Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി

തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെയും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ചേർത്ത് ബി​ഗ് ന്യൂസിലും കേരള കൗമുദിയിലും വന്ന വ്യാജ വാർത്തക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഡിജിപി ലോക് നാഥ് ബെഹ്റക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം ഈ വാർത്ത വന്നതിന് തൊട്ടുപിന്നാലെ ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും വാർത്തയിലൂടെ ഉന്നംവെക്കുന്നത് ഐജി ശ്രീജിത്തിനെ ആണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഇതിനെതിരെ പരാതി നൽകണമെന്നും മറുനാടൻ മലയാളി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഐജി ശ്രീജിത്ത് ഇപ്പോൾ പരാതിയുമായി രം​ഗത്തെത്തിയത്. ഇത്തരം നുണ വാർത്തകൾ പൊലീസിനെ അപകീർത്തിപ്പെടുത്തുന്നതും രാജ്യദ്രോഹപരവുമാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വപ്നയുടെ

തലസ്ഥാനത്തെ ഐജിയുമായി ഉന്മാദ നീരാട്ട്, രം​ഗങ്ങൾ മൊബൈലിൽ പകർത്തി മറ്റൊരു ഉദ്യോ​ഗസ്ഥൻ എന്നായിരുന്നു കഴിഞ്ഞ ദിവസം ബി​ഗ് ന്യൂസ് എന്ന സായാഹ്ന പത്രത്തിന്റെ ആദ്യ പേജിലെ പ്രധാന തലക്കെട്ട്. എന്നാൽ ഇതിന് പിന്നിൽ കേരള കൗമുദിയിൽ വന്ന മറ്റൊരു വാർത്തയായിരുന്നു. 'പൊലീസ് ഉന്നതനുമായി റിസോർട്ടിൽ സ്വപ്‌നയുടെ നീരാട്ട്, വീഡിയോ പകർത്തിയ പൊലീസുകാരൻ ഇപ്പോൾ രാജാവ്' എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്.

'പൊലീസിലെ ഉന്നതനുമായി സ്വപ്ന സ്വിമ്മിങ് പൂളിൽ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുൻപാണ്. തലസ്ഥാനത്തെ റിസോർട്ടായിരുന്നു വേദി. സ്വപ്‌നയുടെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തിൽ അടിച്ചുപൂസായ ഏമാൻ ഇവരുമായി വെള്ളത്തിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഈ ദൃശ്യം മൊബൈലിൽ ഭംഗിയായി ചിത്രീകരിച്ചു. ദൃശ്യം കൈയിലുള്ളതിനാൽ ഈ ഉദ്യോഗസ്ഥന് പൊലീസിൽ പൊന്നുംവിലയാണ്.ഈ സത്കാര ചടങ്ങിൽ ഒരു ക്രൂരകൃത്യവുമുണ്ടായി. നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച് കൂത്താടുന്നത് കണ്ട് കല്യാണപ്പെണ്ണ് ഞെട്ടി. ജ്യൂസിൽ മദ്യമൊഴിച്ച് ഈ പെൺകുട്ടിയെ കുടിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടു. പൊലീസിൽ പരാതിയെത്തിയതോടെ പാർട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാർ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവിൽ പൊലീസ് ഉന്നതൻ ഇടപെട്ട് സ്വർണവും പണവും തിരികെവാങ്ങി നൽകി, നഷ്ടപരിഹാരവും നൽകി കേസ് അവസാനിപ്പിച്ചു. വിവാഹത്തിന്റെ നാലാംദിനം നടന്ന സത്കാരത്തിന്റെ രാത്രി പിതാവിനൊപ്പം പോയ പെൺകുട്ടി പിന്നീട് വിവാഹമോചനം നേടി.'- ഇങ്ങനെയായിരുന്നു ആ വാർത്തയുടെ അവസാനം.

എന്നാൽ, ഇത്തരം ഒരു വാർത്തക്ക് ഉപോത് ബലകമായ യാതൊരു സംഭവവും ഇല്ലെന്ന് മറുനാടൻ അന്വേഷണത്തിൽ ബോധ്യമായിരുന്നു. ഇരു പത്രങ്ങളുടെയും റിപ്പോർട്ട് വിരൽ ചൂണ്ടിയിരുന്നത് ഐജി ശ്രീജിത്തിനും ഡിജിപി ലോക്നാഥ് ബെഹ്റക്കും നേരേ ആയിരുന്നു. എന്നാൽ ഡിജിപി ലോക്നാഥ് ബെഹ്റ മദ്യം കഴിക്കാത്ത ആളാണ്. സ്വപ്നക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലുണ്ട് എന്നത് ഐജി ശ്രീജിത്തിനെ പ്രതിസ്ഥാനത്ത് നിർത്താൻ കാരണമായി. എന്നാൽ സ്വന്തം ബന്ധുക്കളുടെ വിവാഹത്തിന് പോലും പങ്കെടുക്കാത്ത ആളാണ് താനെന്ന് ഐജി ശ്രീജിത്തും വെളിപ്പെടുത്തിയതോടെയാണ് ഈ അടിസ്ഥാന രഹിതമായ വാർത്തകൾക്കെതിരെ പരാതി നൽകണമെന്ന് മറുനാടൻ നിലപാടെടുത്തത്.

വാർത്തയുടെ അടിസ്ഥാനത്തിൽ തലസ്ഥാനത്തെ മുഴുവൻ ഐജിമാരും സംശയത്തിന്റെ നിഴലിലാകാം എന്ന് ഐജി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വപ്ന സുരേഷ് പ്രതിയായ കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ പൊതുജനം തന്നെയും സംശയത്തോടെ നോക്കും. സഹപ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാകാം. റിപ്പോർട്ടിൽ പറയുന്ന ദിവസങ്ങളിൽ താൻ സംസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് അതൊന്നും പരിശോധിച്ച് വ്യക്തത വരുത്തേണ്ട ആവശ്യമില്ല. ഇത്തരം വാർത്തകൾ കേസന്വേഷണത്തെ ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഇരു മാധ്യമങ്ങളുടെയും റിപ്പോർട്ട് വന്നിരിക്കുന്നത് പൊലീസ് സേനയിലെ മുതിർന്ന ഉദ്യോ​ഗസ്ഥരെ പൊതു സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്ന് ഐജി ശ്രീജിത്ത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ റിപ്പോർട്ടിൽ പറയുന്ന സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തുകയും മാധ്യമ സ്ഥാപനങ്ങളോട് ഇതിന്റെ വിശ്വാസ്യത സംബന്ധിച്ച് വിശദീകരണം തേടുകയും വേണം. ഈ വാർത്ത സംബന്ധിച്ച് പൊലീസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സേനയോട് പൊതുജനത്തിനുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്നും പരാതിയിൽ ഐജി ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ പറയുന്നത് പോലെ ഏതെങ്കിലും ഉദ്യോ​ഗസ്ഥർ അത്തരത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം. മറിച്ചാണെങ്കിൽ, ഇത്തരം നുണവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP