Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2017 മുതൽ 2019 വരെയുള്ള കാലയളവിൽ എൻകൗണ്ടറിൽ കൊന്നത് 103പേരെ; 'ഠോക്ക് ദോ' അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസിക്ക് യോഗിയുടെ മൗനാനുവാദം; കാലിൽ വെടിവെച്ചിടുന്ന ഹാഫ് എൻകൗണ്ടറും അനവധി; കൊല്ലപ്പെട്ടവരിൽ നിരവധി നിരപരാധികളും; വെടിയേറ്റ് മരിക്കാതിരിക്കാൻ ഉന്നതപൊലീസുകാർക്ക് കോഴ കൊടുക്കുന്നതും പതിവ്; ഏറ്റുമുട്ടൽ കൊലകൾ സുപ്രീം കോടതി വിധികൾ കാറ്റിൽ പറത്തി; യുപിയിൽ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേഡ് ടെററിസമോ?

2017 മുതൽ 2019 വരെയുള്ള കാലയളവിൽ എൻകൗണ്ടറിൽ കൊന്നത് 103പേരെ; 'ഠോക്ക് ദോ' അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസിക്ക് യോഗിയുടെ മൗനാനുവാദം; കാലിൽ വെടിവെച്ചിടുന്ന ഹാഫ് എൻകൗണ്ടറും അനവധി; കൊല്ലപ്പെട്ടവരിൽ നിരവധി നിരപരാധികളും; വെടിയേറ്റ് മരിക്കാതിരിക്കാൻ ഉന്നതപൊലീസുകാർക്ക് കോഴ കൊടുക്കുന്നതും പതിവ്; ഏറ്റുമുട്ടൽ കൊലകൾ സുപ്രീം കോടതി വിധികൾ കാറ്റിൽ പറത്തി; യുപിയിൽ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേഡ് ടെററിസമോ?

മറുനാടൻ ഡെസ്‌ക്‌

 ലക്നൗ: 'നിങ്ങൾ ഇപ്പോൾ ലോക്കൽ പൊലീസിന് എൻകൗണ്ടർ ചെയ്യാൻ ഏറ്റവും ഫിറ്റായ കേസിലാണ് പെട്ടിരിക്കുന്നത്. അറസ്റ്റും കോടതിയുമായുള്ള നുലാമാലകളിൽ നടക്കാൻ ഞങ്ങൾക്ക് സമയമില്ല. ഒറ്റവെടിക്ക് കൊല്ലുകയാണ് ഇപ്പോഴത്തെ രീതി. തനിക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ പിടിക്കേണ്ടവരെ പിടിച്ച്, ചെയ്യേണ്ടത് ചെയ്യണം'- യുപിയിൽ കഴിഞ്ഞമാസം സോഷ്യൽ മീഡിയ വഴി വൈറലായ വീഡിയോ ആണിത്.

മഹുറാണിപൂർ എസ്എച്ച്ഓ ആയ സുനീത് സിങ്, അവിടത്തെ അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന ലേഖ് രാജ് യാദവിനെ വിളിച്ച് പറയുന്ന ഓഡിയോ തെളിയിക്കുന്നത് യുപിയിലെ യഥാർഥ അവസ്ഥയാണ്. വിവാദങ്ങളെ തുടർന്ന് ഈ പൊലീസ് ഓഫീസർ സസ്‌പെൻഷനിൽ ആവുകയുമുണ്ടായി. പക്ഷേ യോഗി ആദിത്യനാഥിന്റെ യുപിയിൽ ഇപ്പോൾ ക്രമിനലുകളെപ്പോലെ തന്നെ പൊലീസിനെയും ജനം ഭയന്നുതുടങ്ങിയിരിക്കുന്നു. അവർക്ക് പടി കൊടുത്തില്ലെങ്കിൽ എപ്പോഴാണ് വെടി വീഴുക എന്ന് അറിയില്ല.

2017 -ൽ യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം, നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് തടയിടും എന്നതായിരുന്നു. പക്ഷേ അതിന് സ്വീകരിച്ച കണ്ണിൽ ചോരയില്ലാത്ത നടപടികൾ കടുത്ത മനുഷ്യവകാശ ലംഘനങ്ങളാണ് നാട്ടിൽ ഉണ്ടാക്കുന്നത്. കൊടും ക്രിമിനലും ബ്രാഹ്മിൺ തീവ്രവാദിയെന്നെല്ലാം അറിയപ്പെട്ട, 8 പൊലീസുകാരെ ഒറ്റയടിക്ക് വെടിവെച്ച് കൊന്ന വികാസ് ദുബൈ എന്ന ക്രിമനലിലെയാണ് ഏറ്റവും ഒടുവിലായി പൊലീസ് വെടിവെച്ച് കൊന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നൂറോളം പേരാണ് പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്്. ഇതിൽ നിരപരാധികളും ഉൾപ്പെടുന്നു.

തട്ടിക്കളയലിന് മൗനാനുവാദം നൽകി യോഗി

2017 -നു ശേഷം സംസ്ഥാനത്ത് എൻകൗണ്ടർ കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് ഗവണ്മെന്റിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പൊലീസ് ഏർപ്പെട്ട അക്രമസ്വഭാവമുള്ള പോരാട്ടങ്ങളുടെ എണ്ണം 5,178 ആണ്. അത്രയും പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത് 103 ക്രിമിനലുകളാണ്. ഇങ്ങനെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാൻ മിനക്കെടാതെ കുറ്റവാളികളെ ചുട്ടുതള്ളുന്ന നയം പൊലീസ് അധികാര കേന്ദ്രങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഠോക്ക് ദോ' പോളിസി ( തട്ടിക്കളഞ്ഞേക്ക്...) എന്നാണ്. കുറ്റവാളികളുടെ കാലിൽ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന 'ഹാഫ് എൻകൗണ്ടർ' എന്ന പതിവും ഉത്തർപ്രദേശ് പൊലീസിൽ നിലവിലുണ്ട്. പല സ്റ്റേഷനുകളിലും ഇങ്ങനെ എൻകൗണ്ടർ/ഹാഫ് എൻകൗണ്ടറുകൾക്ക് മാസാമാസം ടാർഗെറ്റുകളും നൽകാറുണ്ട് എന്നും അഭ്യൂഹങ്ങളുണ്ട്.

പിടിക്കപ്പെടുന്ന ചില ക്രിമിനലുകൾ അവർക്ക് രാഷ്ട്രീയനേതാക്കളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ തെളിവുകൾ വെളിപ്പെടുത്തും എന്ന് തോന്നുമ്പോൾ യുപി പൊലീസ് അവർക്ക് വളഞ്ഞ വഴിക്ക് ജാമ്യം നൽകി ജയിലിനു പുറത്തെത്തിക്കുകയും, പിന്നീട് എൻകൗണ്ടറിൽ അവർ കൊല്ലപ്പെടുകയും ഒക്കെ പലവട്ടം ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പല പൊലീസ് ഓഫീസർമാരും ക്രിമിനലുകളോട് 'എൻകൗണ്ടറിൽ തീർത്തുകളയും' എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെ പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന പലർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, ജയ്ഹിന്ദ് യാദവ്, മുകേഷ് രാജ്ഭർ തുടങ്ങിയ യുവാക്കളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം എൻകൗണ്ടറിൽ വധിച്ചതാണ്. തങ്ങളെ ആക്രമിക്കാൻ നോക്കിയപ്പോൾ പ്രാണരക്ഷാർത്ഥം പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഈ മരണങ്ങളിലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനീതിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ചെന്നിട്ടുണ്ട്.

സുപ്രീം കോടതി വിധികൾ കാറ്റിൽ പറത്തുന്നു

2012 -ൽ, രാജ്യത്തു നടക്കുന്ന എൻകൗണ്ടർ കൊലകളെപ്പറ്റി സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്,' ഒരു വ്യക്തി കൊടും ക്രിമിനലാണ് എന്ന കാരണത്താൽ അയാൾ കൊന്നുകളയാൻ പൊലീസിന് ഒരധികാരവുമില്ല. പൊലീസിൽ അർപ്പിതമായ കർത്തവ്യം അയാളെ തെളിവ് സഹിതം പിടികൂടി കോടതിസമക്ഷം ഹാജരാക്കുക എന്നത് മാത്രമാണ്. ഏറ്റുമുട്ടലിലൂടെ ക്രിമിനലുകളെ വധിക്കുന്ന പൊലീസുകാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്ന ചരിത്രം കോടതിക്കില്ല. അത്തരം കൊലപാതകങ്ങൾ തികച്ചും അപലപനീയമാണ്. അത് അംഗീകൃതമായ, നിയമപരമായ ക്രിമിനൽ ജസ്റ്റിസ് അഡ്‌മിനിസ്ട്രേഷൻ സിസ്റ്റത്തിന്റെ ഭാഗമല്ല. അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ട പദം 'സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം' എന്നാണ്. '

എന്നാൽ ഉത്തർ പ്രദേശ് സർക്കാർ അതിനോട് പ്രതികരിച്ചത് അന്നേ ദിവസം തന്നെ എൻകൗണ്ടറുകളുടെ ഭാഗമാകുന്ന ടീമിന് അവരുടെ ധീരതയ്ക്കുള്ള പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ഗാലൻട്രി റിവാർഡ് പ്രഖ്യാപിച്ചു കൊണ്ടാണ്. ആ പ്രഖ്യാപനം തന്നെ 2010 -ലെ ദേശീയമനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഒരു എൻകൗണ്ടർ നടന്നാലുടൻ അതിൽ പങ്കെടുത്തർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല എന്നും, പ്രസ്തുത പൊലീസുകാരുടെ 'അനിതരസാധാരണമായ ധീരത' കൃത്യമായി തെളിയിക്കപ്പെട്ട ശേഷം മാത്രമേ പാരിതോഷികങ്ങൾ നല്കാൻ പാടുള്ളൂ എന്നുമായിരുന്നു ആ നിർദ്ദേശം.

ഉത്തർ പ്രദേശിലെ പൊലീസ് സ്റ്റേഷനുകളിൽ ഇരുപത്തഞ്ചിലധികം കുപ്രസിദ്ധ കുറ്റവാളികളുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. അവരിൽ പലരുടെയും പേർക്ക് വികാസ് ദുബൈയുടേത് പേരിൽ ഉണ്ടായിരുന്ന പോലെ തന്നെ അമ്പതും അറുപതും ക്രിമിനൽ കേസുകളുമുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട 103 പേരിൽ അവർ ആരുമില്ല. അവരുടെ ആരുടേയും സ്വത്തുക്കൾ കണ്ടുകെട്ടുകയോ, വീടുകൾ ഇടിച്ചു നിരത്തുകയോ ഒന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ-പൊലീസ്-ക്രിമിനൽ നെക്സസിൽ പരസ്പര ധാരണ തെറ്റാത്തിടത്തോളം കാലം എല്ലാം സുഭദ്രമായിത്തന്നെ തുടരുന്ന സാഹചര്യമാണ് ഉത്തർപ്രദേശിൽ താൽക്കാലമുള്ളത്. വികാസ് ദുബെ ആ സ്വാഭാവികതയിൽ നിന്നുള്ള അപൂർവങ്ങളിൽ അപൂർവമായ ഒരു വ്യതിയാനം മാത്രമാണ്.

അതുകൊണ്ടുതന്നെ ഉത്തർ പ്രദേശ് പൊലീസ് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ എൻകൗണ്ടറുകളും പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് മനുഷ്യാകാശ പ്രവർത്തകർ പറയുന്നത്. വികാസ് ദുബെ ഒരു കൊടും ക്രിമിനലാണ്, അയാൾ എട്ടു പൊലീസുകാരെ വെടിവെച്ചു കൊന്നതാണ് എന്നത് അയാളെ ഇന്ത്യൻ നിയമ വ്യവസ്ഥ അനുശാസിക്കുന്ന വിചാരണാ നടപടിക്രമങ്ങൾക്ക് വിട്ടുകൊടുക്കാതെ, കോടതിയുടെയും ജഡ്ജിയുടേയും ആരാച്ചാരുടെയും ഒക്കെ റോളുകൾ പൊലീസ് സേന തന്നെ ഏറ്റെടുക്കുന്നത് നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമായ നീതിന്യായവ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നാണ് ആക്റ്റിവിസ്റ്റുകൾ പറയുന്നത്. പക്ഷേ ഈ ഗുണ്ടകളെ പോറ്റി വളർത്തുന്നത് ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. വികാസ് ദുബെയെ തന്നെ പനപോലെ വളർത്തിയത് രാഷ്ട്രീയക്കാർ തന്നെയാണ്.

ഒരു ബ്രാഹ്മിൺ ഗുണ്ട ജനിക്കുന്നു

പരമ്പരാഗത പൂജാരി സമുദായമായ പണ്ഡിറ്റ് വിഭാഗത്തിൽ ജനിച്ച വികാസ് ദുബെ ബ്രാഹ്മിൺ സമുദായത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് വളർന്നത്. അന്ന് പൊലീസും മാറിമാറി ഭരിച്ച രാഷ്ട്രീയക്കാരുമാണ് അയാൾക്ക് എല്ലാ പിന്തുണയും കൊടുത്തത്.

ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു അവർക്ക് ശക്തമായ സംഘടനകൾ ഇല്ല, പ്രതിരോധിക്കാൻ ആളില്ല തുടങ്ങിയ ചിന്തകളാണ് ദുബെയെ 17ാം വയസ്സിൽ ബ്രാഹ്മണ യുവാക്കളെ സംഘടിപ്പിച്ച് ഒരു സേനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. മുളവടിയും കൊച്ചുപിച്ചാത്തിയുമായി തുടങ്ങിയ ഈ സംഘമാണ് പിന്നീട് എകെ 47 തോക്കുവരെ കൈവശമുള്ള യുപിയെ വിറപ്പിക്കുന്ന അധോലോകമായി വളർന്നത്. 80കളുടെ അവസാനം കലുഷിതമായ മണ്ഡൽ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ് ഇത്തരം സംഘങ്ങൾ എന്നും പ്രഭാഷ് കെ ദത്ത നിരീക്ഷിക്കുന്നു.'ഉത്തരേന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങൾക്കും ഒരു ജാതി അടിത്തറ ഉണ്ടായിരിക്കും. അതിനി ഫൂലൻ ദേവി ആയാലും, പാൻ സിങ് തോമർ ആയാലും, അല്ല വികാസ് ദുബൈ ആയാലും'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1989 -ൽ വിപി സിങ് മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ ഉത്തരേന്ത്യയിൽ സവർണ സംഘടനകൾ ഇളകിമറിയുകയായിരുന്നു. നിലവിലെ സർക്കാർ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം എന്ന് പറയുന്ന ആ റിപ്പോർട്ട് വിപി സിങ് നടപ്പിലാക്കിയപ്പോൾ ഉത്തരേന്ത്യയിൽ ജാതി കാലുഷ്യവും ശക്തിപ്പെടുകയായിരുന്നു. ഉത്തർപ്രദേശിൽ കാൻഷിറാം, മുലായം സിങ് തുടങ്ങിയ നേതാക്കളുടെ ബലത്തിൽ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവർ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയ കാലം. ആ കാലം, ഉത്തർപ്രദേശിലെ കാൺപൂരിന്റെ പരിസരഗ്രാമങ്ങളിൽ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വർണം സ്ഥലമാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കർ ഭൂമി തുച്ഛമായ വില കൊടുത്തും, ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം. അന്നൊക്കെ യുപിയിലെ ഭൂമിയുടെ 90 ശതമാനവും മേൽ ജാതിക്കാരുടെ കയ്യിലായിരുന്നു. മണ്ഡൽ പൊളിറ്റിക്സിന്റെ ബലത്തിൽ അത് പതുക്കെ കീഴ് ജാതിക്കാർ കൈക്കലാക്കാൻ തുടങ്ങി. കയ്യൂക്കിന്റെ ബലത്തിൽ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയർന്നുവന്നു.

ബീഹാറിലൊക്കെ സവർണ്ണർക്ക് രൺബീർ സേനയെപ്പോലുള്ള ശക്തമായ ഗുണ്ടാ സംഘങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുപിയിൽ അതൊന്നുമില്ലെന്നും ബ്രാഹ്മണർ ചാഞ്ഞ മരങ്ങളാണെന്നും അവർക്ക് ആരുമില്ലെന്നായിരുന്നു അവർ സ്വയം പറഞ്ഞിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചൗബേപ്പൂർ എന്ന പ്രദേശത്തെ ബിട്ട്രൂ ഗ്രാമത്തിലുള്ള വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, അയൽഗ്രാമമായ ദിപ്പ നിവാദയിൽ ചെന്ന് തല്ലുണ്ടാക്കി. ഒരു വശത്ത് ബ്രാഹ്മണന്മാർ, മറുവശത്ത് കീഴ്ജാതിക്കാർ. ദുബെയുടെ സംഘം എതിരാളികളെ അടിച്ചോടിച്ചു. ഇതാരു പ്രതിരോധ സേനയാണെന്നാണ് ദുബെ അവകാശപ്പെട്ടത്. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണർ പണ്ഡിറ്റ്ജി എന്ന് വിളിച്ചു. പിന്നെ പണ്ഡിറ്റ്ജി തിരിഞ്ഞുനോക്കിയിട്ടില്ല.

ആദ്യം കോൺഗ്രസിന്റെയും പിന്നീട് ബിജെപിയുടെയും പിന്നീട് ബിഎസ്‌പിയുടെയും ഉറച്ച പിന്തുണ ഇദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നു. അന്നൊക്കെ പൊലീസ് ഇദ്ദേഹത്തിന്റെ ചൊൽപ്പിടിയിലും ആയിരുന്നു. ക്രിമനൽ സംഘങ്ങൾ ഉണ്ടാകുന്ന സാമൂഹിക സാഹചര്യം മാറ്റാതെ വെറുതെ വെടിവെച്ച് കൊന്നിട്ട് എന്താണ് കാര്യം എന്നാണ് ആശിഷ നന്ദിയെപ്പോലുള്ള എഴുത്തുകാർ ചോദിക്കുന്നത്. ക്രിമനലുകൾ ഉണ്ടാകാതിരിക്കാനുള്ള ജാതി സംഘർഷങ്ങും ദാരിദ്ര്യ നിർമ്മാർജ്ജനവും ഉത്തരേന്ത്യയിൽ വേണ്ടത്ര നടക്കുന്നില്ല.

കഴിഞ്ഞവർഷം ഹൈദരാബാദിൽ സജ്ജനാർ നടത്തിയ എൻകൗണ്ടറാണ് കുറ്റവാളികളെ അപ്പോൾ തന്നെ ചുടണം എന്ന കാട്ടു നീതിക്ക് വളം വെച്ചത്. അത് ഇന്ത്യയിൽ എല്ലായിടത്തുമുള്ള പൊലീസിനെ വലിയ രീതിയിൽ സ്വധീനിച്ചുവെന്ന് വ്യക്തം.

സജ്ജനാർ തുറന്നുവിട്ട ഭൂതം

2019 നവംബർ 28 ന് രാത്രിയാണ് ഹൈദരബാദിലെ തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം ലോറിയിൽ കൊണ്ടുപോയി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷവും യുവാക്കളിൽ ഒരാൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പിന്നീട് വെളിപ്പെട്ടത്. വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു.

അതിനിടയിലാണ് തെളിവെടുപ്പിനിടെ ഇവർ കൊല്ലപ്പെടുന്നത്. തെളിവെടുപ്പിനിടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്ന് പൊലീസ് വെടിവെച്ചെന്നുമാണ് ഹെദരാബാദ് മെട്രാപൊളിറ്റൻ പൊലീസ് കമ്മീഷണർ വി സി. സജ്ജനാർ പറയുന്നത്. അതാടെ തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. ഇത് രണ്ടാം തവണയാണ് വി സി. സജ്ജനാർ കേസിന്റെ ചുമതലയിലിരിക്കേ ഏറ്റുമുട്ടൽ കൊല നടക്കുന്നത്.

2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്‌പിയായിരുന്നു സജ്ജനാർ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. സജ്ജനാർക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികളും സമ്മതിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പൊലീസ് പാർട്ടിക്കു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

അന്നു വാറങ്കലിൽ ഹീറോ ആയിരുന്നു സജ്ജനാർ. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫീസിൽ എത്തിയിരുന്നത്. വിവിധയിടങ്ങളിൽ സജ്ജനാറിനെ മാലയിട്ടു വിദ്യാർത്ഥികൾ സ്വീകരിച്ചിരുന്നു. ഹൈദരാബാദിൽ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കൽ മോഡൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. അത് നടപ്പായതോടെ സജ്ജനാർ വീണ്ടും ഹീറോയായി.

ഇപ്പോൾ യുപി പൊലീസിനും വലിയ കൈയടിയാണ് സാമൂഹിക മാധ്യമങ്ങളിൽനിന്ന് കിട്ടുന്നത്. ക്രമസമാധാന നില അമ്പേ തകർന്നു എന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതോടെ കഴിഞ്ഞു. അതേസമയം ഇത്തരം ഏറ്റുമുട്ടൽ കൊലകൾ ആവർത്തിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന വസ്തുതയും ഉണ്ട്. പല മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നുമുണ്ട്. നീതി എന്നാൽ പ്രതികാരം അല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്ററിസ് ബോബ്‌ഡേ മുമ്പ് ഒരു വിധിയിൽ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ ആ നിലയിലേക്കാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP