Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലെഗിൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്; സ്ത്രീകളുടെ നിഗൂഢശരീരത്തെ ലെഗിൻസിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നു; സ്ത്രീകൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു': 'ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം' എന്ന തലക്കെട്ടിൽ മുമ്പെഴുതിയ ലേഖനത്തെ തള്ളിപ്പറഞ്ഞ് ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ എഫ്ബി പോസ്റ്റ്

'ലെഗിൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്; സ്ത്രീകളുടെ നിഗൂഢശരീരത്തെ ലെഗിൻസിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നു; സ്ത്രീകൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു': 'ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം' എന്ന തലക്കെട്ടിൽ മുമ്പെഴുതിയ ലേഖനത്തെ തള്ളിപ്പറഞ്ഞ് ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ എഫ്ബി പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ലെഗിൻസ് മാന്യ വസ്ത്രമല്ലെന്ന വിവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലെഗിൻസ് ഒരുസദാചാരപ്രശ്‌ന വേഷമാണ് ചിലർക്ക്. പതിവ് പോലെ മറുവാദവുമുണ്ട്. ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം' എന്ന തലക്കെട്ടിൽ ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയിൽ (ലക്കം 1970, 2012 ജൂൺ) എഴുതിയ ലേഖനം കേരളത്തിൽ ഈ വിഷയത്തിൽ ചൂടേറിയ ചർച്ചയക്ക് വഴിവച്ചിരുന്നു.

'ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികൾ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു. ലെഗിനൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രമിട്ട് നിരത്തിൽ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഈ വസ്ത്രം നൽകുന്ന മറ്റൊരു പ്രയോജനം സ്ത്രീകളുടെ നഗ്‌നത സങ്കൽപ്പിക്കാൻ പുരുഷന്മാർ അധികം ഭാവന പ്രയോഗിക്കെണ്ടിവരുന്നില്ല എന്നതാണ്. ധരിക്കാനുള്ള എളുപ്പത്തിലും ധരിച്ചതിന് ശേഷം ആയാസരഹിതമായ അനുഭവം നൽകുന്നതിലും മോഡേൻ ആണെന്ന് വരുത്തിതീർക്കുന്നതിലും സ്ത്രീപക്ഷപാതികളും അല്ലാത്തവരുമായ സ്ത്രീകളെ ലെഗിന്‌സ് ഉയരർന്ന അളവിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം അഴിക്കാനുമുണ്ടെന്ന് ധരിക്കുന്ന സ്ത്രീകള്ൾ തിരിച്ചറീഞ്ഞാൽ നന്ന്. ലെഗിന്‌സ് എന്ന സംസ്‌കാരശൂന്യമായ വസ്ത്രം പുരുഷഭാവനയുടെ ഉൽപന്നമാണെന്നവർ തിരിച്ചറിയുന്നില്ല.
വീട്ടിലെ സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനോട് അച്ഛനോ സഹോദരനോ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല എങ്കിൽ അവരുടെ സ്‌നേഹത്തെ ന്യായമായും സംശയിക്കാം.ാസ്ഥവത്തിൽ നിയമം കൊണ്ട് നിരോധിക്കേണ്ട വസ്ത്രമാണ് ലെഗിൻസ്. സർക്കാർ ഈ വസ്തുത മനസ്സിലാക്കിയിട്ടും മൗനം പാലിക്കുന്നത് കേരളത്തിലെ ഫെമിനിസ്റ്റുകളേ ഭയന്നിട്ടല്ലേ? ലേഖനത്തിൽ മുഖ്യമായി ഉന്നയിച്ച ചോദ്യങ്ങൾ ഇതൊക്കെയായിരുന്നു.

എന്നാൽ 8 വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ 23 ാം വയസ്സിൽ എഴുതിയ ലേഖനത്തെ ഇപ്പോൾ ലക്ഷി ഭായ് തമ്പുരാട്ടി തള്ളിപ്പറഞ്ഞിരിക്കുകയാണ്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:'സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനെതിരെ നിശിതമായ വിമർശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോൾ എനിക്ക് പ്രായം 23 വയസായിരുന്നു. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പൻ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടിൽനിന്നുകൊണ്ട്, ഇന്നത്തെ നിലയിൽ പറഞ്ഞാൽ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാൻ ഈ കുറിപ്പിലൂടെ പൂർണമായും തള്ളിക്കളയുന്നു'

സാമൂഹിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയപ്പോൾ മുതൽ ലെഗിൻസിനെ കുറിച്ച് താൻ എഴുതിയ ലേഖനത്തിൽ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പൻ ആശയങ്ങളെ കുറിച്ച് തനിക്ക് ആകുലതകൾ ഉണ്ടായതായി ലക്ഷ്മി ഭായി തമ്പുരാട്ടി പറഞ്ഞു.

'ലെഗിൻസ് ലേഖനത്തിന്റെ പേരിൽ ഒരുപാട് പേർ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിർത്തുന്നുണ്ട്, വിമർശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തിനെച്ചൊല്ലി മാത്രമാണെങ്കിൽ, അവയെല്ലാം ഞാൻ അർഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. ആരും വിമർശനത്തിനതീതരല്ലല്ലോ. വിമർശനങ്ങളെയൊക്കെ നേരിടാൻതക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങൾ തുറന്നു പറയുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂർവം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു'

ഫേസബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ലെഗിൻസിനെപ്പറ്റി വീണ്ടും

ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാൻ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നിൽക്കുന്ന പലരോടും ചർച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാർത്ഥിനി ഞാൻ ഏഴുവർഷങ്ങൾക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിൻസിനെപ്പറ്റിയായിരുന്നു ആ ലേഖനം. എനിക്കു മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാൻ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോൾ മുതൽ ആ തലക്കെട്ട് എന്നെ ഉമിത്തീയിലിട്ടു നീറ്റി. സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനെതിരെ നിശിതമായ വിമർശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോൾ എനിക്ക് പ്രായം 23 വയസായിരുന്നു. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പൻ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടിൽനിന്നുകൊണ്ട്, ഇന്നത്തെ നിലയിൽ പറഞ്ഞാൽ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാൻ ഈ കുറിപ്പിലൂടെ പൂർണമായും തള്ളിക്കളയുന്നു. ഇതു ഞാൻ വളരെ മുമ്പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ലേഖനസമാഹാരത്തിൽനിന്നും ആദ്യം ഒഴിവാക്കിയതും ഇതേ ലേഖനമാണ്. പുസ്തകത്തിന്റെ മുഖവുരയിൽ പ്രസ്തുത ലേഖനം എഴുതിയപ്പോൾ ആശയപരമായും വീക്ഷണപരമായും വന്ന പിഴവുകളെപ്പറ്റി ഏറ്റുപറയാനും ഞാൻ ഉദ്ദേശിച്ചിരുന്നു. കാരണം ഒരു ഇരുപത്തിരണ്ടുകാരിയിൽനിന്ന് മുപ്പത്തിയൊന്നുകാരിയിലേക്കു മാറുമ്പോൾ, ഒരു വിദ്യാർത്ഥിനിയിൽനിന്ന് അദ്ധ്യാപികയിലേക്കു മാറുമ്പോൾ ഈ പഴയ ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വേദനയും ബാധ്യതയുമാണ്. അതിൽനിന്നും ഒരു മോചനം എനിക്കും വേണ്ടതായിട്ടുണ്ട്.

ഈ ലേഖനം എഴുതിയതിനുശേഷം ഏതാനും പോപ്പുലർ ലേഖനങ്ങൾകൂടി എഴുതി പ്രസിദ്ധീകരിച്ചെങ്കിലും അവയിൽനിന്നും മാറി പഠനത്തിലും ഗവേഷണത്തിലുമായി ഇക്കാലമത്രയും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങൾ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു. സ്ത്രീശരീരം, വസ്ത്രധാരണം, നഗ്‌നത, സദാചാരം എന്നിവയെക്കുറിച്ച് അതുവരെ ഞാൻ വച്ചു പുലർത്തിയ വികലമായ ധാരണകളിൽനിന്നു മാറിച്ചിന്തിക്കാനും ആ കാലയളവിൽ സാധിച്ചു. സാംസ്‌കാരിക ബോധത്തിന്റെയും രാഷ്ട്രീയധാരണകളുടെയും പുതിയ ലോകം എനിക്ക് ഉണ്ടായിവന്നു. അപ്പോഴേക്കും പോപ്പുലർ ലേഖനങ്ങൾ തീരെ എഴുതാതാവുകയും ഗവേഷണത്തിലും അദ്ധ്യാപനത്തിലും നൃത്തത്തിലും ഞാൻ മുഴുകയും ചെയ്തു. അതിനും ഏറെ നാളുകൾക്കുശേഷമാണ് ഞാൻ ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കുന്നത്. അതിലൂടെ എന്റെ കാഴ്ചപ്പാടിലും സാമൂഹിക ബോധത്തിലും വന്ന കാലാനുസാരിയായ മാറ്റങ്ങളെ കൊണ്ടുവരാൻ ഞാൻ ശ്രദ്ധിച്ചു. ഇന്ന് നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വസ്ത്രധാരണം, നഗ്‌നത എന്നിവയെക്കുറിച്ച് പല മുൻധാരണകൾവച്ചു പുലർത്തുന്ന പലരേയും കാണുന്നുണ്ട്. ഈ സന്ദർഭത്തിൽ ഞാൻ ഏത് പക്ഷത്തു നിൽക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കാനുള്ള ധാർമിക ബാധ്യത എനിക്കുണ്ടെന്നു കരുതുന്നു.

സാമൂഹിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയപ്പോൾ മുതൽ ലെഗിൻസിനെപ്പറ്റി ഞാൻ എഴുതിയ ലേഖനത്തിൽ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പൻ വിചാരങ്ങളെപ്പറ്റി എന്നിൽ ആകുലതകളുണ്ടായി. ഈ ലേഖനം എഴുതിയ നിമിഷത്തെപ്പറ്റി കുറ്റബോധമുണ്ടായി. അപ്പോഴും എന്റെ മാറിയ ധാരണകളെ അറിയിക്കാൻ ഞാൻ എവിടെയും ശ്രമിച്ചതുമില്ല. ഇക്കഴിഞ്ഞ എഴുവർഷങ്ങൾക്കുള്ളിൽ എന്നിൽ രൂപപ്പെട്ട ചിന്താപരമായ വ്യതിയാനങ്ങളെപ്പറ്റി എന്റെ വിദ്യാർത്ഥികൾ ഉൾപ്പെടെ നേരിട്ടുള്ള സമ്പർക്കത്തിൽ ഇരിക്കുന്നവർക്കൊഴികെ മറ്റുള്ളർക്ക് മനസിലാക്കാൻ സാഹചര്യം ഉണ്ടായതുമില്ല. ഒരിക്കൽ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തെ മുൻകാലപ്രാബല്യത്തോടെ പിൻവലിക്കുന്നതെങ്ങനെയെന്ന് എനിക്ക് അറിയില്ല. മുൻപാരെങ്കിലും ഇത്തരത്തിൽ സ്വന്തം രചനയെ തിരസ്‌കരിച്ചിട്ടുണ്ടോ എന്നുമറിയില്ല. പക്ഷേ ഒരു കാര്യം നമുക്കെല്ലാം അറിയാം, മാറ്റങ്ങൾക്കു തയ്യാറായിട്ടുള്ള ലോകത്തിലെ മിക്കവാറും എഴുത്തുകാർ അവരുടെ പഴയകാല എഴുത്തിൽ, ചിന്തകളിൽ ഉണ്ടായിരുന്നതും പിൽക്കാലത്ത് ഉപേക്ഷിക്കപ്പെടേണ്ടതായി വന്നിട്ടുള്ളതുമായ ഏതെങ്കിലും ഘടകത്തെ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മനസാക്ഷിയുടെ മുൻപിൽ ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ അനിവാര്യമാണ്. എനിക്കു ചുറ്റുമുള്ള, ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ലോകം ആധുനികവും പുരോഗമനാത്മകവുമായ ദിശകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുക എന്നതാണ് ഒരു എളിയ എഴുത്തുകാരി, കലാകാരി എന്ന നിലയിൽ ഞാൻ നിർവഹിക്കേണ്ട ധർമം എന്നു ഞാൻ തിരിച്ചറിയുന്നു. ലെഗിൻസ് ലേഖനത്തിന്റെ പേരിൽ ഒരുപാട് പേർ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിർത്തുന്നുണ്ട്, വിമർശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തിനെച്ചൊല്ലി മാത്രമാണെങ്കിൽ, അവയെല്ലാം ഞാൻ അർഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. ആരും വിമർശനത്തിനതീതരല്ലല്ലോ. വിമർശനങ്ങളെയൊക്കെ നേരിടാൻതക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങൾ തുറന്നു പറയുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂർവം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു എന്നുമുള്ള പരിഗണന ഈ കുറിപ്പിനു നേരേ ഉണ്ടാകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.

2012 ലെ ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ലേഖനത്തിൽ നിന്ന്:

സെക്‌സ് സംബന്ധിയായ പുരുഷന്മാരുടെ ഫാന്റസികളും ഭാവനകളും സ്ത്രീകളിൽനിന്നും വ്യതസ്തമാണെന്നു മനഃശ്ശാസ്ത്ര വിദഗ്ദ്ധർ നിരന്തരമായി ചൂണ്ടിക്കാട്ടുന്നു. മൂന്നുവയസുകാരിയെ മുതൽ വയോവൃദ്ധകളെയും ശവശരീരത്തെയും വരെ ഭോഗിക്കുന്ന പുരുഷന്മാർ പ്രകടിപ്പിക്കുന്ന സംഗീർണ്ണമായ ലൈംഗികാഗ്രഹങ്ങളുടെ ഉറവിടം നിഗൂഢമാണ്. ലൈംഗിക ചോദനയും അതുണ്ടാക്കുന്ന അതിയായ സമ്മർദ്ദവും ഒരു ശരാശരി പുരുഷശരീരം അതിജീവിക്കുകയില്ല. ഇന്ദ്രിയനിഗ്രഹം ചെയ്ത പരാശരമുനി പോലും മൽസ്യഗന്ധി ഉണർത്തിവിട്ട വികാരവർഷത്തിൽ നനഞ്ഞിട്ടുണ്ട്. ഇതിലൂടെ പുരുഷന്മാരുടെ കൊള്ളരുതായ്മകളെ ന്യായീകരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ചെറിയൊരുദാഹരണത്തിലൂടെ ഈ ആശയം വ്യക്തമാക്കാം.

മൂന്നുവയസുകാരി എങ്ങനെ ഒരു പുരുഷനെ ലൈംഗികമായി ആകർശിക്കുന്നു എന്നതാണ് സംശയം. യഥാർത്തത്തിൽ അയാളുടെ അധമാവസനയെ പ്രചോദിപ്പിച്ചത് മറ്റൊരു സ്ത്രീയുടെ മാതകതയോ അശ്ലീലസിനിമാ പോസ്റ്ററോ ആകാം. അതിന്റെ പര്യവസാനം പിഞ്ചുശരീരത്തിൽ നടന്നു എന്നതാണ് പരമാർത്ഥം. മണ്ണിലുറപ്പിച്ചുവച്ച കതിന വർണവിസ്മയങ്ങൾ തീർക്കുന്നത് ആകാശത്താണ്. അതായത് തിരികൊളുത്തുന്ന ഇടം ഒന്നും, വിസ്‌ഫോടനം ഉണ്ടാക്കുന്ന ഇടം വേറൊന്നും. ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗിക ചോദനകളെ
ലഗിൻസ് എന്ന ഉത്തരാധുനിക വസ്ത്രാഭാസം ബാലാൽകാരമായി ഉദ്ദീപിപ്പിക്കുയാണ്.

കാറ്റിൽ ഉയരുന്ന വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ അനാവൃതമാക്കുന്ന സ്ത്രീകളുടെ നിഗൂഢശരീരത്തെ ലെഗിന്‌സിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നുണ്ട്. അങ്ങനെ കേരളത്തിലെ ലെഗിന്‌സ് ധാരിണികളായ സ്ത്രീജനങ്ങൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു. അതുകാണുന്ന പുരുഷന്മാരുടെ കാമവാസനകൾ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങൾ ലെഗിൻസ് ധരിച്ച സ്ത്രീകളുടെ ചിന്തയിൽ നിന്നും അഹന്തയിൽ നിന്നും ആയിരം യോജന അകലെയാണ്.

യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ ലെഗിൻസിനു സമാനമായ ചില വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി പരാമർശങ്ങളുണ്ട്. ലോകമഹായുദ്ധകാലങ്ങളിൽ തുകൽ കമ്പിളി എന്നിവകൊണ്ട് നിർമ്മിച്ച ഇടുങ്ങിയ വസ്ത്രങ്ങൾക്ക് പ്രചാരമുണ്ടായിരുന്നു. എഴുപതുകളിൽ പെട്രീഷ്യ ഫീൽഡ് മോഡേൻ ലെഗിന്‌സ് രൂപകൽപന ചെയ്തു. അവർ 'സെക്‌സ് ആൻഡ് സിറ്റി' എന്ന സിനിമാ സീക്വൻസിന്റെ വസ്ത്രാലങ്കാരവിദഗ്ധ എന്ന നിലയിൽ എമ്മി അവാർഡ് നേടിയ അമേരിക്കൻ ഫാഷൻ ഡിസൈനറാണ്. അവർ നൂറു ശതമാനവും ലൈംഗിക ഉത്തേജകവസ്ത്രം എന്ന ആശയത്തിൽ നിന്ന് കൊണ്ട് ആവിഷ്‌കരിച്ചതാണ് ലെഗിൻസ്. പുരുഷന്മാരും ലെഗിൻസ് നീളൻ അടിവസ്ത്രമായി ഉപയോഗിച്ചിരുന്നു. അത് മെഗിൻസ് എന്നറിയപ്പെടുന്നു. 2005 മുതൽ ഇന്ത്യയിൽ ലെഗിൻസ് ആഞ്ഞടിച്ചുകയറി ആധിപത്യം സ്ഥാപിച്ചു തുടങ്ങി. എന്നാലും മെറ്റീരിയലിലും നിർമ്മാണരീതിയിലും ധരിക്കുന്നതിലും തുടങ്ങി ഏതു വിധത്തിൽ ചിന്തിച്ചാലും ലെഗിൻസ് ഒരു അടിവസ്ത്രം മാത്രമാണ്. പരസ്യമോഡലുകളുടെ ആകാരവടിവിൽ ഭംഗിയോടെ ചേർന്നിരിക്കുന്ന ലെഗിൻസ് വ്യായാമമില്ലാതെ തിന്നുകൊഴുക്കുന്ന സാധാരണ സ്ത്രീകളുടെ തുടകളെ ഒന്നാംതരം കാഴ്ചവസ്തുവാക്കുന്നു.

ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികൾ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു.ലെഗിനൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രമിട്ട് നിരത്തിൽ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീപീഡനത്തിൽ പുരുഷന്മാരുടെ പങ്കാളിത്തം ചരർച്ച ചെയ്തു മടുത്ത ചാനലുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെപറ്റി പ്രസംഗിച്ച പെണ്ണുങ്ങൾ പലരും പുരുഷന്മാരുടെ പ്രകൃതിദത്തമായ ലൈംഗിക ഉദ്ദീപനങ്ങളെ ഉൾകൊള്ളുന്നതിൽ വിമുഖത കാണിച്ചു കൊണ്ടേയിരിക്കുന്നു. തള്ള-പിള്ള ഭേദമില്ലാതെ ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ഐ. സി. യു, മരണവീട് തുടങ്ങി എന്തിനധികം കുരിശിന്റെ വഴികളിൽവരെ അരയ്ക്കുതാഴെ അടിവസ്ത്രം ധരിച്ച പെണ്ണുങ്ങൾ കറങ്ങി നടക്കുന്നത്കണ്ടിട്ടും 'അയ്യേ രാജാവ് നഗ്‌നനാണേ' എന്ന് വിളിച്ചുപറയാൻ തക്ക സത്യസന്ധത ഒരു ഫെമിനിസ്റ്റും പ്രകടിപ്പിചില്ല. ഈ അന്ധത അവരുടെ വ്യക്തിത്വത്തിൽ ആഴ്ന്നിറങ്ങിയ അറിവില്ലയ്മയുടെയും ധാർഷ്ട്യത്തിന്റെയും അടയാളമാണ്. കേരളത്തിലെ ഉത്തരാധുനിക സ്ത്രീകൾ സ്വന്തം കുടവയറിനെപോലും ഗൗനിക്കാതെ അഭിമാനപൂർവ്വം വലിച്ചുകയറ്റുന്ന ലെഗിന്‌സ് എന്ന സംസ്‌കാരശൂന്യമായ വസ്ത്രം പുരുഷഭാവനയുടെ ഉൽപന്നമാണെന്നവർ തിരിച്ചറിയുന്നില്ല. സിനിമകളുടെ ശക്തമായ സ്വാധീനം മൂലം ലെഗിൻസ് ഭ്രമം കൂടി മദമിളകിയ പെണ്ണുങ്ങൾ, പുരുഷന്മാരുടെ താൽപര്യത്തിനനുസൃതമായി കെട്ടി സ്വയം അപഹാസ്യരായി മാറുകയാണ്. ഇതിനെതിരെ ഒരു പുരുഷനും ശബ്ദമുയർത്തുകയില്ല. കാരണം നഗരത്തിലും ഗ്രാമത്തിലും സൗജന്യമായി കിട്ടുന്ന രതിദൃശ്യവിരുന്നുകൾ പുരുഷന്മാരുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖകരമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വീട്ടിലെ സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനോട് അച്ഛനോ സഹോദരനോ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല എങ്കിൽ അവരുടെ സ്‌നേഹത്തെ ന്യായമായും സംശയിക്കാം.............................

ഈ വസ്ത്രം നൽകുന്ന മറ്റൊരു പ്രയോജനം സ്ത്രീകളുടെ നഗ്‌നത സങ്കൽപ്പിക്കാൻ പുരുഷന്മാർ അധികം ഭാവന പ്രയോഗിക്കെണ്ടിവരുന്നില്ല എന്നതാണ്. ധരിക്കാനുള്ള എളുപ്പത്തിലും ധരിച്ചതിന് ശേഷം ആയാസരഹിതമായ അനുഭവം നൽകുന്നതിലും മോഡേൻ ആണെന്ന് വരുത്തിതീർക്കുന്നതിലും സ്ത്രീപക്ഷപാതികളും അല്ലാത്തവരുമായ സ്ത്രീകളെ ലെഗിന്‌സ് ഉയർന്ന അളവിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം അഴിക്കാനുമുണ്ടെന്ന് ധരിക്കുന്ന സ്ത്രീകള്ൾ തിരിച്ചറീഞ്ഞാൽ നന്ന്.

ലെഗിന്‌സ് പ്രചോദനപരമായും പ്രവർത്തിപരമായും ബാലാൽസംഗത്തിനെ കൂടുതൽ എളുപ്പമാക്കുന്ന വസ്ത്രമാണ്. കേരളത്തിലെ തലമുതിർന്ന ഫെമിനിസ്റ്റുകളോട് ഒരു ചോദ്യമുണ്ട്. ജിംനേഷ്യത്തിൽ പോയി ആകാരവടിവ് സ്വന്തമാക്കിയ യുവാക്കൾ അവരുടെ ശരീരം എക്‌സ്‌പോസ് ചെയ്യുന്ന തരത്തിൽ കുട്ടിവസ്ത്രം ധരിച്ചു പൊതുനിരത്തിലിറങ്ങിയാൽ അതിനെ അശ്ലീല പ്രദർശനമെന്നാക്ഷേപിച്ചു ക്രിമിനൽ കുറ്റം ചുമത്തുമല്ലോ?. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസമത്വം, സ്ത്രീസംരക്ഷണം എന്നിവയ്ക്കുവേണ്ടി മാറത്തടിച്ചു നിലവിളിക്കുന്നവർ കേരളത്തിലെ സ്ത്രീകളുടെ നഗ്‌നതയെ ഏത് പുകമറക്കുള്ളിൽ മറക്കും?. കേരളീയ സ്ത്രീകളുടെ വഴിപിഴച്ച വസ്ത്രധാരണത്തെ ഏതു സൗന്ദര്യബോധത്തിന്റെ പിൻബലത്തിൽ ന്യായീകരിക്കും. ഈ അധപതനത്തിനെ കുറിച്ച് സംസാരിക്കാനോ എഴുതാനോ കേരളത്തിലെ ഒരു വിഭാഗത്തിലും ഉൾപെട്ട സ്ത്രീകൾ മുന്നോട്ട് വരുന്നില്ല. കൂട്ടബലാത്സംഗങ്ങൾ ട്രെൻഡായി മാറുന്ന കാലഘട്ടത്തിൽ ഇതൊന്നും എനിക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്ന ധാർഷ്ട്യമാണത്. സ്ത്രീകളെ ട്രെൻഡി എന്ന ശബ്ദമാകുന്ന അനസ്‌ത്യേഷ്യ നൽകി മയക്കി പൊതുനിരത്തിൽ വിവസ്ത്രരാക്കുന്ന ലെഗിൻ്‌സിനെ എതിർക്കാൻ ഒരു ഹിജഡ പോലും തയ്യാറാകുന്നില്ല എന്നത് സ്ത്രീകൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നത്തെ സ്ത്രീത്വം മനസ്സിലാക്കുന്നില്ല എന്നതിന്റെ തെളിവാണ്. വാസ്തവത്തിൽ നിയമം കൊണ്ട് നിരോധിക്കേണ്ട വസ്ത്രമാണ് ലെഗിൻസ്. സർക്കാർ ഈ വസ്തുത മനസ്സിലാക്കിയിട്ടും മൗനം പാലിക്കുന്നത് കേരളത്തിലെ ഫെമിനിസ്റ്റുകളേ ഭയന്നിട്ടല്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP