Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ രക്തം തേടി മനുഷ്യസ്നേഹികൾ; അനുഷ്‌കക്ക് സർജറിക്കായി വേണ്ടത് 'എ പൊസിറ്റീവ്-പി നൾ' ഗ്രൂപ്പ് രക്തം; ലോകമാകെ അപൂർവ രക്തം തേടി ബ്ലഡ് ഡോണേഴ്സ് ഫോറം; എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയുന്ന കുഞ്ഞിനായി സോഷ്യൽ മീഡിയയും രക്തം തേടുന്നു

അഞ്ചു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ രക്തം തേടി മനുഷ്യസ്നേഹികൾ; അനുഷ്‌കക്ക് സർജറിക്കായി വേണ്ടത് 'എ പൊസിറ്റീവ്-പി നൾ' ഗ്രൂപ്പ് രക്തം; ലോകമാകെ അപൂർവ രക്തം തേടി ബ്ലഡ് ഡോണേഴ്സ് ഫോറം; എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയുന്ന കുഞ്ഞിനായി സോഷ്യൽ മീഡിയയും രക്തം തേടുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഞ്ചു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ രക്തം തേടുകയാണ് മനുഷ്യസ്നേഹികൾ ഒന്നാകെ. ഗുജറാത്തിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകൾ അനുഷ്‌ക സർജറിക്കായി എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ശസ്ത്രക്രിയാ വിഭാഗം ഐസിയുവിൽ കഴിയുകയാണ്. ഇന്ത്യയിൽ തന്നെ ആകെ രണ്ടുപേർക്കു മാത്രമുള്ള 'എ പൊസിറ്റീവ്-- പി നൾ' ഗ്രൂപ്പ് രക്തം വിദേശത്തും തേടുകയാണ് കുടുംബം. ഒപ്പം ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകരും. ഇന്ത്യയിൽതന്നെ ആർക്കെങ്കിലും ഈ ഗ്രൂപ്പ് രക്തമുണ്ടെങ്കിൽ അവരെയും അല്ലെങ്കിൽ വിദേശത്ത് ആരെങ്കിലുമുണ്ടാകുമോ എന്ന അന്വേഷണത്തിലാണ് ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകരും. ഇതിന്റെ ഭാഗമായി ഫോറം പത്തനംതിട്ട ജില്ലാ കൺവീനറും ഗൾഫ് രാജ്യങ്ങളിലെ രക്തദാതാക്കളുടെ ഫോറത്തിന്റെ ചുമതലക്കാരനുമായ ബിജു കുമ്പഴയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലും സന്ദേശങ്ങൾ അയക്കുന്നുണ്ട്‌.

അത്യപൂർവ രക്തഗ്രൂപ്പുള്ള അനുഷ്‌കയ്ക്ക് തലയോട്ടിയുടെ ശസ്ത്രക്രിക്കാണ് രക്തം ആവശ്യമായി വന്നത്‌. ഒരു വർഷം മുമ്പ് കളിക്കുന്നതിനിടയിൽ വീടിന്റെ ടെറസിൽ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടിയുടെ രക്തഗ്രൂപ്പ് അത്യപൂർവമാണെന്നു കണ്ടെത്തിയത്. അന്ന് ശസ്ത്രക്രിയയ്ക്ക് രക്തം കിട്ടാതെ വന്നപ്പോൾ കുട്ടിക്ക് മരുന്നുകൾ നൽകി എച്ച് ബി കൂട്ടി സ്വന്തം രക്തം എടുത്താണ് ശസ്ത്രക്രിയ നടത്തിയത്. വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായ പരിക്കായതിനാൽ രണ്ടുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി മാത്രമേ ശസ്ത്രക്രിയ നടത്താനാവൂ.

പല ആശുപത്രികളിലും നടത്തിയ ശസ്ത്രക്രിയകളുടെ തുടർച്ചായായാണ് ഇപ്പോൾ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കൂട്ടിക്ക് രക്തം കൂട്ടാനുള്ള ചികിൽസ നൽകിയിട്ടും എച്ച് ബി കൂടുന്നില്ല. ഗുജറാത്തിലുള്ള ഒരാൾക്ക് ഈ രക്ത ഗ്രൂപ്പാണെങ്കിലും ഗുരുതരമായ അസുഖത്തിന് ചികിൽസയിലായതിനാൽ അദ്ദേഹത്തിനും രക്തം നൽകാനാവില്ല.

2018ലാണ് പിപി അഥവാ പി നൾ ഫിനോടൈപ്പ് എന്ന അപൂർവ്വ രക്തഗ്രൂപ്പ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത്. മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ. ഷമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപൂർവ്വ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞത്. ആയിരത്തിൽ ഒരാളിൽ പോലും കണ്ടെത്താൻ സാധിച്ചില്ലെങ്കിലാണ് ഒരു രക്തഗ്രൂപ്പിനെ അപൂർവ്വം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂർവ്വ രക്തഗ്രൂപ്പിന് കാരണമാവുന്നത്. കസ്തൂർബ മെഡിക്കൽ കോളജിൽ രോഗിക്ക് രക്തം മാറ്റിവെയ്ക്കുന്നതിനായുള്ള ലാബ് പരിശോധനയാണ് പുതിയ രക്ത ഗ്രൂപ്പ് നിർണയത്തിലേക്ക് വഴിതെളിച്ചത്. ലാബിൽ 80ഓളം യൂണിറ്റ് രക്തം പരിശോധിച്ചിട്ടും ചേരുന്ന ഗ്രൂപ്പ് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സാംപിൾ സെറോളോജിക്കൽ ടെസ്റ്റിങ്ങിനായി ബ്രിസ്‌റ്റോളിലെ ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലാബോറട്ടറിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ രക്തസാംപിൾ പിപി ഫിനോടൈപ്പ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സാധാരണ എ, ബി, ഒ, ആർച്ച് ഡി എന്നിവയാണ് രക്തഗ്രൂപ്പുകൾ എങ്കിലും 50 ഓളം അപൂർവ രക്തഗ്രൂപ്പുകൾ ലോകത്ത് പലരിലുമുണ്ട്. രക്തത്തിലെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് അപൂർവ ഗ്രൂപ്പുകളാക്കുന്നത്. ഒരു രക്തഗ്രൂപ്പിൽപെടുന്ന എല്ലാവരുടെയും രക്തത്തിലുള്ള ഏതെങ്കിലും ഒരു ആന്റിജൻ ഒരാളുടെ രക്തത്തിൽ ഇല്ലെങ്കിൽ അത് പൊതു ഗ്രൂപ്പിന്റെ പേരിനൊപ്പം ആ ആന്റിജൻ നൾ എന്നുകൂടി ചേർക്കും. ഇവിടെ എ പൊസിറ്റീവ് ഗ്രൂപ്പ് രക്തമുള്ളവരിലുള്ള പി ആന്റിജൻ ഇല്ലാത്ത അപൂർവ രക്തഗ്രൂപ്പാണ് കുട്ടിയുടെ--'എ പൊസീറ്റീവ്-പി നൾ'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP