Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറ മേഖലയിൽ കോവിഡ് മരണം; മാണിക്യവിളാകം സ്വദേശി 63 കാരനായ സെയ്ഫുദീൻ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളും ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ; രണ്ടുമക്കളും ചികിത്സയിൽ; സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി; പൂന്തുറ മേഖലയിൽ മാത്രം മൂന്ന് ദിവസംകൊണ്ട് 233 പേർക്ക് വൈറസ് ബാധ; നിർദ്ദേശങ്ങൾ ലംഘിച്ച് ജനം തെരുവിൽ ഇറങ്ങിയതും ആശങ്ക ഉയർത്തുന്നു; സ്ഥിതി സ്ഫോടനാത്മകം

സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറ മേഖലയിൽ കോവിഡ് മരണം; മാണിക്യവിളാകം സ്വദേശി 63 കാരനായ സെയ്ഫുദീൻ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളും ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ; രണ്ടുമക്കളും ചികിത്സയിൽ; സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി; പൂന്തുറ മേഖലയിൽ മാത്രം മൂന്ന് ദിവസംകൊണ്ട് 233 പേർക്ക് വൈറസ് ബാധ; നിർദ്ദേശങ്ങൾ ലംഘിച്ച് ജനം തെരുവിൽ ഇറങ്ങിയതും ആശങ്ക ഉയർത്തുന്നു; സ്ഥിതി സ്ഫോടനാത്മകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയെ ഞെട്ടിച്ച് കോവിഡ് മരണവും. മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ പിതാവാണ് സെയ്ഫുദീൻ. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

സൂപ്പർ സ്പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാർഡുകളിൽ ഇന്ന് 102 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി മേഖലകളിൽ മാത്രം 233 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

പൂന്തുറയിൽ എസ്‌ഐക്കും കോവിഡ്

പൂന്തുറയിൽ ജൂനിയർ എസ് ഐ ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് ആരോപണമുണ്ട്. രോഗസാമ്പിൾ എടുത്തശേഷം ഡ്യൂട്ടിയിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നുകൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും

പ്രതിഷേധം ആസുത്രിതമെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ ലംഘിച്ച് പൂന്തുറയിൽ നാട്ടുകാർ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൂന്തുറയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.

കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ അവശ്യസാധനങ്ങൾ പോലും കിട്ടുന്നില്ലെന്നാരോപിച്ചാണ് പൂന്തുറയിൽ നാട്ടുകാർ തെരുവിലിറങ്ങിയത്. രോഗബാധിതരായവരെ കൊണ്ടുപോയി പാർപ്പിച്ച കാരക്കോണം ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും തടയാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.

വ്യാജപ്രചരണം നടത്തി ജനങ്ങളെ തെരുവിലിറക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പൂന്തുറയിൽ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കുന്ന തരത്തിൽ ചിലർ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും വ്യക്തമാക്കിയിരുന്നു.

ഇന്ന് മാത്രം 122 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 17 പേർക്ക് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതിൽ ബഹുഭൂരിപക്ഷവും പൂന്തറയിൽ നിന്നാണന്നറിയുക. ഇത്രയും ഗുരുതരമായ അവസ്ഥ നിൽക്കുന്ന സമയത്താണ് പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ തെരുവിലിറക്കിയത്.- മന്ത്രി വ്യക്തമാക്കി.
'അവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവർത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവർത്തനത്തിൽ ചില ഡോക്ടർമാരുൾപ്പെടെയുള്ളവർക്ക് ക്വാറന്റൈനിൽ പോകേണ്ടതായും വന്നു.

കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലർ അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ രോഗം പടർന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിർത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവർത്തകരുമാണ്. അതിനാൽ അവരുടെ മനോനില തകർക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ പൊതുജനങ്ങളാണ് ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത്'- ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം വേണമെന്ന് ഐഎംഎ

കോവിഡ് വ്യാപനം ഗുരുതരമായ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയിൽനിന്നു കരകയറ്റാനാണ് സ്വന്തം ജീവൻ പോലും നോക്കാതെ ആരോഗ്യ പ്രവർത്തകർ സേവനമനുഷ്ഠിക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരുകൂട്ടർ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമിക്കാനൊരുങ്ങുകയും കാറിൽ യാത്ര ചെയ്ത ഡോക്ടർമാരെ കാറിനുള്ളിലേക്കു തുപ്പുകയും ചെയ്തു. ഇതേതുടർന്നു മൂന്നു ഡോക്ടർമാരുൾപ്പെടെയുള്ളവർക്കു ക്വാറന്ൈറനിൽ പോകേണ്ടിവന്നെന്നും ഐഎംഎ പറഞ്ഞു.ആരോഗ്യ പ്രവർത്തകർക്കു പൊലീസ് സംരക്ഷണം ഉറപ്പാക്കണം. ഇനിയും ഇത്തരം സംഭവമുണ്ടായാൽ കടുത്ത നടപടികൾ സ്വീകരിക്കുവാൻ നിർബന്ധിതരാകുമെന്നും ഐഎംഎ പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP