Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ

ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കി സ്വപ്‌നാ സുരേഷിന്റെ മൊഴി. ഇടപാടുകൾ എല്ലാം ശിവശങ്കറിനും അറിയാമെന്ന മൊഴിയാണ് സ്വപ്‌ന നൽകിയത്. എല്ലാ കാര്യങ്ങളും മുമ്പിൽ നിന്ന് നടത്തി തന്നിരുന്നതും ശിവശങ്കറാണെന്നും സ്വപ്‌ന സൂചന നൽകി. ഇന്നലെ രാത്രിയാണ് സ്വപ്നയെ എൻ ഐ എ പിടികൂടുന്നത്. ഇതിന് ശേഷം നടത്തിയ വിശദ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന കുറ്റസമ്മതം നടത്തിയത്. ആരോപണങ്ങൾ ശരിയാണെന്ന് സന്ദീപ് നായരും സമ്മതിച്ചു. ഇതോടെ തിരുവനന്തപുരം സ്വർണ്ണ കടത്ത് പുതിയ തലത്തിലെത്തുകയാണ്. ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ നീക്കങ്ങൾ കേന്ദ്ര ഇന്റലിജൻസ് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. ഏത് സമയവും മുതിർന്ന ഐഎഎസുകാരൻ കുടുങ്ങാനാണ് സാധ്യത.

ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ യുഎപിഎ ചുമത്താനാകുമോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്. അതിന് കഴിയില്ലെങ്കിൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാകും ശിവശങ്കറിനെ പ്രതിയാക്കുക. ഏതായാലും സ്വപ്‌നയുടെ മൊഴി അതിനിർണ്ണായകമാണ്. അതിനിടെ അറസ്റ്റിലായാൽ ശിവശങ്കറിനെ സർക്കാർ സസ്‌പെന്റ് ചെയ്യും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണത്തിനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഗൂഢാലോചന നടന്നുവെന്നതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ശിവശങ്കറിനെ പൂർണ്ണമായും കൈവിട്ടുവെന്ന് വരുത്താനാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണം. അറസ്റ്റിന് മുമ്പും ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് കരുതുന്നത്. സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരേ സംസ്ഥാനസർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്ര പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന്റെ (ഡിഒപിടി) ഇടപെടലുണ്ടാകും. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിഒപിടി അവലോകനം ചെയ്യാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുമുണ്ട്. കേന്ദ്ര ഇടപെടലിനുള്ള സാധ്യതയും സംസ്ഥാനസർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. കേസിൽ കുടുങ്ങിയാൽ കേന്ദ്ര സർക്കാരും നടപടി എടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറിയായി കേരളം തന്നെ ഭരിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ കുടുങ്ങുന്നത്.

തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഇന്റലിജൻസിനു നിർദ്ദേശം നൽകിയെന്നാണ് വിവരം. ഇതുപ്രകാരം ശിവശങ്കർ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. സ്വർണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ളാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതർ നടത്തിയ റെയ്ഡിൽ സ്വർണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകൾ കണ്ടെത്തി. മൂന്നെണ്ണത്തിൽ ഡിപ്ലോമാറ്റിക് സ്റ്റിക്കർ അടർത്തിമാറ്റിയെന്നുതോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തിൽ ഇത് പൂർണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാൽ പശ ഒട്ടിയനിലയിൽത്തന്നെയാണ്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങൾ പറഞ്ഞു. തനിക്ക് സ്‌പെയ്‌സ് പാർക്കിൽ ജോലി കിട്ടാൻ കാരണവും ശിവശങ്കറാണെന്ന് സ്വപ്‌ന എൻഐഎയോട് സമ്മതിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപമുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്‌ളാറ്റായ എഫ്-6 എഫിൽനിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വർണക്കടത്തുകാർ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളിൽനിന്നാണ് മറ്റുബാഗുകൾ കിട്ടിയത്. സി.സി.ടി.വി. ക്യാമറയിൽക്കണ്ട ബാഗുകൾ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ഇതു കഴിഞ്ഞാൽ കസ്റ്റംസ് കേസിൽ ശിവശങ്കറിനെ പ്രതിയാക്കും. അതിനിടെ സ്വപ്ന തിരുവനന്തപുരത്ത് പണിയാൻ പദ്ധതിയിട്ട വീടിന്റെ വിശദാംശങ്ങൾ കസ്റ്റംസ് കണ്ടെത്തി. 4500 ചതുരശ്രയടി വരുന്ന വീടിന് അഞ്ചുകോടിരൂപയാണ് ചെലവിടാൻ ഉദ്ദേശിച്ചത്. ഇതിന്റെ വരുമാനസ്രോതസ്സും അന്വേഷിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഈ വീട് നിർമ്മാണത്തിനും ശിവശങ്കർ സഹായിച്ചിരുന്നു.

സ്വപ്‌ന സുരേഷിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത് വൻ സാമ്പത്തിക വളർച്ച ഉണ്ടായിരുന്നു. തിരുവനന്തപുരം കണ്ണേറ്റ്മുക്കിൽ ഒൻപത് സെന്റ് സ്ഥലത്ത് വൻ ആഡംബര വസതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സ്വപ്‌ന തുടക്കമിട്ടിരുന്നത്. ഫെബ്രുവരിയിൽ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോർപ്പറേഷന്റെ അനുമതി തേടിയിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ജോലികൾ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കർ അടക്കമുള്ള ഉന്നതരായ ആളുകൾ എത്തിയിരുന്നതായും സമീപത്തെ ഒരു ആഡംബര ഹോട്ടലിൽ പാർട്ടി നടന്നതായും സമീപവാസികൾ പറയുന്നു. ആഡംബര വസതിയുടെ നിർമ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആൾക്കാണ് നൽകിയിരുന്നത്.

സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവിൽ എത്തിയത് കാറിലെന്ന വിവരം പുറത്തുവന്നു. രണ്ടുദിവസം മുമ്പാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവർ താമസിച്ചിരുന്നു. ബെംഗളൂരുവിൽ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോർട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് പ്രതികൾ രാജ്യം വിടാൻ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റിലായ ശേഷം വിശദമായ ചോദ്യം ചെയ്യൽ നടന്നു. ഇതിലാണ് ശിവശങ്കറിനെ കുടുക്കുന്ന കാര്യങ്ങൾ പങ്കുവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP