Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നലത്തെ 148 മരണം ബ്രിട്ടന്റെ ഉറക്കം കെടുത്തും; കഴിഞ്ഞ ശനിയാഴ്‌ച്ചത്തേതിനേക്കാൾ ഇരട്ടിയായത് ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുതന്നെ; വിട്ടുപോയ കോവിഡ് വീണ്ടും പറന്നെത്തിയതായി ബ്രിട്ടണിൽ ആശങ്ക

ഇന്നലത്തെ 148 മരണം ബ്രിട്ടന്റെ ഉറക്കം കെടുത്തും; കഴിഞ്ഞ ശനിയാഴ്‌ച്ചത്തേതിനേക്കാൾ ഇരട്ടിയായത് ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുതന്നെ; വിട്ടുപോയ കോവിഡ് വീണ്ടും പറന്നെത്തിയതായി ബ്രിട്ടണിൽ ആശങ്ക

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 148 കോവിഡ് മരണങ്ങൾ. കഴിഞ്ഞ ശനിയാഴ്‌ച്ച രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ മൂന്നാമത്തെ ആഴ്‌ച്ചയാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന വസ്തുത കൂടുതൽ ആശങ്കയുണർത്തുന്നു. മാത്രമല്ല ഇന്നലെ 820 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ബ്രിട്ടനിലെ മൊത്ത കോവിഡ് ബാധിതരുടെ എണ്ണം 2,88,953 ആയി ഉയര്ന്നു. മൊത്തം മ്രരണം 44,798 ആയിട്ടുമുണ്ട്.

ഇതിൽ 38 പേർ മരിച്ചത് എൻ എച്ച് എസ് ആശുപത്രികളിലാണ്. വെയിൽസിൽ ഇന്നും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ടലാൻഡിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഫേകളും റെസ്റ്റോറന്റുകളും പബ്ബുകളും എല്ലാം തുറന്നത് ഒരാഴ്‌ച്ച മുൻപ് മാത്രമായതിനാൽ അതിന്റെ സ്വാധീനം ഈ വർദ്ധിച്ച മരണനിരക്കിൽ ഉണ്ടാകണമെന്നില്ല. എന്നാൽ അതിന് മുൻപ് നൽകിയ ഇളവുകളുടെ പ്രത്യാഘാതമാണ് ഈ വർദ്ധനവ് എന്നൊരു വിലയിരുത്തലും ഉണ്ട്.

അതേസമയം ഔട്ട്ഡോർ പൂളുകളും ലിഡോകളും ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ വില്ലേജ് ക്രിക്കറ്റും തിരിച്ചെത്തിയിട്ടുണ്ട്. ഇൻഡോർ ജിമ്മുകൾ അടുത്ത ആഴ്‌ച്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഏതായാലും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും സർക്കാർ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്നലത്തെ വർദ്ധിച്ച മരണനിരക്ക് കേവലം ഒരു ദിവസത്തെ അസാധാരണമായ സംഭവമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ആവർത്തിച്ചാൽ കൂടുതൽ കാർക്കശ്യത്തോടെ ലോക്ക്ഡൗൺ തിരിച്ചുവരുവാനുള്ള സാധ്യതയുമുണ്ട്.

ഈ സാഹചര്യത്തിൽ, ബ്രിട്ടന്റെ സാമ്പത്തിക ഭദ്രത കാക്കുവാനായി തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ എത്തി ജോലിചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വളരെ ശ്രദ്ധിച്ചു വേണം സ്വീകരിക്കുവാനെന്നാണ് തൊഴിൽ ദാതാക്കളും തൊഴിലാളികളും പറയുന്നത്. തികച്ചും തകർന്ന അവസ്ഥയിലായ ഹൈസ്ട്രീറ്റിനെ രക്ഷിക്കുവാനായി എല്ലാവരും വീടിന് പുറത്തിറങ്ങി, തൊഴിലിടങ്ങളിലെത്തി ജോലിചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തത്. ഒഴിഞ്ഞ ഓഫീസുകൾ ടൗൺ സെന്ററിലെ ഷോപ്പുകളേയും റെസ്റ്റോറന്റുകളേയും വിപരീതമായി ബാധിക്കുന്നു എന്ന് പ്രധാനമന്ത്രിയും ചാൻസലറും പ്രസ്താവിച്ചിരുന്നു.

എന്നാൽ മാസങ്ങളോളമായി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് ജോലിചെയ്തവർ തിരിച്ച് തൊഴിലിടങ്ങളിലേക്കെത്താൻ മടിക്കുകയാണെന്നാണ് റിപ്പോർട്ട്. മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പലരിലും ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. കമ്പനികളും വർക്ക് ഫ്രം ഹോം സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതിലൂടെ വാടക, കറന്റ് ബിൽ തുടങ്ങിയ വൻചെലവുകൾ കുറയ്ക്കുവാനും അവർക്ക് ആകുന്നുണ്ട്. അതുകൊണ്ട് തന്നെ ഓഫീസുകളിലേക്ക് ജീവനക്കാർ കൂട്ടത്തോടെ മടങ്ങിയെത്തുന്നതിൽ മിക്ക ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ താത്പര്യമില്ല.

അതേ സമയം പബ്ബുകളും റെസ്റ്റോറന്റുകളും തുറന്ന നടപടി ജനങ്ങൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്നലേയും സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഭക്ഷണത്തിനായി നിരവധിപേർ ഇവിടങ്ങളിലെത്തി. ഈ മേഖല സാവധാനം തകർച്ചയുടെ പടുകുഴിയിൽ നിന്നും കരകയറും എന്നതിന്റെ സൂചനയായാണിതിനെ സാമ്പത്തിക വിദഗ്ദർ കണക്കാക്കുന്നത്. വാരാന്ത്യങ്ങളിലെ തിരക്ക് മാത്രമല്ല, ദൈനംദിന ഉപഭോക്താക്കളും തിരിച്ചെത്തിയാൽ മാത്രമേ പക്ഷെ പൂർണ്ണമായ ഒരു ഉയർത്തെഴുന്നേല്പ് സാധ്യമാകു. ഇതിനായി ആളുകൾ വീടുവിട്ട് തൊഴിലിടങ്ങളിലെത്തി ജോലിചെയ്യാൻ ആരംഭിക്കണം.

അതേസമയം വൈറസിന്റെ പ്രത്യ്ദ്പാദന നിരക്കായ ആർ മൂല്യം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ 1 നു മുകളിൽ എത്തിയതായി സൂചന. കഴിഞ്ഞ രണ്ടു മാസമായി 0.7 നും 0.9 നും ഇടയിലായി തുടരുകയാണ് ഈ നിരക്ക്. ദേശീയ തലത്തിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോഴും, ചില ഭാഗങ്ങളിലെങ്കിലും ഇത് 1 ന് മുകളിൽ എത്തിയതായി സംശയിക്കുന്നു. ഡെവൺ, കോൺവെൽ, ഡോർസെറ്റ് തുടങ്ങിയ പ്രദേശങ്ങൾ അടങ്ങിയ സൗത്ത് വെസ്റ്റിൽ ഇത് ഇപ്പോൾ 1.1 ആണെന്നാണ് സർക്കാരിന്റെ ശാസ്തോപദേശകർ പറയുന്നത്.

അതേ സമയം ബ്രിട്ടനിലെ രോഗ വ്യാപന തോത് മൈനസ് അഞ്ചിനും മൈനസ് രണ്ട് ശതമാനത്തിനും ഇടയിലാണെന്ന മറ്റൊരു റിപ്പോർട്ട് കൂടി വന്നിട്ടുണ്ട്. ബ്രിട്ടനിൽ രോഗവ്യാപനം കുറയുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപ് രോഗവ്യാപനം പൂർണ്ണമായും തടയാനാകുമെന്ന് കരുതുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഗവൺമെന്റ് സർവിലൻസ് ടെസ്റ്റിങ് സ്‌കീമിന്റെയും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെയും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ബ്രിട്ടനിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി എന്നുതന്നെയാണ്.

ഇന്നലെ ബ്രിട്ടനിലാകെ 2.5 ലക്ഷം പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കുംമറ്റ് ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയുള്ള കണക്കാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP