Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ ഓട്ടം പൊലീസിനെ കല്ലെറിഞ്ഞ ശേഷം പിന്തിരിഞ്ഞ് ഓടിയതല്ല..! സമര മുഖത്ത് അടിയേറ്റു വീണ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ഓടിയതാണ്; സഖാക്കളുടെ ട്രോളുകളും പരിഹാസങ്ങളും പോസിറ്റീവായി കാണുന്നു; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് അംഗമായ എന്നെ മലയാളികൾക്കാകെ പരിചയപ്പെടുത്തി നൽകിയതിൽ നന്ദിയുണ്ട്; യൂത്ത് ലീഗിലെ കലക്ട്രേറ്റ് മാർച്ചിൽ ലാത്തിവീശിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിൽ പെട്ട കഥ മറുനാടൻ മലയാളിയോട് പങ്കുവെച്ച് ബാബുമോൻ

ആ ഓട്ടം പൊലീസിനെ കല്ലെറിഞ്ഞ ശേഷം പിന്തിരിഞ്ഞ് ഓടിയതല്ല..! സമര മുഖത്ത് അടിയേറ്റു വീണ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ഓടിയതാണ്; സഖാക്കളുടെ ട്രോളുകളും പരിഹാസങ്ങളും പോസിറ്റീവായി കാണുന്നു; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് അംഗമായ എന്നെ മലയാളികൾക്കാകെ പരിചയപ്പെടുത്തി നൽകിയതിൽ നന്ദിയുണ്ട്; യൂത്ത് ലീഗിലെ കലക്ട്രേറ്റ് മാർച്ചിൽ ലാത്തിവീശിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിൽ പെട്ട കഥ മറുനാടൻ മലയാളിയോട് പങ്കുവെച്ച് ബാബുമോൻ

ജാസിം മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ രണ്ടുദിവസമായി സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളായും പരിഹാസങ്ങളായും സൈബർ സഖാക്കൾ പങ്കുവെച്ച ഒരു ചിത്രുണ്ടായിരുന്നു. കോഴിക്കോട് കളക്റ്റ്രേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് നടപടികൾക്കിടയിൽ ഓടുന്നൊരു യൂത്ത് ലീഗ് പ്രവർത്തകന്റെ ചിത്രമായിരുന്നു അത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം ഭാരവാഹിയുമായ ബാബുമോനായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. സമരമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്ന യൂത്ത് ലീഗ് പ്രവർത്തകൻ എന്ന അടിക്കുറിപ്പോടെ ദേശാഭിമാനി ദിനപ്പത്രമാണ് ആദ്യം ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

തൊട്ടുപിന്നാലെ സൈബർ സഖാക്കളും പരിഹാസങ്ങളും ട്രോളുകളുമൊക്കെയായി ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ന് ചന്ദ്രിക ദിനപ്പത്രം ചിത്രത്തിന്റെ യഥാർത്ഥ വസ്തുതയെന്താണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാർജ്ജിലേറ്റ മുറിവുകളുടെ വേദന സഹിക്കുമ്പോഴും തനിക്കെതിരെയുണ്ടായ സൈബറിടത്തിലെ പരിഹാസങ്ങൾക്കുള്ള മറുപടിയും എന്താണ് യഥാർത്ഥത്തിൽ പ്രസ്തുത ചിത്രത്തിന്റെ വസ്തുതയെന്നും മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കുന്ദമംഗംലം ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും കുന്ദമംഗലം നിയോജക മണ്ഡലം ഭാരവാഹിയുമായ ബാബുമോൻ.

ആ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ:

സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിൽ കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നൊരു മാർച്ചായിരുന്ന അന്നുണ്ടായിരുന്നത്. എരഞ്ഞിപ്പാലത്തു നിന്ന് വളരെ സമാധാനപരമായിട്ടാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മാർച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് അടുപ്പമുള്ള ചിലർ പറഞ്ഞിരുന്നു. അവർ പറഞ്ഞതുപോലെ തന്നെ മാർച്ച് കോഴിക്കോട് കളക്റ്റ്രേറ്റ് കവാടത്തിനടുത്ത് എത്തിയപ്പോഴേക്കും യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. തീർത്തും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ മാർച്ച് ഇതോടെ ചെറിയ തോതിൽ താളം തെറ്റുകയും ചെയ്തു.

ഇതിനിടയിൽ പൊലീസിന്റെ മർദ്ദനമേറ്റ സഹപ്രവർത്തകനെ ആശുപത്രിയിലെത്തിക്കാനായി ഞാൻ ഓടുന്നൊരു ചിത്രം ദേശാഭിമാനി ദിനപ്പത്രത്തിലാണ് തെറ്റായ അടിക്കുറിപ്പോടു കൂടി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സമരത്തിനിടയിൽ പൊലീസിനെ കല്ലെറിഞ്ഞ് ഓടുന്ന കുന്ദമംഗലം പഞ്ചായത്ത് അംഗമെന്ന അടിക്കുറിപ്പോടെയാണ് ദേശാഭിമാനി പത്രം ഈ ചിത്രം പ്രസിദ്ധീകരിച്ചത്. പത്രധർമ്മത്തിന് നിരക്കാത്ത രീതിയിലാണ്് ദേശാഭിമാനിയിൽ ആ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. സത്യത്തെ എല്ലാകാലവും മറച്ചുവെക്കാനാവില്ല എന്ന് പറഞ്ഞതുപോലെ ഇന്ന് ചന്ദ്രിക ദിനപ്പത്രത്തിൽ ആ ചിത്രത്തിന്റെ സത്യാവസ്ഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപാട് പേരുള്ളൊരു ചിത്രത്തിൽ നിന്ന് എന്നെ മാത്രം വെട്ടിമാറ്റി ഞാൻ കല്ലെറിഞ്ഞതിന് ശേഷം ഓടിരക്ഷപ്പെടുന്നു എന്ന തരത്തിലാണ് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ ബാക്കിഭാഗങ്ങൾ കൂടി ഇന്ന് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രോളുകളെ പോസീറ്റീവായി എടുക്കുന്നു

ദേശാഭിമാനിയിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടു കൂടി ട്രോളുകളായും പരിഹാസങ്ങളായും നിരവധി പേർ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടു. അതിനെയെല്ലാം ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ പോസിറ്റീവായി കാണുന്നു. അത്തരം കാര്യങ്ങളിൽ മനസ്സുവേദനിക്കുന്ന ആളല്ല ഞാൻ. എന്റെ രാഷ്ട്രീയ പാരമ്പര്യവും കുടുംബവുമെല്ലാം അറിയുന്നവർക്കറിയാം ഞാൻ ആരാണെന്ന്. നിരവധിയായ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനേക്കാൾ വലിയ പൊലീസ് മർദ്ദനങ്ങൾ ഏറ്റിട്ടുണ്ട്. നിരവധി കള്ളക്കേസുകളിലും എന്നെ പെടുത്തിയിട്ടുണ്ട്.

അതിന്റെയെല്ലാം ഭാഗമായി ജയിലിലും കിടന്നിട്ടുണ്ട്. എന്നിട്ടുപോലും തളർന്നുപോയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ട്രോളുകളോ പരിഹാസങ്ങളോ ഒന്നും കണ്ട് സമരത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. വരും നാളുകളിലും ഈ സ്വർണ്ണക്കടത്ത് കേസിലെ നീതിയുക്തമായ അന്വേഷണത്തിനായി നടക്കുന്ന മുഴുവൻ സമരങ്ങളിലും ഒരു മുന്നണിപ്പോരാളിയായി ഇനിയും ഞാനുണ്ടാകും. അതോടൊപ്പം ആ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു.

പാർട്ടിയിൽ നിന്നും പൂർണ്ണ പിന്തുണയാണ് ഈ ട്രോളുകൾ പ്രചരിക്കുമ്പോളും എനിക്ക് ലഭിച്ചിട്ടുള്ളത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഈ സമരത്തിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാകേണ്ടി വരികയും ചെയ്ത പികെ ഫിറോസ്, മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ തുടങ്ങി നിരവധി നേതാക്കൾ കേവലം ഒരു സാധാരണ പ്രവർത്തകനായ എന്നെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. അവരെല്ലാം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ കേവലം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പന്തീർപാടം വാർഡംഗമായ എന്നെ ഇന്ന് മലയാളികൾക്കിടയിലാകെ പരിചയപ്പെടുത്തി തന്നതിന് സഖാക്കൾക്കും ട്രോളന്മാർക്കും നന്ദിയുണ്ട്.

നിരവധി പേരാണ് ഇതൊക്കെ കണ്ട് എന്ന വിളിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്ത് നിന്ന് സുഹൃത്തുക്കളടക്കം കാര്യങ്ങളന്വേഷിച്ച് വിളിക്കുന്നു. ഈ ട്രോളുകൾക്കും പരിഹാസങ്ങൾക്കുമൊന്നും എന്നെ ഈ സമരപാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആകില്ല. ഈ ട്രോളുകളെയൊക്കെ പോസിറ്റീവായി കാണുന്ന കുടുംബത്തിന്റെ പിന്തുണയും എനിക്കുണ്ട്. വരുംനാളുകളിലും മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന എല്ലാ സമരപോരാട്ടങ്ങളുടെയും മുന്നിൽ തന്നെയുണ്ടാകുമെന്നും ബാബുമോൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP