Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഖപ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ; ഒരുമണിക്കൂറിനകം രക്തസ്രാവമുണ്ടായപ്പോൾ കൃത്യസമയത്ത് മരുന്ന് നൽകാതെ അമ്മയുടെ മരണം; ഏപ്രിലിൽ അഭിഭാഷകന്റെ ഭാര്യ ലക്ഷ്മിയുടെ മരണത്തോടെ വിവാദത്തിലായ കോട്ടയം തെള്ളകത്തെ മിറ്റേര ആശുപത്രിയിലെ ദുരൂഹമരണങ്ങളുടെ വിവരം പുറത്ത്; നാല് വർഷത്തിനിടെ മരണപ്പെട്ടത് മൂന്ന് അമ്മമാരും 18 നവജാതശിശുക്കളും; മരണനിരക്ക് സംസ്ഥാനശരാശരിയേക്കാൾ നാലിരട്ടിയെന്നും ഞെട്ടിക്കുന്ന കണക്ക്

സുഖപ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ; ഒരുമണിക്കൂറിനകം രക്തസ്രാവമുണ്ടായപ്പോൾ കൃത്യസമയത്ത് മരുന്ന് നൽകാതെ അമ്മയുടെ മരണം; ഏപ്രിലിൽ അഭിഭാഷകന്റെ ഭാര്യ ലക്ഷ്മിയുടെ മരണത്തോടെ വിവാദത്തിലായ കോട്ടയം തെള്ളകത്തെ മിറ്റേര ആശുപത്രിയിലെ ദുരൂഹമരണങ്ങളുടെ വിവരം പുറത്ത്; നാല് വർഷത്തിനിടെ മരണപ്പെട്ടത് മൂന്ന് അമ്മമാരും 18 നവജാതശിശുക്കളും; മരണനിരക്ക് സംസ്ഥാനശരാശരിയേക്കാൾ നാലിരട്ടിയെന്നും ഞെട്ടിക്കുന്ന കണക്ക്

ആർ പീയൂഷ്

കോട്ടയം: പ്രസവത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേര ഹോസ്പിറ്റലിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടന്ന മരണങ്ങളുടെ വിവരം പുറത്ത്. അതിരമ്പുഴ പഞ്ചായത്താണ് മരണങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. 2016 - 2020 കാലഘട്ടത്തിനിടെ 18 നവജാത ശിശുക്കളും മൂന്ന് അമ്മമാരുമാണ് മരണപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പഞ്ചായത്ത് പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങളെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്.

കഴിഞ്ഞ ഏപ്രിലിൽ മിറ്റേരയിൽ പ്രസവത്തിന് ശേഷം മരണപ്പെട്ട ജി.എസ് ലക്ഷ്മി എന്ന ഹയർ സെക്കണ്ടറി അദ്ധ്യാപികയുടെ മരണത്തിന് കാരണക്കാരായ ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച സേവ് മദർ ആൻഡ് ചൈൽഡ് ആക്ഷൻ കൗൺസിൽ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്കെതിരെയുള്ള വിവരങ്ങൾ പുറത്ത് വന്നത്. ലക്ഷ്മിയുടെ മരണം നടക്കുമ്പോൾ ആദ്യമായി സംഭവിച്ച കൈപ്പിഴ എന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്ഥിരം സംഭവമാണ് എന്ന് മനസ്സിലായതോടെ ആക്ഷൻ കൗൺസിൽ പഞ്ചായത്തിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി മരണങ്ങളുടെ കണക്കെടുക്കുകയായിരുന്നു.

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്‌പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇവിടെ നിന്നും ഗുരുര ചികിത്സാ പിഴവിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജില്ലയിലെ മറ്റൊരു ആശുപത്രിയിലും കാണാത്ത രീതിയിലുള്ള മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ആശുപത്രിയുടെ പട്ടികയിൽ ഉള്ളതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നാലു വർഷത്തിനിടെ ആശുപത്രിയിലുണ്ടായ മരണങ്ങളിൽ മിക്കതിനും പൊലീസിൽ പരാതിയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കേസിൽ പോലും ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും ഇതുവരെയും ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടിട്ടുമില്ല.

ചികിത്സാ പിഴവ് കേസുകൾ ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കമുള്ള മെഡിക്കൽ ബോർഡാണ് അന്വേഷിക്കേണ്ടത്. എന്നാൽ, ഇത്തരം മരണങ്ങളിൽ മെഡിക്കൽ ബോർഡിന്റെയോ ഡോക്ടർമാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. അതുകൊണ്ടു തന്നെ അന്വേഷണം പലപ്പോഴും പാതിവഴിയിൽ എത്തി നിൽക്കുകയാണ്. മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ മറ്റ് ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചു എന്ന് ഒരിക്കലും സമ്മതിക്കില്ല. അതിനാൽ മിക്ക ഡോക്ടർമാരും ആശുപത്രികളും ഇത്തരം കേസുകളിൽ രക്ഷപെടുകയാണ് പതിവ്. പൊലീസ് കേസ് റെഫർ ചെയ്യുകയും ചെയ്യും.

ഏപ്രിൽ 24 നാണ് പ്രസവത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ. ടി.എൻ. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെഅനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടിയാണ് ഏറ്റുമാനൂർ പൊലീസിന് പരാതി നൽകിയത്.

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിൽ നിന്നു തന്നെ രക്തം തൽക്കാലം നൽകാമെന്നും പിന്നീട് രക്തം പകരം നൽകണമെന്നും അറിയിച്ചു.

എന്നാൽ ഏഴു മണിയോടെ ലക്ഷ്മിയുടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ ബന്ധുക്കളുടെയും രാജേഷിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ആരോപണം.

മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞു. 8.45 ഓടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭർത്താവിനെ അറിയിച്ചത്. അമിതരക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സംശയം ജനിപ്പിക്കുന്ന പെരുമാറ്റവും അവസാനനിമിഷം മരുന്ന് ലഭിക്കുന്നില്ലെന്ന് പറഞ്ഞതുമാണ് ചികിത്സാപ്പിഴവ് ഉണ്ടായെന്നുള്ള ആരോപണത്തിലേക്ക് വഴിവച്ചത്. ഈ കേസ് വന്നതിന് ശേഷം നിരവധി പേർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടുത്തെ ചികിത്സാ പിഴവിനെ തുടർന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ഭീണിമൂലം പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നൽകാറില്ല. എന്നാൽ, ആശുപത്രിക്കെതിരെ നിലവിൽ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട് എന്നാണ് വിവരം. ആശുപത്രിയുടെ ഡയറക്ടർ ഡോക്ടർ ജയ്പാൽ ജോൺസണെതിരെ മുൻപും ചികിത്സാ പിഴവിന് കേസുണ്ടായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP