Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത് ഞായറാഴ്ച രാത്രി; പൊലീസ് നഗരം സീൽ ചെയ്തിരിക്കെ സ്വപ്ന രക്ഷപ്പെടുന്നത് തിങ്കൾ രാവിലെയും; രക്ഷപ്പെടാൻ അനുവദിച്ചതിൽ കേരള പൊലീസിന്റെ ഒത്താശ വ്യക്തം; പൊലീസിലെ ചില ഉന്നതർക്കും പിണറായി സർക്കാറിന് എൻഐഎ അന്വേഷണം തിരിച്ചടി; യുഎപിഎ ചുമത്തുമ്പോൾ പ്രതികൾക്ക് ജാമ്യം പോലും ലഭിക്കാത്ത അവസ്ഥ ; മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോഴും സർക്കാർ ഊരാക്കുടുക്കിൽ

തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത് ഞായറാഴ്ച രാത്രി; പൊലീസ് നഗരം സീൽ ചെയ്തിരിക്കെ സ്വപ്ന രക്ഷപ്പെടുന്നത് തിങ്കൾ രാവിലെയും; രക്ഷപ്പെടാൻ അനുവദിച്ചതിൽ കേരള പൊലീസിന്റെ ഒത്താശ വ്യക്തം; പൊലീസിലെ ചില ഉന്നതർക്കും പിണറായി സർക്കാറിന് എൻഐഎ അന്വേഷണം തിരിച്ചടി; യുഎപിഎ ചുമത്തുമ്പോൾ പ്രതികൾക്ക് ജാമ്യം പോലും ലഭിക്കാത്ത അവസ്ഥ ; മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോഴും സർക്കാർ ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ രക്ഷപ്പെടാൻ അനുവദിച്ചതിൽ കേരള പൊലീസിന്റെ ഒത്താശ വ്യക്തം. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം ഞായർ രാത്രി തന്നെ വന്നിരിക്കെ തിരുവനന്തപുരത്തു നിന്നും സ്വപ്ന രക്ഷപ്പെടുന്നത് തിങ്കൾ രാവിലെയാണ്. നഗരം മുഴുവൻ പരിശോധന കർശനമാക്കിയിരിക്കെയാണ് ഫ്‌ളാറ്റിൽ നിന്നുമുള്ള സ്വപ്നയുടെ രക്ഷപ്പെടൽ.

ആരെയും നഗരത്തിനകത്തെക്കും പുറത്തേക്കും പ്രവേശിപ്പിക്കാത്ത അവസ്ഥയിൽ സ്വപ്നയ്ക്ക് പൊലീസ് ഒത്താശ ലഭിക്കാതെ നഗരം വിടാൻ കഴിയില്ല. ഉന്നതതല ബന്ധങ്ങൾ മുതൽക്കൂട്ടായിരിക്കെ പൊലീസിന്റെ സഹായത്തോടെയാകണം സ്വപ്നയുടെ രക്ഷപ്പെടൽ. പൊലീസിൽ സ്വപ്നയ്ക്ക് അതിശക്തമായ സ്വാധീനമുണ്ടെന്നു ഇതുവരെ സ്വപ്നയുമായി ബന്ധപ്പെട്ട വാർത്തകൾ തെളിയിച്ചിട്ടുണ്ട്. തിങ്കൾ രാവിലെ 10ന് സ്വപ്ന സഞ്ചരിക്കുന്ന കാർ പാലോടു നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പരിശോധന കർശനമാക്കിയിരിക്കെ ഇതുപോലുള്ള ഒരു രക്ഷപ്പെടൽ അസാധ്യമാണ്.

യുഎഇ കോൺസുലെറ്റിൽ ജോലിയിലിരിക്കെ കോൺസുലേറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ സല്യൂട്ടിന്റെ പേരിൽ വിറപ്പിക്കാൻ സ്വപ്നയ്ക്ക് ഒരു ഫോൺ കോൾ മാത്രമേ ആവശ്യമായി വന്നുള്ളൂ. പൊലീസിലെ സ്വാധീനം തരാതരം പോലെ ഉപയോഗിക്കാൻ സ്വപ്ന ഒരിക്കലും മടിച്ചിരുന്നുമില്ല എന്നതിനെ തെളിവാണ് കോൺസുലെറ്റിൽ നടന്ന ഈ സംഭവം.

ഈ സ്വാധീനം തന്നെയാണ് സ്വപ്നയുടെ രക്ഷപ്പെടലിലും കാരണമായിരിക്കുന്നത്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ നടന്ന സ്വർണ്ണക്കടത്ത് സർക്കാരിലെ പ്രതിസന്ധിയിലാക്കീയിരിക്കെ ഒരു കേസ് പോലും സംസ്ഥാനത്ത് ഇതിനായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. സ്വർണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതും സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റംസ് തിരയുന്നതുമൊന്നും കേരള സർക്കാർ ഗൗനിച്ചിട്ടു പോലുമില്ല. ഒരു കേസ് കസ്റ്റംസ് രജിസ്റ്റർ ചെയ്തു. അതിലെ പ്രതികളെ പിടിക്കാൻ കസ്റ്റംസ് നാടുമുഴുവൻ അലയുന്നു. കസ്റ്റംസ് പിടിക്കട്ടെ. ഞങ്ങൾ മാറി നിൽക്കും. എന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്.

സിസിടിവി ദൃശ്യങ്ങൾ പോലും കസ്റ്റംസിന് ലഭ്യമാക്കാതിരിക്കാനുള്ള ചരടു വലികളാണ് സർക്കാർ തലത്തിൽ നിന്നും നടക്കുന്നതും. സ്വർണക്കടത്ത് കേസിൽ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം സ്ഥിതിഗതികൾ വിശകലനം ചെയ്തു അന്വേഷണം എൻഐഎയെ ഏൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നതും എൻഐഎ കേസ് രജിസ്റ്റർ ചെയ്യുന്നതും രണ്ടു രീതിയിലാണ്.

ശിവശങ്കറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനു കേസിൽ ബന്ധമുണ്ടെന്നു തെളിഞ്ഞാൽ സിബിഐ അന്വേഷണത്തിലാണെങ്കിൽ ജാമ്യമെങ്കിലും ലഭിക്കുമായിരുന്നു. എൻഐഎ അന്വേഷണമാണെങ്കിൽ വരുക യുഎപിഎ അടക്കമുള്ള വകുപ്പുകളാണ്. ജാമ്യം പോലും ലഭിക്കില്ല. ഇതുകൊണ്ട് തന്നെയാണ് കേസിൽ എൻഐഎ അന്വേഷണം തീരുമാനിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. യുഎപിഎ പ്രകാരമുള്ള വകുപ്പുകളും എൻഐഎ കോടതി വഴിയുമുള്ള വിചാരണയാണ് എൻഐഎ കേസുകളിൽ നടക്കുക. രാജ്യസുരക്ഷയെ ബാധിക്കും വിധം യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടക്കുക.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കർ വരെ സംശയ നിഴലിലാകുക, ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനു നേർക്ക് നീളുക. ശിവശങ്കർ പുറത്താകുക, സ്വർണം കടത്ത് കേസിൽ പ്രതിരോധിക്കാൻ കഴിയാതെ സർക്കാർ ഇരുട്ടിൽ തപ്പുക തുടങ്ങിയ തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുമ്പോഴാണ് ഭീകരവാദവും രാജ്യസുരക്ഷയുമായി ബന്ധമുള്ള കേസുകൾ അന്വേഷിക്കുന്ന എൻഐഎയെ ഈ കേസ്‌കേന്ദ്ര സർക്കാർ ഏൽപ്പിക്കുന്നത്. കേരളത്തിൽ അനിയന്ത്രിതമായി സ്വർണം എത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന വിലയിരുത്തലിലാണ് എൻഐഎ അന്വേഷണം കേന്ദ്രം പ്രഖ്യാപിച്ചത്.

ഇടത് സർക്കാരിനെ സംബന്ധിച്ച് വലിയ പ്രഹരമാണ് എൻഐഎ അന്വേഷണം. എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് കാര്യങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിലെത്തും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലാണ് ഈ കേസിൽ നേരിട്ടിടപെട്ടിരിക്കുന്നത്. ഇതെല്ലാം പിണറായി സർക്കാരിന്റെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്. മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെങ്കിലും സ്ഥിഗതികൾ വ്യത്യസ്തമാണ്. സ്വർണക്കടത്ത് കേസിൽ സർക്കാർ നിലപാട് മനസിലാക്കിയാണ് കേന്ദ്രം എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലേക്കും ഐടി വകുപ്പിലേക്കുമാണ് എൻഐഎ അന്വേഷണം വഴിമാറാൻ പോകുന്നത്. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് എൻഐഎ അന്വേഷണം നീണ്ടേക്കും. സ്വർണ്ണക്കടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന പരിശോധിക്കുന്നതിന്റെ ഭാഗമാണിത്. വിഷയത്തിൽ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയിൽ വരും. സ്വർണക്കടത്തിൽ മാത്രം എൻഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന് വരുമ്പോൾ അത് സർക്കാരിനു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതുപ്രകാരമുള്ള അന്വേഷണം വരുമ്പോൾ ഞെട്ടിക്കുന്ന പല വസ്തുതകളും വെളിയിൽ വരുകയും ചെയ്യും.

അതേസമയം, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തിൽ പങ്കില്ലെന്നും യുഎഇ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം. കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.

സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തതിനാൽ ഹൈക്കോടതി എൻഐഎയുടെ അഭിപ്രായവും പരിഗണിച്ചേക്കും. സ്വർണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താൽ കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ.

ഈ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറാൻ പോകുന്നത്. എൻഐഎ അന്വേഷണം വരുമ്പോൾ ഐഎസിലേക്കുള്ള കേരള ബന്ധങ്ങളും അന്വേഷണ വിധേയമാവുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP