Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയോട് ഉരസിയ ചൈനയെ പ്രകോപിപ്പിക്കാൻ ഓസ്‌ട്രേലിയയെയും കൂട്ടുപിടിക്കുന്നു; മലബാർ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാൻ ഇന്ത്യ; ഖ്വാദ് സഖ്യത്തിൽ ഓസ്‌ട്രേലിയയെ ഉൾപ്പെടുത്തുന്നത് ചൈനയുടെ അനിഷ്ടം മനസ്സിലാക്കി: അമേരിക്കയ്ക്കും ജപ്പാനും പിന്നാലെ ഖ്വാദ് സഖ്യത്തിലേക്ക് ഓസ്‌ട്രേലിയ കൂടി എത്തുന്നതോടെ ചൈന നേരിടുക കനത്ത വെല്ലുവിളി

ഇന്ത്യയോട് ഉരസിയ ചൈനയെ പ്രകോപിപ്പിക്കാൻ ഓസ്‌ട്രേലിയയെയും കൂട്ടുപിടിക്കുന്നു; മലബാർ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാൻ ഇന്ത്യ; ഖ്വാദ് സഖ്യത്തിൽ ഓസ്‌ട്രേലിയയെ ഉൾപ്പെടുത്തുന്നത് ചൈനയുടെ അനിഷ്ടം മനസ്സിലാക്കി: അമേരിക്കയ്ക്കും ജപ്പാനും പിന്നാലെ ഖ്വാദ് സഖ്യത്തിലേക്ക് ഓസ്‌ട്രേലിയ കൂടി എത്തുന്നതോടെ ചൈന നേരിടുക കനത്ത വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഇന്ത്യയോട് ഉരസിയ ചൈനയെ പ്രകോപിപ്പിക്കാൻ മലബാർ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിൽ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഈ വർഷാവസാനം നടക്കുന്ന നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയെ കൂടി ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. അതേസമയം മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇത്തവണ ഓസ്‌ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉൾപ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകൾ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്.

അമേരിക്കയുമായും ജപ്പാനുമായും ചർച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയെ കൂടി നാവിക അഭ്യാസത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിക്കുന്ന സമയം ഏറ്റവും നിർണായകമാണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാൻ പറഞ്ഞു. നാലു രാജ്യങ്ങളും കൈകോർക്കുന്നത് ചൈനയ്ക്ക് ഇന്ത്യ നൽകുന്ന വലിയ സന്ദേശമായിരിക്കുമെന്നും ഡെറെക് പറഞ്ഞു. ഈ വർഷം അവസാനത്തോടെ ബംഗാൾ ഉൾക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകൾ അണിനിരക്കുക.

അതേസമയം ഖ്വാദ് സഖ്യത്തിലേക്ക് ഓസ്‌ട്രേലിയ വരുന്നതിന് ചൈനയ്ക്ക് നേരത്തെ തന്നെ അതൃപ്തിയുണ്ട്. 2007ൽ ഇന്ത്യ, ജപ്പാൻ, യുഎസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയ പങ്കെടുത്തതിനെ ചൈന എതിർത്തിരുന്നു. 2015-ൽ നാവിക അഭ്യാസത്തിൽ ജപ്പാനെ ഉൾപ്പെടുത്തിയപ്പോഴും എതിർപ്പുമായി ചൈന രംഗത്തെത്തി. മേഖലയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുതെന്നു ചൈന പറഞ്ഞിരുന്നു. അഞ്ച് വർഷത്തിനിപ്പുറം ഓസ്ട്രേലിയയെ വീണ്ടുമുൾപ്പെടുത്താൻ ശ്രമിക്കുമ്പോഴും നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിഷേധം തന്നെയാവും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്ന് പ്രതിരോധ വിദഗ്ദ്ധർ ഉറപ്പിക്കുന്നു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകൾ സംയുക്തമായി മലബാർ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതൽ ഏഷ്യൻ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2004-ൽ ഖ്വാദ് സഖ്യം രൂപീകരിച്ചതിൽ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. സൂനാമിയിൽപെട്ട രാജ്യങ്ങളെ സഹായിക്കാൻ രൂപീകരിച്ച സഖ്യം 2007ലാണു പുനരുജ്ജീവിപ്പിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖ്വാദ് സഖ്യം നിലവിൽ വിയറ്റ്നാം, ദക്ഷിണകൊറിയ, ന്യൂസീലാൻഡ് എന്നീ രാജ്യങ്ങളുമായി ഏകോപിച്ചാണു പ്രവർത്തിക്കുന്നത്. മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നതിനെ മഹത്തായ കാര്യമായാണു കാണുന്നതെന്നും ക്ഷണത്തിനു കാത്തിരിക്കുകയാണെന്നും ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.

എട്ട് ദിവസം നീണ്ടു നിൽക്കുന്നതാണ് മലബാർ എക്സർസൈസ് എന്ന പേരിലുള്ള നാവിക അഭ്യാസ പരിശീലനം. കടലിൽനിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തർവാഹിനികളിൽനിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 2017-ൽ നടന്നത്. ഇന്ത്യ, യുഎസ്, ജപ്പാൻ നാവിക സേനകളുടെ പുത്തൻ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും അണിനിരന്നു. നാവിക അഭ്യാസമായ മലബാറിൽ പങ്കെടുക്കാൻ യുഎസിൽനിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനിൽ നിന്ന് ആയിരത്തിനടുത്ത് നാവികർ.

ഇവരെല്ലാം ഇന്ത്യൻ സേനയോടൊത്തു സംയുക്ത അഭ്യാസത്തിൽ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തർവാഹിനികളും അഭ്യാസപ്രകടനത്തിൽ പങ്കാളികളായി. ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു പങ്കെടുത്തത്. ഐഎൻഎസ് ജലശ്വാ, ഐഎൻഎസ് സഹ്യാദ്രി, ഐഎൻഎസ് രൺവീർ, ഐഎൻഎസ് ശിവാലിക്, ഐഎൻഎസ് ജ്യോതി, ഐഎൻഎസ് കൃപാൺ, ഐഎൻഎസ് കോറ, ഐഎൻഎസ് കമോർത്ത, ഐഎൻഎസ് കാഡ്മാട്, ഐഎൻഎസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത മറ്റ് കപ്പലുകൾ.

ഇതു കൂടാതെ ഐഎൻഎസ് സിന്ധുധ്വജ് എന്ന അന്തർവാഹിനിയും മലബാർ അഭ്യാസപ്രകടനത്തിൽ വരവറിയിച്ചു. യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കർ സംഘമാണ് മലബാർ പരിശീലനത്തിനായി യുഎസിൽനിന്ന് എത്തിയത്. നിമിറ്റ്സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിൻസ്റ്റൺ, യുഎസ്എസ് ഹൊവാർഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിൻകിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്സൺവില്ലേ എന്ന അന്തർവാഹിനിയും പരിശീലനത്തിൽ പങ്കെടുത്തു. നിമിറ്റ്സിൽ തന്നെ 5,000 യുഎസ് നാവികരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP