Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണത്തിനൊപ്പം ദേശ വിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എൻ ഐ എ; സ്വപ്‌ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തിൽ കുടുങ്ങി ജാമ്യം ഇല്ലാതെ അകത്തേക്ക്; വമ്പന്മാരുടെ തണലിൽ ആറു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്‌നയുടെ ഒളി ജീവിതം കണ്ടെത്തിയ എൻ ഐ എ കാത്തിരിക്കുന്നത് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ; തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് മുമ്പിൽ വഴികളെല്ലാം അടഞ്ഞു

സ്വർണ്ണത്തിനൊപ്പം ദേശ വിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എൻ ഐ എ; സ്വപ്‌ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തിൽ കുടുങ്ങി ജാമ്യം ഇല്ലാതെ അകത്തേക്ക്; വമ്പന്മാരുടെ തണലിൽ ആറു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്‌നയുടെ ഒളി ജീവിതം കണ്ടെത്തിയ എൻ ഐ എ കാത്തിരിക്കുന്നത് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ; തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് മുമ്പിൽ വഴികളെല്ലാം അടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലിൽ ചില കുറിപ്പുകളും കണ്ടെത്തിയെന്നും ഇതു ദേശവിരുദ്ധ സ്വഭാവമുള്ളതാണെന്നും എൻ ഐ എ പറയുമ്പോൾ സ്വർണ്ണ കടത്ത് കേസിന് പുതിയ തലം വരികയാണ്. ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

സ്വർണ്ണത്തിനൊപ്പം ദേശവിരുദ്ധ ലീഫ് ലെറ്റുകളും ഉണ്ടായിരുന്നുവെന്ന് എൻ ഐ പറയുന്നത് സ്വർണ്ണ കടത്തിന് പുതിയ മാനം നൽകുന്നു. സ്വപ്‌ന അടക്കം നാല് പ്രതികളും ഭീകര വിരുദ്ധ നിയമത്തിൽ കുടുങ്ങി ജാമ്യം ഇല്ലാതെ വളരെ കാലം അകത്തു കിടക്കേണ്ടി വരും. അതിന് വേണ്ടി കൂടിയാണ് എൻ ഐ എ കേസ് അന്വേഷിക്കുന്നത്. വമ്പന്മാരുടെ തണലിൽ ആറു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്‌നയുടെ ഒളി ജീവിതം കണ്ടെത്തിയ എൻ ഐ എ കാത്തിരിക്കുന്നത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനാണെന്നും അതുകഴിഞ്ഞാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന. തലസ്ഥാനത്തെ അനേകം പ്രമുഖരുടെ ഉറ്റ മിത്രത്തിന് രക്ഷപ്പെടാനുള്ള വഴികളും അടയുകയാണ്.

30 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ 4 പ്രതികൾക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) എഫ്‌ഐആർ അതിനിർണ്ണായകമാണ്. വിദേശത്തു നിന്നു കേരളത്തിലേക്കു നടത്തിയ 14 കോടി രൂപയുടെ സ്വർണം ദുരുപയോഗിച്ചു ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകാൻ സാധ്യതയുണ്ടെന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കേസിന് പുതിയ തലം നൽകുന്നത്. സ്വപ്നയെ കണ്ടെത്തിയാലേ ഇനി അന്വേഷണം മുമ്പോട്ട് പോവുകയുള്ളൂ. അതിന് വേണ്ടി കരുതലോടെയാണ് നീക്കങ്ങൾ. സ്വപ്‌നയുടെ ഒളിസങ്കേതം എൻ ഐ എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈക്കോടതിയിൽ സ്വപ്‌ന ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് തള്ളുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം ഉടൻ സ്വപ്നയെ അറസ്റ്റ് ചെയ്യും.

കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി പി.എസ്.സരിത്താണു കേസിലെ ഒന്നാം പ്രതി, തിരുവനന്തപുരം സ്വദേശികളായ സ്വപ്ന സുരേഷ് (രേഖകളിൽ സ്വപ്നപ്രഭാ സുരേഷ്), സന്ദീപ് നായർ എന്നിവർ രണ്ടും നാലും പ്രതികൾ. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗം അയച്ച പാഴ്‌സൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണു മൂന്നാം പ്രതി. എല്ലാവർക്കുമെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഒരേ വകുപ്പുകളാണു ചുമത്തിയത്. കേസിൽ കൂടുതൽ പേർ പ്രതികളാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ഐ എ എസുകാരൻ ശിവശങ്കറും പ്രതിയാകാൻ സാധ്യത ഏറെയാണ്. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് കൈമാറി. വിമാനത്താവളത്തിനു പുറത്തു നഗരത്തിലെ 10 ജംക്ഷനുകളിലെ ഒരു മാസത്തെ ക്യാമറ ദൃശ്യങ്ങളാണ് ഇന്നലെ കൈമാറിയത്. കസ്റ്റംസ് തേടുന്ന കാർ ഈ ദൃശ്യങ്ങളിൽ ഇല്ലെന്നാണ് സൂചന.

യുഎപിഎ വകുപ്പ് 16 വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇത്. വകുപ്പ് 17 ദേശവിരുദ്ധ പ്രവർത്തനത്തിനു ധനസഹായം ചെയ്യുന്ന കുറ്റമാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. 18 വകുപ്പ് ദേശവിരുദ്ധ പ്രവർത്തന ഗൂഢാലോചനയാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും കിട്ടും. കുറ്റകൃത്യം വഴി ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ പ്രതികൾക്കു വധശിക്ഷ വരെ ലഭിക്കാം. അതിനുള്ള തെളിവുൾ എൻ ഐ എയ്ക്ക് മുമ്പിലേക്ക് എത്തുമോ എന്നതാണ് ഇനി പ്രധാനം.

കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ 4 ദിവസം കിണഞ്ഞുശ്രമിച്ച സ്വപ്ന ഒളിവിൽ പോയത് ബാഗേജ് പരിശോധന തുടങ്ങിയപ്പോൾ. ജൂലൈ 5ന് ഉച്ചയ്ക്ക് ഒന്നിനാണു ബാഗേജ് പരിശോധന തുടങ്ങിയത്; വൈകിട്ട് 6ന് പൂർത്തിയായി. 3.15നു സ്വപ്ന മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. സന്ദീപ് നായർ 2013 മുതൽ സ്വർണക്കടത്തുരംഗത്തുണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ. 2014ൽ കോടതി നിർദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാൽ ശിക്ഷിക്കപ്പെട്ടില്ല. സ്ന്ദീപ് നായരെ കുറിച്ചും ആർക്കും ഒരു തുമ്പില്ല.

സംഭവത്തിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എ.ക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP