Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎപിഎ ചുമത്തിയതിനാൽ മുൻകൂർ ജാമ്യം ലഭിക്കില്ല; കുറ്റപത്രം നൽകാതെ ആറുമാസം വരെ തടവിലാക്കാം; റിമാൻഡ് കാലാവധി കഴിയും മുമ്പ് കുറ്റപത്രം ഒരുങ്ങിയാൽ പിന്നെ പുറത്തിറങ്ങുന്നത് വിധിക്ക് ശേഷം; എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാം; സ്വപ്‌നയും സരിത്തും പെട്ടെന്ന് ആർക്കും രക്ഷിക്കാനാവാത്ത ഊരാക്കുടുക്കിൽ

യുഎപിഎ ചുമത്തിയതിനാൽ മുൻകൂർ ജാമ്യം ലഭിക്കില്ല; കുറ്റപത്രം നൽകാതെ ആറുമാസം വരെ തടവിലാക്കാം; റിമാൻഡ് കാലാവധി കഴിയും മുമ്പ് കുറ്റപത്രം ഒരുങ്ങിയാൽ പിന്നെ പുറത്തിറങ്ങുന്നത് വിധിക്ക് ശേഷം; എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാം; സ്വപ്‌നയും സരിത്തും പെട്ടെന്ന് ആർക്കും രക്ഷിക്കാനാവാത്ത ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഇനി വിചാരണ തീരും വരെ പുറത്തിറങ്ങാൻ കഴിയില്ല. യുഎപിഎ ചുമത്തിയതോടെ മുൻകൂർ ജാമ്യസാധ്യത ഇല്ലാതായി. യുഎപിഎ ചുമത്തപ്പെടുന്ന പ്രതികളെ 180 ദിവസം വരെ റിമാൻഡിൽ വയ്ക്കാം. അതിനിടയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചാൽ സ്വാഭാവിക ജാമ്യത്തിനുള്ള അവസരവും ഇല്ലാതാകും. സ്വപ്‌നാ സുരേഷിനും സരിത്തിനും സന്ദീപിനുമെതിരെ കഴിയുന്നത്ര വേഗം കുറ്റപത്രം നൽകും. അതുകൊണ്ട് തന്നെ ഇവരുടെ പുറത്തിറങ്ങൽ അനിശ്ചിതമായി നീങ്ങും.

ജീവപര്യന്തം തടവ് കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണക്കാലത്തും ജാമ്യം കിട്ടില്ല. സുപ്രീംകോടതിയും പ്രതികൾക്ക് അനുകൂലമായ തീരുമാനം എടുക്കാൻ കഴിയില്ല. സാധാരണ ക്രിമിനൽ കേസുകളിൽ ആദ്യ റിമാൻഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളിൽ പ്രതികളെ എപ്പോൾ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ വാങ്ങാം. അതുകൊണ്ട് തന്നെ ദീർഘമായ ചോദ്യം ചെയ്യലും ഉണ്ടാകും.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് കേസും നിലനിൽക്കുന്നതിനാൽ കള്ളക്കടത്തു നിരോധന നിയമപ്രകാരമുള്ള (കൊഫെപോസ) നടപടികളും നേരിടേണ്ടിവരും. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി പി ശിവശങ്കറും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. എന്നാൽ ശിവശങ്കറിനെതിരേയും സമാന വകുപ്പുകൾ ചുമത്തും. അങ്ങനെ വന്നാൽ ശിവശങ്കറും അഴിക്കുള്ളിൽ നീണ്ട നാൾ കിടക്കും. എൻ ഐ എ കേസുകളിൽ അതിവേഗം കുറ്റപത്രം നൽകുന്ന ഏജൻസിയാണ്. കേന്ദ്ര സർക്കാർ നേരിട്ടാണ് പരിശോധിക്കുന്നത്.

ഐബി, റോ ഉദ്യോഗസ്ഥരെക്കൂടി സഹകരിപ്പിച്ച് അന്വേഷണ സംഘം വിപുലീകരിക്കും. ഉന്നതരുടെ പങ്കും പരിശോധിക്കും. എൻഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാണ് എൻ ഐ എ അന്വേഷണത്തിൽ തീരുമാനം എടുത്തത്. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാൽ എൻഐഎക്ക് അന്വേഷിക്കാവുന്നതാണെന്നായിരുന്നു വിലയിരുത്തൽ. എൻഐഎ കേസ് ഏറ്റെടുത്തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് തുടരും. കസ്റ്റംസ് ആക്ട് പ്രകാരം എൻഐഎക്ക് ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കില്ല.

മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചു ബുധനാഴ്ച വൈകിട്ടാണു കൊച്ചി യൂണിറ്റ് റിപ്പോർട്ട് നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കേസ് എൻഐഎക്കു കൈമാറാൻ തീരുമാനവുമായി. ആയുധക്കടത്താണു വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ മുൻപു നടത്തിയ അന്വേഷണങ്ങളിലധികവും. അതിന് സമാനമായിട്ടാകും ഇതും അന്വേഷിക്കുക. ഭരണ നേതൃത്വത്തിലുള്ളവരടക്കം ആരെയും എപ്പോൾ വേണമെങ്കിലും അനുമതി കൂടാതെ ചോദ്യം ചെയ്യാനും എവിടെയും റെയ്ഡ് നടത്താനുമുള്ള അധികാരം എൻഐഎക്കുണ്ട്. ഇതാണ് എൻ ഐ എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ചോദ്യം ചെയ്യലിന് ഏതാനും ദിവസം മുൻപ് നോട്ടിസ് നൽകണമെന്നതു മാത്രമാണു നടപടിക്രമം. അന്വേഷണത്തിൽ സംസ്ഥാന പൊലീസിന്റെ സഹായം ഒഴിവാക്കുന്നത് എൻഐഎയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ആരോപണമുള്ളതാണു കാരണം. അതീവ രഹസ്യമായിട്ടാകും അന്വേഷണം. പൊലീസിലെ ഉന്നതർക്ക് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്. യുഎപിഎയിലെ 15,16,17,18 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീകരപ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്നും എൻഐഎ വ്യക്തമാക്കുന്നു. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻ.ഐ.എ.യെ ഏൽപിച്ചത്. കസ്റ്റംസ് ഇതുവരെഅന്വേഷിച്ച കേസ് അതേപടി തുടരും.

സ്വർണത്തിന്റെ ഉറവിടം, സ്വർണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാർഗങ്ങൾ, പതിവായി സ്വർണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വർണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക.

കേസിൽ സരിത്ത്, സ്വപ്ന, എറണാകുളം സ്വദേശി ഫസിൽ ഫരീദ് എന്നിവരാണു യഥാക്രമം 1-3 പ്രതികൾ. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായർ നാലാംപ്രതിയാണ്. വിദേശത്തുനിന്നു വൻതോതിൽ സ്വർണം കടത്തിയതു ദേശീയസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സ്വർണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എൻ.ഐ.എ. വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യു.എ.പി.എ. 15-18 വകുപ്പുകൾ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP