Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണ കടത്തിൽ ഗൂഢാലോചന നടന്നത് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത്; ഫെദർ ടവറിലെ ഫ്‌ളാറ്റിലെ അന്വേഷണത്തിൽ നിറയുന്നത് ശിവശങ്കറിന്റെ സജീവ സാന്നിധ്യം; രാത്രി ഒരു മണിക്കും ശിവശങ്കറെ ഫ്‌ളാറ്റിൽ കണ്ടവരുണ്ട്; മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ഊരാക്കുടുക്കിലേക്ക്; മണക്കാട്ടെ കോൺസുലേറ്റിലും ഐഎഎസുകാരൻ നിത്യ സന്ദർശകൻ; എൻ ഐ എയുടെ ആദ്യ നീക്കം മുൻ ഐടി സെക്രട്ടറിയെ തളയ്ക്കാൻ; സ്വർണ്ണ കടത്തിൽ നോർത്ത് ബ്ലോക്കും പ്രതിക്കൂട്ടിലാകും

സ്വർണ്ണ കടത്തിൽ ഗൂഢാലോചന നടന്നത് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത്; ഫെദർ ടവറിലെ ഫ്‌ളാറ്റിലെ അന്വേഷണത്തിൽ നിറയുന്നത് ശിവശങ്കറിന്റെ സജീവ സാന്നിധ്യം; രാത്രി ഒരു മണിക്കും ശിവശങ്കറെ ഫ്‌ളാറ്റിൽ കണ്ടവരുണ്ട്; മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ഊരാക്കുടുക്കിലേക്ക്; മണക്കാട്ടെ കോൺസുലേറ്റിലും ഐഎഎസുകാരൻ നിത്യ സന്ദർശകൻ; എൻ ഐ എയുടെ ആദ്യ നീക്കം മുൻ ഐടി സെക്രട്ടറിയെ തളയ്ക്കാൻ; സ്വർണ്ണ കടത്തിൽ നോർത്ത് ബ്ലോക്കും പ്രതിക്കൂട്ടിലാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയിൽ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറും പങ്കാളിയായെന്ന് സൂചന. മണക്കാടുള്ള യുഎഇ കോൺസുലേറ്റിലും നിത്യ സന്ദർശകനായിരുന്നു ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. തിരുവനന്തപുരം വഴി സ്വർണം കടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഹെദർ ടവർ ഫ്‌ളാറ്റിലാണെന്ന് പ്രാഥമിക നിഗമനം. ഈ ഫ്‌ളാറ്റിൽ അർദ്ധരാത്രിയിൽ നിശാ പാർട്ടികൾ നടന്നിരുന്നുവെന്നും സൂചനയുണ്ട്. മിക്കവാറും ദിവസം രാത്രിയിൽ ഇവിടെ ശിവശങ്കർ എത്തുമായിരുന്നു. ഈ ഫ്‌ളാറ്റ് പൊലീസ് റെയ്ഡ് ചെയ്തു.

മുമ്പും ഈ ഫ്‌ളാറ്റിനെ കുറിച്ച് പലവിധ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഹെദർ ടവറിലെ എഫ് 6 ഫ്‌ളാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വർണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തെ റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റിൽ ഓഫീസ് മുറി വാടകയ്‌ക്കെടുത്തതും വിവാദമായിരുന്നു. ഈ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. ഈ മാസം ആറാം തീയതിയും ശിവശങ്കർ ഈ ഫ്‌ളാറ്റിൽ എത്തിയിട്ടുണ്ട്. ഇതോടെ സ്വർണ്ണ കടത്ത് ഗൂഢാലോചനയിലും ശിവശങ്കർ പങ്കാളിയാണെന്ന സംശയമാണ് ഉയരുന്നത്. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന് തൊട്ടടുത്താണ് വിവാദ ഫ്‌ളാറ്റ്.

ശിവശങ്കരൻ ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഈ ഫ്‌ളാറ്റിലേക്ക് യുഎഇയുടെ കോൺസുലേറ്റ് എത്തിക്കാനും നീക്കം നടന്നുവെന്ന് സൂചനയുണ്ട്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണങ്ങൾ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന. നിലവിൽ സരിത്ത് മാത്രമാണ് കേസിൽ കസ്റ്റംസിന്റെ പിടിയിലുള്ളത്. ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചാണെന്നാണ് നിഗമനം. എഫ്-6 ഫ്ലാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വർണത്തിന്റെ വില ചർച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റ ഭാഗമായി ഫ്ലാറ്റിൽ പരിശോധന നടത്തിയതായാണ് സൂചന.

അതിനിടെ സ്വപ്നയ്ക്ക് ഒപ്പം 15 ബോഡി ഗാർഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ സഹോദരന്റെ വിവാഹപാർട്ടിക്കിടെ മർദനമേറ്റ യുവാവ് വെളിപ്പെടുത്തി. മർദിക്കാൻ കൂട്ടുനിന്നത് സരിത്താണ്. വിവാഹപാർട്ടിയിൽ മുഴുവൻ സമയവും മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കസ്റ്റംസ് നീക്കം. ഇരുവരും സ്വർണ്ണക്കടത്തിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് നേരത്തെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇവർ വിചാരണഘട്ടത്തിൽ മൊഴി മാറ്റാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യ മൊഴിയെടുക്കുന്നത്. ഇതിനായി അടുത്തയാഴ്ച കസ്റ്റംസ് അപേക്ഷ നൽകും.

സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയെടുത്തപ്പോഴാണ് ഓരോ തവണയും കള്ളക്കടത്തിനു മുൻപ് സ്വപ്നയും സരിത്തും സന്ദീപും ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായിരിക്കുന്ന സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. സ്വർണ്ണക്കടത്ത് റാക്കറ്റിലെ കണ്ണികളെ കുറിച്ചാണ് വിവരങ്ങൾ ലഭിച്ചത്. അഞ്ച് പേർ കൂടി കള്ളക്കടത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സരിത്ത് നൽകുന്ന മൊഴി. ഇവരെ തിരിച്ചറിഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യപ്രതി യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാസിൽ ഫരീദ് ആണെന്നും വ്യക്തമായിട്ടുണ്ട്. ഫാസിലിന് യുഎഇയിലുള്ള്ള ട്രേഡിങ് ഏജൻസി സ്വർണ്ണക്കടത്തിനുള്ള താവളമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

സ്വർണ്ണക്കടത്തിലുള്ളവർക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന സൂചനയും കസ്റ്റംസിനു ലഭിച്ചു. സരിത്തിനെ കഴിഞ്ഞ ദിവസം കോടതി ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. തനിക്ക് കമ്മീഷൻ ലഭിക്കുന്നതല്ലാതെ കൂടുതൽ പങ്കാളികളെ കുറിച്ച് വിവരമില്ലെന്നാണ് സരിത് പറയുന്നത്. ഇത് പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എൻ.ഐ.എ തിരച്ചിൽ ഊർജിതമാക്കി. സ്വപ്ന ഒളിവിൽ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോർട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചിൽ നടത്തിയിരുന്നു.

സ്വപ്നയുടെ കാർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെ സ്വപ്ന മൂന്നാറിൽ ഒളിവിൽ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയിൽ പർദയണിഞ്ഞെത്തിയതായാണ് വാർത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എൻഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോൾ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ചില ഉന്നത ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതായി സംശയിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP