Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദങ്ങളുടെ കരിനിഴലിൽ നിൽക്കുമ്പോഴും സിപിഎമ്മിന്റെ സ്വജനപക്ഷപാതത്തിന് കുറവൊന്നുമില്ല; ഹൈക്കോടതി മരവിപ്പിച്ചിരുന്ന ‘ഇ–വിഐപി’ പുതുക്കാൻ വീണ്ടും ഊരാളുങ്കൽ എത്തുന്നു; പദ്ധതി ‘റീ ഡിസൈൻ’ ചെയ്യുന്നു എന്ന് കേരള പൊലീസ്; ടെൻഡർ പോലും വിളിക്കാതെ സർക്കാർ ശ്രമിക്കുന്നത് സ്വന്തക്കാരെ സന്തോഷിപ്പിക്കാൻ; ഡേറ്റകൾ ചോരില്ലെന്ന് ഇപ്പോഴും യാതൊരു ഉറപ്പുമില്ല

വിവാദങ്ങളുടെ കരിനിഴലിൽ നിൽക്കുമ്പോഴും സിപിഎമ്മിന്റെ സ്വജനപക്ഷപാതത്തിന് കുറവൊന്നുമില്ല; ഹൈക്കോടതി മരവിപ്പിച്ചിരുന്ന ‘ഇ–വിഐപി’ പുതുക്കാൻ വീണ്ടും ഊരാളുങ്കൽ എത്തുന്നു; പദ്ധതി ‘റീ ഡിസൈൻ’ ചെയ്യുന്നു എന്ന് കേരള പൊലീസ്; ടെൻഡർ പോലും വിളിക്കാതെ സർക്കാർ ശ്രമിക്കുന്നത് സ്വന്തക്കാരെ സന്തോഷിപ്പിക്കാൻ; ഡേറ്റകൾ ചോരില്ലെന്ന് ഇപ്പോഴും യാതൊരു ഉറപ്പുമില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡും സ്വർണക്കടത്ത് വിവാദവും കനക്കുന്നതിനിടെ സ്വന്തക്കാർക്ക് വഴിവിട്ട സഹായങ്ങളുമായി സിപിഎം. ഹൈക്കോടതി ഇടപെട്ട് നിർത്തിവെച്ച ‘ഇ–വിഐപി’ (ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫെയ്സ് ഫോർ പാസ്പോർട്ട്) പുതുക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്ക് അനുമതി നൽകാനുള്ള കേരള പൊലീസിന്റെ നീക്കമാണ് തകൃതിയായി നടക്കുന്നത്. കേരള പൊലീസിന്റെ ഓൺലൈൻ പാസ്പോർട്ട് വെരിഫിക്കേഷൻ ആപ്ലിക്കേഷൻ പുതുക്കാനുള്ള നീക്കം നേരത്തേ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഡേറ്റ ചോർച്ച വിവാദവും ഹൈക്കോടതി ഉത്തരവും കാരണം മരവിപ്പിച്ച നീക്കമാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.

സംസ്ഥാന സർക്കാർ സ്വജന പക്ഷപാതത്തിന്റെയും അഴിമതിയുടെയും കരിനിഴലിൽ നിൽക്കുന്ന സമയത്താണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനായി കേരള പൊലീസ് വഴിവിട്ട സഹായം ചെയ്യുന്നത്. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ കഴിഞ്ഞയാഴ്ച പ്രത്യേക യോഗം നടന്നു. വിഡിയോ കോൺഫറൻസ് വഴി ഡിജിപിയും യോ​ഗത്തിൽ പങ്കെടുത്തു. പദ്ധതി ‘റീ ഡിസൈൻ’ ചെയ്യുന്നതിനായി കൂടിയ യോഗത്തിൽ, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, കുറ്റവാളികളെപ്പറ്റി പൊലീസിന്റെ വിവരങ്ങളടങ്ങിയ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് ആൻഡ് സിസ്റ്റംസിന്റെ (സിസിടിഎൻഎസ്) ചുമതലക്കാരൻ ഡിഐജി പ്രകാശ്, ഊരാളുങ്കൽ സൊസൈറ്റിയുടെ 2 പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമുണ്ടായിരുന്നു.

ദേശീയ പുരസ്കാരങ്ങൾ നേടിയ ഇ വിഐപിയിൽ വരുത്തുമെന്നാണ് ഊരാളുങ്കൽ പറയുന്നത്. എന്നാൽ ഈ മാറ്റങ്ങൾ എത്ര പ്രയോജനപ്രദമാണെന്നതും സംശയമുയർത്തുന്നു. പാസ്പോർട്ട് അപേക്ഷകരുടെ ആധാർ നമ്പർ, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങളിൽ ഊരാളുങ്കലിനു ലഭിക്കും. മാത്രമല്ല, പുതുക്കലാണു ലക്ഷ്യമെങ്കിൽ ടെൻഡർ ഇല്ലാതെ നൽകുന്നതെങ്ങനെയെന്ന ചോദ്യവുമുയരുന്നു.

സൊസൈറ്റിക്കു സിസിടിഎൻഎസിലേക്കു പ്രവേശനം നൽകാനും ധാരണയായി. 3 ദിവസം മുൻപ് ഇ വിഐപി ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോട്ടുകൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽനിന്ന് ഊരാളുങ്കലിന് മെയിലിൽ നൽകി. സിസിടിഎൻഎസുമായി ചേർന്നു പ്രവർത്തിക്കുന്ന, ദേശീയ തലത്തിലുള്ള ഇന്റർ ഓപ്പറേറ്റ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ (ഐസിജെഎസ്) സ്ക്രീൻ ഷോട്ടുകളും വിഡിയോയും നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജയിൽ, പൊലീസ്, ഫൊറൻസിക്, ഫിംഗർ പ്രിന്റ് ബ്യൂറോ, മോട്ടർ വാഹനവകുപ്പ്, കോടതി, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് എന്നീ വിഭാഗങ്ങളുടെ ഡേറ്റ സൂക്ഷിക്കുന്ന നെറ്റ്‌വർക്കാണ് ഐസിജെഎസ്. കേന്ദ്രസർക്കാരിന്റ എൻഐസിക്കാണ് ഇതിന്റെ ചുമതല.

‘ഇ–വിഐപി’

പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതുദിവസം മുതൽ ഒരു മാസം വരെ സമയം വേണ്ടിവരുന്നുണ്ട്. എന്നാൽ കടലാസ് രഹിത ഡിജിറ്റൽ വർക്ക്ഫ്ലോയിലൂടെ ഇത് നാല് – അഞ്ച് ദിവസം വരെയായി കുറയ്ക്കുന്നതിന് ഇ- വിഐപി ആപ്ലിക്കേഷൻ മുഖേന കഴിയും. ഈ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് വെബ് ആപ്ലിക്കേഷൻ വഴി അയച്ച് കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് ഡിജിറ്റലായി ഈ ഫയൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫീസർക്ക് മൊബൈൽ / ലാപ്ടോപ് ആപ്ലിക്കേഷൻ വഴി നൽകുന്നു. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ / ലാപ്ടോപ് ആപ്ലിക്കേഷൻ വഴി തന്നെ റിപ്പോർട്ട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിനു നൽകും. തുടർന്ന് ജില്ലാപൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള വെബ്‌പോർട്ടലിൽ അപ് ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.

ഹൈക്കോടതി ഒരിക്കൽ തടഞ്ഞത്

കഴിഞ്ഞ നവംബറിൽ ഇ വിഐപി പുതുക്കാൻ ഊരാളുങ്കലിന് ഡിജിപി അനുമതി നൽകിയത് വിവാദമായിരുന്നു. കൂടുതൽ സുരക്ഷിതമായ ബ്ലോക് ചെയിൻ വിദ്യ ഉപയോഗിച്ച് പുതുക്കുന്നു എന്നായിരുന്നു അന്നത്തെ അവകാശവാദം. തുടർന്ന് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിൽ, പാസ്പോർട്ട് അപേക്ഷകരുടെ വിവരങ്ങൾ ഇവർക്കു കൈമാറുന്നത് ഹൈക്കോടതി റദ്ദാക്കി. പദ്ധതിയുടെ പ്രൂഫ് ഓഫ് കൺസപ്റ്റ് പൂർത്തിയാക്കുന്നതിനു 35 ലക്ഷം രൂപ സൊസൈറ്റിക്കു നൽകാനുള്ള ഡിജിപിയുടെ ഉത്തരവും റദ്ദാക്കി. ബ്ലോക്ചെയിൻ ഉപയോഗിക്കുന്ന കാര്യം ഇത്തവണ പരാമർശിക്കുന്നില്ല. ഏതെങ്കിലും ഉത്തരവിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലാണോ പുതിയ നീക്കമെന്നും വ്യക്തമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP