Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്നയുമായെത്തിയ വാഹനത്തിന്റെ ടയർ പഞ്ചറായത് ആലത്തൂർ പിന്നിട്ടതോടെ; ഞൊടിയിടയിൽ സ്വപ്നയെ സന്ദീപിനെ കൊണ്ടുവന്ന വാഹനത്തിലേക്ക് മാറ്റിയെങ്കിലും വീണ്ടും വാഹനം പാതയോരത്ത് നിർത്തി; സംഘം യാത്ര തുടരുന്നത് ആശയക്കുഴപ്പമെല്ലാം പരിഹരിച്ച ശേഷവും; വഴിയിലെങ്ങും അതീവ ജാ​ഗ്രത

സ്വപ്നയുമായെത്തിയ വാഹനത്തിന്റെ ടയർ പഞ്ചറായത് ആലത്തൂർ പിന്നിട്ടതോടെ; ഞൊടിയിടയിൽ സ്വപ്നയെ സന്ദീപിനെ കൊണ്ടുവന്ന വാഹനത്തിലേക്ക് മാറ്റിയെങ്കിലും വീണ്ടും വാഹനം പാതയോരത്ത് നിർത്തി; സംഘം യാത്ര തുടരുന്നത് ആശയക്കുഴപ്പമെല്ലാം പരിഹരിച്ച ശേഷവും; വഴിയിലെങ്ങും അതീവ ജാ​ഗ്രത

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എത്തിയ എൻഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയർ പഞ്ചറായി. സ്വപ്നയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയറാണ് പഞ്ചറായത്. തുടർന്ന് സംഘത്തിന്റെ മറ്റൊരു വാഹനത്തിലേക്ക് സ്വപ്നയെ മാറ്റിയ ശേഷമാണ് സംഘം കൊച്ചിയിലേക്കുള്ള യാത്ര തുടർന്നത്. ദേശീയപാതയിൽ പാലക്കാട് ആലത്തൂർ പിന്നിട്ടതിന് പിന്നാലെയാണ് സ്വപ്നയുമായി എത്തിയ വാഹനത്തിന്റെ ടയർ പഞ്ചറായി അല്പസമയം യാത്ര തടസപ്പെട്ടത്.

തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക്  മാറ്റി യാത്ര പുനരാരംഭിച്ചു. സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാൽ അല്പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയിൽ നിർത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടർന്നത്. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥർ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടർന്നത്.

ആദ്യം സ്വപ്നയും സന്ദീപും രണ്ട് വാഹനങ്ങളിൽ ആയിരുന്നെങ്കിലും ഇപ്പോൾ ഇരുവരെയും ഒരുവാഹനത്തിലാണ് യാത്ര തുടരുന്നത്. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി. ബെംഗളൂരുവിൽനിന്ന് എവിടെയും നിർത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്ക് എത്തിയത്. നിലവിൽ എൻഐഎയുടെ ഇന്നോവയുടെ പിൻസീറ്റിൽ ഇരുവരെയും മുഖം മൂടിയ നിലയിലാണ് ഇരുത്തിയിരിക്കുന്നത്.ടയർ പഞ്ചറായ സമയത്ത് മാധ്യമങ്ങൾ സ്വപ്‌നയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഒന്നും പറയാൻ തയ്യാറായില്ല.

സ്വപ്നയേയും സന്ദീപിനേയും വ്യത്യസ്ത വാഹനങ്ങളിലായാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. മൂന്ന് വാഹനങ്ങളായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. വൈകിട്ട് കോടതിയിൽ ഹാജരാക്കും. വഴിയിൽ ഉടനീളം പൊലീസ് കനത്ത സുര​ക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാളയാറിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതികളെ കെ‍ാണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പെ‍ാലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ഇരുവരെയും കൊച്ചിയിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.

രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പൊലീസിന്റെ അകമ്പടിയുമുണ്ട്.സ്വപ്ന സുരേഷും സന്ദീപ് നായരും നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായത്.

ബെംഗളൂരുവിലെത്തി നാഗാലാൻഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. അതേസമയം, ഫോൺവിളികൾ പിന്തുടർന്ന് എൻഐഎ സംഘം എത്തിയതോടെ പണിപാളി. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തിൽ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലിൽ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാൽ ചെക്ക്-ഇൻ ചെയ്ത് അര മണിക്കൂറിനകം എൻ.ഐ.എ. സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിൽനിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും എൻ.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലർച്ചെ വരെ ചോദ്യംചെയ്തു. അന്വേഷണ സംഘത്തലവൻ എൻഐഎ ഡിവൈഎസ്‌പി, സി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ നഗരത്തിലെ എൻഐഎ ഓഫിസിൽ ഇവരെ ചോദ്യം ചെയ്തു. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോൺ ഓണായതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP