Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോഡുകൾ മുഴുവൻ സീൽ ചെയ്തതോടെ ജനങ്ങൾ ജയിലിലായി; ഹോട്ടലുകൾക്ക് പകരമുള്ള കമ്യൂണിറ്റി കിച്ചനും കുടുംബശ്രീ ഹോട്ടലുകളും അടഞ്ഞ നിലയിൽ; കൊച്ചു കുട്ടികൾക്ക് കൊടുക്കാൻ പാലു പോലും കിട്ടുന്നില്ല; കണ്ടെയ്ന്മെന്റ് സോൺ പോലും അല്ലാത്ത എരിയകൾ എന്തിനാണ് അടച്ചുപൂട്ടിയത് എന്ന ചോദ്യത്തിനു ഉത്തരവുമില്ല; സ്വർണ്ണക്കടത്തിലെ പ്രതിസന്ധിയിൽ കൊറോണ സമൂഹവ്യാപനം മുഖവിലയ്ക്ക് എടുക്കാതെ പ്രതിഷേധങ്ങളും; തലസ്ഥാന നഗരി ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ

റോഡുകൾ മുഴുവൻ സീൽ ചെയ്തതോടെ ജനങ്ങൾ ജയിലിലായി; ഹോട്ടലുകൾക്ക് പകരമുള്ള കമ്യൂണിറ്റി കിച്ചനും കുടുംബശ്രീ ഹോട്ടലുകളും അടഞ്ഞ നിലയിൽ; കൊച്ചു കുട്ടികൾക്ക് കൊടുക്കാൻ പാലു പോലും കിട്ടുന്നില്ല; കണ്ടെയ്ന്മെന്റ് സോൺ പോലും അല്ലാത്ത എരിയകൾ എന്തിനാണ് അടച്ചുപൂട്ടിയത് എന്ന ചോദ്യത്തിനു ഉത്തരവുമില്ല; സ്വർണ്ണക്കടത്തിലെ പ്രതിസന്ധിയിൽ കൊറോണ സമൂഹവ്യാപനം മുഖവിലയ്ക്ക് എടുക്കാതെ പ്രതിഷേധങ്ങളും; തലസ്ഥാന നഗരി ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനത്തിന്റെ പേരിൽ വന്ന ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നഗരം ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ തടങ്കലിലിലായ അവസ്ഥയിലാണ്. എലിയെ കൊല്ലാൻ ഇല്ലം ചുടുകയാണ് എന്ന വിമർശനമാണ് സർക്കാരിനെതിരെ മുഴങ്ങുന്നത്. നഗരം അടച്ചിട്ടതോടെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കാത്ത വിധം ശക്തമായ പൊലീസ് സംവിധാനങ്ങളാണ് നടപ്പിലാക്കിയത്. മുഴുവൻ റോഡുകളും പൊലീസ് സീൽചെയ്തതോടെ ജനങ്ങൾ മുഴുവൻ ജയിലിലായ അവസ്ഥയായി. സഞ്ചാരസ്വാതന്ത്ര്യത്തിനു പോലും പൂർണ വിലക്കാണ് വന്നത്. പേരിനു പോലും ഒരു ഹോട്ടൽ പോലും തുറന്നില്ല. ജനങ്ങൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായി. ഇതെല്ലാം പരിഹരിക്കാൻ ബാധ്യസ്ഥമായ സർക്കാർ സംവിധാനങ്ങൾ ആണെങ്കിൽ മുഴുവൻ നിശ്ചലമായ അവസ്ഥയിലും. സ്വർണ്ണ കള്ളക്കടത്തിൽ പ്രതിഷേധവും തുടരുന്നു. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് തിരുവനന്തപുരം

കണ്ടെയ്ന്മെന്റ് സോൺ പോലും അല്ലാത്ത എരിയകൾ എന്തിനാണ് അടച്ചുപൂട്ടിയത് എന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തിയത്. നഗരത്തിൽ ഭക്ഷണം കിട്ടാനില്ല. ഹോട്ടലുകൾ മുഴുവൻ അടഞ്ഞുകിടക്കുകയാണ്. പകരം എന്ത് സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത് എന്ന ചോദ്യം ഉയരുമ്പോൾ ഇതിനു സർക്കാർ കേന്ദ്രങ്ങൾക്ക് ഉത്തരവുമില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലായതോടെ മന്ത്രിമാർ പലരും അസ്വസ്ഥരാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം എന്നത് ഈ അസ്വസ്ഥത വർധിപ്പിക്കാനും കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ മുൻനിരയിൽ നിന്ന് നയിച്ച ആരോഗ്യമന്ത്രി കൂടി പിൻനിരയിലേക്ക് മാറിയിട്ടുണ്ട്. തലസ്ഥാനത്ത് സമൂഹവ്യാപനം എന്ന പ്രഖ്യാപനം ആരോഗ്യമന്ത്രി നടത്തിയില്ല. പകരം മേയർ കെ.ശ്രീകുമാറാണ് പ്രഖ്യാപനം നടത്തിയത്. ഇതുപോലുള്ള പ്രഖ്യാപനം മേയർ ആണോ ആരോഗ്യമന്ത്രിയാണോ നടത്തേണ്ടത് എന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഉയർത്തിയത്.

ട്രിപ്പിൽ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ അമർഷത്തിലാണ്. രാവിലെ തുറന്ന കടകൾ പതിനൊന്നിനു അടക്കും. രാവിലെ പാല് വാങ്ങിയില്ലെങ്കിൽ പാല് ലഭിക്കില്ല. പല വീടുകളിലെയും കുഞ്ഞു കുട്ടികൾക്ക് പാൽ ലഭിക്കാത്ത അവസ്ഥപോലും വന്നിട്ടുണ്ട്. രാവിലെ പല സ്ഥലത്തും പാൽ കിട്ടുന്നില്ല. വന്ന പാൽ ആണെങ്കിൽ പല കടകളിലും ക്ഷണ നേരം കൊണ്ട് തീരും. വേറെ സ്ഥലത്ത് പോയി പാൽ വാങ്ങാം എന്ന് പറഞ്ഞാൽ പൊലീസ് തടയുകയും ചെയ്യും. സഞ്ചാര സ്വാതന്ത്ര്യം പോലും പൂർണമായി നിഷേധിച്ച ഇത്രയും ഭീതിദമായ അവസ്ഥസൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അതിനു ഉത്തരവുമില്ല. നഗരം അഗ്‌നിപർവതത്തിനു മുകളിലാണ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് സ്വർണക്കടത്ത് സർക്കാരിൽ സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധി മുന്നിൽ കണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും പരിഹസിച്ചത്.

കടകംപള്ളിയുടെ പ്രഖ്യാപനത്തിനു ശേഷം സ്വർണ്ണക്കടത്തിന്റെ പേരിൽ സർക്കാർ പ്രതിസന്ധിയിലാകുന്നതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കർ പുറത്താകുന്നതുമാണ് ദൃശ്യമായത്. ഇതൊക്കെ മുൻകൂട്ടി കണ്ടുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. ഇതിനു പക്ഷെ സർക്കാർ ഉത്തരമൊന്നും നൽകിയതുമില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ പൊലീസ് ഭക്ഷണമെത്തിക്കും എന്ന സർക്കാർ പ്രഖ്യാപനം വന്നു. ജനങ്ങളുടെ കോളുകൾ വന്നു തുടങ്ങിയപ്പോൾ പൊലീസ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ജനങ്ങൾക്ക് രാവിലെ കടകളിൽ പോയി നേരിട്ട് അവശ്യ സാധനങ്ങൾ വാങ്ങാം എന്നാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.എന്തായാലും ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ കടുത്ത അമർഷത്തിലാണ്.

ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനം തന്നെ വിചിത്രമായ രീതിയിലാണ് നടപ്പിലാക്കിയത്. ഞായർ രാത്രി ഏഴുമണിക്ക് കടകൾ അടച്ചശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത്. ജനങ്ങൾക്ക് ഒന്നിനുമുള്ള തയ്യാറെടുപ്പും നടത്താൻ കഴിഞ്ഞില്ല. പലചരക്ക് കടകൾ രാവിലെ തുറന്നെങ്കിലും കടകളിൽ പോയി സാധനം വാങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെന്തിനാണ് കടകൾ തുറന്നു വച്ചതെന്ന് ചോദിച്ചപ്പോൾ അതിനും ഉത്തരം നൽകിയില്ല. രാവിലെ തുറന്ന കടകൾ പതിനൊന്നു മണിക്ക് അടച്ചതോടെ പരിപൂർണ അനിശ്ചിതത്വത്തിന്റെ കീഴിലേക്ക് നഗരം നീങ്ങുകയും ചെയ്തു. അഞ്ച് ദിവസമാണ് ഈ രീതിയിൽ തലസ്ഥാന നഗരി നീങ്ങിയത്.

ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഭക്ഷണം ഇല്ലാത്ത അവസ്ഥ വന്നപ്പോൾ അതിനായി ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചൻ ഒന്ന് പോലും പ്രവർത്തിക്കുന്നില്ല. കുടുംബശ്രീയുടെ കീഴിൽ ആരംഭിക്കും എന്ന് പറഞ്ഞ ഹോട്ടലുകൾ തുറന്നിട്ടുമില്ല. കോവിഡ് ഭീതി ഉയർത്തി ജനങ്ങളെ പട്ടിണിക്ക് ഇട്ട് കൊല്ലുകയാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കോവിഡ് ഭീതിയിലാണ് ട്രിപ്പിൾലോക്ക് ഡൗൺ ഏർപ്പെടുത്തിയത് എന്ന് സർക്കാർ പ്രഖ്യാപനമുണ്ടെങ്കിലും ഇത് സ്വർണക്കടത്ത് കേസിലെ പ്രതിഷേധം ഒഴിവാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത് ഈ രീതിയിലുള്ള ആക്ഷേപമാണ്.

കോവിഡ് സമൂഹവ്യാപനം എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇത് മുഖവിലയ്ക്ക് എടുക്കാൻ ആരും തയ്യാറായിട്ടുമില്ല. കോവിഡ് സമൂഹവ്യാപനം എന്ന് സർക്കാർ കരുതുന്ന പൂന്തുറ ഒരു മറയായി ഉപയോഗിക്കുന്നു എന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സമൂഹവ്യാപനം എന്ന് പ്രഖ്യാപിക്കേണ്ട ആരോഗ്യമന്ത്രി തലസ്ഥാനത്ത് സമൂഹവ്യാപനം എന്ന് പ്രഖ്യാപിച്ചിട്ടില്ല. സമൂഹവ്യാപനം ഉണ്ടെന്നു മുഖ്യമന്ത്രിയും ഉറപ്പിച്ച് പറഞ്ഞിട്ടില്ല. സമൂഹവ്യാപനം എന്ന് പ്രഖ്യാപിച്ചത് മേയർ ആണ്. അതുകൊണ്ട് തന്നെ പൂന്തുറ ഒരു മറയായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം പ്രതിപക്ഷവും ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് പൂന്തുറ തോക്കുകൾ സഹിതമുള്ള കമാൻഡോകളെ വിന്യസിച്ചത് എന്ന പ്രതിപക്ഷ ചോദ്യത്തിനും സർക്കാർ ഉത്തരം നൽകിയിട്ടില്ല. നഗരത്തെ സർക്കാർ ഭീതിയിൽ നിർത്തുകയാണെന്നും സർക്കാർ സ്‌പോൺസേഡ് ഭീതിയാണ് തലസ്ഥാനത്ത് നടമാടുന്നതെന്നും ആരോപണമുയരുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ദുർബലമായ ശ്രമങ്ങൾ പോലും സർക്കാർ ഭാഗത്ത് നിന്ന് വന്നിട്ടുമില്ല.

സമൂഹവ്യാപനം എന്ന് സർക്കാർ അവകാശപ്പെട്ട പൂന്തുറ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അവിടെ മുഴുവൻ കമാൻഡോസ് നിരന്നിരിക്കുകയാണ്. ജനങ്ങൾ ആരും പുറത്തില്ല. ആർക്കും ഭക്ഷണവും ലഭിക്കുന്നില്ല. പൂന്തുറയിൽ കോവിഡ് സംശയമുള്ളവരെ മുഴുവൻ വർക്കല എസ്ആർ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇവിടെ ഒരു സൗകര്യവും നിലവിൽ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോവിഡ് സംശയിക്കുന്നവരെയാണ് എസ്ആർമെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവരിൽ പലർക്കും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. രണ്ടു തവണ കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആകുന്നവരെ മാത്രമാണ് കോവിഡ് വാർഡിലേക്ക് മാറ്റുക പതിവ്. പൂന്തുറയിൽ ആണെങ്കിൽ സമൂഹവ്യാപനം പറഞ്ഞു സംശയമുള്ളവരെ മുഴുവൻ മാറ്റി.

എസ്ആർ മെഡിക്കൽ കോളേജിൽ ആണെങ്കിൽ ടോയിലേറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ആളുകൾക്ക് നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്തായാലും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വന്ന അനിശ്ചിതാവസ്ഥയുടെ നിഴലിൽ തന്നെയാണ് തലസ്ഥാന നഗരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP