Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് മനസ്സ് ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന്; ബംഗളുവിലെ ഹോട്ടലിൽ കഴിഞ്ഞതിനാൽ കോവിഡ് ആശങ്കകളും; കോടതി മുറിയിലും ശാന്തമായി കാണപ്പെട്ട സ്വപ്‌ന ക്യാമറാ കണ്ണുകളോട് മുഖം തിരിച്ചുപോലുമില്ല; കൂസൽ ഇല്ലാതെ സന്ദീപും; എൻഐഎ ഓഫീസിൽ പ്രതികളെ എത്തിച്ചപ്പോൾ സ്വപ്നയെ കാണാനെത്തി ഭർത്താവും മകളും; സ്വർണ്ണക്കടത്തുകാരി ഇന്ന് അന്തിയുറങ്ങുക തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിൽ

കോടതിയിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് മനസ്സ് ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന്; ബംഗളുവിലെ ഹോട്ടലിൽ കഴിഞ്ഞതിനാൽ കോവിഡ് ആശങ്കകളും; കോടതി മുറിയിലും ശാന്തമായി കാണപ്പെട്ട സ്വപ്‌ന ക്യാമറാ കണ്ണുകളോട് മുഖം തിരിച്ചുപോലുമില്ല; കൂസൽ ഇല്ലാതെ സന്ദീപും; എൻഐഎ ഓഫീസിൽ പ്രതികളെ എത്തിച്ചപ്പോൾ സ്വപ്നയെ കാണാനെത്തി ഭർത്താവും മകളും; സ്വർണ്ണക്കടത്തുകാരി ഇന്ന് അന്തിയുറങ്ങുക തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിൽ

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടത്തിൽ എൻഐഎ അറസ്റ്റു ചെയ്ത സ്വപ്‌ന സുരേഷിനെയും കൂട്ടുപ്രതി സന്ദീപ് നായരെയും എൻഐഎ കോടതിയിൽ നിന്നും കോവിഡ് കെയർ സെന്ററുകളിലേക്ക് കൊണ്ടുപോയി. സ്വപ്‌ന സുരേഷിനെ തൃശ്ശൂരിലുള്ള കോവിഡ് കെയർ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കാണ് മാറ്റിയത്. അതേസമയം തന്നെ സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലുള്ള സെന്ററിലേക്കും മാറ്റി. ഇന്ന് വൈകുന്നേരത്തോടെ എൻഐഎ കോടതി മുമ്പാകെ ഹാജരാക്കിയ സ്വപ്‌ന സുരേഷ് വളരെ ശാന്തയായാണ് കാണപ്പെട്ടത്. അധികം ആരോപണം സംസാരിക്കാതെ ക്യാമറകൾക്ക് പിടികൊടുക്കാതെയാണ് അവർ മുന്നിൽ നിന്നത്.

പ്രത്യേക മജിസ്‌ട്രേറ്റ് പി കൃഷ്ണകുമാർ മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി പറഞ്ഞത്. മനസ്സു ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. സ്വപ്‌ന ഏർപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് കോടതിയിൽ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളാ ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ പ്രത്യേക അഭിഭാഷകയാണ് സ്വപ്നക്ക് വേണ്ടി കോടതിയിൽ എത്തിയത്. അഡ്വ. വിജയം ആയിരുന്നു സ്വപ്‌നയ്ക്ക് വേണ്ടി ഹാജരായത്.

ഇന്ന് കോടതിയിൽ കേസിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടന്നില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷക വിജയം വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞ ശേഷ മാത്രമാണ് കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ. അതേസമയം കോടതിയിൽ വെച്ച് കൂളായി കൂസലില്ലാതെ ആയിരുന്നു സന്ദീപിന്റെ നിന്നത്. സ്വപ്‌ന കാമറകൾക്ക് പിടികൊടുക്കാതെയും മുഖം കൊടുക്കാതെയും നിൽക്കുകയായരുന്നു. നേരത്തെ സ്വപ്നയുടെ ഭർത്താവും മകളും എൻ.ഐ.എ ഓഫിസിൽ എത്തിയിരുന്നു. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായങ്ങൾ ഉറപ്പാക്കാനായിരുന്നു ഇവർ എത്തിയത്. എന്നാൽ, നേരത്തെ വക്കാലത്ത് ഏൽപ്പിച്ച അഭിഭാഷകന് ഇന്ന് കോടതിയിൽ എത്താൻ സാധിച്ചില്ല. അതുകൊണ്ടാണ് ഇന്ന് സർക്കാർ അഭിഭാഷക ഹാജരാകാൻ എത്തിയതും.

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ തിങ്കളാഴ്ച മുതൽ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടുന്നു. പ്രതികൾക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഇന്ന് അനുവദിച്ചത്.

നേരത്തെ പ്രതികളുടെ മുൻകൂർ ജാമ്യഹർജിയുമായി തൃപ്പൂണിത്തുറയിൽ നിന്നുള്ള അഭിഭാഷകനായ രാജേഷ് കുമാർ ഹൈക്കോടതിയിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതികളുടെ ഭാഗത്ത് നിന്നും കൂടുതൽ നിർദേശങ്ങൾ ലഭിച്ചില്ലെന്നാണ് രാജേഷ് കുമാർ നേരത്തെ പ്രതികരിച്ചത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്കായി ഇരുവരുടേയും സ്രവ സാംപിളുകൾ ശേഖരിച്ചിരുന്നു. നാളെ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളുരുവിലെ ഹോട്ടലിൽ കഴിഞ്ഞതിനാൽ കോവിഡ് സംബന്ധിച്ച ആശങ്കകളും നിലനിൽക്കുന്നുണ്ട്.

വാളയാർ ചെക്‌പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയിൽ സ്വപ്നയെ കൊണ്ടുവന്ന എൻഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികൾക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എൻ.ഐ.എ ഓഫിസ് വളപ്പിൽ കടന്ന് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി.

സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടൽ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂർ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരിൽ നിന്ന് പാസ്‌പോർട്ടും മൂന്നുമൊബൈൽ ഫോണുകളും രണ്ടരലക്ഷം രൂപയും എൻഐഎ പിടിച്ചെടുത്തു. നൈറ്റ് കർഫ്യൂവും കർശനപരിശോധനയും പിന്നിട്ടാണ് പ്രതികൾ ബെംഗളൂരുവിലെത്തിയത്. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടൽ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂർ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരിൽ നിന്ന് പാസ്‌പോർട്ടും മൂന്നുമൊബൈൽ ഫോണുകളും രണ്ടരലക്ഷം രൂപയും എൻഐഎ പിടിച്ചെടുത്തു. നൈറ്റ് കർഫ്യൂവും കർശനപരിശോധനയും പിന്നിട്ടാണ് പ്രതികൾ ബെംഗളൂരുവിലെത്തിയത്.

കോവിഡ് മൂലം കടുത്ത നിയന്ത്രണങ്ങൾ ഉള്ള തിരുവനന്തപുരം ജില്ലയിൽ നിന്ന് പുറത്ത് കടന്ന് , പൊലീസ് അതീവ ജാഗ്രത പാലിക്കുന്ന വഴികളെല്ലാം പിന്നിട്ടായിരുന്നു കേരളം മുഴുവൻ തിരഞ്ഞ സ്വപ്നയുടെയും സന്ദീപിന്റെയും പലായനം. സ്വപ്നയും ഭർത്താവ് ജയശങ്കറും രണ്ടുമക്കളും സന്ദീപും ഒരുമിച്ചായിരുന്നു യാത്ര. കാറിലായിരുന്നു ഇവർ അതിർത്തി കടന്ന് ബെംഗളൂരുവിലെത്തിയത്. ഇതിന് മുമ്പ് താമസിച്ച സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടില്ല. രണ്ടുദിവസം മുമ്പ് ബെംഗളൂരിവിലെത്തിയ ഇവർ നഗരത്തിനടുത്ത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ താമസിച്ചു. ഇതിന് ശേഷം കൊറമംഗലയിലെ ഒക്ടേവ് ഹോട്ടലിൽ രണ്ടു മുറികളെടുത്തു. ഇവിടെ വച്ച് സമൂഹമാധ്യമങ്ങളിൽ സന്ദേശമയക്കാനായി സ്വപ്നയുടെ മകളുടെ ഫോൺ ഓണായതാണ് പ്രതികളെ കുടുക്കിയത്. ഫോണിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയ എൻഐഎ സംഘം ബെംഗളൂരു യൂണിറ്റിനെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP