Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 21 മരണങ്ങൾ മാത്രം എന്നത് വീണ്ടും പ്രതീക്ഷ ആകുന്നു; ബ്യുട്ടി സലൂണുകൾ തുറക്കുമ്പോൾ ആശങ്ക മാത്രം ബാക്കി; കൊറോണാനന്തര കാലത്ത് യുകെയിൽ പ്രതിസന്ധി തീരുന്നില്ല

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 21 മരണങ്ങൾ മാത്രം എന്നത് വീണ്ടും പ്രതീക്ഷ ആകുന്നു; ബ്യുട്ടി സലൂണുകൾ തുറക്കുമ്പോൾ ആശങ്ക മാത്രം ബാക്കി; കൊറോണാനന്തര കാലത്ത് യുകെയിൽ പ്രതിസന്ധി തീരുന്നില്ല

സ്വന്തം ലേഖകൻ

ഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 44,819 ആയി ഉയർന്നു. കഴിഞ്ഞ ഞായറാഴ്‌ച്ചയേക്കാൾ ഒരല്പം കുറവാണ് ഇന്നലത്തെ മരണ സംഖ്യ എങ്കിലും വാരാന്ത്യത്തിൽ ഉണ്ടായ മരണനിരക്കിലെ വർദ്ധന ആശങ്കയുളവാക്കുന്നത് തന്നെയാണ്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലെ മരണ സംഖ്യ അതിന് തൊട്ടു മുൻപത്തെ ശനിയാഴ്‌ച്ചയുടെ ഇരട്ടിയായിരുന്നു. ഇന്നലെ 650 പേർക്ക് കൂടി ഇന്നലെ പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,89,603 ആയി ഉയർന്നു.

തുടർച്ചയായി രണ്ടാമത്തെ ഞായറാഴ്‌ച്ചയും സ്‌കോട്ട്ലാൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്‌കോട്ട്ലാൻഡിൽ ഇത് തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് മരണങ്ങൾ ഒന്നും രേഖപ്പെടുത്താതെ കടന്നുപോകുന്നത്. ആശ്വാസംകരമായ കണക്കുകൾ പുറത്ത് വരുമ്പോൾ ലോക്ക്ഡൗൺ ഇളവുകളുടെ മറ്റൊരു ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ബ്യുട്ടി സലൂണുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

സൂപ്പർ സാറ്റർഡേയ്ക്ക് ഒരാഴ്‌ച്ചക്ക് ശേഷം ബ്യുട്ടി സലൂണുകൾ തുറന്നു പ്രവർത്തനമാരംഭിക്കുമ്പോൾ നൂറു കണക്കിന് ബ്രിട്ടീഷുകാരാണ് തങ്ങളുടെ സൗന്ദര്യ ചികിത്സകൾക്കായി കാത്തിരിക്കുന്നത്. ബ്യുട്ടി സലൂണുകൾക്കൊപ്പം നെയിൽ ബാറുകൾ, ടാറ്റൂ ആൻഡ് മസാജ് സ്റ്റുഡിയോ, ബോഡി ആൻഡ് സ്‌കിൻ പിയേഴ്സിങ് സേവനങ്ങൾ, ഫിസിക്കൽ തെറാപ്പി സ്പാസ് എന്നിവയും ഇന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കും. എന്നാൽ സർക്കാരിന്റെ കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്.

ഒരു മനുഷ്യന്റെ മുഖത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന സാഹചര്യമുണ്ടാക്കുന്ന തൊഴിൽ രംഗം എന്ന നിലയിൽ ഏറ്റവും അപകട സാധ്യത കൂടിയവയുടെ വിഭാഗത്തിലായിരുന്നു ഇവയെ പെടുത്തിയിരുന്നത്. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക എന്നത് ഈ തൊഴിലിൽ പ്രായോഗികമായ ഒന്നല്ല. അതിനാൽ സലൂൺ ജീവനക്കാർ വൈസർ ധരിക്കണം എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. മാത്രമല്ല ഉപഭോക്താവിനേയും ജീവനക്കാരേയും സംരക്ഷിക്കുവാനായി ഒരു സ്‌ക്രീനും ഉപയോഗിക്കണം. മാത്രമല്ല, മുഖവുമായി വളരെ അടുത്ത് നിൽക്കേണ്ടി വരുന്ന ഡെർമാറോളിങ്, ഡെർമപ്ലാനിങ്, മൈക്രോ ബ്ലേഡിങ്, ഇലക്ട്രോലൈസിസ് എന്നിവ ചെയ്യരുതെന്നും നിഷക്രർഷിക്കുന്നുണ്ട്.

എന്നാൽ ഏറ്റവും രസകരമായ കാര്യം, ലോക്ക്ഡൗണിന് ശേഷം ഓരോരോ മേഖലകളായി തുറന്ന് പ്രവർത്തിക്കുമ്പോഴും ഭൂരിഭാഗം ബ്രിട്ടീഷുകാരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങാൻ ആഗ്രഹിക്കുന്നു എന്നാണ്. ചില്ലറവില്പന മേഖലയും ഹോസ്പിറ്റാലിറ്റി മേഖലയും പുഷ്ടിപ്പെടുത്താൻ കൂടുതൽ ആളുകൾ വർക്ക് ഫ്രം ഹോം ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് എത്തണമെന്ന് ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ വെറും 12% ആൾക്കാർ മാത്രമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നതെന്നാണ് ഒരു സർവ്വേ വെളിപ്പെടുത്തുന്നത്.

ബ്രിട്ടന്റെ ചിന്താഗതിയിലുണ്ടായ മാറ്റം കൂടി ഈ സർവ്വേയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ബ്രിട്ടീഷുകാർ കൂടുതൽ പരിഗണന നൽകുന്ന മൂന്ന് കാര്യങ്ങളെൻ എച്ച് എസിന് കൂടുതൽ ഫണ്ട് ലഭ്യമാക്കുക, ലണ്ടൻ സമ്പദ്ഘടനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മുഴുവൻ രാജ്യത്തിന്റേയും സമ്പദ്ഘടന വികസിപ്പിക്കുന്നതിന് ശ്രമിക്കുക,അതുപോലെ അത്യാവശ്യ വിഭാഗങ്ങളിൽ ജോലിച്ചെയ്യുന്നവരുടെ വേതനം വർദ്ധിപ്പിക്കുകയും അവരോടുള്ള സമീപനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുക. സർവ്വേയിൽ പങ്കെടുത്ത 60% പേർ എൻ എച്ച് എസിന് കൂടുതൽ സഹായം ലഭ്യമാക്കുന്നതിനായി കൂടുതൽ നികുതി നൽകാൻ സന്നദ്ധരാണെന്നാണ് പറഞ്ഞത്.

ഇനിയൊരു രണ്ടാം വരവ് ഉടനെയുണ്ടായാൽ അതിനെ നേരിടാനുള്ള കരുതൽ എൻ എച്ച് എസിനില്ലെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എൻ എച്ച് എസിന് കൂടുതൽ ധനസഹായം ലഭ്യമാക്കണം എന്നാണ് ഇവർ പറയുന്നത്. സർവ്വേയിൽ പങ്കെടുത്ത 72% പേരും ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പിന്തുണക്കുകയും അവ തെറ്റാതെ അനുസരിക്കുന്നുണ്ട് എന്ന് പറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP