; ഐഎഎസ് ഉദ്യോഗസ്ഥന്റെ വിദേശ യാത്രകളും പരിശോധനാ വിധേയമാക്കും; ഫ്‌ളാറ്റിലെ റെയ്ഡിൽ കസ്റ്റംസിന് കിട്ടിയ തെളിവും വിശകലനം ചെയ്യും; ശിവശങ്കറിനെ പൂട്ടാൻ എൻ ഐ എ നേരിട്ടെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിനെ കൂടുതൽ വെട്ടിലാക്കാൻ ദേശീയ അന്വേഷണ ഏജൻസി തിരുവനന്തപുരത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽ നിന്ന് എൻഐഎ സംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ശിവശങ്കറിനെതിരായ സൂചനകൾ സ്വപ്‌നാ സുരേഷ് നൽകിയ സാഹചര്യത്തിലാണ് ഇത്. ശിവശങ്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന ഇന്നലെ നടത്തി. ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ കസ്റ്റംസ് 2 ദിവസങ്ങളിലായി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തതോടെ സ്വർണക്കടത്ത് കേസിൽ അന്വേഷണം അദ്ദേഹത്തിലേക്കു നീങ്ങുമെന്ന് ഉറപ്പായി. കസ്റ്റംസ് ചോദ്യം ചെയ്യാനായിരുന്നു ആലോചന. പിന്നീട് തീരുമാനം മാറ്റി. എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യട്ടേയെന്ന ധാരണ കേന്ദ്ര ഏജൻസികൾക്കിടയിൽ ഉണ്ടാവുകയായിരുന്നു.

സ്വപ്ന സുരേഷ്, സരിത് കുമാർ, സന്ദീപ് നായർ എന്നിവർ ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നെന്നും ഇതേ കൂടിക്കാഴ്ച സ്വപ്നയുടെ ഫ്‌ളാറ്റിലും പലപ്പോഴും നടന്നിരുന്നുവെന്നുമാണ് എൻഐഎ സംഘത്തിനു കസ്റ്റംസ് കൈമാറിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ റെയ്ഡ് നടക്കുകയും ചെയ്താൽ സർക്കാരും കടുത്ത പ്രതിസന്ധിയിലാകും. ഇന്നലെ ശിവശങ്കറിന്റെ ഫ്‌ളാറ്റിന്റെ പരിസരമുൾപ്പെടെ നഗരത്തിൽ പത്തിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎ ശേഖരിച്ചു. നിർണ്ണായക തെളിവുകൾ കിട്ടിയെന്നാണ് സൂചന.

ശിവശങ്കറിന്റെ വിദേശയാത്രകൾ എൻ.ഐ.എ പരിശോധിക്കുന്നുണ്ട്. സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ ഉടനുണ്ടാകുമെന്നാണു വിവരം. സെക്രട്ടറിയേറ്റിലെ ഓഫീസ് പരിശോധിക്കുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറിയോട് ആലോചിച്ചു തീരുമാനിക്കും. ഓഫീസ് പരിശോധിച്ചേക്കും. ഇദ്ദേഹത്തിന്റെ ഫ്ളാറ്റിൽ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ, ഇതിനായി ഗൂഢാലോചന നടത്തൽ, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കൽ എന്നിവ സംബന്ധിച്ച് യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകൾ ശിവശങ്കറിനു കെണിയാകുമെന്നാണു സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധമുള്ളവർ ഉൾപ്പെട്ട മറ്റു കേസുകളും എൻ.ഐ.എയ്ക്ക് അന്വേഷിക്കാൻ കഴിയും. അതിനിടെ, ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻ.ഐ.എ. റെയ്ഡ് നടത്തി. സ്വപ്നയടക്കം സരിത്തിന്റെ വീട്ടിൽ വന്നിരുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ അയൽവാസികളോടു ചോദിച്ചറിഞ്ഞു.

സ്വർണക്കടത്തുകേസിൽ എൻ.ഐ.എ. പിടികൂടിയ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രാഥമിക ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തിൽ എട്ടു തവണ സ്വർണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞു. യു.എ.ഇയുടെ തിരുവനന്തപുരം കോൺസുലേറ്റിലെ മുൻ പി.ആർ.ഒയാണു സരിത്ത്. ബംഗളുരുവിൽനിന്നു റോഡ് മാർഗം കൊച്ചിയിലെത്തിച്ച ഇരുവരെയും എൻ.ഐ.എ. കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു. സ്രവപരിശോധനയുടെ ഫലമെത്തുന്നതുവരെ സ്വപ്നയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്കു സമീപമുള്ള അമ്പിളിക്കല കോവിഡ് സെന്ററിലാക്കി. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണു സന്ദീപിനെ എത്തിച്ചത്.

പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയിൽ എൻ.ഐ.എ. അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടുന്നതോടെ വിശദമായി ചോദ്യംചെയ്യും. തുടർന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനൊപ്പമിരുത്തിയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കൊണ്ടുപോകും. ബംഗളുരുവിൽവച്ചും കൊച്ചിയിൽ എത്തിച്ചതിനു ശേഷവും യാത്രയ്ക്കിടയിലും എൻ.ഐ.എ. ഉദ്യോഗസ്ഥർ വിവരങ്ങളാരാഞ്ഞു. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽനിന്നു 'സ്വർണ പാഴ്സൽ' കൈപ്പറ്റാനായുള്ള രേഖകൾ തയാറാക്കുന്നതു താനാണെന്ന് സ്വപ്ന സമ്മതിച്ചു. മൂന്നാംപ്രതിയായ ഫൈസൽ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിർദ്ദേശാനുസരണമാണു സ്വർണം കൈമാറിയിരുന്നതെന്നും ഇരുവരും മൊഴി നൽകിയെന്നാണ് സൂചന.

എട്ടയോളം പേരുകൾ സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിലെ ഉന്നതരെ ഗൾഫ് യാത്രകളിൽ സ്വപ്ന അനുഗമിച്ചിരുന്നതിന്റെ വിവരങ്ങൾ ശേഖരിക്കുന്നു. സ്വപ്ന ഫോണിൽ പതിവായി ബന്ധപ്പെട്ടിരുന്ന ഇരുനൂറോളം പേരുടെ വിവരങ്ങൾ പരിശോധിക്കുകയാണ്. ആരെയൊക്കെ ചോദ്യംചെയ്യണമെന്നു പിന്നീടു തീരുമാനിക്കും. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ചിലരെ ചോദ്യംചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി തേടേണ്ടിവരും. കൊച്ചി ഡിസൈൻ വീക്ക്, ഫ്യൂച്ചർ ഗ്ലോബൽ ഡിജിറ്റൽ കോൺക്ലേവ് പരിപാടികളുടെ വീഡിയോ ദൃശ്യങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പങ്കെടുക്കാൻ വന്ന ചിലരെ ഗ്രീൻചാനലിലൂടെ പുറത്തെത്തിക്കാൻ ഇടപെട്ടതു സ്വപ്നയാണ്.

ദുബായിലെ പ്രധാന കണ്ണി ഫൈസൽ ഫരീദാണെന്നു വ്യക്തമായതോടെ ഇയാളെ കേരളത്തിലെത്തിക്കാൻ ഉടൻ യു.എ.ഇ. സർക്കാരുമായി ബന്ധപ്പെടുമെന്നാണു സൂചന. കേസുമായി രാഷ്ട്രീയ, വ്യവസായ മേഖലകളിലുള്ള ചിലർക്കും ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ, പ്രതിപ്പട്ടികയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ദുബായിൽ ജിംനേഷ്യം നടത്തിവരുന്ന ഫൈസൽ ഫരീദിന് കേരളത്തിൽ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. സംശയിക്കുന്നു. ഇയാൾക്കു ചില രാഷ്ട്രീയ നേതാക്കന്മാരോടും മലയാള സിനിമാ താരങ്ങളോടും നിർമ്മാതാക്കളോടും അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് ഇയാളുമായി ദുബായിൽവച്ചുതന്നെ ബന്ധമുണ്ടായിരുന്നെന്നാണു കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP